ഗൃഹാതുരത്വത്തിന്റെ ഭാവി

‘കേരള കഫെ’യിൽ ദിലീപിന്റെ ഒരു കഥാപാത്രമുണ്ട്‌ – സണ്ണിക്കുട്ടി എന്നോ, ശിവൻകുട്ടി എന്നോ, ഉസ്‌മാൻകുട്ടി എന്നോ, വിളിക്കാവുന്ന ‘നൊസ്‌റ്റാൾജിയ’ എന്ന ഒറ്റ മതം മാത്രമുള്ള പ്രവാസി. മകരമഞ്ഞും, ചിങ്ങക്കാറ്റും, ഓണത്തുമ്പിയുമൊക്കെ മനസ്സിൽ കൊണ്ടുനടക്കുന്ന, വയൽവരമ്പിലെ ദാവണിയിട്ട നഷ്‌ടപ്രണയത്തിന്റെ ഓർമ്മകളിൽ കാതരമാവുന്ന ഈ മറുനാടൻ മലയാളിയെ കേരളത്തിലെ പ്രേക്ഷകനേക്കാളും മറുനാട്ടുകാർക്കാവും പരിചയം. നാട്ടിലെത്തിയാൽ കരയ്‌ക്കിട്ട മീനിനെപ്പോലെ പിടയുന്ന, നാട്ടിലെ സകലതിനും കുറ്റം കാണുന്ന, എന്നാൽ തിരിച്ചെത്തിയാലുടൻ എസിയുടെ തണുപ്പിലും വിസ്‌കിയുടെ ചൂടിലുമിരുന്ന്‌ ഗൃഹാതുരത്വം ഒരു ഫാഷനാക്കുന്ന ഒരു മിഡിൽ ക്ലാസ്‌ മലയാളിയെ ദിലീപ്‌ അഭിനയിച്ച്‌ കുളമാക്കിയിട്ടുണ്ടെങ്കിലും നമ്മൾ ഓർത്തിരിക്കും. കാരണം അത്‌ ഓരോ പ്രവാസിയുടെയും രേഖാചിത്രമാണ്‌.

ഓരോ മനുഷ്യനും വളരെ പേഴ്‌സണൽ ആയ കാര്യമാണ്‌ നൊസ്‌റ്റാൾജിയ അഥവാ ഗൃഹാതുരത്വം. ബാല്യത്തിൽ കണ്ടു പരിചയിച്ച നാട്‌, ബന്ധുക്കൾ, ഭക്ഷണം, പ്രകൃതി, തുടങ്ങിയവയെ ചുറ്റിപ്പറ്റിയയുള്ള ഓർമ്മകൾ നൊസ്‌റ്റാൾജിയയെ ട്രിഗ്ഗർ ചെയ്യുന്നു. ഭൂതകാലത്തെപറ്റി കുറച്ചൊക്കെ ഐഡിയലൈസ്‌ ചെയ്യപ്പെട്ട ഓർമ്മകളും അക്കാലത്തേക്ക്‌ തിരിച്ചു പോവാനുള്ള അദമ്യമായ ആഗ്രഹവുമാണ്‌ നൊസ്‌റ്റാൾജിയ എന്നു നിർവ്വചനം. കാലവും ദേശവും അകലുംതോറും സന്തോഷകരമായ ബാല്യകാലസ്‌മൃതികൾ ശക്തമാകുന്നു. കുട്ടിക്കാലത്തുകഴിച്ച ഭക്ഷത്തിന്റെ രുചി ഇപ്പോൾ കിട്ടുന്നില്ലെന്നു പരാതിപ്പെടുന്നവരും, “അന്നത്തെ കാലമായിരുന്നു കാലം” എന്നു നെടുവീർപ്പിടുന്നവരും ഈ പ്രോസസ്സിലൂടെ കടന്നു പോവുന്നവരാണ്‌. എന്നിരുന്നാലും ഇവിടെയൊക്കെയുള്ള ഒരു വസ്‌തുത നമുക്കൊക്കെ ഓർക്കാനും നെടുവീർപ്പിടാനും ഒരു കുട്ടിക്കാലവും അതിന്റെ കുറെ നല്ല ഓർമ്മകളും ഉണ്ടെന്നതാണ്‌.

എന്നാൽ ഇന്നത്തെ ഇളംതലമുറയ്‌ക്ക്‌ വയസ്സുകാലത്ത്‌ ഓർത്തു സന്തോഷിക്കാൻ എന്ത്‌ ഓർമ്മകാളാണ്‌ ഉണ്ടാവുന്നത്‌? അവരുടെ ചെറുപ്പത്തിലെ മധുരാനുഭവങ്ങൾ എന്തൊക്കെയാണ്‌?

മുവാണ്ടൻ മാങ്ങയുടെ ചുനയുള്ള വേനൽക്കാലവും ഇടവപ്പാതിയുടെ തണുത്ത കാറ്റും ഒന്നും പ്രവാസി കുട്ടികൾക്കായി ഒരുക്കാൻ പറ്റില്ലെങ്കിലും ഓരോ രാജ്യത്തിന്റെ പ്രകൃതിക്കനുസരിച്ചുള്ള അനുഭവങ്ങൾ അവർക്കു നാം കൊടക്കേണ്ടേ? ഈ ചിന്ത വന്നത്‌ മഴപോലെ പെയ്യുന്ന മഞ്ഞിൽ ഇവിടെ, ഇംഗ്ലണ്ടിലിരുന്ന്‌ തണുത്തു വിറച്ചപ്പോഴാണ്‌. സ്ലെഡ്‌ജിൽ മഞ്ഞിലൂടെ വഴുതിയിറങ്ങിയും സ്‌നോമാൻ ഉണ്ടാക്കിയും, സ്‌നോബോളുകൾ പരസ്‌പരമെറിഞ്ഞും ആർത്തുല്ലസിക്കുന്ന ഇവിടത്തെ കുട്ടികളെ കണ്ടു നിൽക്കുന്നതിനിടയിലാണ്‌ ശ്രദ്ധിച്ചത്‌​‍്‌. മഞ്ഞിൽ കുളിക്കാൻ ഒറ്റ ഏഷ്യൻ കുട്ടിയുമില്ല. ഒന്നു രണ്ടു അമ്മമാരെ വിളിച്ച്‌ അവരുടെ മക്കൾ എവിടെയാണെന്നു അന്വേഷിച്ചപ്പോൾ കാര്യം മനസ്സിലായി – മഞ്ഞിൽ കുളിച്ച്‌ ജലദോഷം പിടിക്കുകയോ, വീണു പരിക്കു പറ്റുകയോ ചെയ്‌താലോ എന്നു പേടിച്ച്‌ എല്ലാവരും മക്കളെ സ്വറ്ററും ഇടുവിച്ച്‌ റ്റി.വിയ്‌ക്കു മുൻപിൽ ഇരുത്തിയിരിക്കുന്നു. പൊട്ടന്മാർ സായിപ്പുമാർ, അവർക്ക്‌ നോക്കാൻ നേരമില്ലാത്തിനാൽ അവരുടെ പിള്ളേര്‌ സ്‌നോയിൽ തലകുത്തി മറിഞ്ഞ്‌ കളിച്ചു രസിക്കുന്നു. നമ്മൾ വിവരമുള്ളവർ പിള്ളേർക്ക്‌ ആ നേരത്ത്‌ ഏഷ്യനെറ്റ്‌ ചാനൽ വച്ചു കൊടുക്കുന്നു.

വർഷങ്ങൾക്കു മുൻപ്‌ ഗൾഫിലും കണ്ടിരുന്നു ഈ കഴ്‌ച. പുറത്തു കളിക്കാൻ പോവാൻ അനുവാദമില്ലാതെ അമ്മയുറങ്ങുന്ന ഉച്ചനേരങ്ങളിൽ ഫ്‌ളാറ്റിന്റെ കോറിഡോറ്‌ കളിക്കളമാക്കുന്ന ഭാവി സച്ചിൻ തെണ്ടുൽക്കർമാരെ.

നാട്ടിലും സ്‌ഥിതി മറിച്ചല്ല. മഴക്കാലമായാൽ മഴകൊണ്ടു പനിപിടിക്കുമെന്നു പേടിപ്പിച്ചും, വേനൽക്കാലത്ത്‌ വെയിൽകൊണ്ടു പനിപിടിക്കുമെന്നും പേടിപ്പിച്ചും വീട്ടിൽ അടച്ചിടപ്പെടുന്ന കുരുന്നുകൾ. വില്ലന്മാരുടെ ലിസ്‌റ്റ്‌ ഇവിടെയും തീരുന്നില്ല. പൊടി, കാറ്റ്‌, മഞ്ഞ്‌ എന്നിങ്ങനെ കുഞ്ഞുങ്ങളുടെ ശത്രുക്കൾ എല്ലായിടത്തും പരുന്തുകളായി പതിയിരിക്കുന്നു. അമ്മക്കോഴിയുടെ ചിറകിൽ നിന്നു പുറത്തു വരുന്ന കുഞ്ഞിനെ റാഞ്ചാൻ!

പ്രകൃതിയെന്നാൽ അകറ്റി നിർത്തേണ്ട ഒന്നാണെന്നാണോ നമ്മൾ അടുത്ത തലമുറയെ പഠിപ്പിക്കേണ്ടത്‌? തുലാമഴ കൊണ്ടാലൊരു പനി പിടിക്കുന്നതിനുപരി നമുക്കെന്താണ്‌ പറ്റിയിട്ടുള്ളത്‌? വെയിലുകൊണ്ടു വിയർത്താലോ, സ്‌നോയിൽ ഓടിക്കളിച്ചാലോ ഒരു കുട്ടിക്കും മാറാരോഗമൊന്നും പിടിക്കില്ലെന്ന്‌ ഡോക്‌ടർമാർ തറപ്പിച്ചു പറയുന്നു. കഴിയുന്നത്ര പ്രകൃതിയോട്‌ ഇണങ്ങി ജീവിക്കാൻ കുട്ടികളെ പഠിപ്പിക്കണമെന്ന്‌ ശീശുരോഗവിദഗ്‌ദന്മാർ പറയുമെങ്കിലും നമ്മൾ പലപ്പോഴും നമ്മുടെ സൗകര്യങ്ങൾക്ക്‌ കുട്ടികളുടെ സന്തോഷത്തേക്കാളും നന്മയെക്കാളും വിലയിടുന്നു. കുട്ടിക്കൊരു ജലദോഷം വന്നാൽ നമുക്കുണ്ടാവുന്ന അസൗകര്യത്തെ ലീവ്‌, റ്റാർഗെറ്റ്‌, പ്രൊജക്‌ട്‌, എന്നു തുടങ്ങി പല വാക്കുകളിൽ വിശദീകരിച്ച്‌ നമ്മൾ അവരെ കുട്ടിക്കൂട്ടിലേ തടവുകാരാക്കുന്നു. അവരുടെ ബാല്യത്തേക്കാൾ ഭാവിയ്‌ക്ക്‌ പ്രാധാന്യം കൊടുക്കുന്നു.

അടുത്ത കാലത്തൊന്നും ഈ സ്‌ഥിതിക്ക്‌ വലിയ മാറ്റമൊന്നും വരുമെന്നു പ്രതിക്ഷയില്ലാത്തതിനാൽ മഞ്ഞും, മഴയും, വെയിലും, കാറ്റും, സൂര്യനും, ചന്ദ്രനും ഇല്ലാത്ത ഒരു സമയമുണ്ടാവട്ടെ, നമ്മുടെ കുരുന്നുകൾക്ക്‌ പുറത്തിറങ്ങി കളിക്കാൻ എന്നാഗ്രഹിക്കാം. അതുവരെ ഭാവിവാഗ്‌ദാനങ്ങൾ വല്ല വീഡിയോ ഗെയിമുകൾ കളിച്ചോ കണ്ണീർ ചാനലുകളിലെ പുതിയ (അൺ) റിയാലിറ്റി ഷോ കണ്ടോ ‘മധുരസ്‌മരണകൾ’ ഉണ്ടാക്കട്ടെ!

Generated from archived content: podippum3.html Author: seema_sreeharimenon

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English