വിശ്വസിക്കണോ വേണ്ടയോ?

പ്രേതചിത്രങ്ങളുടെ പൂക്കാലമാണെന്നു തോന്നുന്നു ഇപ്പോൾ. മലയാളപ്രേക്ഷകർ ഉറ്റു നോക്കുന്ന “ഇൻ ഗോസ്‌റ്റ്‌ ഇന്നും” ഹിന്ദിയിലെ “മേം തും ഓർ ഗോസ്‌റ്റു”മെല്ലാം നല്ല കളക്ഷൻ ഉണ്ടാക്കുമെന്നാണു പ്രതീക്ഷ. അലകൾ കെട്ടടങ്ങുന്നെയുള്ളു ഹോളിവുഡിൽ.

പ്രേത&ഭൂത കഥകൾ ഏതു മീഡിയയിലാണെങ്കിലും ജനശ്രദ്ധ നേടാറുണ്ടെന്നതു നേര്‌. മനുഷ്യ സഹജമായ പേടി എന്ന വികാരത്തെ മുതലെടുക്കുന്നവയാണു പലതും. എന്നിരുന്നാലും ഈ പ്രതിഭാസത്തെപറ്റി നൂറു ശതമാനം കോൺക്രീറ്റ്‌ ആയ ഒരു വിശദീകരണം ആർക്കും നൽകാൻ സാധിച്ചിട്ടില്ല എന്നാണു അറിവ്‌. വിദ്യാഭ്യാസപരമായും ഭൗധികമായും ശരാശരിക്കു മുകളിൽ നിൽക്കുന്നവർ പോലും പലപ്പോഴും ഇതിലൊക്കെ വിശ്വസിക്കുന്നതായി കാണുന്നു.

പ്രേതങ്ങൾ അഥവാ സൂപ്പർനാചുറൽ ബീയിങ്ങ്‌സ്‌ എന്നൊരു വിഭാഗം ഉണ്ടോ? അറിയില്ല. പക്ഷെ. സർപക്കാവുകളും കരിമ്പനകളും യക്ഷകിന്നരന്മാരും നിറഞ്ഞ സുന്ദര മാന്ത്രിക ലോകം നമ്മൾ മലയാളികളുടെ മുത്തശ്ശിക്കഥകളെ സമ്പന്നമാക്കിയിരുന്നു. ആ ലോകത്തെ എല്ലാ യക്ഷികളും സുന്ദരികളും എല്ലാ യക്ഷ-കിന്നരന്മാരും സുന്ദരൻമാരുമായിരുന്നു. എപ്പോഴും സംഗീതവും നൃത്തവും സൗന്ദര്യവും നിറഞ്ഞൊരു മനോഹരലോകം.

ഐതിഹ്യമാലയിലെ സുന്ദരി യക്ഷികൾ ഭീകരമായ മറ്റൊരു മുഖമാണു കാണിച്ചു തന്നത്‌. ഡ്രാക്കുള കഥകൾ വായിച്ചു കുരിശും കയ്യിൽ പിടിച്ചുറങ്ങിയ അനുഭവങ്ങൾ എനിക്കു മാത്രമല്ലെന്നു വിശ്വസിക്കട്ടെ. മനുഷ്യർക്കു ചുറ്റും മറ്റൊരു പാരലൽ യൂണിവേഴ്‌സിൽ ജീവിക്കുന്നവരെ കാണിച്ചു തന്നത്‌ ഹാരിപോട്ടർ കഥകളാണ്‌.

ദേശവ്യത്യാസങ്ങളനുസരിച്ചു ചില ഭേദങ്ങൾ ഉണ്ടാവമെങ്കിലും, അതിമാനുഷിക അഥവാ സൂപ്പർനാചുറൽ ബിങ്ങ്‌സ്‌ നിറഞ്ഞ മുത്തശ്ശിക്കഥകളും urban legend-ഉം എല്ലാ സൊസൈറ്റിയുടേയും ഭാഗമാണ്‌. കാല്‌പനികതയുടെ കിന്നരിയിട്ട ആ കഥകൾ നമ്മുടെയുള്ളിലെല്ലാം പതിഞ്ഞു കിടക്കുന്നുണ്ടാവണം. എത്ര വലിയ നിരീശ്വരവാദിയും പെട്ടെന്ന്‌ മരണം മുൻപിൽ കാണുമ്പോൾ ‘ഈശ്വരാ’ എന്ന്‌ വിളിക്കുമെന്ന്‌ കേട്ടിട്ടുണ്ട്‌. അത്‌ പോലെ തന്നെ എത്ര വലിയ ധൈര്യശാലിയും ചില പ്രത്യേക സാഹചര്യങ്ങളിൽ ഒന്നു പതറുന്നതും ഈ കേട്ടു മറന്ന കഥകളുടെ അൺകോൺഷ്യസ്‌ ആയ റീകളക്ഷൻകൊണ്ടായിരിക്കണം.

പലർക്കും പല അമാനുഷമായ അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും, പേടിച്ചു പനിപിടിച്ചു‘ കിടന്നതിൽ കൂടുതൽ, ആരുടെയും ചോര കുടിച്ചതായോ, എല്ലിൻ കഷ്‌ണങ്ങൾ പനച്ചുവട്ടിൽ നിന്നും കിട്ടിയതായോ ആയ വാർത്തകളൊന്നും ഇതുവരെ കേട്ടിട്ടില്ല. അതുകൊണ്ടു തന്നെ ഇതിലൊക്കെ എത്രമാത്രം സത്യമുണ്ടെന്ന കാര്യമൊരു തർക്കവിഷയമാണ്‌.

കുറച്ചു ദിവസങ്ങൾക്കു മുമ്പ്‌, ഇവിടെ ഒരു വൃദ്ധസദനത്തിൽ നേഴ്‌സ്‌ ആയി ജോലി ചെയ്യുന്ന സുഹൃത്ത്‌ ഒരു വിശേഷം പറഞ്ഞു. മരണം നടന്നു കഴിഞ്ഞ മുറികളിൽ, അതിനടുത്ത ദിവസങ്ങളിൽ പലരും തന്നെ ബസ്സറ്‌ അടിക്കുന്നതോ, ടോയലറ്റ്‌ ഫ്ലഷ്‌ ചെയ്യുന്നതോ ആയ ശബ്‌ദങ്ങൾ കേൾക്കാറുണ്ടത്രെ. പലപ്പോഴും മരിച്ചു പോയവർ ഉപയോഗിച്ചിരുന്ന പ്രത്യേക പെർഫൂമുകളുടെ ഗന്ധം പലർക്കും ഒരേ നേരത്ത്‌ അനുഭവപ്പെടാറുണ്ട്‌ പോലും. പലരോടും സംസാരിച്ചപ്പോൾ അറിഞ്ഞത്‌ ഇത്തരത്തിലുള്ള സമാനമായ അനുഭവങ്ങൾ പല വൃദ്ധസദനങ്ങളിലും ഉണ്ടായിട്ടുണ്ടെന്നാണ്‌. അത്‌ പ്രൊഫഷണൽ ലൈഫിന്റെ ഭാഗമായെടുക്കുന്ന നഴ്‌സിംഗ്‌ കമ്മ്യൂണിറ്റിക്കു പക്ഷെ പേടിപ്പിക്കുന്ന യാതൊന്നും അതിനെപ്പറ്റി പറയാനില്ല.

മരണം നടക്കുന്ന സമയത്തു ഇത്തരം കെയർ ഹോമുകളിൽ ഒരു ‘eeri feeling’ അനുഭവപ്പെടുണ്ടെന്നും കേൾക്കുന്നു. ശരിയാണോ എന്തൊ?

കേരളത്തിലെ അറിയപ്പെടുന്ന പത്രപ്രവർത്തകനായ ഒരു സുഹൃത്ത്‌ ഈയിടെ പറഞ്ഞതാണ്‌ ഒരു കഥ. ജോലിയുടെ ഭാഗമായി അദ്ദേഹം തിരുവനന്തപുരത്തു ഒരു ഹോട്ടലിൽ താമസിക്കാനെത്തിയതാണ്‌. രാത്രി അദ്ദേഹം പെട്ടെന്ന്‌ ഉറക്കത്തിൽ നിന്നു ഞെട്ടിയുണർന്നപ്പോൾ, കട്ടിലിൽ അടുത്തിരിക്കുന്നു ഒരു യുവാവ്‌. ചിരിച്ചു കൊണ്ടു തന്നെ നോക്കി ഇരിക്കുന്ന അയാളെ കണ്ടു ഞെട്ടി അദ്ദേഹം എങ്ങിനെയോ നിലവിളിച്ചു. വാതിൽക്കൽ ഹോട്ടൽ ജോലിക്കാരുടെ തട്ട്‌ കേട്ടപ്പോൾ യുവാവ്‌ അപ്രത്യക്ഷനായി പോലും. ആകെ ക്ഷീണിച്ചവശനായ അദ്ദേഹം തന്റെ അനുഭവം വിവരിച്ചപ്പോൾ ഹോട്ടൽ ജീവനക്കാർ പകച്ചു നോക്കി. കാരണം അതെ മുറിയിൽ മാസങ്ങൾക്കു മുമ്പ്‌ ദുരൂഹമായ സാഹചര്യത്തിൽ മരണപ്പെട്ട യുവാവിനെ, വസ്‌ത്രങ്ങൾ അടക്കം യാതൊരു വ്യത്യാസവുമില്ലാതെയാണ്‌ എന്റെ സുഹൃത്ത്‌ കണ്ടത്‌. ഇതിന്റെ പല വേർഷനുകളും അറ്‌ബൻ ലെജെൻറ്റുകളായി കറങ്ങി നടക്കുന്നുണ്ടെങ്കിലും, ഇദ്ദേഹം പറഞ്ഞതു അവിശ്വസിക്കാൻ പറ്റുന്നില്ല. കാരണം പൊതുവെ ദൈവത്തിലും ചെകുത്താനിലും വിശ്വസിക്കുന്നില്ല എന്നു അവകാശപ്പെടുന്ന ഒരു കക്ഷിയാണു ടിയാൻ.

ഇതു പോലു സമാനമായ ഒരു അനുഭവം എന്റെ മറ്റൊരു സുഹൃത്തിനു മുണ്ടായി. ഓഫീസിൽ വച്ചു ഹാർട്ട്‌ അറ്റാക്ക്‌ ആയി കുഴഞ്ഞു വീണു മരിച്ചു ഒരു ഉദ്യോഗസ്‌ഥൻ. വർഷങ്ങൾ കഴിഞ്ഞു, ഒരു ദിവസം രാത്രി കാവൽ നിന്ന സെക്യൂരിറ്റി പയ്യൻ കണ്ടു, രാത്രിയിൽ ഒരു പഴഞ്ചൻ മാരുതി കാറ്‌ പാർക്കു ചെയ്‌തു ഒരു മദ്ധ്യവയസ്‌കൻ ഓഫീസിലേക്ക്‌ കടന്നു പോവുന്നു. ചോദ്യം ചെയ്‌ത സെക്യൂരിറ്റിയോടു ’ഇതു എന്റെ ഓഫീസ്‌ ആണെടെ“ എന്ന്‌ പറഞ്ഞു അദ്ദേഹം പടികൾ കയറി നടന്നു പോയി. അദ്ദേഹം പാർക്ക്‌ ചെയ്‌ത സ്‌ഥലത്തിന്റെയും ഒക്കെ വിവരണങ്ങൾ വച്ചു എന്തോ സംശയം തോന്നിയ ചില ഓഫീസ്‌ ജീവനക്കാർ സെക്യൂരിറ്റിയെ ഒന്നു ടെസ്‌റ്റ്‌ ചെയ്യാൻ തീരുമാനിച്ചു. അയാൾ പറഞ്ഞ ലക്ഷണങ്ങൾ ഒത്തിണങ്ങുന്ന ഒരേ പ്രായത്തിലുള്ള കുറെ പേരുടെ ഫോട്ടോ അവർ നിരത്തിവച്ചു – എന്നിട്ട്‌ ചോദിച്ചു ‘ഇതിൽ നിന്നും ഇന്നു വന്നയാളിനെ തിരിച്ചറിയാനാവുമോ’എന്ന്‌. സെക്യൂരിറ്റി കാണിച്ചുകൊടുത്ത ആളിനെ കണ്ടു ഓഫീസ്‌ ജീവനക്കാർ എല്ലാവരും തന്നെ സ്‌തബ്‌ധരായി നിന്നു പോലും.

ഇലെക്റ്റാമാഗ്നെറ്റിക്‌ തരംഗങ്ങൾ, ഇൻഫ്രറെഡ്‌ സെൻസേഷൻ, ഒക്കാംസ്‌ റേസർ എന്നൊക്കെ പറഞ്ഞു സയൻസ്‌ ഇത്തരം പേടികളെ അഥവാ അന്ധവിശ്വാസങ്ങളെ എതിർക്കുന്നുണ്ടെങ്കിലും, സാധാരണക്കാരനു ഇന്നും ഇതൊരു ഉത്തരമില്ലാത്ത സമസ്യ ആണെന്നു തോന്നുന്നു. ഈ കഥകളെല്ലാം മനുഷ്യമനസ്സിന്റെ തോന്നലുകളാണെന്നു പറയുന്ന ശാസ്‌ത്രലോകത്താടാണെനിക്കു ആഭിമുഖ്യം.

നിങ്ങൾ വായനക്കാരുടെ അഭിപ്രായം എന്താണ്‌?

Generated from archived content: podippum5.html Author: seema_sreeharimenon

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here