പൈതൃകം

കൂടും കുടുക്കയും കുടവുമായി നീളും വഴികൾ താണ്ടുമ്പോൾ

അന്തിചെത്തിന്റെയളവു പാത്രങ്ങളിൽ നുരയും പതയും നിറയുന്നു

ചെത്തിമിനുക്കാത്ത അസ്ഥിത്തറകളിലിറ്റിറ്റു വീഴുന്ന പാലൊളിയിൽ

ഓർമ്മതൻ നേരുകൾ കാണുവാനീ വഴിയിലല്പം തനിച്ചിരിക്കാം.

കൂടെ നടക്കുവാൻ യോഗ്യനല്ലാത്ത കൂടപ്പിറപ്പിനെ തളളിപ്പറയുമ്പോൾ

ദൈന്യതയാർന്നൊരു ഭൂതകാലത്തെ ഇന്നാരുമെന്തേ വിളിച്ചിടാത്തേ?

കൈതൂമ്പകൊണ്ട്‌ ചാലുകൾ കീറി മണ്ണിന്റെ ഉണ്മയെ തൊട്ടുണർത്തി

മൺകുടം കൊണ്ടുളള ജലധാരയിൽ ചെറുനാമ്പുകൾക്ക്‌ ജീവനേകി.

അക്ഷരങ്ങളുടെ മന്ത്രശക്തിയിൽ പിഞ്ചുകിടാങ്ങളെ കോർത്തിണക്കി

അവർക്കറിവിന്റെ വഴി തേടാൻ അരയിലോ പൈതൃകം മുറുകെക്കെട്ടി

കാലത്തിൻ കളിയിലുയർച്ചയും താഴ്‌ച്ചയും വഴിയേ മിന്നി മറഞ്ഞപ്പോൾ

തേറുകത്തിതൻ മൂർച്ച കുറഞ്ഞപോലാ ദാരിദ്ര്യമെങ്ങോ മറഞ്ഞുപോയി.

നേട്ടങ്ങളെ നേർവഴിക്കാക്കുവാൻ കോട്ടങ്ങളത്രെയും ചവുട്ടി മെതിച്ചു

ക്ഷീരമുളെളാരകിടിലെ പാലൂറ്റുവാൻ കുഞ്ഞുക്കിടാങ്ങൾ മത്സരിക്കുമ്പോൾ

തന്നോളമെത്തിയവർ തൻ ഹുങ്കിലോ പൈതൃകമെങ്ങോ വലിച്ചെറിഞ്ഞു

ഏറെ ഫലം തന്ന കൊന്നത്തെങ്ങിന്റെ കടപുഴകുമ്പോൾ മനമിടറിയില്ലാ…

പാപനാശിനിയുടെ ഓളങ്ങളിൽ എളളും പൂവുമിട്ട്‌ സമർപ്പിച്ച പാഥേയം

തിരകൾക്കുമിപ്പുറത്തുളെളാരു ബലികാക്കയെ കാത്തിരിക്കുന്നു.

ഗതികിട്ടാ ആത്മാക്കളുടെ നിത്യശാന്തിയ്‌ക്കായി ജഗന്നാഥന്നൊരർച്ചനയും

ആർക്കാത്മശാന്തി നേടുവാനാണീ മോക്ഷങ്ങൾ തേടിയൊരു തീർത്ഥയാത്ര.

തളളക്കിടാവിന്റെ വാത്സല്യനീര്‌ കുഞ്ഞിന്‌ നല്‌കാതെ ഊറ്റിയെടുത്തവൻ

ഏഴാംകടലിന്നക്കരെനിന്നും വാടാമലരുകൾ വാരിയെടുത്താലും മോക്ഷമില്ല

നൂലു പൊട്ടിയാ പട്ടത്തിന്നരികിലെ കേഴുന്ന ബാലനെ ഓർമ്മയില്ലേ…

അവന്റെ മോഹങ്ങളൊക്കെയും പൂവണിയാൻ പൊട്ടിയ ഇഴകൾ കെട്ടാം.

ഉച്ചത്തിൽ കൈകൊട്ടി കാര്യം കഴിച്ചിടാം, നിത്യശാന്തിയും നേരാം

തീർത്ഥത്തിൽ കൈമുക്കി എളളും പൂവും നെഞ്ചോട്‌ ചേർക്കാം

ദർഭതന്നരുകിലെ ഉരുളയ്‌ക്ക്‌ മുന്നിൽ കൈകൾ കുടഞ്ഞ്‌ പിരിയുമ്പോൾ

പൈതൃകമില്ലാതെ പാഥേയമുണ്ണുവാൻ രാമൻ കാക്കയും മടിച്ചുനിന്നു.

Generated from archived content: poem2_jan4_06.html Author: shabu_kr

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here