ചിരി

`പിതാ രക്‌ഷതി കൗമാരേ

9- ആം ക്ലാസിലെ മലയാള പാഠപുസ്‌തകത്തില്‍ നിന്നും മനുസ്‌മൃതി അലകളുയര്‍ന്നു.

അവള്‍ ചിരിച്ചു ഉറക്കെ.

മൗനക്കടലില്‍ ഒരു വെളളിപാദസരം കിലുങ്ങിയ പേലെ.

ക്‌ളാസില്‍ എപ്പോഴും കുനിഞ്ഞ മുഖത്തോടെ ഇരിക്കുന്നവള്‍.

പേടി തോന്നിയില്ല അവള്‍ക്ക്‌

ഉള്ളിലെ പ്രളയം അണകെട്ടി നിര്‍ത്തിയ ഭയത്തിന്‍െറ മണല്‍ത്തരികള്‍ പൊടിച്ച ‌ഒരു

ചിരിയെങ്കിലും ചോര്‍ന്നല്ലോ എന്നാശ്വസിച്ചു.

ഇമവെട്ടാതെ നാല്‍പ്പത്തിയേഴു ജോഡി കണ്ണുകള്‍ ആ ചിരിയുടെ കാരണമാഞ്ഞു..

നുരഞ്ഞു പൊന്തുന്ന രോഷം ഒളിപ്പിച്ചു നിര്‍ത്തിയ മറ്റൊരു ചിരി..

ടീച്ചറുടേത്‌?.

ചിരിയുടെ കാരണമറിയാതെ ഒരു ഘടികാരസൂചി പോലും ചലിക്കില്ലിനി.

അവള്‍ എണീറ്റു.

വരുതിയില്‍ വരാത്ത വാക്കുകളെ,

അമ്മയുടെ നിസ്സംഗതയെ,

ഒളിച്ചിരിക്കുന്ന കാട്ടുപൊന്തയെ,

കീഴ്‌പ്പെട്ടു പോകുന്ന നിസ്സഹായതയെ

ചേര്‍ത്തുനിര്‍ത്തിക്കൊണ്ടു ചോദിച്ചു.

‘ അപ്പോള്‍ പിതാവില്‍ നിന്നാരു രക്ഷിക്കും’

അവള്‍ പുറത്തു നിന്നു.

മഴ നനഞ്ഞ്‌,

ശാന്തയായി

സംതൃപ്‌തയായി

പക്ഷേ

മരിച്ചിട്ടും താനവളെ എന്തിനു മഴയത്തു നിര്‍ത്തി എന്ന്‌ ടീച്ചര്‍ക്കറിയില്ലായിരുന്നു.

Generated from archived content: story2_mar29_14.html Author: seethalakshmi_ks

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here