കമ്പ്യൂട്ടറിൽ കഥയെഴുതാൻ തുടങ്ങിയിട്ട് പത്തു വർഷത്തിലേറെയായി. റോമാക്കാരന്റെ വട്ടെഴുത്തിനേക്കാൾ എത്രയോ ദുഷ്‌കരമാണ് മലയാളത്തിലെ അമ്പത്തൊന്ന് അക്ഷരങ്ങളുമായുളള മൽപ്പിടുത്തം. കൂടാതെ കൂട്ടക്ഷരങ്ങളുടെ സമൃദ്ധി. വവ്വാലുകളെപോലെ അശ്രീകരങ്ങളായി അവിടവിടെയായി തൂങ്ങിക്കിടക്കുന്ന കുറെ വവ്വലുകൾ.
വല്ലാതെ കുഴഞ്ഞു പോയല്ലോ ആദ്യം. ഒടുവിൽ ഈ ചൊട്ടുവിദ്യ ഏതാണ്ടൊന്ന് വശമായപ്പോൾ കമ്പ്യൂട്ടർ കണ്ടുപിടിച്ച സായിപ്പിനേയും മലയാളം സോഫ്‌റ്റ്‌വെയറിന് രൂപം കൊടുത്ത കുടുമ മുറിച്ച കൽപ്പാത്തി അയ്യരേയും (അതോ മൈലാപ്പൂർ അയ്യങ്കാരോ?) വന്ദിക്കാതെ വയ്യെന്നായി.
കഥയുടെ ആദ്യത്തെ എല്ലിൻകൂട് തയ്യാറാക്കാൻ കടലാസും മഷിയും കൂടാതെ വയ്യെന്ന ആ പ്രാചീനമായ ഫ്യൂഡൽ ദുഃശ്ശീലം മാത്രം ഒഴിവാക്കാനായില്ല. ഏതു കൊടികെട്ടിയ സാങ്കേതിക ജാലവിദ്യ വന്നാലും ആ പഴയ സ്‌റ്റീൽപേനയും മഷിക്കുപ്പിയും നമ്മുടെ അനുഷ്‌ഠാനകലകളുടെ ഭാഗം തന്നെ.
ആദ്യത്തെ കരട് അധികം കരടുകളില്ലാതെ കമ്പ്യൂട്ടറിൽ അടിച്ചു കയറ്റിയാൽ പിന്നെ പരമസുഖമാണ്. കമ്പ്യൂട്ടറിന്റെ വിരലുകളിലൂടെ വാക്കുകൾ മാറ്റാം, വാചകങ്ങൾ മാറ്റാം. വെട്ടാം, തിരുത്താം, വെട്ടിയൊട്ടിക്കാം. ആകെക്കൂടി ഒരു മേജർസെറ്റിന്റെ വക ശസ്‌ത്രക്രിയയിലൂടെ കടന്നു പോകുന്നതിന്റെ സൗഖ്യം. ആശ്വാസം.
പക്ഷെ, ഒരേയൊരു കുഴപ്പം മാത്രം. കഥയുടെ കഥ ഒരിക്കലും കഴിയുന്നില്ല.
അതായത് ഈ കമ്പ്യൂട്ടറിൽ കിടക്കുന്ന സ്വന്തം കഥയ്‌ക്ക് ഒരു അവസാനമേയില്ലല്ലോ എന്ന അസ്തിത്വദുഃഖം. അവസാനമെന്ന് പറയുമ്പോൾ കഥയ്‌ക്ക് യോജിക്കുന്ന ഒരു പരമമായ അന്തിമരൂപം കൈവരിക്കുകയെന്ന സാകല്യാവസ്ഥ തന്നെ.
നിത്യവും ഏഴര വെളുപ്പിനേ എഴുന്നേറ്റു പല്ലുതേച്ചു, കുളിച്ച്, ഒരു കാലിച്ചായയും കുടിച്ച് കമ്പ്യൂട്ടറിന് മുമ്പിൽ അടയിരിക്കുന്നു പാവം എഴുത്തുകാരൻ. തലേന്ന് രാത്രി ഒരുപാടു വൈകും വരെ കൊട്ടുവടിയും, ഉളിയുമായി പണിത് പണിത് ഏതാണ്ടൊരു പരുവത്തിലാക്കി വിട്ട കഥയെ സമീപിക്കുന്നതു സർഗ്ഗാത്മക ആദരത്തോടെ.
പക്ഷെ, അതിശയം തന്നെ, പുലർച്ചക്കുളള ആ വായനയിൽ തലേന്നത്തെ സൃഷ്‌ടി എത്രയോ അപൂർണ്ണമായാണല്ലോ നില കൊളളുന്നത്. ശകലം ബോറുപോലുമായി കാണപ്പെടുന്നു.
വാക്കുകളിൽ പലതും തീരെ ചേരാത്തവയും, സ്ഥാനം തെറ്റിക്കിടക്കുന്നവയും. വാക്കുകളുടെ ഇടയിലോ ധാരാളം വിടവുകൾ. ചില വരികളും, പാരകളും മാറ്റിമറിക്കാതെ വയ്യ. ആകെക്കൂടി കലശലായൊരു പൊളിച്ചെഴുത്ത്.
ഏതു കലാസൃഷ്‌ടിയും എക്കാലത്തും അപൂർണ്ണമായി തന്നെ നിലകൊളളുന്നുവെന്ന ആചാര്യസൂക്തമനുസരിച്ച് താളിയോലകളിൽ നാരായം കൊണ്ടു മഹാഗ്രന്ഥങ്ങൾ കോറിയിട്ട പൂർവ്വസൂരികളെ മനസ്സാ നമിച്ച്, വീണ്ടും കൊട്ടുവടി കൈയിലെടുക്കുന്നു, ഉളികളും.
തച്ചന്റെ മറ്റൊരു ദിവസം തുടങ്ങുകയായി. പുതിയൊരു കുത്തിയൊഴുക്കിൽ വാക്കുകൾ താനേ മാറുന്നു, വാചകങ്ങളും. കമ്പ്യൂട്ടർ മോണിറ്ററിന്റെ തിരയിൽ ഒരുപാട് ഉളിപ്പാടുകൾ, പശയടയാളങ്ങൾ.
അങ്ങിനെ കൊത്തിക്കൊത്തി കയറുകയാണ് കഥാകാരൻ. നാലുപാടും മരച്ചീളുകൾ ചിതറിത്തെറിക്കുന്നു. മരത്തടിയിൽ ചോര പൊടിയുന്നു. ഇടയ്‌ക്കൊക്കെ കോട്ടുവായകൾ, ഏമ്പക്കങ്ങൾ, കീഴ്‌ശ്വാസങ്ങൾ. ഒടുവിൽ ലേശം തൃപ്‌തിയോടെ അന്നത്തെ പണിയൊതുക്കി, തന്റെ ഏറ്റവും പുതിയ സൃഷ്‌ടിയെ ഏതാണ്ടൊരു അരുക്കാക്കിയെന്ന ആശ്വാസത്തോടെ ഉറങ്ങാൻ കിടക്കുന്നു. തളർന്നുറങ്ങുന്നു.
പിറ്റേന്ന് രാവിലെ നോക്കുമ്പോൾ, അതിശയം തന്നെ, പുതിയൊരു വെളിച്ചം തലയ്‌ക്കകത്ത്. പുതിയൊരു തിരിച്ചറിവ്. ഇതേത് കഥ? ആരുടെ കഥ? ഇങ്ങിനെയാണോ കഥ എഴുതേണ്ടത്? ഈ വാക്കുകളും, വാചകങ്ങളും, സന്ദർഭങ്ങളുമൊക്കെ ആകെ പിശക്. തച്ചന്റെ കൈപ്പിഴകൾ വികൃതമായ ഉളിപ്പാടുകളായി അങ്ങിനെ തെളിഞ്ഞു തെളിഞ്ഞു കിടക്കുന്നു. ശില്പത്തിന്റെ ആകൃതിപോലും കുഴപ്പം.
വീണ്ടും അതേ കൊട്ടുവടി, തേച്ചു മൂർച്ച വരുത്തിയ പലതരം ഉളികൾ. പല വലിപ്പം, പല മൂർച്ച. ചിതറിത്തെറിക്കുന്ന മരച്ചീളുകൾ. ചോര പൊടിയുന്ന മരത്തടി.
സന്ധ്യക്ക് കിളികൾ മരക്കൊമ്പുകളിലേക്ക് ചേക്കേറാൻ തുടങ്ങുമ്പോൾ, വവ്വാലുകൾ ചിറകടിച്ചു പോകുമ്പോൾ അവശകലാകാരനായ പാവം പെരുന്തച്ചൻ അന്നത്തെ തച്ച് അവസാനിപ്പിച്ച് തന്റെ മനോജ്ഞമായ ശിൽപ്പത്തെ പലവുരു ചാഞ്ഞും ചരിഞ്ഞും നോക്കി രസിക്കുന്നു. അഹോ, എത്രയോ മനോഹരം! എല്ലാ വ്യാഖ്യാനങ്ങൾക്കുമതീതം. ഇതുപോലെയൊന്ന് ഞാൻ ഇതേവരെ എഴുതിയിട്ടില്ലല്ലോ. ഇനിയൊട്ട് എഴുതാനും പോകുന്നില്ലല്ലോ.
എല്ലാം ഭദ്രം. അങ്ങിനെ വലിയ ആശ്വാസത്തോടെ, വലിയൊരു നെടുവീർപ്പുമിട്ട് ഉറങ്ങാൻ കിടക്കുന്നു.
പിറ്റേന്ന് രാവിലെ പതിവുപോലെ പല്ലുതേച്ച്, കുളിച്ച്, ഒരു കാലിച്ചായയും കുടിച്ച് കമ്പ്യൂട്ടറിന്റെ മുന്നിലെത്തുമ്പോൾ വീണ്ടും അതേ അത്ഭുതം തന്നെ.
ഇന്നലെ രാത്രിയിലെ ഇടിവെട്ടിൽ, പേമാരിയിൽ, എന്താണ് സംഭവിച്ചത് എന്റെ കഥയ്‌ക്ക്? ഇത്രയും അപൂർണ്ണമായ സൃഷ്‌ടി ആരുടേത്? സ്ഥാനം തെറ്റിക്കിടക്കുന്ന വാക്കുകൾ, വാചകങ്ങൾ. തീരെ ചൊവ്വില്ലാത്ത ചില പ്രയോഗങ്ങൾ, അനാവശ്യമായ ബിംബങ്ങൾ.
വീണ്ടും മൂർച്ച വെയ്പിക്കേണ്ട ഉളികൾ. അടിച്ചടിച്ച് പതം വന്ന ആ പഴയ കൊട്ടുവടി.
പെരുന്തച്ചന്റെ മറ്റൊരു ദിവസം തുടങ്ങുകയാണ്. കഥ കഴിയാതെ പാവം കഥ തുടരുകയാണ്. കൈയെഴുത്തിന്റെ കാലത്ത് എത്രയോ എളുപ്പത്തിൽ ചെയ്‌തു തീർക്കാവുന്ന മഹത്‌ക്കർമ്മം അങ്ങിനെ നീണ്ടു നീണ്ടു പോകുന്നു..
ഇങ്ങിനെയാണ്, സാർ, കഴിഞ്ഞ പത്തു വർഷങ്ങൾക്കുളളിൽ കമ്പ്യൂട്ടറിന്റെ വിരലുകളിലൂടെ ഞാൻ കഥകളെഴുതിയത്.
കൈമുദ്രകൾ എന്ന നോവലിന്റെ കുറെ ഭാഗം, അടയാളങ്ങൾ എന്ന ഏറ്റവും പുതിയ നോവൽ മുഴുവനും, എത്രയോ കഥകൾ, കുറെ ലേഖനങ്ങൾ, എല്ലാമെല്ലാം ഈ കൈക്രിയകളിലൂടെ കടന്നു പോന്നവ.
കാര്യങ്ങൾ അങ്ങിനെയിരിക്കെ…
ശപിക്കേണ്ടത് കമ്പ്യൂട്ടർ കണ്ടുപിടിച്ച സായിപ്പിനേയോ അതോ മലയാളം സോഫ്‌റ്റ്‌വെയറിന് രൂപം കൊടുത്ത കുടുമ മുറിച്ച കൽപ്പാത്തി അയ്യരേയോ (അതോ മൈലാപ്പൂർ അയ്യങ്കാരോ?)
ഈ ചോദ്യത്തിനുളള ശരിയായ ഉത്തരങ്ങൾ അയക്കുന്നവരിൽ നിന്ന് നറുക്കിട്ടെടുക്കുന്ന മൂന്നുപേർക്ക് സമ്മാനം കൊടുക്കാൻ ഏതെങ്കിലും സ്‌പോൺസർമാരെ കിട്ടാതെ വരില്ല ഈ ആഗോളവൽക്കരണ കലികാലത്ത്.
Generated from archived content: essay2_mar01_06.html Author: sethu