ആരടാ…….
ആരടാ, നട്ടപ്പാതിരാക്ക് മിശിഹാതിയറ്ററിനകത്തെ അരണ്ടവെട്ടത്ത് പന്തുകളിക്കുന്ന കഴുവേറിമോനെന്നു ചോദിക്കാനവകാശമുള്ള രണ്ടുപേരെ ഇഹലോകത്തിന്നവശേഷിക്കുന്നുള്ളൂ. അവരാണേൽ എത്രയാ കാതം അകലേയുമാണ്…! പിന്നെയുള്ള രണ്ടുപേരോ, പരലോകത്തും….! ഒടുവിൽപരലോകംപൂകിയ ശീമോൻ മാപ്പിള, ഈ കൊട്ടകപണിതുയർത്തി, ഇതിലെ വരുമാനംകൊണ്ട് ഞങ്ങൾ മൂവരെ വളർത്തിവലുതാക്കിയ ഞങ്ങടെ അപ്പൻ, അപ്പനാവുമൊ പാതിരക്ക് കൊട്ടകയുടെ വാതിലുകൾക്കിട്ട് കൊട്ടുന്നത്….?
ശരീരത്തിന്റെ നാനാഭാഗങ്ങളിൽനിന്നും കാലുകളിലോട്ടൊഴുകുന്ന വിയർപ്പുമായി ഞാൻ പന്തിൽ ആഞ്ഞടിച്ചു വിയർപ്പുതുള്ളികളിതാ, അങ്ങിങ്ങായികൂട്ടിയിട്ട തുരുമ്പിച്ച കസേരകളിലേക്കു ചിതറുന്നു. പന്ത് സ്‌ക്രിനിലേക്കു ചീറിപ്പായുന്നു. സ്‌ക്രീനെന്നു പറയാൻ, തൂങ്ങിനിൽക്കുന്ന വെള്ളത്തുണിയുടെ കീറലുകൾ നാലുമൂലയിലുമുണ്ട്, ബാക്കിയെല്ലാം ചുമരാണുകേട്ടാ. അതാ, സ്‌ക്രീനിനടിവശത്തേക്കു ചാഞ്ഞിറങ്ങിയ പന്ത് തിരിച്ചുവരുന്നു. ഞാൻ മുകളിലേക്കുചാടി, പന്തിനെ നെഞ്ചുകൊണ്ടുതടുത്തു, കാലുകളിലേക്കിറക്കി. പന്ത് കാലുകളിൽ തുള്ളിക്കളിക്കുമ്പോൾ, തുറക്കപ്പെട്ട വാതിലിലൂടെ കാറ്റ് വീശിയടിച്ചു.
ഓ…… അപ്പൊ നീയായിരുന്നോ വാതിലുകളെ വിറകൊള്ളിച്ചത്…! നിനക്ക് വീശിയടിക്കാൻ നിലംപൊത്താറായ ഈ കൊട്ടകയെ കിട്ടിയുള്ളൂ….? നിനക്കാ ചോലാമലയിലെ മരങ്ങളെ കടപ്പുഴക്കി കലിപ്പ് തീർത്തൂടെ പൂവ്വേ…. ഓ, ഇനി കാറ്റായാലും അപ്പനാണേലും കൂടപ്പിറപ്പുകളാണേലും കളിനിർത്തുന്ന പ്രശ്‌നമില്ല. തുരുമ്പിച്ച കസേരക്കൂട്ടങ്ങൾക്കിടയിലൂടെ വെട്ടിച്ചും തിരിച്ചും പൊക്കിയിട്ടും പിറകോട്ടുവലിച്ചും പന്തുമായി മുന്നേറുകയാണ് ഞാൻ കസേരകളുടെ പ്രതിരോധങ്ങൾ തകർത്തുവേണം സ്‌ക്രീനിലേക്കു നിറയൊഴിക്കാൻ, സൂക്ഷിച്ചില്ലെ കാല് കീറിക്കളയും പന്നകള്….
ഒരു നിമിഷമെന്റെ കൈകളിലേക്കൊന്നു നോക്കിയേ, തൊട്ടുനോക്കിക്കൊ. തഴമ്പാണ്. തൂമ്പപിടിച്ചുണ്ടായതല്ല. വോളിബോൾ കളിച്ചുണ്ടായതാണ്. എന്റെ തകർപ്പൻ സ്‌മാഷുകൾ ബ്ലോക്കുചെയ്‌ത എത്രയോപേരുടെ കൈകൾ ഉളുക്കിയിട്ടുണ്ടെന്നറിയാമൊ…? അന്നെല്ലാം പന്തുകളിയെ വെറുത്തവനായിരുന്നു ഈ ഞാൻ. ഇപ്പോൾ, ലോകകപ്പോടെ പ്രണയിക്കാൻ തുടങ്ങി; കാൽപ്പന്തിനെ.
പന്ത് കാലിൽ നിന്നു വഴുതി കസേരയിലോട്ടു തെറിച്ചു. കസേരയിൽനിന്ന് മറ്റൊരു കസേരയിലോട്ടുരുളുന്ന പന്തിനെ ചാടിത്തടുത്ത്, കാൽവരുതിയിലാക്കി. നിങ്ങൾ ചിന്തിക്കുന്നുണ്ടാവും ഞാനെങ്ങനെ ഫുട്‌ബോൾപ്രണയിയായെന്ന്. അതേക്കുറിച്ച് പറയണമെങ്കിൽ ഞങ്ങളുടെ അപ്പനെക്കുറിച്ചും അപ്പന്റെ ജീവനായ കൊട്ടകയെക്കുറിച്ചും പറയേണ്ടിവരും. എല്ലാം പറയാൻ നേരമെടുക്കും. എന്റെ കളിയിപ്പോൾ പകുതിയോടടുക്കുകയാണ്.
പന്തിനെ വലുതുഭാഗത്തെ ചുമരിലേക്ക് കസേരകൾക്കു മുകളിലൂടെ ഉയർത്തിയടിച്ച് മുന്നോട്ടു പാഞ്ഞു. എന്റെ കണക്കുകൂട്ടൽ പിഴച്ചില്ല, പന്ത് ചുമരിൽ തട്ടി കാലുകളിലോട്ടുവരുന്നു. നിലംതൊടുംമുമ്പ്, വലുതുകാൽ പന്തിൽ ആഞ്ഞുപതിച്ചു. പക്ഷേ, അടിപന്തിനരികിലാണ് കൊണ്ടത്, അത് വാതിലിലൂടെ പുറത്തേക്കു തെറിച്ചു. തലക്കു കൈകൾവെച്ച്, നിലത്തിരുന്ന് കിതക്കുന്ന എനിക്ക് മുകളിലൂടെ നീണ്ടവിസിലൊച്ച ഒഴുകിപ്പോയൊ…? പോയി. പോയി കൂട്ടരെ, പോയി….
ഹാഫ്‌ടൈം
അധികനേരമൊന്നുമില്ല ഹാഫ്‌ടൈം. എനിക്കൊര് എളനീരിട്ട് കുടിക്കണം. അതുകഴിഞ്ഞാ, ഞാനിങ്ങ് പാഞ്ഞ്‌വരത്തില്ലെ. പാതിപറഞ്ഞുവെച്ചതെല്ലാം നമുക്കു പൂർത്തിയാക്കണം. കുറച്ചുനേരം മുഷിയാതിരിക്കാൻ ചില കാഴ്‌ചകളുണ്ട് മിശിഹതിയറ്ററിൽ. കാണൂ….. കാബിനിലെ പ്രൊജക്‌റ്ററിലൂടെ നാനാജാതിപാമ്പുകൾ ഇഴയുന്നുണ്ട്, തകർന്ന ആസ്‌ബറ്റോസ് ഷീറ്റിനുള്ളിലൂടെ ആകാശക്കാഴ്‌ചയൊരുക്കിയിട്ടുണ്ട്, ചിതലുകളെ ശാപ്പിടാൻ കൊട്ടകക്കുചറ്റും അറമാതിക്കുന്ന ഈനാംപേച്ചികളെ കാണാം.
പുറത്തുനിന്ന്, കൊട്ടകക്കുള്ളിലോട്ടു വരുന്ന ഞാൻ പന്തിനെ വീശിയടിച്ചത് ഗോൾലക്ഷ്യം വെച്ചുതന്നെയാണ്. പക്ഷേ, മുൻ വാതിലിലൂടെ വീശിയ കാറ്റിൽ പന്തിന് ദിശതെറ്റി. കാസേരകൾ ചാടിമറിഞ്ഞ് പന്തിനായി പായുമ്പോൾ രണ്ടാം പകുതി സജീവമാവുകയാണ്. ഇതിനിടയിൽ ഞാൻ മറന്നിട്ടില്ല, നെഞ്ചിൽ ഓർമകളുടെ പന്തുകൾ ഇരമ്പിപ്പായുന്നുണ്ട് കേട്ടോ….
ഈ വെള്ളിത്തിരയിൽ, പരീക്കുട്ടി കറുത്തമ്മയെ വികാരവിവശയാക്കുമ്പോഴൊ, പളനി ചാകരയിലേക്കു തുഴകുത്തുമ്പോഴൊ, അതൊ, ചെമ്പൻ കുഞ്ഞിലെ ഭ്രാന്ത് കടാപ്പുറത്ത് അണപൊട്ടുമ്പോഴൊ, ഇതിനിടയിലെപ്പോഴൊ ആയിരിക്കും എന്റെ ജനനം. ഇവിടെ നിന്ന് അധികം ദൂരമില്ലാത്ത കുടിയേറ്റഗ്രാമത്തിൽ അപ്പനന്ന് തീയ്യറ്ററിൽ നിന്ന് പുറത്തിറങ്ങാൻ നേരമുണ്ടായിരുന്നില്ലെത്രെ…! മീശപിരിച്ചുകയറ്റി, ജുബ്ബകൈകൾ തെറുത്തുവെച്ച് മുണ്ടുമടക്കിക്കുത്തി അപ്പനൊന്നു കൊട്ടകമുറ്റത്തേക്കിറങ്ങി നിന്നാൽ മതി, വരികളിൽ ടിക്കറ്റിനായി ഉന്തും തള്ളുമുണ്ടാക്കുന്നവർ വിറങ്ങലിച്ച് നിൽക്കും. ബ്ലാക്കിന് ടിക്കറ്റുവിൽക്കുന്നവർ ഓടിയൊളിക്കും. ഒരുമാസം കഴിഞ്ഞാണെത്ര അപ്പനെന്നെ കാണാൻ വന്നത്….!
മുകളിലേക്കുയർന്ന പന്തിനെ ഞാൻ പതിയെ ഹെഡ്‌ചെയ്‌തു, നെഞ്ചിലേക്കും പിന്നെ കാലിലേക്കുമിറക്കി, മുന്നോട്ടു നീങ്ങി. അന്നെനിക്ക് അഞ്ചുവയസ്സായി കാണും. ഷോലെയുടെ ഫിലിംപെട്ടി കൊണ്ടുവരാൻ അപ്പൻ നഗരത്തിലേക്കു പോയ ദിവസമാണ്
അമ്മച്ചിയുടെ മരണം. നാലു പേരാണ് അപ്പനെ തിരഞ്ഞ് നഗരത്തിലേക്കു പോയത്. രണ്ടുപേർ അപ്പനുമായി വീട്ടിലെത്തുമ്പോൾ മൂന്നുദിവസം കഴിഞ്ഞിരുന്നു. അപ്പൻ ഞങ്ങളേയും കൂട്ടി സെമിത്തേരിയിലേക്കുള്ള കുന്നുകയറി. കനത്ത മഴ പെയ്‌ത സായാഹ്നത്തിൽ, ആലിപ്പഴങ്ങൾ അമ്മച്ചിയുടെ കുഴിമാടത്തിലേക്കു വീഴുമ്പോൾ, ഞങ്ങൾ നനഞ്ഞൊട്ടി, മുട്ടുകുത്തിയിരുന്ന് കരഞ്ഞു. പിന്നീട്, ഷൊലെ ഞങ്ങളുടെ കൊട്ടകയിൽ കളിച്ചതേയില്ല…!
അതൊരു ത്രോ ആണ്. പന്തെടുത്ത് കസേരയിലോട്ടെറിഞ്ഞു. കസേരയിൽ തട്ടി തിരിച്ചുവരുന്ന പന്തുമായി കുതിച്ചു. പൊടുന്നനെ കസേരക്കാലിൽ തടഞ്ഞ് തെറിച്ചു വീണു. അതൊരു ക്ലിയർ ഫൗളാണ്. നിലത്തുകിടക്കുന്ന ഞാൻ ഇരുകൈകളും മുകളിലേക്കുയർത്തി.
അപ്പൻ പിന്നീട് വിവാഹം കഴിച്ചില്ല. കൊട്ടകക്കടുത്ത് വീടുവാങ്ങി, ഞങ്ങളെ അങ്ങോട്ടു കൊണ്ടുപോയി. മൂത്ത ജ്യേഷ്‌ഠൻ വിവാഹിതനായി, ഭാര്യയേയും ജോലിസ്‌ഥലത്തേക്കു കൊണ്ടുപോയി. രണ്ടാമത്തെ ജ്യേഷ്‌ഠന് പെണ്ണുകാണാനായി ഞങ്ങളൊരു വീട്ടിൽ പോയപ്പോൾ, അപ്പൻ, തിയ്യേറ്റർ ഉടമയാണെന്ന കാര്യം മറച്ചുവെച്ചു. കൃഷിപ്പണിയാണെന്നു പറഞ്ഞു. പക്ഷേ, ആ വീട്ടിൽ അപ്പനെയറിയുന്ന അവരുടെ ബന്ധുവുണ്ടായിരുന്നു. ശീമോൻ മാപ്പിളയെന്നാണ് മിശിഹാതിയേറ്ററിൽ കൃഷിയിറക്കിയതെന്ന് അയാൾ ചോദിച്ചു.
“എന്തിനാ ശീമോൻ മാപ്പിളെ രതിസിനിമകൾ കാണിച്ച് യുവാക്കളെ വഴിപിഴപ്പിക്കുന്നത്…? നമ്മളെല്ലാം സത്യകൃസ്‌ത്യാനികളല്ലായൊ, ആ കൊട്ടകയങ്ങ് അടച്ചുപൂട്ടിക്കൂടെ….?”
അപ്പൻ ചാടിയെഴുന്നേറ്റതോടൊപ്പം ടീപ്പോയിലെ ചായയും പലഹാരങ്ങളും നാലുപാടും തെറിച്ചു.
“അതിലും വലിയ തെമ്മാടിത്തരങ്ങൾ സത്യകൃസ്‌ത്യാനിയായ നിന്റെ വീട്ടിലെ ടി.വി.യിൽ നടക്കുന്നില്ലെ? നീയാദ്യം അത് വലിച്ചെറിയ് സാത്താനെ…..” അപ്പന്റെ കൂടെ ഞങ്ങളും പുറത്തേക്കിറങ്ങി. ഹിന്ദുപെൺകുട്ടിയെ പ്രണയിച്ച്, ജ്യേഷ്‌ഠൻ അവളുമൊന്നിച്ച് നാടുവിട്ടപ്പോൾ ഞാനും അപ്പനും മാത്രമായി വീട്ടിൽ.
ഫൗളിന് അനുവദിക്കപ്പെട്ട ഫ്രീക്കിക്കും പാഴായിരിക്കുന്നു….! അതൊരു ഗ്രൗണ്ട് ഷോട്ടായി സ്‌ക്രീനിനു താഴെയുള്ള മണൽ നിറച്ച ഇരുമ്പുബക്കറ്റിനെ തട്ടിമറിച്ചിട്ടു. കളിതുടരുകയാണ്. കൊട്ടകയൊന്ന് നിറഞ്ഞുകാണാൻ അപ്പനെന്നും ആശിച്ചു. കൂടുതൽ പണം മുടക്കി പടങ്ങൾ കൊണ്ടുവന്നു. കടങ്ങൾ ഇരട്ടിക്കുകയല്ലാതെ മറ്റൊന്നും സംഭവിച്ചില്ല. ഇതിനിടയിൽ ഓർമക്കുറവ് അപ്പനെ അലട്ടുന്നുണ്ടായിരിുന്നു. തിയ്യറ്റർ കാര്യങ്ങൾ എന്റെ തലയിലായി. ചുരുങ്ങിയ പണംമുടക്കിക്കിട്ടുന്ന രതിസിനിമകളിലൂടെ ഒരുവിധം പിടിച്ചുനിൽക്കുമ്പോഴാണ് അപ്പന്റെ ഓർമകൾ പൂർണമായും നശിക്കുന്നത്. അപ്പോഴെല്ലാം അപ്പൻ പറയുംഃ
“കൊട്ടകയൊന്ന് നിറഞ്ഞ് കണ്ടിട്ട് കണ്ണടഞ്ഞാൽ മതിയായിരുന്നു കർത്താവെ….!”
പക്ഷേ, കൊട്ടക അടച്ചുപൂട്ടുകയാണുണ്ടായത്…! ഞാനത് അപ്പനെ അറിയിച്ചില്ല.
അതൊരു ഹാന്റായിരുന്നു. വലുതുകൈയിൽ പന്ത് തട്ടിയിരുന്നു. ശരീരംവെട്ടിച്ച് പന്തിനെ കാൽക്കീഴിലാകുന്നതിനിടയിൽ ശ്രദ്ധിച്ചു കാണില്ലല്ലെ.? മുന്നേറ്റത്തിനിടയിൽ ബ്ലോക്ക്‌ചെയ്‌ത കസേരകളെ മറികടക്കാൻ പന്തിൽ ശക്തിയോടടിച്ചു. കസേരയിൽ നിന്നെന്തൊ കുത്തിക്കയറി പന്തിലെ കാറ്റൊഴിഞ്ഞു. ഇനിയേതാനും മിനിറ്റുകൾ മാത്രമെ കളിയവസാനിക്കാനുള്ളൂ. ഒരുഗോൾപോലും നേടാനായില്ല. കാറ്റൊഴിഞ്ഞപന്ത് പുറത്തേക്കെറിഞ്ഞു. ഒരു വോളിബോൾ കാബിനകത്തുണ്ടെന്ന് തോന്നുന്നു, ഒന്ന് തിരയാം.
പിന്നീട്, കൊട്ടകക്ക് ജീവൻവെക്കുന്നത് ലോകകപ്പ് ഫുട്‌ബോളോടെയാണ്. ലോകകപ്പ് കാണിക്കാൻ കൊട്ടകവിട്ടുതരുമൊയെന്നു ചോദിച്ച് ക്ലബ്ബിന്റെ ഭാരവാഹികൾ എന്റെ കൃഷിയിടത്തിലെത്തി, ചെറിയ വാടകതരാമെന്നും പറഞ്ഞു. വലിയ സ്‌ക്രീനിൽ അവർ നാട്ടുകാർക്കായി ലോകകപ്പ് പ്രദർശിപ്പിച്ചു. പഴയ സിനിമകളുടെ പ്രതാപകാലം പോലെ കൊട്ടക നിറയുന്ന കാഴ്‌ചഞ്ഞാൻ കണ്ടു. ഞാനും ഫുട്‌ബോളിന്റെ മായികവലയത്തിലേക്കടുത്തു. ജനത്തിരക്ക് മൂർദ്ധന്യത്തിലെത്തിയ ഒരു ദിവസം, ഞാൻ വീട്ടിലേക്കോടിച്ചെന്ന്, അപ്പനെ പഴയ ജുബ്ബയും മുണ്ടുമുടുപ്പിച്ച് കൊട്ടകമുറ്റത്തേക്കു കൊണ്ടുവന്നു. കസേരയിട്ട്, അതിലിരുത്തി. കൊട്ടകക്ക് അകത്തേക്കു കടക്കാനാവാതെ തിക്കിത്തിരക്കുന്ന ജനക്കൂട്ടത്തെ നോക്കി അപ്പൻ കസേരയിൽ നിന്ന് പിടഞ്ഞെഴുന്നേറ്റു. ജുബ്ബക്കൈ തെറുത്ത് കയറ്റി, മീശപിരിച്ചുവെച്ച്, മുണ്ടും മടക്കിക്കുത്തി, അപ്പൻ കൊട്ടകമുറ്റത്തുകൂടെ നടക്കുന്ന കാഴ്‌ചകണ്ട് ഞാൻ അനക്കമറ്റ് നിന്നു. കൊട്ടകക്കുള്ളിൽ നിന്ന്, ഗോൾ… എന്ന് ആർപ്പുവിളികളുയരുമ്പോൾ അപ്പൻ അരികിലെത്തി ചുമലിൽ കൈ വെച്ചത് ഞാനറിഞ്ഞില്ല.
“മോനേ ജെർമിയാസേ, ഏതാടാ പടം…?”
ഞാൻ ഞെട്ടിത്തിരിഞ്ഞു.
“ഗോൾ….. ഗോൾ എന്ന പടം.”
“ഇതിലാരാടാ നടിക്ക്‌ണത്….?”
“എല്ലാം പുതുമുഖങ്ങളാ….. മെസ്സി, റോബൻ, ലൂസിയൊ….”
“പെങ്കൊച്ചുങ്ങളൊന്നുമില്ലേടാ?”
“അത്…. അപ്പാ….. ഉണ്ട്, ഷക്കീറ.”
ചിലർ വ്യസനത്തോടെ കൊട്ടകക്കുള്ളിൽ നിന്നിറങ്ങിപ്പോവുന്നത് അപ്പൻ കണ്ടു.
“പടത്തിൽ ഭയങ്കര ട്രാജടിയാണല്ലൊ, ജെർമിയാസെ…!” അപ്പൻ കുറേനേരം ചിരിച്ചു. എനിക്കൊന്നിരിക്കണമെന്ന് പറഞ്ഞ് എന്റെ കൈകളിൽ പിടിച്ചു. കസേരയിൽ ഇരുത്തുമ്പോഴും അപ്പൻ ചിരിതന്നെ. ചാരിയിരുന്ന് കാലുകൾ നീട്ടിവെച്ച അപ്പനിൽ നിന്ന് ചിരിപൊടുന്നനെ മാഞ്ഞുപോയി. സന്തോഷം തുളുമ്പിയ കണ്ണുകൾ അടഞ്ഞതേയില്ല. കണ്ണുനീരൊഴുകിയ അപ്പന്റെ ചുണ്ടുകൾ നീലിച്ചിരുന്നു. കൈകൾക്ക് ഐസിനെ വെല്ലുന്ന തണുപ്പ്….!
വേളിബോൾ കൊണ്ടാണിപ്പൊ പന്തുകളി കണ്ണുകൾ നിറയുന്നു. നെഞ്ചിലെ മിടിപ്പ് കൂടിയിരിക്കുന്നു. എല്ലാം ഞാൻ മറക്കുന്നത് പന്തുതട്ടുമ്പോഴാണ്. കണ്ണുനീർ ഒഴുകട്ടെ. നെഞ്ച് പിടക്കട്ടെ. തൊണ്ട വരളട്ടെ. കാലുകൾ തളരാതിരുന്നാൽ മതിയെന്റെ കർത്താവെ. കസേരകളെ വെട്ടിച്ച്, സ്‌ക്രീനിനു മുൻപിലെത്തിയ ഞാൻ നിലത്തുവീണുപൊന്തിയ പന്തിനെ മുൻപോട്ടു ചാടിക്കൊണ്ടടിച്ചു. സ്‌ക്രിനിനു മദ്ധ്യത്തിൽ തട്ടി പന്ത് തെറിക്കുമ്പോൾ, ഉയർന്നു ചാടി, കൈകളും കാലുകളും വിടർത്തി നിലത്തേക്കു ഞാൻ മലർന്നടിച്ചു വീഴുമ്പോൾ കൊരവള്ളി പൊട്ടുമാറ് അലറി.
“ഗോൾ…. ഗോൾ…… ഗോൾ….”
ഫൈനൽ വിസിൽ മുഴങ്ങുന്നു, നിങ്ങൾ കേൾക്കുന്നുണ്ടൊ കൂട്ടരെ…? കൊട്ടകയുടെ മണ്ണിൽ മുഖമമർത്തി കരയുമ്പോഴും ഞാൻ കേൾക്കുന്നു, ഫൈനൽവിസിൽ.
കളികഴിഞ്ഞു, എന്റെ കഥയും. കൊട്ടകയുടെ കഥ രണ്ടുദിവസം കൊണ്ടു കഴിയും. ജ്യേഷ്‌ഠന്മാരിത് പൊളിച്ചുനീക്കാൻ തീരുമാനിച്ചു. അതുവരെ എന്റെ രാപ്പകലുകൾ ഇതിനുള്ളിലാണ്. കൊട്ടകയുടെ അണയുന്ന നിശ്വാസങ്ങളറിഞ്ഞ് ഞാനീ നിലത്തു കിടക്കട്ടെ. പോവുന്നതിനുമുമ്പ് നിങ്ങളോടൊരു ചോദ്യം. എനിക്കൊരു വുവുസേല വേണം. എവിടെകിട്ടും വുവുസേല? അപ്പന്റെ കുഴിമാടത്തിലെ കുരിശിനുപകരം വുവുസേലയാണ് വെക്കേണ്ടത്, ഞാനത്‌വെക്കും. എവിടെക്കിട്ടും വുവുസേല….?കൂട്ടരെ കേൾക്കുന്നില്ലെ? എല്ലാവരും പോയോ? എവിടെക്കിട്ടുമെടൊ ഒരു വുവുസേല……?
Generated from archived content: story_competition25.html Author: shahul.hameed_kt..
Click this button or press Ctrl+G to toggle between Malayalam and English