പ്രവാസത്തിൻ പിറന്നാൾ സമ്മാനം

സെപ്‌റ്റംബർ മൂന്ന്‌,

എൻ മകന്റെ മൂന്നാം ജന്മദിനം. “അപ്പാ നാളെ എന്റെ ബെത്തലേ ആണ്‌” കിളികൊഞ്ചലോടെയുള്ള മകന്റെ വാക്കുകൾ എന്റെ മനസ്സിന്റെ കോണിൽ അറിയാതെ വിങ്ങലുകൾ ഉണ്ടാക്കിയോ?

ഞാനീ പ്രവാസഭൂമിയിലെത്തിയിട്ട്‌ ഏകദേശം മൂന്ന്‌ വർഷത്തിലേറെയാകുന്നു. എങ്ങനെയോ വന്നുചേർന്ന കടബാധ്യതകൾക്കൊടുവിൽ ജപ്‌തി ചെയ്‌ത വീടിനെ സാക്ഷിയാക്കി വാടകക്ക്‌ ഒരു വീട്‌ തേടിയലയുമ്പോൾ എൻ മകൻ അവന്റെ അമ്മയുടെ ഉദരത്തിൽ നാലുമാസം മാത്രം. ചെറിയകുട്ടികൾക്ക്‌ ട്യൂഷൻ എടുത്ത്‌ ലഭിക്കുന്ന തുച്‌ഛമായ വരുമാനം ആയിരുന്നു ഏക ആശ്രയം. ഒരിക്കലാവഴിവന്ന ജ്യോത്‌സനോ അതോ കൈനോക്കി ഭാവി പ്രവചിക്കുന്നവരോ പറയുകയുണ്ടായി.

“മാഷിനൊരു കുട്ടി ജനിക്കുമ്പോഴേക്കും മാഷ്‌ വിദേശത്ത്‌ ജോലിയിലായിരിക്കും. അതേപോലെ അങ്ങയുടെ എല്ലാ സൗഭാഗ്യങ്ങളുടെയും ഉറവിടം ആ കുട്ടിയായിരിക്കും. അന്ധവിശ്വാസമോ നല്ല വിശ്വാസമോ എന്നെനിക്കറിയില്ല പക്ഷെ കാലമാറ്റത്തിനിടയിൽ അതുപോലെ സംഭവിച്ചുവോ എന്നെനിക്കിപ്പോൾ തോന്നുന്നു.

മകൻ തൻ കിളികൊഞ്ചലാൽ എൻ വീട്‌ മുഖരിതമാകുമ്പോഴും മുത്തശ്ശനും, മുത്തശ്ശിയുമായി കുട്ടിക്കളികളിൽ ആർത്തുല്ലസിക്കുമ്പോഴും പ്രിയ മകനെ നീ ഓർക്കുക നിന്നിലൂടെയുള്ള എൻസ്വപ്‌നം യഥാർത്ഥ്യമാക്കുവാൻ നീ ഒരിക്കലും കാണാത്ത നിന്റെയച്ഛൻ ഈ പ്രവാസഭൂമിയിൽ.

കടുത്ത ചൂടിന്റെ കാഠിന്യത്താൽ എൻ ശരീരം ചുട്ടുപൊള്ളുമ്പോഴും എന്റെ മനസ്സിൽ കുളിർമഴയായി പെയ്‌തിറങ്ങുന്നത്‌ നിന്റെ കിളികൊഞ്ചലിൽ നാദം മാത്രം.

ഫ്ലൈറ്റിന്റെ നേർത്ത ഇരമ്പലുകൾ കർണപടത്തിൽ മുഴങ്ങുമ്പോൾ ”അതെന്റെ അപ്പയാണ്‌“ എന്ന്‌ ആകാശത്ത്‌ നോക്കി ഉറക്കെകരയുന്ന എൻ മകൻ മുഖം നഷ്‌ടസ്വപ്‌നത്തിന്റെ ഒരു രാത്രിയിൽ എന്നിലേക്ക്‌ തെളിഞ്ഞുവന്നതും ഞാനോർക്കുന്നു. നിന്റെയീ പിറന്നാൾ ദിനത്തിൽ.

എൻ മകനെ നിനക്ക്‌ നൽകുവാൻ വിദുരമാം ഏതോ കോണിൽ നിന്ന്‌ എന്റെ കണ്ണീരിൽ കുതിർന്ന സ്‌നേഹചുംബനങ്ങൾ…………. പ്രവാസത്തിൻ നനവുള്ള സ്‌നേഹചുംബനങ്ങൾ മാത്രം

(അച്‌ഛൻ മകനു നൽകുന്ന പിറന്നാൾ സമ്മാനം)

Generated from archived content: story1_oct9_09.html Author: shaijukoshy_dubai

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English