വെറുതെ ചില മോഹങ്ങള്‍

ഡിസംബറിലെ മഞ്ഞു വീഴുന്ന തണുത്ത പ്രഭാതം. മഞ്ഞു തുള്ളികള്‍ തണുത്തുറയുന്ന ഇലകളില്‍ വീഴുന്ന മഞ്ഞുകണങ്ങളെ ബിനീഷ് നോക്കി നിന്നു. ചുറ്റും കൂടുണരുന്ന മരച്ചില്ലകളില്‍ ഉയരുന്ന സംഗീത ധ്വനികളില്‍ അറിയാതെ നിന്നു പോയ ഓരോ നിമിഷങ്ങള്‍ എന്നും അവനില്‍ കുളിര്‍മ പകരുമായിരുന്നു. എന്നും നേരത്തെ എഴുന്നേറ്റ് മഞ്ഞുതുള്ളികള്‍ പെയ്തിറങ്ങുന്ന നേരം ബിനീഷ് നടന്നുതുടങ്ങും. നടന്നു നടന്നു നീങ്ങുമ്പോള്‍ മനസിന്റെ പ്രസരിപ്പ് ആ ദിവസത്തെ ധന്യമാക്കുന്ന നിമിഷങ്ങളായി മാറും. കുറച്ചു കഴിയുമ്പോള്‍ പതിവ് കൂട്ടുകാര്‍ ഒത്തുചേരും. കളിയും തമാശയുമായി ആ പ്രഭാതം ധന്യമാക്കും. ശരീരം വിയര്‍ത്തു തുടങ്ങുമ്പോള്‍ കളിമതിയാക്കി ആല്‍മരത്തിന് ചുവട്ടില്‍ ഇരുന്നു നാട്ടു വിശേഷങ്ങള്‍ പങ്കു വയ്ക്കും.

ആ സമയത്ത് പത്ര കെട്ടുമായി അബു വരുന്നതും കാത്തിരിക്കും. വീടുകളില്‍ എത്തിക്കേണ്ട വിവിധയിനം പത്രങ്ങളിലെ തലക്കെട്ടു വാര്‍ത്തകള്‍ അവിടെ ചര്‍ച്ചയാകും. ആദ്യമൊക്കെ അബു പത്രങ്ങള്‍ കൊടുക്കാന്‍ മടി കാണിച്ചുവെങ്കിലും പിന്നീട് അബു അവരോടൊപ്പം കൂടി. ഇത് കാരണം സമയത്ത് പത്രം എത്തിക്കുന്നതില്‍ അബു കൂടുതല്‍ ശ്രദ്ധിച്ചു. തന്റെ കാഴ്ചപ്പാടിലുള്ള വീക്ഷണങ്ങള്‍ക്ക് വേണ്ടി വാദിക്കാന്‍ അബു എന്നും മുന്നിലുണ്ടാവും. തന്റെ വാദത്തില്‍ ഒരു തരി വിട്ടുകൊടുക്കാന്‍ ആരും തയ്യാറായിരുന്നില്ല. പക്ഷെ അവിടെ വ്യത്യസ്തമാ‍യ വീക്ഷണവും , ശക്തമായ ആശയപ്പൊരുത്തക്കേടുകളും ഉണ്ടെങ്കിലും അവരുടെ ആത്മബന്ധം തകര്‍ത്തൊരിക്കലും ഒരുത്തനേയും മുറിവേല്‍പ്പിക്കാനോ ചോര ചിന്താനോ അവര്‍ ഒരുക്കമല്ല . കാരണം അവര്‍ക്ക് വിവേകത്തോടെ പെരുമാറാനും രാഷ്ട്രീയത്തിന് വേണ്ടി വെട്ടിയും കുത്തിയും ചോരയൊലിപ്പിക്കുന്നവരോട്, രാഷ്ട്രീയം മറന്ന് ഒറ്റ കെട്ടായി തീരുമാനങ്ങള്‍ എടുക്കാന്‍ ചുക്കാന്‍ പിടിച്ചത് ബിനീഷ് ആയിരുന്നു. അതിന് പൂര്‍ണ്ണ പിന്തുണ അബു നല്‍കി.

എന്നും രാവിലെ ആല്‍മര ചുവട് ഒരു രാഷ്ട്രീയ ചര്‍ച്ചക്ക് വേദിയാകുക പതിവാണ്. അങ്ങനെയുള്ള കുറെ ഓര്‍മ്മകള്‍ ബിനീഷ് ഓര്‍ക്കാന്‍ ശ്രമിച്ചു. പക്ഷെ ആ ഓര്‍മ്മ ഓരോന്നും നൊമ്പരമായി തീര്‍ന്ന നിമിഷം അവന്‍ തേങ്ങും. ആരും കാണാതെ വേദന കടിച്ചമര്‍ത്തുന്ന നിമിഷങ്ങളില്‍ അവളുടെ ഓര്‍മ്മകള്‍ ഒരു നിഴലാട്ടം പോലെ മിന്നിമറിയുമ്പോള്‍, വഴിയിലെവിടെയോ ഇട്ടേച്ചു പോയ കുറെ നല്ല നിമിഷങ്ങള്‍ ഒരു സ്വപ്നം പോലെ ഓര്‍ക്കാന്‍ ബിനീഷ് എന്നും കൊതിക്കുമായിരുന്നു.

യാദൃശ്ചികമായിരുന്നു അവളുടെ അടുപ്പം. തന്റെ നടത്തിനിടയില്‍ എങ്ങനെയോ അവളുടെ ശ്രദ്ധ തന്നിലേക്കു തിരിഞ്ഞു. ആദ്യമൊക്കെ കാര്യമാക്കിയില്ല പിന്നെ പിന്നെ അവളെ ശ്രദ്ധിക്കാന്‍ തുടങ്ങി. ഒടുവില്‍ അവളുടെ ആകര്‍ഷണവലയത്തില്‍ ബിനീഷ് വീണുപോയി. പിന്നെ ഓരോ ദിവസവും അവളോടൊപ്പം ചെലവഴിക്കുമായിരുന്നു അങ്ങനെ അവളുമായി കൂടുതല്‍ അടുത്തു . ആ അടുപ്പം ജീവിതത്തില്‍ ഒഴിച്ചു കൂടാനാവാത്ത ബന്ധമായി വളര്‍ന്നു. അവര്‍ ഒരുമിച്ച് സ്വപ്നങ്ങള്‍ നെയ്തു കൂട്ടി.

ആ സ്വപ്നങ്ങള്‍ ഇന്ന് വെറും ഓര്‍മ്മയായി തീരുന്നു. തകര്‍ന്നടിഞ്ഞ ആ ബന്ധം വീണ്ടും യാഥാര്‍ത്ഥ്യമായെങ്കില്‍ ….തുറന്നിട്ട ജനലഴികളിലൂടെ ദൂരേക്ക് നോക്കുമ്പോള്‍ എല്ലാം ഇന്നലെ കഴിഞ്ഞത് പോലെ തോന്നും . പക്ഷെ വര്‍ഷങ്ങള്‍ക്കപ്പുറം ജീവിതത്തിലേക്ക് ആ ദുരന്തം കടന്നുവന്നില്ലായിരുന്നുവെങ്കില്‍ എന്ന് ആഗ്രഹിച്ച നിമിഷങ്ങള്‍. ഒരു നിശ്വാസത്തോടെ എല്ലാം നഷ്ടപ്പെട്ട ആ ഒരു ദിവസം ഇന്നും ബിനീഷ് വേദനയോടെ ഓര്‍ക്കുന്നു.

തന്റെ ഗ്രാമം പച്ചയില്‍ പുതഞ്ഞു കിടക്കുമ്പോഴും ഏക്കര്‍ കണക്കിനു പടര്‍ന്നു പന്തലിച്ച് നില്‍ക്കുന്ന പറങ്കിമാവിന്റെ ഓരോ ശിഖരങ്ങളില്‍ കണ്ണഞ്ചിപ്പിക്കുന്ന വശ്യതയില്‍ പൂത്തുലഞ്ഞു നില്‍ക്കുന്ന കശുവണ്ടി , തടിച്ച് കൊഴുത്തു നില്‍ക്കുമ്പോള്‍ ആരും ഒന്നു കൊതിച്ചു പോകും. പലപ്പോഴും അശാസ്ത്രീയമായ ദീര്‍ഘ വീക്ഷണം ഒട്ടുമില്ലാതെ കൂടുതല്‍ വിളവിന് വേണ്ടി , ലാഭക്കൊതി മൂത്ത് കൂടുതല്‍ വിളവു കിട്ടുന്ന ഏതു മാര്‍ഗവും അവര്‍ക്ക് മുന്നില്‍ തടസമായിരുന്നില്ല.

നിശബ്ദതയുടെ പല രാത്രികളില്‍ ഉറക്കത്തിനെ നഷ്ടപ്പെടുത്തി തോട്ടത്തില്‍ പണിയെടുക്കുന്നവര്‍ക്ക് ഒരേ ഒരു ലക്ഷ്യം തങ്ങളുടെ കശുവണ്ടി തടിച്ചു കൊഴുത്ത് മാര്‍ക്കറ്റില്‍ തെളിഞ്ഞ് നില്‍ക്കണം. അതിന് വേണ്ടി രാത്രി കാലങ്ങളില്‍ പോലും ചെറു കീടങ്ങളെ തിരഞ്ഞു പിടിക്കാന്‍ അവര്‍ അശ്രാന്ത പരിശ്രമം നടത്തി. ഹെലികോപ്റ്റര്‍ ഉപയോഗിച്ചും മറ്റു മാര്‍ഗങ്ങള്‍ ഉപയോഗിച്ചും ചെറു കീടങ്ങളെ തുരത്താന്‍ ശ്രമിച്ചതൊന്നും ആ ഗ്രാമവാസികള്‍ അറിഞ്ഞില്ല. ചത്തു വീഴുന്ന കീടങ്ങള്‍ അവരെ നോക്കി ചിരിക്കുന്നത് അവര്‍ കണ്ടില്ല. മലിമസമാക്കി കടന്നു പോകുന്ന ഓരോ രാത്രികളും വരാന്‍ പോകുന്ന ദുരന്തത്തിന്റെ ഏച്ചു പലകയായ വിവരം ആരും അറിഞ്ഞില്ല. അറിഞ്ഞവര്‍ മിണ്ടിയില്ല. സ്വാര്‍ഥമോഹങ്ങള്‍ അവര്‍ അവരുടെ തന്നെ വായകള്‍ മൂടിക്കെട്ടി. വര്‍ഷങ്ങള്‍ക്കു ശേഷം ചെറു കീടങ്ങള്‍ കൂടുതല്‍ ശക്തി പ്രാപിച്ചു.

ആ ഗ്രാമം കൂടുതല്‍ മലീമസമാക്കി കീടനാശിനി പ്രയോഗങ്ങള്‍ തകൃതിയായി നടന്നു. ഗ്രാമം ഓരോ നിമിഷവും വിഷലിബ്ധമായി. വര്‍ഷങ്ങള്‍ക്ക് ശേഷം ദുരന്തങ്ങള്‍ ഒന്നോന്നായി വന്നു ഭവിച്ചു. അക്കൂട്ടത്തില്‍ ബിനീഷ് ഒരു ഇരയാവാന്‍ വിധിക്കപ്പെട്ടു. തുടര്‍ന്നങ്ങോട്ട് ഏകാന്തവാസം അനുഭവിക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞു. ആ ഈ ഏകാന്തതയില്‍ അവന് കൂട്ടിന് അവന്റെ ഓര്‍മ്മകളെ ഉണ്ടായിരുന്നുള്ളു.

ഓര്‍മ്മകള്‍ പലപ്പോഴും നൊമ്പരമായി തീരുമ്പോള്‍ അവന്‍ വിതുമ്പും. അവനെ പോലെ ആ ഗ്രാമത്തിന്റെ പല ഭാഗത്തും ഇതു പോലെ ദുരിതം പേറി കഴിയുന്നവര്‍ ഒരു പാടുണ്ട്. ജീവിതത്തില്‍ സ്വപനം മാത്രം കാ‍ണാന്‍ വിധിച്ച ഇക്കൂട്ടര്‍ക്ക് പതിവ് പോലെ സൂര്യന്‍ കിഴക്കുദിച്ച് പടിഞ്ഞാറ് അസ്തമിക്കുന്ന ഓരോ ദിവസവും ഒരു പോലെയായിരുന്നു . ഒരു മാറ്റവും അവര്‍ കൊതിച്ചിട്ട് ഒരു കാര്യവുമുണ്ടായിരുന്നില്ല. എല്ലാം തഥൈവ . എങ്കിലും ബിനീഷ് ചിലപ്പോഴൊക്കെ ആ ജീവിതം തിരിച്ചു കിട്ടിയെങ്കില്‍ എന്നാഗ്രഹിക്കുന്ന നിമിഷങ്ങള്‍ ഉണ്ടായിരുന്നു.

പക്ഷെ നിരാശ മാത്രം കൂടെപ്പിറപ്പായി. ഒരേ കിടപ്പില്‍ എത്ര കാലം ഈ ഗതി തുടരുമ്പോള്‍ നിസഹായതക്കൊടുവില്‍ ഓര്‍മ്മകളെ കൂടെ കൂട്ടും. വെറുതെയാണെന്നറിഞ്ഞിട്ടുപോലും ഇടക്കിടെ കൂട്ടുകാര്‍ വന്ന് കൂട്ടിരിക്കുമ്പോള്‍ പഴയ കാലം തിരിച്ചു കിട്ടിയത് പോലെ തോന്നുമെങ്കിലും നിരാശയില്‍ അവസാനിക്കുകയാണ് പതിവ്. എങ്കിലും ബിനീഷ് ഒരിക്കലും പ്രതീക്ഷ കൈവിട്ടില്ല. എന്നെങ്കിലും ഒരിക്കല്‍ എല്ലാം തിരിച്ച് കിട്ടുമെന്ന പ്രതീക്ഷ അവനില്‍ ഉണ്ടായിരുന്നു. ഓരോ ദിവസവും ഉണര്‍ന്നു കഴിഞ്ഞാല്‍ പുതിയ പുതിയ ആഗ്രഹങ്ങള്‍ മനസില്‍ ഉരുണ്ടു കൂടും. ഓരോന്നാ‍യി യാഥാര്‍ത്ഥ്യമായെങ്കില്‍. ആ പ്രതീക്ഷ നിമിഷം നേരം കൊണ്ട് അസ്തമിക്കുന്നത് അവന്‍ തിരിച്ചറിയുന്നുണ്ടായിരുന്നു.

എങ്കിലും ജനലഴികളിലൂടെ ദൂരേക്ക് നോക്കുമ്പോള്‍ പ്രകൃതിയുടെ നീലിമ ചാലിച്ച പച്ചതുരുത്തില്‍ തത്തി കളിക്കുന്ന കിളി നാദവും ശീതള കാറ്റില്‍ പാടിയുണര്‍ത്തുന്ന പുഴയോരങ്ങളും പാട്ടുപാടി ഉണര്‍ത്തുന്ന നിലാപക്ഷികളും എല്ലാം കേട്ടും കണ്ടും കൂട്ടുകാരുമൊത്ത് ആടിത്തിമിര്‍ക്കുന്ന കാഴ്ചകള്‍ ഓര്‍ത്തിരിക്കാന്‍ ശ്രമിക്കുമ്പോള്‍ വേദനയുടെ നൊമ്പരങ്ങള്‍ക്കിടയില്‍ ബിനീഷിന് എല്ലാം മറക്കാന്‍ കഴിഞ്ഞു . ഓരോ ദിവസവും കിടന്ന കിടപ്പില്‍ നെയ്തു കൂട്ടുന്ന ഇത്തരം ചില മോഹങ്ങള്‍ ബിനീഷ് പലപ്പോഴും വെറുതെ ചില മോഹങ്ങളായി അവശേഷിപ്പിച്ചു……

Generated from archived content: story1_sep1_12.html Author: shabeerali-melangadi

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here