നിയോഗങ്ങള്‍

നീണ്ട ഒരു കവര്‍ അയാളെ ഏല്‍പ്പിച്ച ശേഷം വലതു ചുമലിലൊന്ന് അമര്‍ത്തിപ്പിടിച്ച് സല്‍മാന്‍ ഒന്നും മിണ്ടാതെ അതിവേഗം തന്റെ വിലകൂടിയ കാര്‍ ഓടിച്ചു പോയി.

സല്‍മാന്‍..അയാള്‍ക്കെന്നും അത്ഭുതമായിരുന്നു.അയാള്‍ ഓര്‍ത്തു.ശിതീകരണ യന്ത്രം പ്രവര്‍ത്തനം നിശ്ചലമായ ഒരു മധ്യാഹ്നത്തിലാണ് വിയര്‍ത്തു കുളിച്ച്‌ മെല്ലിച്ചു ചടച്ചെങ്കിലും പ്രസന്നമായൊരു അഴകാര്‍ന്ന മുഖത്തോടെ സല്‍മാനെ അയാള്‍ ആദ്യമായി കാണുന്നത്.

സന്ദര്‍ശക വിസയിലെത്തി ഒരു ജോലിക്കായുള്ള അലച്ചിലിനിടയില്‍ സല്‍മാന്‍ തന്റെ അടുത്ത് എത്തിപ്പെട്ടു എന്നതായിരുന്നു യാഥാര്‍ഥ്യം .കേവലമൊരു സ്വദേശി റസ്റ്റോറന്റ് ജീവനക്കാരനായ അയാളുടെ അറിവിന്റെ പരിധികള്‍ക്കും എത്രയോ മുകളിലായിരുന്നു സല്‍മാന്റെ വിദ്യാഭ്യാസം.എന്നാലും യാദൃശ്ചികമെന്നു പറയട്ടെ താന്‍ നിമിത്തമാണ് അവന്റെ ഉയര്‍ച്ചയെന്നതില്‍ അയാള്‍ക്ക്‌ അഭിമാനവും ആഹ്ലാദവും തോന്നി.

ആദ്യ കൂടിക്കാഴ്ചയില്‍ സല്‍മാന്‍ റെസ്റ്റോറണ്ടില്‍ മറന്നു വെച്ചു പോയ ബയോഡാറ്റ റെസ്റ്റോറെണ്ടിലെ പതിവുകാരനായ യൂറോപ്യന്‍ വംശജന് കൈമാറിയതായിരുന്നു സല്‍മാന്റെ ഇന്നത്തെ ഉയര്‍ച്ചയുടെ ആദ്യ പടിയും,ജീവിതത്തിന്റെ വഴിത്തിരിവും.

മിഡില്‍ ഈസ്റ്റിലെ പ്രശസ്തമായൊരു മള്‍ട്ടി മീഡിയയുടെ അസിസ്റ്റന്റ്റ് മാനേജരായി ചുമതലയേല്‍ക്കുന്ന ദിനത്തിന്റെ തലേന്നായിരുന്നു സല്‍മാന്‍ വീണ്ടും അയാളെ കാണാനെത്തിയത്.തനിക്കൊരിക്കലും വഴങ്ങാത്ത ഏറ്റവും പുതിയൊരു മൊബൈല്‍ സെറ്റ് അയാളെ ഏല്‍പ്പിച്ച് താനേറ്റെടുത്ത പുതിയ ദൗത്യത്തിനായുള്ള അനുഗ്രഹം വാങ്ങി ഇത് പോലെ ഒന്നും മിണ്ടാതെ ടാക്സി കയറിപ്പോയ സല്‍മാന്‍ വീണ്ടും അയാളെ അദ്ഭുതത്തിലാക്കി.

പിന്നീട് ആ മൊബൈല്‍ സെറ്റ് പോലെ സ്നേഹപൂര്‍വ്വം നിരസിച്ചിട്ടും സല്‍മാന്റെ നിര്‍ബന്ധത്താല്‍ സ്വീകരിക്കേണ്ടി വന്ന പലതരം വിലകൂടിയ സമ്മാനങ്ങള്‍‍ അയാളുടെ പെട്ടിയില്‍ സ്ഥാനം പിടിച്ചു തുടങ്ങി.

ഋതു ഭേദങ്ങള്‍ മാറുന്നതനുസരിച്ച് ആയുസ്സിന്റെ ദൈര്‍ഘ്യവും കുറയുന്നത് സ്വാഭാവികമാണല്ലോ.പ്രായവും അനുഭവവും കൂടുന്നതനുസരിച്ച് പ്രവൃത്തിയിടങ്ങളില്‍ മുന്നേറ്റമാണ് സംഭവിക്കുക.എന്നാല്‍ റെസ്റ്റോറണ്ടില്‍ പിന്നാമ്പുറത്തെക്കായിരുന്നു അയാള്‍ക്ക്‌ പിന്മാറേണ്ടിയിരുന്നത്.

നീണ്ട പതിനെട്ടു വര്‍ഷങ്ങള്‍..പകലെന്നും രാവിനും,രാവെന്നും പകലിനും അവയുടെ ഭാരമിറക്കി വെക്കാന്‍ നെഞ്ചിലൊരിത്തിരിയിടം അനുവദിച്ചിരുന്നുവെങ്കിലും ,അയാള്‍ക്ക്‌ ജീവിതത്തെ രണ്ടറ്റവും യോജിപ്പിക്കുവാന്‍ കഴിയുന്നില്ലല്ലോയെന്ന ദുഖത്തിലേക്ക് പ്രായപൂര്‍ത്തിയായ മൂത്ത മകളും അതിനോടടുത്തു നില്‍ക്കുന്ന ഇളയ മകളും മനസ്സില്‍ മറ്റൊരു കനലായി എരിഞ്ഞ് തുടങ്ങി.

മരുനിലാക്കിളിയെനിക്ക് തലയൊന്നു ചായ്ക്കുവാന് ‍ഒരു കൂടൊന്നു പണിയുമോ ഞാനൊറ്റയാകുമ്പോള്‍ കഥയൊന്നു ചൊല്ലുവാന്‍ നിന്‍ കാതെനിക്ക് കടം തരുമോ മധ്യാഹ്നമാവുമ്പോള്‍ കരിയും കരളിലെ ഒരു നനുത്ത സ്പര്‍ശമായ് നീ മാറുമോ മുമ്പേ പറക്കുവാന്‍ ഞാന്‍ മോഹിക്കുമെങ്കിലും എന്നും പിന്നിലാണല്ലോ…..

ഉഷ്ണമുറഞ്ഞ മരുഭൂമികളില്‍ പേരറിയാത്ത മരുക്കിളികള്‍ നിലാവ് തിന്നാനായി രാവ്‌ കാത്തിരുന്നു.കുലച്ചു നിന്ന ഈന്തപ്പനമരങ്ങളില്‍ പരാഗണം നടക്കാത്ത വൃക്ഷങ്ങള്‍ അസൂയയുടെ വിങ്ങിയ നോട്ട മെറിഞ്ഞു.മണല്‍കൂനകള്‍ അടയാളം വെക്കാന്‍ പറ്റാതെ മരുഭൂ യാത്രികര്‍ ഒട്ടക പ്പാതകള്‍ നോക്കി യാത്രയാരംഭിച്ചു.

മൂത്ത മകള്‍ക്കൊരു വിവാഹാലോചന.വരനെയും വീട്ടുകാരെയും നേരത്തെ പരിചയമുള്ളത് കൊണ്ട് മറ്റൊന്നും ചിന്തിക്കാതെ എന്ത് ധൈര്യത്തിലായിരുന്നു വാക്കു കൊടുത്തതെന്ന് അയാള്‍ക്കിപ്പോഴും അജ്ഞാതമായിരുന്നു.ജോലിത്തിരക്കിനിടയിലെ അല്‍പ വിശ്രമത്തിനായുള്ള അക്ഷമയുടെ കാത്തിരിപ്പിലേക്ക് ചൂട് ഹൃദയവും പൊള്ളിക്കാന്‍ തുടങ്ങി.

നന്മ ചെയ്യുന്നവര്‍ ക്ഷമാശീലരായിരിക്കും. ക്ഷമിക്കുന്നവര്‍ നന്മയുടെ പര്യായവും.കാലം സാക്ഷി,തന്റെ ജീവിതം സാക്ഷി…മകളുടെ വിവാഹ ആവശ്യങ്ങള്‍ നിറവേറ്റാനുള്ള തുക കൂടാതെ നാട്ടില്‍ പോയി വരാനുള്ള ടിക്കെറ്റും അടങ്ങിയ സല്‍മാന്‍ ഏല്‍പ്പിച്ച കവര്‍ കൈയില്‍ കിടന്നു വിറപൂണ്ടപ്പോള്‍ അയാള്‍ സര്‍വ്വശക്തനോട് നന്ദി പ്രകടിപ്പിക്കുകയും സല്‍മാന്റെ ദീര്‍ഘായുസ്സിനു വേണ്ടി പ്രാര്‍ത്തി ക്കുകയുമായിരുന്നു

Generated from archived content: story1_aug23_12.html Author: shajahan-nanmandan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English