‘ഗ്ലോബൽ ലിറ്റററി കോംപറ്റീഷൻ ഓഫ് ഫൊക്കാന – 2010-ലെ’ സീനിയേഴ്‌സിനുള്ള മത്സരത്തിൽ ഒന്നാം സമ്മാനം നേടിയ സീമശ്രീഹരി മേനോന്റെ കഥ – മേഘങ്ങൾ ഞങ്ങൾ സന്തോഷത്തോടെ ഇവിടെ അവതരിപ്പിക്കുന്നു. കഥാകാരിക്ക് പുഴ.കോമിന്റെ ആശംസകൾ‘ എഡിറ്റർ.
വികാരങ്ങളും വിചാരങ്ങളും വിവേകമില്ലാത്ത അതിഥികളാണെന്നു ഇ-മെയിലിൽ വന്ന പെൺചിത്രങ്ങളിലൂടെ കണ്ണോടിക്കുമ്പോൾ മാലിനിക്കു തോന്നി. എപ്പോൾ വരണമെന്നോ, വന്നാൽ എപ്പോൾ പോകണമെന്നോ അറിയാത്ത ജന്തുക്കൾ. വലിഞ്ഞുകയറി വന്നു വീടാകെ അലങ്കോലപ്പെടുത്തുന്ന നാശക്കൂട്ടങ്ങൾ. “എന്നെ കൊലയ്‌ക്കു കൊടുക്കാതെ ഒന്നു പോയിതന്നുകൂടെ നിങ്ങൾക്കൊക്കെ” എന്നു ഓഫീസിന്റെ കണ്ണാടിച്ചുവർ കുലുങ്ങുമാറുച്ചത്തിൽ അലറി വിളിച്ചാലോ എന്നു മാലിനി ഒരു നിമിഷം ചിന്തിച്ചു.
ചിന്തകളെല്ലാം അപ്പടി പുറത്തേക്കു പ്രകടിപ്പിക്കാനുള്ളതല്ലല്ലോ. പ്രത്യേകിച്ചു ഒരു മലയാളിപ്പെണ്ണ്. അതോണ്ട് മുപ്പതിന്റെ റോങ്ങ് സൈഡിലെത്തിയ ഒരു സ്‌മാർട്ട് ബിസിനസ് ലേഡി അങ്ങിനെയൊന്നും പെരുമാറാൻ പാടില്ലെന്നൊരു ശാസന ഹൃദയത്തിനു കൊടുത്ത്, അനുസരിച്ചില്ലെങ്കിൽ കാണിച്ചു തരാം എന്നു ഒന്നു കണ്ണുരുട്ടിക്കാണിച്ചു മാലിനി വീണ്ടും മോണിട്ടറിലേക്കു ശ്രദ്ധ നട്ടു.
സാരിയിലും ചുരിദാറിലും പൊതിഞ്ഞ കന്യാകുമാരികൾ. വെളുത്ത നാടൻ സുന്ദരികൾ, കറുത്ത മോഡേൺ സുന്ദരികൾ, പല്ലുകൾ മുഴുവനും കാട്ടി ഇളിക്കുന്നവർ, മോണാലിസയെപോലെ ദുരൂഹമാർന്ന മന്ദസ്‌മിതം പൊഴിക്കുന്നവർ, ഡോക്‌ടർമാർ, എം.ബി.എക്കാർ, എഞ്ചിനീയർമാർ. ഇതിൽ നിന്നും ആരെയാണ് ദൈവമേ ഞാൻ നരേഷന്റെ വധുവായി തിരഞ്ഞെടുക്കേണ്ടത്?
കണ്ണടച്ച് ഏതൊരു പെണ്ണിനെ ചൂണ്ടികാട്ടിയാലും രണ്ടാമതൊന്ന് നോക്കുകയോ ആലോചിക്കുകയോ ചെയ്യാതെ നരേഷ് സമ്മതം മൂളുമെന്നുള്ളതാണ് ഏറ്റവും വിഷമകരമായ വസ്‌തുത. ആ അവന് ഞാനെങ്ങിനെ ഒരു പൊട്ടപെണ്ണിനെ ചൂണ്ടി കാണിച്ചു കൊടുക്കും? അവൻ ജീവിതം മുഴുവൻ നരകിച്ച് നരകിച്ച് കഴിഞ്ഞു കൂടട്ടെയെന്ന് മാലിനിക്ക് വിധിക്കാനാവില്ലല്ലോ. പക്ഷേ നല്ലൊരു സുന്ദരിപെണ്ണിനെ കെട്ടി അവൻ സുഖമായി ജീവിക്കുമ്പോൾ മാലിനിയെ നരേഷ് ഓർക്കാനിടയുണ്ടോ? അവന്റെ സ്‌നേഹമില്ലെങ്കിൽ മാലിനി എങ്ങിനെ ജീവിക്കും? മാലിനി മരിച്ചാൽ സുനന്ദ എന്തു ചെയ്യും? ഒരു കാറ്റടിച്ചാൽ തകർന്നു പോകാവുന്ന ജീവിതക്കൊട്ടാരം മാലിനിക്കു ചിരിയും കരച്ചിലും ഒപ്പം വന്നു.
കാതങ്ങൾക്കകലെയിരുന്നു കൊണ്ട് നരേഷും അപ്പോൾ മാലിനിയെ കുറിച്ചാണ് ചിന്തിച്ചുകൊണ്ടിരുന്നത്. “നാട്ടിൽ നിന്നും അമ്മ അയച്ച കുട്ടികളുടെ ഫോട്ടോയാണ്, നീ തിരഞ്ഞെടുക്കൂ എന്റെ വധുവിനെ” എന്നൊരു അടിക്കുറിപ്പോടെ ആ ഇമെയിൽ ഫോർവേഡ് ചെയ്‌തപ്പോൾ, മാലിനി പരിഭവിക്കുമെന്നും,“നരേഷ്, നിന്നെ എനിക്കു വേണം” എന്നു പറയുമെന്നും നരേഷ് വിചാരിച്ചു. അവളുടെ കൂടെ എങ്ങിനെ ജീവിക്കുമെന്നറിയാത്തതു പോലെ തന്നെ അവളില്ലെങ്ങിൽ എങ്ങിനെ ജീവിക്കുമെന്നും അവനു ഒരു പിടിയും കിട്ടുന്നുണ്ടായിരുന്നില്ല.
മാലിനി തന്റെ ആരാണെന്ന് നരേഷിനു തിരിച്ചറിയാൻ കഴിയാത്തതു പോലെ, നരേഷ് തനിക്കാരെന്ന് മാലിനിക്കും ഉത്തരം കിട്ടാത്തൊരു ചോദ്യമായി അവശേഷിക്കാൻ തുടങ്ങിയിട്ടു കാലം കുറച്ചായി. കാമം, സ്‌നേഹം, പ്രണയം, കനിവ്, ആകർഷണത്തിനുപരിയൊരു ആശ്രയത്ത്വം… ഒരു പുഴയായി ഒഴുകിപടരുന്നൊരു ബന്ധം. അത്നൊരു പേരിട്ടു വിളിക്കാൻ മാലിനി ശ്രമിച്ചിട്ടില്ല.
“അല്ലെങ്കിലും, സ്‌ത്രീയും പുരുഷനും തമ്മിലുള്ള എല്ലാ ബന്ധങ്ങൾക്കും പേരുകൾ ഉണ്ടാകണമെന്നില്ലല്ലൊ. പ്രണയത്തിനും കാമത്തിനും ഇടയിലുള്ള ആ എന്തൊ ഒന്നിനെ ആസ്വദിക്കുന്നതിലുപരി പേരുകൾ ഇട്ടതിനെ നശിപ്പിക്കണൊ എന്ന ഒരു സായാഹ്നത്തിൽ മാലിനിയുണ്ടാക്കിയ കാപ്പിയും കേക്കും കഴിച്ചിരിക്കുമ്പോൾ അവർ ഒരു തീരുമാനമെടുത്തു.
പ്ലാറ്റോണിക് ലവ്, സോള് മേറ്റ് എന്നൊക്കെ പറയാൻ കൊള്ളാമെങ്കിലും പ്രയോഗത്തിൽ വരുംമ്പോൾ ആണിനും പെണ്ണിനും അതിന്റെ നിർവചനങ്ങൾ വേറെയാവുകയാണല്ലൊ പതിവ് എന്നു മാലിനി ഒരു കമന്റ് പറഞ്ഞതു നരേഷിനു അത്ര ഇഷ്‌ടമായില്ലെങ്കിലും, അവനങ്ങു സഹിച്ചു. മാലിനി പറയുന്നിൽ പലപ്പോഴും കാര്യമുണ്ടെന്നു അവൻ മനസ്സുകൊണ്ടെങ്കിലും സമ്മതിച്ചിരുന്നു.
അല്ലെങ്കിലും തങ്ങളുടെ സാഹചര്യങ്ങൾ വച്ചു ഒരു ഫ്രണ്ട്‌ഷിപ്പിനപ്പുറത്തേക്കു വളർത്താൻ പറ്റിയ ഒരു ബന്ധമല്ല ഇതെന്നു അവർ തമ്മിലൊരു അണ്ടർസ്‌റ്റാണ്ട് അറിയാതെ തന്നെ ഉടലെടുത്തിരുന്നു. കൊതിച്ചതു മുഴുവനും കിട്ടിയില്ലെങ്കിൽ വിധിച്ചതു വച്ചങ്ങു അഡ്‌ജസ്‌റ്റ് ചെയ്യുകയല്ലെ ബുദ്ധി.
തന്റെ സാമീപ്യത്തിൽ അവനൊരു കാമുകനായി മാറുന്നുണ്ടെന്ന് മാലിനിക്ക് തോന്നിയിരുന്നു. അവന്റെ അടുത്തു ചെല്ലുമ്പോൾ, അവന്റെ മണവും ചൂടും വലിച്ചെടുത്ത് അവളും തളരുന്നുണ്ടായിരുന്നു. പക്ഷേ കുറച്ചു കൂടി അടുത്തു ചെല്ലുമ്പോൾ, ”വേണ്ട, നിനക്ക് എന്റെ കല്യാണ സമ്മാനമാണിത്, നീയെല്ലാം ആ പെൺകുട്ടിക്കു മാറ്റി വയ്‌ക്കൂ“ എന്നു പറഞ്ഞു അവൾ അവനെ തള്ളീമാറ്റുന്നതു കാണുമ്പോൾ പരിചയമുള്ള ഒരു റോളിലും മാലിനി ഒതുങ്ങുന്നില്ലല്ലോ എന്നോർക്കാറുണ്ട് നരേഷ്.
രണ്ട് വർഷങ്ങൾക്കു മുൻപ് കൊച്ചിയിലെ അവളുടെ ഓഫീസിൽ വച്ച് തമ്മിൽ കണ്ടില്ലായിരുന്നുവെങ്കിൽ യാതൊരു തടസവുമില്ലാതെ പോകേണ്ടതായിരുന്നില്ലെ തന്റെ ജീവിതമെന്ന് നരേഷിനു ചിലപ്പോഴൊക്കെ വെളിപാടുണ്ടാകും.
ചില്ലുവാതിൽ തള്ളിത്തുറന്ന് മഞ്ഞനിറമുള്ള ചുരിദാറിൽ തീജ്വാല പോലെ മാലിനി അകത്തു വന്നപ്പോൾ സെൻട്രൽ എ.സി.യുടെ തണുപ്പിലും നരേഷ് ഒന്നു വിയർത്തു പോയി. ഗൾഫ് പണത്തിന്റെയും, ബിസിനസിന്റെയും ഡിസൈനർ ലേബലുകളുടേയും പാളികൾക്കുള്ളിൽ നരേഷ് ഇപ്പോളും ഒരു നാടനാണല്ലോ. വാതിൽ തുറന്നയുടനെ നരേഷിന്റെ കണ്ണുകൾ വികസിച്ചതും പിന്നെ അവൻ കാറ്റു പോയൊരു ബലൂൺ കണക്കെ ചുരുങ്ങിപ്പോയതും കണ്ണിൽ പെട്ടെങ്കിലും മാലിനിക്കു ചിരിക്കാനൊന്നും തോന്നിയില്ല. ”ഐ ഹാവ് ദാറ്റ് ഇഫക്‌റ്റ് ഓൺ മെൻ“ എന്നു മനസ്സിൽ പറഞ്ഞു മാലിനി സ്വയമാർജിതമായൊരു ഫേക്ക് പബ്ലിക് സ്‌കൂൾ ഇംഗ്ലീഷ് പുറത്തേക്കു കുടഞ്ഞിട്ടു.
ആഴ്‌ചകൾ കഴിഞ്ഞൊരു ദിവസം, ഒത്തിരി ഇമെയിലുകൾക്ക് ശേഷം നിന്റെ കണ്ണുകളെനിഷ്‌ടം, അതിൽ അലിഞ്ഞലിഞ്ഞില്ലാതെയാവാൻ മോഹം എന്നൊക്കെ ഒരുതരം പൈങ്കിളി സ്‌റ്റൈലിൽ നരേഷ് ഫോണിൽ പറഞ്ഞപ്പോൾ മാലിനി ചിരിച്ചുപോയി. ”ഇതാ വേറൊരുത്തൻ കൂടി“ എന്ന് ലിവിങ്ങ് റൂമിലെ ബുദ്ധനോട് കിന്നാരം പറഞ്ഞ് അടുക്കളയിലേയ്‌ക്ക് നടക്കുമ്പോൾ ഇന്നൊരു ദിവസം ഡയറ്റ് പ്ലാൻ തെറ്റിച്ച് കുറച്ച് ചോറും സാമ്പാറും കഴിച്ചാലോ എന്നതു മാത്രമായിരുന്നു മാലിനിയുടെ ഡൈലമ്മ.
പക്ഷേ അന്ന് രാത്രി, തലയിണയെ കെട്ടിപ്പിടിച്ചുറക്കം കാത്ത് കിടക്കുമ്പോൾ തലയിണക്ക് വിശ്വനാഥന്റെതല്ലാതൊരു മണം ഫീൽ ചെയ്‌തു മാലിനിക്ക്. വർഷങ്ങൾ പലത് കഴിഞ്ഞെങ്കിലും വിശ്വനാഥന്റെ മണം മാലിനിക്കു പെട്ടെന്ന് തിരിച്ചറിയാനാവും. പലവർഷങ്ങൾ ആദ്യമൊക്കെ സ്‌നേഹത്തോടെയും പിന്നെ വെറുപ്പോടെയും അടുത്തറിഞ്ഞ് ഗന്ധം ഏതു പെണ്ണിനാ അങ്ങനെ മറക്കാനാവുക?
അന്നൊരു മഞ്ഞ്‌കാലത്തു ഓടിച്ചിരുന്ന ഫോർവീലർ മരത്തിൽ കൊണ്ടിടിച്ചു വിശ്വം മഞ്ഞുപോലുറഞ്ഞു പോയതു ഒരു കണക്കിനു വിശ്വം തനിക്കു ചെയ്‌തു തന്ന ഏറ്റവും വലിയ ഉപകാരമാണെന്നു മാലിനിക്കു പലപ്പോഴും തോന്നാറുണ്ട്. സ്‌നേഹത്തിനും വെറുപ്പിനുമിടയിലുള്ള ട്രപ്പീസുകളി മടുത്തു കഴിഞ്ഞിരുന്നു മാലിനിക്ക്.
”പുതുമയാണു സ്‌നേഹം“ എന്ന കണ്ടുപിടിത്തം വിവാഹം കഴിഞ്ഞു രണ്ടു മൂന്നു വർഷങ്ങൾക്കുള്ളിൽ തന്നെ മാലിനി നടത്തിയിരുന്നു. ഏതു മനുഷ്യനും മടുക്കാത്തതായി തന്നെ തന്നെ മാത്രമെ കാണുകയുള്ളായിരിക്കും. ബാക്കി ബന്ധങ്ങളെല്ലാം തന്നെ കൊടുക്കൽ വാങ്ങലുകൾക്കുള്ളിൽ ബാലൻസ് ചെയ്‌തു നില്‌ക്കുന്നു.
ഇങ്ങിനെയൊക്കെ ആലോചിച്ച് ഒരു കാര്യക്കുട്ടിയായി ഉറങ്ങി പോവാറാണ് സാധാരണ മാലിനിയുടെ പതിവ്. കാലത്ത് സുനന്ദ എണീക്കുന്നതു മുതൽ അവളെ കുളിപ്പിച്ച് ഭക്ഷണം കൊടുത്ത് സ്‌കൂളിൽ വിട്ട് ഓഫീസിൽ പോയി തിരിച്ചുവന്നു…. എന്നു തുടങ്ങി എല്ലാ ഉദ്യോഗസ്‌ഥ വീട്ടമ്മമാർക്കും പറയാനുള്ളതല്ലെ മാലിനിക്കും പറയാനുള്ളൂ. പിന്നെന്തേ കാലത്തെണീറ്റപ്പോൾ പതിവിലും കൂടുതലൊരു സന്തോഷം മനസിൽ ചോദിച്ചു നടന്ന മാലിനിക്ക്, ദോശചുട്ട് കഴിഞ്ഞ് ”നരേഷ്“ എന്ന് ഉത്തരം കിട്ടി.
വയസ്സു മുപ്പത്തഞ്ചു കഴിഞ്ഞെന്നു വച്ചു പെണ്ണിനു രതിയും നിഷിദ്ധമെന്ന് മാലിനിക്കു അഭിപ്രായമില്ലെന്നു ശരിയാണ്. പക്ഷെ 25 വയസുള്ള മീശ മുളച്ചു തുടങ്ങിയ ഒരു പൊട്ടൻ ചെക്കനാണോ ഈ ഇളക്കത്തിനു കാരണം എന്നാലോചിച്ചപ്പോൾ മാലിനിക്കു സ്വയം ഉണ്ടായിരുന്ന മതിപ്പു കുറെ കുറഞ്ഞ പോലെ. ഒന്നുമില്ലെങ്കിലും ഈ വയസ്സിനുള്ളിൽ 5 ഭൂഖണ്ഡങ്ങളിൽ യാത്ര ചെയ്‌ത, ആൽബേർട്ട് കാമുവിനെയും മുട്ടത്തു വർക്കിയേയും ഒരു പോലെ വായിച്ചു, സിനിമയും, സംഗീതവും ശാസ്‌ത്രവും എന്നും വേണ്ട അത്യാവശ്യം ദൈവത്തിനെ കുറിച്ചു വരെ ഒരു പത്തു മിനിറ്റ് ബുദ്ധിമുട്ടില്ലാതെ സംസാരിക്കാൻ വിവരമുള്ള ഒരു പെണ്ണല്ലേ ഞാൻ എന്നു മാലിനി കണ്ണാടിയോടു തർക്കിച്ചു നോക്കി… പിന്നെന്തേ പെട്ടന്നിങ്ങനെ.
എന്നെപോലൊരു പെണ്ണിനെ പ്രേമത്തിൽ വീഴിക്കാൻ മാത്രം നരേഷിനുള്ളതു എന്നലോചിച്ചു അന്നു മാലിനി കുറെ കൺഫ്യൂഷൻ അടിച്ചു. ”ഇന്നു മഴ പെയ്യുമെന്നു തോന്നുന്നു. നീ കുടയെടുത്തോ“ എന്നു കരുതലായി വരുന്ന ഫോൺ സന്ദേശങ്ങളോ” മൂഡ് ഔട്ടിന്റെ നിമിഷങ്ങളിൽ “ചൗദുഭീ കാ ചാന്ത് ഹൊ” എന്ന മൂളിപാട്ടിൽ വരുന്ന കാമുക ഭാവമോ? വാടകയും സ്‌കൂൾ ഫീസുമായി വല്ലാതെ വീർപ്പുമുട്ടിപ്പോവുന്ന സമയങ്ങളിൽ “കടമാണുട്ടോ” എന്ന അടിക്കുറിപ്പോടെ വരുന്ന ചെക്കുകളൊ? അതൊ അവന്റെ വെളുത്തു നീണ്ട ദേഹത്തൊടുള്ള ആസക്തിയോ? സുനന്ദ കൂടി ചിറകു വിരിച്ചു യാത്രയായാൽ ബാക്കിയാവുന്ന നിശബ്‌ദതക്കൊരു കരുതൽ നിക്ഷേപമൊ? പതിമൂന്നിന്റെ എല്ലാ സരളതയോടെയും കൂടി അടുത്ത് കിടന്നുറങ്ങുന്ന സുനന്ദയെ നോക്കിയിരുന്നു മാലിനി ചോദ്യങ്ങൾക്കുത്തരം തേടി തോല്‌ക്കും.
അല്ലെങ്കിലും പെണ്ണെന്ന വർഗ്ഗത്തിന്റെ ശാപമാണല്ലൊ അത്. ആരെങ്കിലുമൊക്കെ ചാഞ്ഞ കൊമ്പു നീട്ടിക്കൊടുത്താൽ അതിൽ പിടിച്ചു കയറും. പിന്നെ സ്നേഹമാായി. ഉദാത്തപ്രണയമായി. ആരാധനയായി…. ഒരു ദിവസം അവൻ സ്വന്ത കാര്യം നോക്കി പോവുംമ്പോൾ പിന്നെ നിരാശയായി. ഒരിക്കലും പഠിക്കാതൊരു പെണ്ണു മാലിനിക്കു ചിലപ്പോളൊക്കെ ഈ നിസ്സഹായതയോർത്തു കരച്ചിൽ വരുമായിരുന്നു.
ഫോട്ടോകൾ വന്ന ദിവസം, വാക്കുകളായും നോക്കുകളായും കരുതലായും കവിതയായും മനസിലെയ്‌ക്കു പടർന്നു കയറുന്നവനെ ജീവിതത്തിന്റെ സ്വപ്‌നത്തിലൊന്നു തൂക്കി നോക്കി മാലിനി. സുനന്ദയ്‌ക്കാ നരേഷിനോ കൂടുതൽ താഴ്‌ചയെന്നു കണ്ടെത്തും മുന്നേ മുറിഞ്ഞു പോയൊരു സ്വപ്‌നം. “നരേഷിനെ ഞാൻ പ്രേമിക്കട്ടെ” എന്ന് കണ്ണാടിയോട് കൊഞ്ഞി ചോദിച്ചപ്പോൾ കണ്ണാടി മറുപടിയൊന്നും പറഞ്ഞില്ലെന്നു മാത്രമല്ല, കണ്ണാടികൾക്കു മാത്രം പറ്റുന്ന ഒരു നിർവികാരത മുഖത്തണിയുകയും ചെയ്‌തു. ആ വാശിക്ക് പിറ്റേന്ന് കാലത്തു തന്നെ, വെളുത്ത് മെലിഞ്ഞ് ചുരുണ്ട മുടിയുള്ള ഒരു സുന്ദരി എഞ്ചിനീയറെ തിരഞ്ഞെടുത്ത് “ഇതാണ് അവൾ” എന്നൊരു മറുപടിയോടെ നരേഷിനു അയച്ചു കൊടുത്തു മാലിനി.
കല്യാണത്തിന് നിനക്കിടാൻ എന്റെ വക സിൽക്ക് ഷർട്ട്, അവൾക്ക് നെക്ലേസ്, എന്നൊക്കെ പറഞ്ഞ് ഉത്സാഹിച്ച് മാലിനി ഓടി നടന്നപ്പോൾ നരേഷിനും തോന്നിതുടങ്ങി അഭിരാമി തന്നെയാണ് തനിക്കായി ദൈവം കണ്ടു പിടിച്ച പെണ്ണെന്ന്. ഒന്നുമില്ലെങ്കിലും മറ്റൊരാൾ തൊടാത്ത പെണ്ണല്ലെ എന്നു മനസ്സിനെ പറഞ്ഞു പഠിപ്പിച്ചു നരേഷ് കന്യകാത്വവും ദാമ്പത്യവും തമ്മിലുള്ള ഈക്വേഷനൊന്നും മനസ്സിലായില്ലെങ്കിലും നരേഷും ഒരു ആണല്ലെ.
എന്നിട്ടും കല്ല്യാണക്കുറി പോസ്‌റ്റ് ചെയ്‌തു മടങ്ങി വരുമ്പോൾ മനസ്സിലെവിടേയോ കൊളുത്തിവലിച്ചു ഗുലാം അലി.
ചുപ്‌കെ ചുപ്‌കെ രാത് ദിൻ അസൂ ബഹാനാ യാദ് ഹെ
ഹം കൊ അബ് തക് ആഷികീ ക വൊ സമാനാ യാദ് ഹെ
തണുത്ത തറയുടെ ആശ്വാസത്തിനു കൂട്ടായി കാച്ചെണ്ണയുടെ നനുത്ത ഗന്ധം അടുത്തു വന്നപ്പോൾ അമ്മക്കുട്ടി സന്തോഷമായില്ലേ ഇപ്പോൾ“ എന്നു അമ്മയെ ചേർത്തു പിടിച്ചു നരേഷ് പാട്ടു ഓഫ് ചെയ്‌തു. ”എനിക്കു നിന്നോടു പ്രേമമെന്നു“ മാലിനിയോട് പറയാം എന്നാലോചിക്കുമ്പോഴൊക്കെ, നാട്ടിൽ കാവിനു തിരികൊളുത്താനും, ഒപ്പം തിരുവാതിര നോല്‌ക്കാനും വെള്ളിലതളിരുപോലൊരു പെൺകുട്ടി നരേഷിന്റെ കൈപിടിച്ച് കടന്നു വരുന്നത് മോഹിച്ചിരിക്കുന്ന ഈ കാച്ചെണ്ണ മണമാണല്ലൊ അവനെ നിശബ്‌ദനാക്കാറ്.
എന്നാലും മാലിനീ, നീയെന്തെ തിരക്കു പിടിച്ചു ജനിച്ചു പോയതു? എന്നെ കാത്തിരിക്കാതെ തിരക്കിട്ടൊരു അമ്മയും ഭാര്യയുമായത്? അതു കൊണ്ടല്ലെ എന്റെ പ്രണയവും ജീവിതവും എനിക്കു പകുക്കേണ്ടി വന്നത്? നരേഷ് നിശബ്്മായി കരഞ്ഞു.
തന്റെ പ്രേമം ഒരു പെണ്ണിനും ജീവിതം മറ്റൊരു പെണ്ണിനും പകുത്തു കൊടുത്തു ജീവിക്കാൻ നരേഷ് ഇനിയും പഠിച്ചിട്ടില്ലല്ലൊ. അതിനു തക്ക പ്രായമൊന്നും നരേഷിനു ആയിട്ടുമില്ലല്ലൊ.
അമ്മക്കു വേണ്ടി അഭിയേയും തനിക്കു വേണ്ടി മാലിനിയേയും സൃഷ്‌ടിച്ച ദൈവം എത്ര ക്രൂരനായിരിക്കണം. ഒരു നിമിഷം എല്ലാം വലിച്ചെറിഞ്ഞു മാലിനിക്കടുത്തേക്കു ഓടി ചെന്നാലോ? ”വയ്യ, മാലിനി, എനിക്കു വീർപ്പുമുട്ടുന്നു“ എന്നു പറഞ്ഞു മാലിനിക്കു ഫോൺ ചെയ്യുംമ്പോൾ നരേഷിനു മനസ്സിൽ പേടിയുണ്ടായിരുന്നു. മാലിനിയെങ്ങാനും കല്യാണം വേണ്ടെന്നു വയ്‌ക്കാൻ പറയുമോ എന്നു അങ്ങനെ പറഞ്ഞാൽ മാലിനിക്കടുത്തു പറന്നെത്തണമെന്ന് അവൻ ആഗ്രഹിച്ചു. പക്ഷെ. ”ശല്യപ്പെടുത്തല്ലേ നരേഷ് ഞാൻ ലളിതാസഹസ്രനാമം ചൊല്ലുകയാ“ എന്ന് പറഞ്ഞ് ശബ്‌ദത്തിൽ കണ്ണീരു കലർത്താതെ ഫോൺ വച്ചു കളഞ്ഞു മാലിനി. നരേഷിനു വേണ്ടെതെന്തെന്നു അവനേക്കാൾ കൂടുതൽ തനിക്കറിയാമെന്നു മാലിനി വെറുംവാക്കു പറയുന്നതല്ലല്ലൊ.
ഒരു കല്യാണം കഴിച്ചെന്ന് വച്ച് എനിക്ക് എന്റെ നരേഷിനെ നഷ്‌ടപ്പെടുന്നതെങ്ങിനെ എന്നു സ്വയം വിശ്വസിപ്പിക്കാൻ ശ്രമിച്ചു വീടിന്റെ നാലു ചുവരുകളിൽ കിടന്നു കറങ്ങി മാലിനി. അവൻ തനിക്കുള്ളതല്ല എന്നു ആദ്യം മുതലേ അറിവുള്ളതല്ലെ. എന്നിട്ടെന്താ മനസ്സെ ഇപ്പൊ ഒരു സങ്കടം?
ചീത്തക്കുട്ടിയെ നന്നാക്കിയേ അടങ്ങുവെന്ന ടീച്ചറിന്റെ വാശിയോടെ മൂന്നാംമുറ പ്രയോഗങ്ങളിൽ മനസിനെ തളച്ചിടാനുള്ള ശ്രമത്തിനിടയിൽ കോളിങ്ങ് ബെൽ കരഞ്ഞു. പുഴയിലൂടെ ഒഴുകിയെത്തിയ ചീഞ്ഞയില പോലെ നരേഷ് മുൻപിൽ.
”പറ്റുന്നില്ല മാലിനീ, എനിക്ക് പറ്റുന്നില്ല“ എന്ന് വിലപിച്ച നരേഷിനു നെഞ്ചിന്റെ ചൂട് പകർന്നു കൊടുത്ത് ’എന്തു പറ്റിയെടാ” എന്ന് ചോദിക്കുമ്പോൾ മാലിനിയും തളർന്നു പോയിരുന്നു.
‘എനിക്ക് നിന്നെ മതിയെടീ. വേറൊരു പെണ്ണിനെയും നിന്റെ സ്‌ഥാനത്തു സങ്കല്‌പിക്കാൻ പറ്റുന്നില്ല. നീ പറ്റില്ല എന്നു പറയരുതു“ നരേഷിന്റെ നനഞ്ഞു കുതിർന്ന മുഖം കണ്ടപ്പോൾ മാലിനിക്കു നെഞ്ചുപൊട്ടിപ്പോയി.
’അപ്പോ നിന്റെ അമ്മയൊ?‘ മാലിനിക്കു ചോദിക്കാതിരിക്കാൻ കഴിഞ്ഞില്ല.
’എനിക്കറിയില്ല മാലിനീ. എനിക്കു അമ്മയെ വേണം. നിന്നെയും വേണം. ഒരു തീരുമാനമെടുക്കാൻ കഴിയുന്നില്ല” ലിവിങ്ങ് റൂമിലേക്കു കടന്നു വരുന്ന സുനന്ദയുടെ കാലടിശബ്‌ദം കേട്ടപ്പോൾ നരേഷിന്റെ കയ്യിൽ നിന്നു കുതറി മാറി മാലിനി.
“നീ ഇപ്പോ പോ, ഞാൻ നാളെ വിളിക്കാം” എന്ന് ഉന്തി തള്ളി അവനെ പുറത്താക്കിയപ്പോൾ, സുനന്ദയുടെ കുറ്റപ്പെടുത്തുന്ന കണ്ണുകൾ കനലുകളായി ദേഹത്തു വീണു പൊള്ളി.
‘ഒരു ദിവസം താ നിന്റെ കൂടെ. എന്നിട്ടു ഞാൻ തിരിച്ചു പോകാം എന്നു യാചിക്കുന്ന നരേഷിന്റെ മുഖം. ഞാനെന്തു ചെയ്യും ദൈവമെ?
തീരുമാനങ്ങൾ മേഘങ്ങൾ പോലെയാണ്…. അകലെ നോക്കുമ്പോൾ വ്യക്തമായ രൂപവും ഗുണവുമുള്ളവ. പക്ഷേ ഒന്നിനെ പിടിച്ച് സ്വന്തം കൈപ്പിടിയിലാക്കാൻ ശ്രമിച്ചാലോ, പിടിതരാതെ പുകപോലെയലിഞ്ഞ് അപ്രത്യക്ഷമാവുന്നവ. പ്രണയവും മേഘങ്ങളാണോ? വിർപ്പു മുട്ടി നില്‌ക്കുന്ന ഗർഭമേഘങ്ങൾ ഒന്ന് പെയ്‌തൊഴിയുമ്പോഴെക്കും ശാന്തമാവുമോ? ബോധതലങ്ങളിൽ വർഷമേഘങ്ങൾ വീർപ്പുമുട്ടുമ്പോൾ നരേഷിനും വിശ്വത്തിനും ഒരേ മുഖം.
ഉണർവിന്റെ ആഴങ്ങൾ നരേഷിനൊരു മെയിൽ ചെയ്‌തു മാലിനി കമഴ്‌ന്ന് കിടന്നു കണ്ണുകളടച്ചു.
“നരേഷ് എനിക്ക് നിന്നെ നഷ്‌ടപ്പെടാൻ വയ്യ. ഓഷോ പറഞ്ഞതോർമ്മയുണ്ടോ. രതി പ്രണയത്തിന്റെ അവസാനമെന്ന്. എനിക്ക് നിന്നെ പ്രണയിച്ചുകൊണ്ടേയിരിക്കണം. നമുക്കായി ജന്മങ്ങൾ ബാക്കിയുണ്ടല്ലോ.
Generated from archived content: story1_aug14_10.html Author: seema_sreeharimenon
Click this button or press Ctrl+G to toggle between Malayalam and English