മൃഗയ

ബലമുളള കണ്ണികളുളള വലിയ വല, ആകാശത്തുപരന്ന്‌, പതിയെ പതിയെ താഴേക്കു വീണ്‌ അവരെ കീഴ്‌പ്പെടുത്തുന്നു. വലയ്‌ക്കുളളിൽ അകപ്പെട്ട അവർ നാലുപാടും പരക്കം പാഞ്ഞു. പക്ഷേ…. വലക്കണ്ണികളിലെല്ലാം ചലിക്കുന്ന ചിത്രങ്ങൾ. ചുറ്റുമുളള ചിത്രങ്ങളെനോക്കി വട്ടം കറങ്ങിയ അവർ തലചുറ്റിവീണു. അപ്പോഴും ചിത്രങ്ങളുടെ ചലനം നിലച്ചില്ല-നഗ്നചിത്രങ്ങൾ-അവരുടെ നഗ്നതയെ പ്രകാശിപ്പിക്കുന്ന ചിത്രങ്ങൾ.

അവർ കണ്ണുകളടച്ച്‌ മുഖംപൊത്തി-ആ രണ്ടു പെൺകുട്ടികൾ.

കടൽ ശാന്ത തടാകംപോലെ. ബോട്ടുകളില്ല. ചെറുവഞ്ചികളില്ല. മീനുകളുടെ പുളപ്പില്ല. ചക്രവാളസീമയിൽ എരിഞ്ഞടങ്ങുന്ന ശോണിമ രശ്‌മികൾ വിരലുകൾക്കിടയിലൂടെ കയറിയപ്പോൾ അവർ കണ്ണുകൾ തുറന്നു. ഇരുവശത്തുനിന്നും പതുങ്ങിവന്ന്‌ ശോണിമ നിറത്തെ കീഴടക്കുന്ന അന്ധകാരത്തിനുളളിലെ ചലിക്കുന്ന രൂപങ്ങൾ അയാളും അവളുമാണെന്ന്‌ അവർ തിരിച്ചറിഞ്ഞു.

അയാളിലെ മൃഗം കടിച്ചുപറിക്കാനുളള ആർത്തിയോടെ മുരണ്ടുകൊണ്ടിരുന്നു….

എച്ചിലുകൾക്കായി അവൾ ഉമിനീരിറക്കി… മുഖത്തോടുമുഖം നോക്കി ചിരിച്ച അയാളും അവളും കൈപ്പിടിയിലെ വലയുടെ അറ്റം ശക്തിയോടെ വലിച്ചു. തിരമാലകൾ ഉറഞ്ഞുതുളളാൻ തുടങ്ങി. പെൺകുട്ടികൾ മണലിലൂടെ ഉരസി ഉരസി നീങ്ങുന്നു. മണൽത്തരികൾ ഇരുവശത്തേക്കും ചിതറി. പിടുത്തത്തിനായി മണലിൽ കൈപൂഴ്‌ത്തിയെങ്കിലും ഫലമുണ്ടായില്ല. ഒടുവിൽ കടൽക്കരയിലെ ചവോക്കു മരത്തിൽ കൈകൾ തടഞ്ഞു, മുറുകി.

മനസ്സിന്റെ അകത്തളങ്ങളിലേക്ക്‌ ആണ്ടിറങ്ങിയ അവരുടെ കണ്ണുകളെ കടൽക്കാറ്റ്‌ പുറത്തേക്ക്‌ വലിച്ചിട്ടപ്പോൾ ചവോക്കുമരത്തിലിരുന്ന്‌ കാക്കകൾ കരഞ്ഞു.

കടൽതീരം ജനനിബിഡമായി കഴിഞ്ഞത്‌ അവരറിഞ്ഞില്ല. എങ്ങും പാറിക്കളിക്കുന്ന കൊടികൾ. ട്യൂബുലൈറ്റുകളുടെ ധവളിമ. ഉയരുന്ന മുദ്രാവാക്യങ്ങൾ. നാനാദേശത്തുനിന്നു വരുന്ന അണികൾ ആ ജനസാഗരത്തിൽ സംഗമിക്കുന്നു.

അവർ എഴുന്നേറ്റു. ലക്ഷ്യമില്ലാതെ നടന്നു നീങ്ങുന്ന പെൺകുട്ടികൾ ഇന്നലെ, രാത്രിയുടെ ഏതോ യാമത്തിലാണ്‌ വീട്ടിൽ നിന്നിറങ്ങിയത്‌. പരിചിതവും അപരിചിതവുമായ വഴികൾ പിന്നിട്ടു. ഒന്നും മിണ്ടാതെ.. ആരെയും നോക്കാതെ… ക്ഷീണമറിയാതെ. വേദിയിലെ ജനനായകരുടെ വാക്കുകൾ ഉച്ചഭാഷിണികളിലൂടെ അലയടിക്കുമ്പോൾ അവരുടെ കാതുകളിൽ മുറുകുന്ന വലക്കണ്ണികളുടെ ശബ്‌ദം… മീനുകളുടെ പിടപ്പ്‌… അയാളുടെ സീൽക്കാരം… അവളുടെ കപട സാന്ത്വനം.

മുടിയിഴകൾ പാറിപ്പറന്നു. കാറ്റു ശമിച്ചപ്പോൾ നിശ്ചലാവസ്ഥയിൽനിന്നു മോചിതരാവാൻ പാടുപെട്ട്‌ പതിയെ നടന്നു.

ഒരു വെളിച്ചം. ഇരുട്ടിലൂടെ നടന്നുനീങ്ങുന്ന അവർ വലക്കണ്ണികളിൽ പഴുതുകൾ സൃഷ്‌ടിക്കാൻ പോന്ന കനൽപോലെ തിളങ്ങുന്ന പ്രകാശനാളത്തെ നോക്കി. അത്‌ അരികിലേക്കു വരുന്നു. ചെറുകല്ലുകൾ നിറഞ്ഞ, ഇരുമ്പുദണ്‌ഡുകൾ വിലങ്ങനെവെച്ച വഴിയിലൂടെ വിരലുകൾ കോർത്തുപിടിച്ച്‌, വലക്കണ്ണികളെ ഉരുക്കുന്ന വെളിച്ചത്തിനരികിലേക്കു നടന്നു. ഘോരശബ്‌ദവുമായി വെളിച്ചം കടന്നുപോയി. ചിന്നിചിതറിയ മാംസക്കഷ്‌ണങ്ങളായി അവർ റെയിൽപാളത്തിൽ അവശേഷിച്ചു.

ആ ഐസ്‌ക്രീം പാർലറിന്‌ ഇറച്ചിക്കടയുടെ ഗന്ധമുണ്ട്‌. പച്ച ഇറച്ചിയുടെ മണമറിയാതെ ആളുകൾ, ഈ രാത്രിയും അതിനരികിലൂടെ പോവുമ്പോൾ അകത്ത്‌, മെഴുകുതിരിയുടെ വെട്ടത്തിനരികിലിരുന്ന്‌ അവൾ നഖം കടിക്കുന്നു.

പിഴച്ചു-നീ വലയെറിഞ്ഞത്‌ പിഴച്ചു. നിന്റെ കൈകൾക്കു പിഴച്ചു.

ഇതേ വാക്കുകൾ വീണ്ടും വീണ്ടും പുലമ്പിക്കൊണ്ട്‌ അയാൾ വെരുകിനെപ്പോലെ മുറിയിലൂടെ നടന്നു. തീനാളത്തിനു ചുറ്റും പറക്കുന്ന പാറ്റകൾ.

ആ പെൺകുട്ടികൾ… അവർ …. ഇങ്ങനെ ചെയ്യുമെന്ന്‌ ഞാനൊരിക്കലും….

അവളുടെ ദീർഘനിശ്വാസം മെഴുകുതിരി അണച്ചു. ഇരുട്ടിലൂടെ അരികിലേക്കു വന്ന്‌ അവളുടെ വരണ്ടചുണ്ടുകളിലെക്കു നോക്കി അയാൾ വിലപിച്ചു.

സ്വർണ്ണ മത്സ്യങ്ങൾ… വിരലുകൾക്കിടയിലൂടെ വഴുതിവീണ എന്റെ സ്വർണ്ണമത്സ്യങ്ങൾ…

ഐസ്‌ക്രീം പാർലറിനുളളിൽ നിന്നു പുറത്തുകടന്ന അയാൾ കാറിന്റെ ശീതളിമയിലേക്ക്‌ ഊളിയിട്ടു.

വലയിൽനിന്നു കോരിയെടുത്ത്‌, പട്ടുമെത്തയിലേക്കിട്ട പിടയുന്ന സ്വർണ്ണമത്സ്യങ്ങളിലേക്കു പറന്നു വീണ്‌ ആസ്വദിച്ച ദിനങ്ങളിൽ നിന്നു തിരിച്ചു വരാൻ മടിക്കുന്ന മനസ്സുമായി അയാൾ വളയം തിരിച്ചുകൊണ്ടിരുന്നു. വഴികളെക്കുറിച്ച്‌ ബോധവാനാവാതെ… കാറിനുളളിലെ കൊടുംതണുപ്പറിയാതെ… പതിയെ മുഴങ്ങുന്ന ആംഗലസംഗീതധ്വനികൾ കേൾക്കാതെ… ഇടക്കെല്ലാം വളയത്തിൽ ആഞ്ഞടിച്ച്‌ അലറി.

പിഴച്ചു, നീ വലയെറിഞ്ഞത്‌ പിഴച്ചു. നിന്റെ കൈകൾക്കു പിഴച്ചു…

മിന്നിത്തിളങ്ങുന്ന നീലവെളിച്ചം അയാളെ ഈ ലോകത്തേക്ക്‌ പറിച്ചു നട്ടു. മുൻപിൽ ആംബുലൻസ്‌. ആതുരാലയപ്പരിസരത്തെ ഇടുങ്ങിയ റോഡിലേക്ക്‌ ആംബുലൻസ്‌ തിരിഞ്ഞപ്പോൾ അയാളും വളയം തിരിച്ചു.

സൈഡ്‌ഗ്ലാസ്‌ അല്‌പം താഴ്‌ത്തിയ അയാൾ, മോർച്ചറിക്കരികിൽ നിർത്തിയ ആംബുലൻസിൽ നിന്ന്‌ രണ്ടു മൃതദേഹങ്ങൾ പുറത്തേക്കിറക്കുന്നതു കണ്ടു.

സ്വർണ്ണമത്സ്യങ്ങൾ…. ഇളകാതെ.. പിടയാതെ… കൈകൾ വീണ്ടും വളയത്തിൽ കിടന്ന്‌ കറങ്ങി. കാറ്‌ പുകപാറിച്ച്‌ ഇരുട്ടിൽ മറഞ്ഞു.

കാറിന്റെ ശബ്‌ദം തിരിച്ചറിഞ്ഞതോടെ അവർ ടീ.വി ഓഫ്‌ ചെയ്‌തു. ചാനലിലെ അഭിമുഖം അപ്പോൾ രാഷ്‌ട്രീയനേതാവിന്റെ പൂർവ്വകാലങ്ങളിലേക്കും വ്യാപിക്കുകയായിരുന്നു. ഡോർ തുറന്നു കൊടുത്ത്‌, ഗൂർഖ സല്യൂട്ട്‌ ചെയ്‌തു. ഗേറ്റടച്ച്‌, കാവൽപ്പട്ടിയെപ്പോലെ അങ്ങോട്ടുമിങ്ങോട്ടും നടക്കുമ്പോഴും അയാൾ കാറിൽ തന്നെ ഇരിക്കുകയായിരുന്നു. ഗൂർഖ അരികിലെത്തി.

സാബ്‌, ഇറങ്ങുന്നില്ലേ…

അയാൾ ഞെട്ടിയെഴുന്നേറ്റ്‌ പുറത്തിറങ്ങി. വീട്ടിലേക്കു കയറിയ ഉടനെ തലതാഴ്‌ത്തി തന്റെ മുറിയിലേക്കു നടന്നു നീങ്ങുമ്പോൾ അവർ വളഞ്ഞു.

പപ്പയിത്‌ എന്ത്‌ പണിയാ കാണിച്ചേ…

ഒക്കെ ചളമാക്കി പപ്പ…

അയാൾ വിഹ്വലതയോടെ തന്റെ പെൺമക്കളെ നോക്കി. ഖദർ വസ്‌ത്രം വിയർപ്പിൽ മുങ്ങുന്നു. പരവശനാവുന്ന അയാൾ നെറ്റിയിലെ വിയർപ്പ്‌ കൈകൊണ്ട്‌ തുടച്ചു.

പപ്പ… ദേ തലപൊക്കി അങ്ങോട്ട്‌ നോക്കിക്കേ.“ റിമോട്ടിലെ ബട്ടണമർന്നപ്പോൾ ടീവിയിലെ പ്രകാശം മുറിയാകെ പരന്നു. കണ്ണുകൾ ചിമ്മിയ അയാളെ നോക്കി അവർ ചിരിച്ചു.

”പപ്പയുമായുളള അഭിമുഖാ ആ നടക്കുന്നേ…“ സോഫയിലിരിക്കുന്ന അയാൾക്ക്‌ ടീവിയിലെ തന്റെ മുഖം തിരിച്ചറിയാനായില്ല. സംഭാഷണങ്ങളൊന്നും കാതിൽ കയറുന്നില്ല.

ഇന്നും പോവുമ്പോ പപ്പയെ ഞങ്ങൾ ഓർമ്മപ്പെടുത്തിയിരുന്നു…

കുറേനേരം ടീവിയിലേക്കു നോക്കി മിഴിച്ചിരുന്ന അയാൾ എഴുന്നേറ്റ്‌ മുറിയിലേക്കു നടന്നു.

”ക്ഷീണം, പപ്പയ്‌ക്ക്‌ വല്ലാത്ത ക്ഷീണം മക്കളെ.“ നമസ്‌ക്കാരപ്പായയിലിരുന്ന്‌ പ്രാർത്ഥിക്കുന്ന ഭാര്യ മുകളിലെ മുറിയിലേക്കുളള സ്‌റ്റെപ്പുകൾ കയറിപ്പോവുന്ന അയാളെ നോക്കി.

ഇങ്ങക്കിഷ്‌ടളള ചെമ്മീങ്കറീണ്ടാക്കീട്ട്‌ണ്ട്‌. ചോറ്‌…

ആ മുറിയിലേക്കു നോക്കാൻ അയാളുടെ കണ്ണുകൾ മടി കാണിച്ചു കൈയിലെ ”ദെസ്‌വിമാല“യിലെ മുത്തുകൾ വിരലുകൾക്കിടയിലൂടെയൂർന്നൂ വീഴുമ്പോൾ ഭാര്യ ചൊല്ലുന്ന പ്രാർത്ഥനാമൊഴികൾ കാതുകളെ അസ്വസ്ഥ്യപ്പെടുത്തി പ്രതിധ്വനിക്കുന്നു. മുറിക്കുളളിൽ നിന്നു വീശുന്ന സുഗന്ധക്കാറ്റ്‌ മസ്‌തിഷ്‌കപാളിക്കുളളിൽ കുത്തിത്തറക്കുന്നു.

വേണ്ട… എനിക്കൊന്നും വേണ്ട…

അയാൾ മുറിയിലേക്കോടിക്കയറി. ഭാര്യ ശ്രദ്ധിച്ചിട്ടുണ്ട്‌ ചില രാത്രികളിലെ അയാളുടെ സ്വഭാവമാറ്റം. ഇന്നത്‌ മൂർദ്ധന്യത്തിലാണെന്ന്‌ അവർ തിരിച്ചറിഞ്ഞു. പ്രാതലിന്‌ തീൻമേശയിലെത്തുമ്പോൾ അതേക്കുറിച്ച്‌ അന്വേഷിക്കാറുണ്ട്‌.

ഒരു പൊതുപ്രവർത്തകന്റെ വൈഷമ്യങ്ങൾ മുപ്പത്‌ കൊല്ലം കൂടെ കഴിഞ്ഞിട്ടും നിനക്ക്‌ മനസ്സിലാക്കാനായില്ലെങ്കിൽ അത്‌ നിന്റെ വീഴ്‌ചയാണ്‌. മുഖം കുനിച്ച്‌ അയാൾ എന്നും ഇതേ ഉത്തരം തരും. നമസ്‌ക്കാരപ്പായ മടക്കി അവർ അടുക്കളയിലേക്കു നടന്നു.

നിശാവസ്‌ത്രങ്ങളണിഞ്ഞ്‌ അയാൾ പട്ടുമെത്തയിലേക്കു വീണു. ലൈറ്റണച്ചപ്പോൾ സിരകളെ വലിച്ചുമുറുക്കുന്ന സംഗീതത്തിന്റെ നേർത്തധ്വനികൾ മുറിയാകെ അരിച്ചുനടന്നു. ശീതീകരണയന്ത്രത്തിന്റെ നിശ്വാസ പ്രവാഹം.

മെത്ത ആടുന്നു. താഴുന്നു. താഴ്‌ന്ന്‌.. താഴ്‌ന്ന്‌ അയാൾ നീലത്തടാകത്തിലേക്കു വീണു. ശരീരത്തെ തൊട്ടുരുമ്മിക്കൊണ്ട്‌ ഇക്കിളിപ്പെടുത്തിക്കൊണ്ട്‌ എന്തോ നീന്തിക്കളിക്കുന്നു. വെളളത്തിലേക്കു നോക്കി…

സ്വർണ്ണ മത്സ്യങ്ങൾ…

അയാൾ കൈക്കുമ്പിൾ വെളളത്തിൽ താഴ്‌ത്തിയപ്പോൾ അനുസരണയോടെ നീന്തിവന്നു. വിരലുകളിൽ കൊത്തിയപ്പോൾ അയാൾ കീഴ്‌ച്ചുണ്ട്‌ കടിച്ചു. അവയുടെ അവയവങ്ങളുടെ സ്‌നിഗ്‌ദ്ധത ശരീരത്തെ ചുട്ടുപഴുപ്പിച്ചു. തടാകത്തിൽ നിന്നു മുകളിലേക്കുയർന്നു വന്നപ്പോഴേക്കും കൈക്കുടന്നയിലെ വെളളം ചോർന്നു പോയിരുന്നു.

അവയെ പട്ടുമെത്തയിലേക്കിട്ട്‌ വിരലുകളിലെ ജലത്തുളളികൾ കുടഞ്ഞു. രതിരസത്താൽ ആ രതിദൂതികൾ പിടയുമ്പോൾ അവയവങ്ങളുടെ ഉളളറകൾ അയാൾക്കു മുൻപിൽ തുറക്കപ്പെട്ടു. മദകരമായ ഗന്ധം പരിമളം പടർത്തിയപ്പോൾ കാലുകൾ നിലത്തുറയ്‌ക്കാതെയായി. മദജലം തുളുമ്പുന്ന, ഇന്ദ്രിയങ്ങൾ നിശ്ചലമായ നിമിഷം കൈകൾ വിടർത്തിക്കൊണ്ട്‌ അയാൾ മെത്തയിലേക്കു വീണു.

മുഖത്തേക്കുവീണ അലങ്കോലമായ മുടി മുകളിലേക്കുയർത്തി അയാൾ എഴുന്നേറ്റു. ചുറ്റും നോക്കി. കിതച്ചുകൊണ്ട്‌ പിറുപിറുത്തു.

എന്റെ സ്വർണ്ണമത്സ്യങ്ങളെവിടെ? എവിടെ?

എന്തോ പിടയുന്ന ശബ്‌ദം. അതിനരികിലേക്ക്‌ കൈപ്പടം കാതിനുചുറ്റും വളച്ചുവെച്ച്‌ നടന്നു. നിശയുടെ ഭീകരതയെ നശിപ്പിക്കുന്ന രാവെളിച്ചത്തിലൂടെ കുറെദൂരം പിന്നിട്ട്‌ മോർച്ചറിയുടെ അരികിലെത്തി. വാതിൽ വിളളലിലൂടെ നിലച്ചുപോവുന്ന പിടപ്പിന്റെ സ്‌പന്ദനങ്ങൾ അലയടിക്കുന്നു. അയാൾ ശബ്‌ദമുണ്ടാക്കാതെ വാതിൽ തുറന്നു.

ഒരിക്കലും എഴുന്നേൽക്കാത്ത ഗാഡനിദ്രയിലാണ്ടുപോയവർക്കിടയിലൂടെ അയാൾ അലച്ചിൽ തുടർന്നു. എല്ലാവർക്കും ഒരേ മുഖം. വിളറിവെളുത്ത്‌.. തുടുത്ത്‌… സൗന്ദര്യം തുളുമ്പി. രക്തക്കറപിടിച്ച വഴിയിലൂടെ നീങ്ങുന്ന അയാൾ, ആടിക്കളിക്കുന്ന ബൾബിനു ചുവട്ടിലെ കട്ടിലിൽ എന്തോ പിടഞ്ഞ്‌… പിടഞ്ഞ്‌ നിശ്ചലമാവുന്നത്‌ കണ്ടു. അയാൾ അതിനരികിലെത്തി.

എന്റെ… എന്റെ സ്വർണ്ണ…

അരിച്ചു കയറിയ കൈകൾ ആ അവയവങ്ങളുടെ മാംസളതയിൽ രമിച്ചുകൊണ്ടിരുന്നു. ചുവന്ന ചുണ്ടുകളിൽ അയാളുടെ ചുണ്ടുകളമർന്നു. തഴുകലും തലോടലും തുടരുമ്പോൾ അയാളുടെ കാലുകൾ വഴുക്കാൻ തുടങ്ങി. കട്ടിലിലേക്കു ശരീരം ചെരിയുമ്പോഴാണ്‌ കാറ്റിനു ശക്തികൂടിയത്‌. വാതിൽ ഞരക്കത്തോടെ ചലിച്ചു. ജനലുകളടഞ്ഞു. ആളിക്കളിക്കുന്ന ബൾബ്‌ താഴേക്കുവീണ്‌ ചിന്നിചിതറി. അയാൾ കട്ടിലിനരികിൽനിന്നും പിറകോട്ടുതെന്നിമാറി.

ഇരുട്ട്‌. ശീതികരണയന്ത്രത്തിന്റെ മന്ത്രണം.

കാറ്റില്ല. തുടച്ചുമിനുക്കിയ മാർബിൾത്തറ. ഘടികാരത്തിന്റെ ധ്വനികൾ. അയാൾ കണ്ണുകൾ തിരുമ്മി. ചുമരിൽ പരന്ന ചുവന്നവെളിച്ചത്തിൽനിന്ന്‌ കണ്ണുകൾ പതിയെ മുറിയിലൂടെ നീങ്ങി.

കട്ടിലിൽ കിടന്നുറങ്ങുന്ന അയാളുടെ പെൺമക്കൾ. അവരുടെ വസ്‌ത്രങ്ങൾ അങ്ങിങ്ങായി കീറിയിരിക്കുന്നു. മുലകൾ പുറത്തേക്കുന്തി നിൽക്കുന്നു. ഉമിനീരിൽ മുങ്ങിയ ചുണ്ടുകൾ, വെളുത്ത തുടകളിലെ പോറലുകൾ. ഓരോ ചുവടുകളും പതിയെവെച്ച്‌ അയാൾ മുറിയിൽ നിന്നും പുറത്തേക്കു കടക്കുമ്പോൾ വിരലുകൾ ശ്രദ്ധയിൽ പതിഞ്ഞു.

വളഞ്ഞു കൂർത്ത നഖങ്ങൾ. കൈകളിൽ നിറയെ കറുത്ത ചുരുണ്ട രോമങ്ങൾ. വരാന്തയിലൂടെ നടന്നുനീങ്ങുമ്പോൾ, വാതിൽ തുറന്നിട്ട തന്റെ മുറിയിൽ കിടന്നുറങ്ങുന്ന ഭാര്യയെ ശ്രദ്ധിക്കാതെ അയാൾ ഓടിയെത്തിയത്‌ കണ്ണാടിയുടെ മുൻപിലേക്കാണ്‌. സ്വിച്ചമർത്തിയപ്പോൾ കണ്ണാടിയിൽ പ്രതിബിംബിച്ചു.

ചുവന്ന കണ്ണുകളുരുട്ടി, ചെമ്പിച്ച ജടകെട്ടിയ മുടിയുമായി, ഉമിനീരൊലിച്ചു, നാക്ക്‌ പുറത്തേക്കിട്ട്‌, കൂർത്ത പല്ലുകളിറുമ്പി, പേരറിയാത്ത ഏതോ ഹിംസ്രമൃഗത്തിന്റെ മുഖം. അയാൾ പിറകിലേക്കു നോക്കി. അവിടെ ആരുമില്ലായിരുന്നു.

ഷാഹുൽ ഹമീദ്‌ കെ.ടി.

കോഴിക്കോട്‌ ആകാശവാണിനിലയം പ്രക്ഷേപണം ചെയ്‌ത ഭ്രൂണഹത്യയാണ്‌ ആദ്യകഥ. കുതിരവട്ടം ഭ്രാന്താലയത്തിന്റെ ഇരുണ്ടകോണുകളിലേക്ക്‌ വെളിച്ചം വീശിയ കുതിരവട്ടം കഥകൾ പ്രഥമ ചെറുകഥാ സമാഹാരം.

1999 ലെ വെട്ടം കലാസാംസ്‌കാരിക വേദി അവാർഡ്‌ അമ്മയും കുട്ടിയും മിസാ സിസ്‌റ്ററും എന്ന കഥക്ക്‌ ലഭിച്ചു.

2000 ലെ പാറോൽ രാജേഷ്‌ സ്‌മാരക ചെറുകഥാ അവാർഡ്‌ തെളിവുകളും മനുഷ്യരും എന്ന കഥക്ക്‌ ലഭിച്ചു.

2000 ലെ ഇ.പി. സുഷമ സ്‌മാരക ചെറുകഥാ മൽസരത്തിൽ കളിവിളക്ക്‌ എന്ന കഥയ്‌ക്ക്‌ മൂന്നാം സ്ഥാനം ലഭിച്ചു.

രണ്ടാം ചെറുകഥാ സമാഹാരം എൻ.ബി.എസ്‌. വിതരണം ചെയ്യുന്ന വളളുവനാടൻ കഥകൾ.

2001 ലെ സെക്രട്ടറിയേറ്റ്‌ എപ്ലോയീസ്‌ അസോസിയേഷന്റെ സുരേന്ദ്രൻ സ്‌മാരക ചെറുകഥാമത്സരത്തിൽ വൃശ്ചികം എന്ന കഥയ്‌ക്ക്‌ രണ്ടാംസ്ഥാനം ലഭിച്ചു.

കോഴിക്കോട്‌ ഗവഃസ്‌കൂൾ ഓഫ്‌ നെഴ്‌സിങ്ങിൽ നിന്ന്‌ ജനറൽ നെഴ്‌സിങ്ങ്‌ മിഡ്‌വൈഫറിയിൽ ഡിപ്ലോമ കരസ്ഥമാക്കിയ ഇദ്ദേഹം മഞ്ചേരി ജില്ലാ ആശുപത്രിയിലെ സ്‌റ്റാഫ്‌ നെഴ്‌സ്‌ ആണ്‌.

Generated from archived content: story_mrugaya.html Author: shahul_hameed

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here