തുടക്കം…,
നിഷ്‌കളങ്കതയുടെ
പൂവിന്‍ കണ്ണിലൊളിച്ചും,
നിറക്കാഴ്ചകളിലൂടെ പാറി നടന്നും,
കിലുങ്ങിച്ചിരിച്ച,
ശലഭസ്വപ്നങ്ങളിലൂടെ…,
തെന്നിനീങ്ങിയത്,
തുടുത്തു തുടങ്ങുമൊരു
ഹൃദയത്തെ
കടും വര്‍ണ്ണ ഭാവങ്ങളാല്‍,
മയക്കിച്ചുവപ്പിക്കുന്നൊരു
താഴ് വരയിലേക്ക്…
തനിയേ നടന്നു വന്നത്,
വിളക്കുകള്‍ നീട്ടിത്തെളിച്ചൊരു
മങ്ങിയ വഴിയിലൂടെ..
തണല്‍ പടര്‍ത്തിവെച്ചൊരു
മരീചികയിലേക്ക്!
……………………………
ഇപ്പോള്‍,
പെയ്യാത്തൊരു മഞ്ഞിന്റെ
ഇല്ലാത്ത കുളിരില്‍
നിറയെ ചിരിച്ചും
ചിരിപ്പിച്ചും….
ജീവിതാവേഗങ്ങളില്‍
ശ്വാസം പിടഞ്ഞും നിലച്ചും
ഒടുങ്ങിത്തീര്‍ന്നപ്പോള്‍….
ഓരോ ജീവകോശങ്ങളിലും
എന്തിനോ വേണ്ടി അവശേഷിക്കപ്പെട്ട നിശ്വാസങ്ങളുടെ
തുമ്പിലൂടെയുണര്‍ന്ന്,
ഒരു മഞ്ഞിന്‍ പൊട്ടുപോലെ,
ഞാന്‍,
ഇനിയുമുരുകിത്തീരാനുണ്ട്.!
ഇതെന്റെ ജീവിതത്തോട്,
മണ്ണിളകിയുലഞ്ഞുപോയ
നിന്റെ വേരുകള്‍,
കാറ്റുലച്ചു തളര്‍ത്തിയ
ചില്ലകളെയുണര്‍ത്താന്‍
മണ്ണടരുകളിലൂടെ..,
ആഴങ്ങളിലെ നനവും
തേടി,
പൊട്ടിയകന്നു പോയപ്പോഴും..,
ജീവിതമേ,
തളര്‍ന്നുവീണ ഏതോ ചില്ലയില്‍,
ഒരു സ്വപ്നമപ്പോഴും,
നിന്നിലേക്കെന്നു ചിരിച്ച്,
ഉള്ളറകളില്‍
ഒരു വിളറിയ പച്ചപ്പ്
ബാക്കിവെച്ചിരുന്നുവല്ലോ…
ഇത് …,
എന്റെ പ്രണയത്തോട്,
എന്റെ കാത്തിരിപ്പില്‍
സ്വാര്‍ത് ഥതയുടെ മുള്ളുകള്‍
നോവിക്കുന്നുവെന്ന്..!!
നിന്റെ മടുപ്പു മൂളിയിട്ട
ഈ ജല്പനങ്ങള്‍,
ഒരു നഷ്ടപ്പെടലിന്റെ
വിഭ്രാന്തികളായി
മിഴികളില്‍ പിറന്നപ്പോഴും,
എന്റെ പ്രണയമേ,
നീയെന്ന നിലവിളിയോടെ,
ഒരു ശ്വാസമെന്നില്‍,
പിടഞ്ഞുതീരാനാവാതെ
പിന്നെയും,
അവശേഷിച്ചിരുന്നുവല്ലോ…
ഇനി….,
എന്നെയുറക്കിയ
മരണത്തിനോട്,
മണ്‍തരികളാല്‍ മൂടപ്പെട്ട
ശരീരത്തിന്റെ മരവിപ്പില്‍,
അകക്കണ്ണുകള്‍ പോലും,
ഒരു തണുപ്പിലേക്ക്
വലിച്ചടയ്ക്കപ്പെട്ടപ്പോള്‍,
മരണമേ…,
മോക്ഷത്തിലേക്കെന്നു വിതുമ്പിയ
ചില മിടിപ്പുകളെ,
ശൂന്യമാക്കപ്പെട്ട അറകളിലെങ്ങോ
ആ ഹൃദയമപ്പോഴും
കാത്തു വെച്ചിരുന്നുവല്ലോ..
ഒടുക്കം..,
പഥികന്റെ ഉള്‍ഞരമ്പുകളിലെ
വിഷമിറ്റി വീണ്,
പിഞ്ഞിയടര്‍ന്നു കിടക്കുന്നുണ്ട്
ഒരുഹൃദയത്തിന്റെ തുണ്ടുകള്‍..!
അതിലെല്ലാം,
എന്നും ഒളിച്ചുവെച്ചൊരു
വേദനയുടെ തുള്ളികള്‍
ഉണങ്ങിപ്പിടിച്ചിരിക്കുന്നുവെന്ന
തിരിച്ചറിവില്‍
മോക്ഷമേ…,
നിന്നിലേക്കെത്തിയെന്നൊരു
നെടുവീര്‍പ്പിലൂടെ,
ആ ഹൃദയവുമിപ്പോള്‍
മരിച്ചു വീണിരിക്കുന്നു…
ഇനി,
ഞാന്‍ വീണ്ടും ചിരിക്കട്ടെ..,
കാലത്തിനോട്,
നിത്യതയിലേക്കൊതുങ്ങിയ
ഈ ,ശപ്ത ജന്മത്തെയും,
ചമച്ചെടുത്തൊരു കഥയുടെ
നീരു തുപ്പി നനച്ച്,
ഇഴകള്‍ ചീന്തിത്തുടങ്ങുമ്പോള്‍,
കാലമേ…..,
നീ അറിയുക;
ആത്മാവുകളുടെ പാതകളില്‍
എപ്പോഴും,
മിന്നാമിനുങ്ങുകള്‍
നക്ഷത്രക്കണ്ണുകളാല്‍,
വെളിച്ചം നിറയ്ക്കും…
തെളിയുന്ന ആകാശവഴികളില്‍,
എനിക്കു വേണ്ട നിറങ്ങളിലൂടെ മാത്രം
എന്റെ കാഴ്ചകള്‍ വിന്യസിക്കപ്പെടും…
മേഘശല്കങ്ങളിലൂടെയും
കടലിന്നാഴങ്ങളിലൂടെയും
ഒരേ സമയം,
എന്റെ ദൃഷ്ടികള്‍ സഞ്ചരിക്കും..
അവിടെ,
നിനക്കു കര്‍മ്മങ്ങളില്ല;
നീയുമില്ല….!
എനിയ്‌ക്കൊപ്പമുള്ള
നിന്റെ വേഗങ്ങള്‍
നിലയ്ക്കപ്പെട്ടിരിയ്ക്കുന്നു..
ഇനി മടങ്ങിക്കൊള്‍ക..!
Generated from archived content: poem3_mar6_15.html Author: shahida_ilyas