www.forbes.comപുറത്തുവിട്ട ലോകത്തിലെ ഏറ്റവും കൃത്യതയുള്ള എയർലൈനുകളുടെ പേരികളിലൂടെ കണ്ണോടിക്കുമ്പോൾ, അതിലൊരു ഇന്ത്യൻ പേരുണ്ടാവുമെന്ന് യാതൊരു പ്രതീക്ഷയുമില്ലായിരുന്നു. പക്ഷേ നമ്മൾ ഏഷ്യകാർക്ക് സന്തോഷിക്കാനായി (കണ്ടു പഠിക്കാൻ എന്നു പറയുന്നില്ല) ഒന്നാം സ്‌ഥാനത്ത് ജപ്പാൻ എയർലൈനും മൂന്നാമതായി കൊറിയൻ എയർലൈനും സ്‌ഥാനം പിടിച്ചിട്ടുണ്ട്. വെറുമൊരു കൗതുകത്തിന് പുറപ്പെടാൻ ഏറ്റവും വൈകുന്ന (delay in departures) എയർപോർട്ടുകളുടെ ലിസ്‌റ്റ് നോക്കിയപ്പോൾ, ഒന്നും രണ്ടും നാലും സ്‌ഥാനങ്ങൾ കൈയ്യടക്കി ഡൽഹി ഇന്ദിരാഗാന്ധി എയർപോർട്ടും ബോംബെ ശിവജി എയർപോർട്ടും ചെന്നൈ എയർപോർട്ടും മുൻനിരയിൽ തന്നെയുണ്ട്. ബദ്ധശത്രു പാക്കിസ്‌ഥാൻ കാരന് വെറും മൂന്നാം സ്‌ഥാനത്തു നിൽക്കേണ്ടി വന്നു!
വിമാനത്തിന്റെ വൈകിയോടൽ മുഴുവനായും ഒരു എയർലൈന്റെയോ, ഒരു എയർപോർട്ടിന്റെയോ കുറ്റമല്ല എന്ന് വിദഗ്‌ദ്ധരുടെ വലിയിരുത്തൽ. മനുഷ്യനാൽ നിയന്ത്രിക്കാവുന്നതും അല്ലാത്തതുമായി പല ഘടകങ്ങളും അതിനു പിന്നിലുണ്ട്. എന്നാലും രാജ്യത്തിന്റെ അഭിമാനമായ ഇന്റർനാഷണൽ എയർപോർട്ടുകൾക്ക് കിട്ടിയ ഈ ബഹുമതി – അതൊരു ഒന്നര ബഹുമതിയായിപ്പോയില്ലേ എന്നൊരു ശങ്ക.
അല്ലെങ്കിലും നമ്മൾ ഇന്ത്യാക്കാരെപറ്റി എപ്പോഴുമുള്ള ഒരു പരാതിയാണല്ലോ – ടൈം മാനേജ്‌മെന്റ് സമയത്തെപ്പറ്റി യാതൊരു കൺസെപ്‌റ്റും ഇല്ലാത്തവരാണ് നമ്മൾ എന്നത്. സ്വന്തം സമയത്തിനോ മറ്റുള്ളവരുടെ സമയത്തിനോ യാതൊരു വിലയും കൊടുക്കാത്തവരാണ് ഇന്ത്യക്കാർ പൊതുവേ – ഏതു മേഖലയിലും സമയത്തെപ്പറ്റിയുള്ള നമ്മുടെ ചർച്ചകൾ വാരികകളിലെ ജ്യോതിഷ കോളങ്ങൾ ഒതുങ്ങി നിൽക്കുന്നു ഒരു ശരാശരി ഇന്ത്യാക്കാരന്.
കൃത്യസമയത്തിന് ഒരു നേതാവ് ഒരു പൊതുചടങ്ങിന് സമയത്ത് എത്തി എന്നുള്ളതാണല്ലോ ഇന്ത്യയിലെ വാർത്ത അദ്ദേഹം എത്ര വൈകിവന്നു എന്നുള്ളതല്ല. ബ്യൂറോക്രസിയെക്കാൾ ഡെമോക്രസിക്ക് ബഹുമാനം കൊടുക്കുന്ന നമ്മുടെ രാജ്യത്ത് പക്ഷേ പൊതുജനം മനസ്സിലാക്കുന്നുണ്ടോ. വൈകിവരുന്ന മന്ത്രിമാർക്ക് വേണ്ടി കാത്തിരിക്കുമ്പോൾ നഷ്‌ടമാവുന്നത് ബ്യൂറോക്രാറ്റിന്റെ സമയമാണെന്നും അതുവഴി തങ്ങളുടെ പണമാണെന്നും? സർക്കാർ ആഫീസുകളിലും, റെയിൽവേ സ്‌റ്റേഷനുകളിലും എയർപോർട്ടുകളിലും എന്നുവേണ്ട, ആശുപത്രികളിൽ വരെ കാത്തിരിക്കാൻ വിധിക്കപ്പെട്ടവരാണു നമ്മൾ ഭാരതീയർ.
എന്നുവച്ച്, ഈ സമയത്തിനു വിലയില്ലാത്തവന്മാരുടെ ഇടയിൽ ഞാനൊന്നു സമയത്തിനു കാര്യങ്ങൾ ചെയ്‌തു തീർത്തു മാതൃകയാവാം എന്നു ചിന്തിക്കുന്നുണ്ടോ ആരെങ്കിലും? സംശയമാണ്. ചിന്തിച്ചിട്ടു പ്രത്യേകിച്ചു കാര്യമില്ലെന്നതും സത്യം. പലപ്പോഴും സമയത്തിനു ചെല്ലുന്നവരെ, ലേറ്റായി എത്തുന്നവർക്കുവേണ്ടി കാത്തിരുത്തി ശിക്ഷിക്കുകയാണല്ലോ പൊതുവേ നമ്മൾ അനുവർത്തിച്ചു വരുന്ന ആതിഥ്യ മര്യാദ.
കുറച്ചുനാൾ മുമ്പൊരു പിറന്നാളാഘോഷം തുടങ്ങുന്നത് ആറരമണിക്ക് എന്നു വിളിച്ചു പറഞ്ഞതനുസരിച്ച് സാധാരണ ഉണ്ടാവുന്ന താമസം മുൻകൂട്ടി കണ്ട് ഞങ്ങൾ ഏഴുമണിക്ക് ഹാളിലെത്തി. എന്നിട്ട് മുക്കാൽ മണിക്കൂർ കാത്തിരുന്നു. സംഘാടകനും കുടുംബവും എത്താൻ പിന്നെ ഒരു മണിക്കൂറിന്റെ ചെറിയ ഒരു ഇടവേള കൂടി, ക്ഷണിക്കപ്പെട്ട അതിഥികളെത്താൻ. അപ്പോൾ സമയത്തിനെത്തുന്നവർ ആരായി?
പ്രവാസികൾ പക്ഷേ പ്രൊഫഷണൽ ജീവിതത്തിൽ കുറെക്കൂടി ഭേദമാണെന്നു തോന്നുന്നു. വിദേശരാജ്യങ്ങളിൽ സമയത്തിനു കാര്യങ്ങൾ നടന്നില്ലെങ്കിൽ പിന്നെ ജോലി തന്നെ ഉണ്ടായെന്നു വരില്ല എന്നതു തന്നെയാവണം കാരണം. അവിടെ ചെന്നു പഞ്ച് ചെയ്യണമെങ്കിൽ ഉദ്യോഗസ്‌ഥർക്ക് പ്രത്യേകം ബസ് ഏർപ്പെടുത്തി കൊടുക്കണമെന്നു പറഞ്ഞ് ആള് കളിക്കാൻ ഒരു യൂണിയനും ഉണ്ടാവില്ലെന്ന് പ്രവാസികൾക്ക് നന്നായി അറിയാം. മലയാളി നന്നാവണമെങ്കിൽ കേരളത്തിനു പുറത്തു പോവണം എന്ന് പകുതി തമാശയായും, പകുതി കാര്യമായും പലപ്പോഴും പറഞ്ഞു കേട്ടിട്ടുണ്ട്.
എന്നാൽ പ്രവാസികൾ ഓഫിസിനു പുറത്ത് മലയാളത്തനിമകൾ നിലനിർത്താൻ ശ്രമിക്കുന്നതിന്റെ ഭാഗമായി വൈകിയോടൽ പരീക്ഷിക്കാറുണ്ട്. പറഞ്ഞ സമയത്തിനു വീട്ടിൽ വന്ന അതിഥിയെയോ തുടങ്ങിയ ഒരു ഫംക്ഷനെയോ ഓർത്തെടുക്കാനാവുന്നുണ്ടോ?
തന്റെ ആത്‌മകഥയിൽ (Made in Japan: Akio Morita and Sony) സോണി കോർപറേഷന്റെ ചെയർമാൻ അകിയോ മോറീത ഒരു സംഭവം വിവരിക്കുന്നുണ്ട്. ഹിരോഷിമയിൽ ആറ്റം ബോംബ് പൊട്ടിയതിന്റെ പിറ്റേദിവസം ബിസിനസ്സ് ആവശ്യത്തിനായി യാത്ര ചെയ്യാൻ റെയിൽവേ സ്‌റ്റേഷനിലെത്തിയ മൊറീത ഞെട്ടി പോയത്രേ, ഒരു സെക്കന്റ് പോലും മാറ്റമില്ലാതെ വന്ന തീവണ്ടി കണ്ട്. ജപ്പാൻകാരുടെ കൃത്യനിഷ്‌ഠതയ്‌ക്കും വർക്ക് ഫിലോസഫിയ്‌ക്കും ഉത്തമ ഉദാഹരണമായി അദ്ദേഹം ആ സംഭവം വർണ്ണിക്കുമ്പോൾ, നമ്മൾ ഇന്ത്യക്കാർക്ക് വേണമെങ്കിൽ പറയാം. “കീ കൊടുത്ത ക്ലോക്ക് പോലെ ഓടുന്ന ജീവിതം” എത്ര ബോറാണെന്ന് ഇത്രയും നല്ലൊരവസരം വീണുകിട്ടിയിട്ട് കടയടച്ചൊരു ഹർത്താലും, അമേരിക്കയുടെ കോലം കത്തിക്കലും പത്രങ്ങളിൽ നെടുനീളൻ മുഖപ്രസംഗങ്ങളും, ചാനൽ ഇന്റർവ്യൂവും ഇല്ലാതെ നമുക്കെന്താഘോഷം.
പ്രധാനമന്ത്രി മുതൽ ഇങ്ങേയറ്റത്തെ ഛോട്ടാനേതാവും, മഹാപുരോഹിതന്മാരുമടക്കം വൈകിവരുന്നതൊരു ഫാഷനായി കൊണ്ടു നടക്കുമ്പോൾ ഒരു ചടങ്ങ് സമയത്തിനു നടത്തി മാതൃക കാട്ടണം എന്നൊക്കെ പറയാൻ എളുപ്പമാണ്. പക്ഷേ, പൂച്ചയ്‌ക്കാരു മണികെട്ടും എന്നതാണല്ലോ നമ്മുടെ അടിസ്‌ഥാന പ്രശ്‌നം.
Generated from archived content: podippum4.html Author: seema_sreeharimenon
Click this button or press Ctrl+G to toggle between Malayalam and English