പൂവു ചോദിച്ചും, പുന്നാരം ചോദിച്ചും കത്ത് ചോദിച്ചും നടക്കേണ്ട കാലത്തല്ല ജെർമിയും ഹർഷിനിയും പ്രണയത്തിലായത്. അതുകൊണ്ട് തന്നെ അവരുടെ പ്രണയത്തിന് ഒരു പൈങ്കിളിഛായയുമില്ല. ഒരൽപ്പം പഞ്ചാരയുടെ മേമ്പൊടിയില്ലാതെ എന്തു പ്രേമം എന്ന് മൂക്കത്തു കൈവക്കുന്നവരെ ഇതൊരു ‘ജന്മാന്തര’ പ്രണയമാകുന്നു.
ജെർമി എന്റെ ‘ചാറ്റ് മേറ്റ്’ ആണ് പുരാതന മതസംസ്‌ക്കാരങ്ങളിലെ പുനർജന്മമെന്ന കോൺസപ്‌റ്റിനെപറ്റിയും ആത്‌മാവിന്റെ നിലനിൽപ്പിനെപ്പറ്റിയുള്ള യാഹുവിലെ ഒരു സ്‌പെഷ്യൽ ഇന്ററസ്‌റ്റ് ഗ്രൂപ്പിൽ വച്ചാണ് 3 വർഷം മുമ്പ് ജെർമിയെ ആദ്യമായി കാണുന്നത്.
ഇഷ്‌ടവിഷയങ്ങൾ സംസാരിക്കാൻ ധാരാളമുള്ളതുകൊണ്ട് ഞങ്ങൾ പതിവായി നെറ്റിൽ കണ്ടുമുട്ടിത്തുടങ്ങി. സ്വീഡനിൽ കുടിയേറിയ സ്‌കോട്ടിഷ് കച്ചവടകുടുംബത്തിലെ അംഗമാണ് ജെർമി. തൊഴിൽ കച്ചവടമാണെങ്കിലും ഇഷ്‌ടന്റെ മനസ്സു മുഴുവൻ സാഹിത്യവും മതവും സംസ്‌ക്കാരവുമാണ്. അങ്ങനെയിരിക്കുമ്പോൾ പെട്ടെന്നൊരു ദിവസം ബാക്ക്‌പാക്കുമായി വീട്ടിൽ നിന്ന് മുങ്ങും. പൊങ്ങുന്നത് ഈജിപ്‌തിലെ പിരമിഡുകൾക്ക് നടുവിലോ, മാച്ചുപിച്ചുവിലെ ഇങ്ക ‘റൂയിൻസി’ലോ, പോളിനെഷ്യൻ ദ്വീപുകളിലോ ആയിരിക്കും. തിരിച്ചുവന്ന് അറുബോറൻ യാത്രവിവരണങ്ങളെഴുതി ഞാനടക്കമുള്ള സുഹൃത്തുക്കൾക്ക് അയച്ചു തരും.‘ കേരളത്തിലെ വൈദ്യൂതി സപ്ലൈപോലെ എപ്പോൾ വരുമെന്നോ, വന്നാൽ എപ്പോൾ പോകുമെന്നോ മുൻകൂട്ടി പറയാൻ കഴിയാത്ത ഒരു ഭർത്താവിനെ കാത്തിരുന്ന് മടുത്താവണം, ഭാര്യയും രണ്ടു കുട്ടികളും വേറെ താമസമാക്കിയത്. കടുത്ത മതവിശ്വാസിയായ ഭാര്യ ഡൈവോഴ്‌സിന് എതിരായതിനാൽ ഇപ്പോഴും ലീഗലി മാരീഡ്.
മണൽ കൂമ്പാരങ്ങൾക്കും ഈന്തപ്പനകൾക്കും നടുവിൽ ലോറൻസ് ഓഫ് അറേബ്യയിലെ നായകനെപ്പോലെ പോസ് ചെയ്‌ത ഫോട്ടോ ഒരിക്കൽ ജെർമി എനിക്ക് അയച്ചു തന്നു. നീലക്കണ്ണും, സ്വർണ്ണത്തലമുടിയും, സ്‌ക്വോട്ട്‌ലാന്റുകാരുടെ തനതായ ചുവന്ന ആപ്പിൾ മുഖമുള്ള ഒരു മുപ്പതുകാരൻ. പക്ഷെ, ’പോഗോ‘യിലെ ചൂടൻ ഗെയിം സെറ്റുകളിൽ കണ്ടുമുട്ടി ഫോട്ടോ ചോദിക്കുന്ന സായിപ്പുമാർക്ക് ലക്ഷ്‌മി ഗോപാലസ്വാമി, ഭാനുപ്രിയ തുടങ്ങി ക്ലാസിക് ഭാരതീയ സുന്ദരിമാരുടെ പടങ്ങൾ അയച്ചു കൊടുത്ത്, ’ഓ യു ആർ ലൗലി‘ എന്ന് ഉമിനീരൊലിപ്പിക്കുന്ന സായിപ്പിനോട് ’താങ്ക്‌യൂ താങ്ക്‌യൂ‘ പറഞ്ഞ് കമ്പ്യൂട്ടറിനു മുൻപിലിരുന്ന് ആർത്തു ചിരിക്കുന്ന ഒരു അനുജത്തി എനിക്കുള്ളതിനാൽ, ഇത് ജെർമിയുടെ ഫോട്ടോ തന്നെയാണോ എന്നുറപ്പില്ല.
നമ്മൾ പറഞ്ഞു വന്നത് ജെർമിയെപ്പറ്റി മാത്രമല്ല ഹർഷിനിയെപ്പറ്റി കൂടിയാണല്ലോ ഹർഷിനി കാനഡായിലെ ബുദ്ധ ക്ഷേത്രങ്ങളിൽ അലഞ്ഞു തിരിയുന്നതിനിടയിൽ ജെർമിയെ സമീപിച്ച ടൂർഗൈഡ്. ഹർഷിനിയെ ജെർമി വരച്ചത് ഇങ്ങനെ എണ്ണമയമുള്ള കറുത്തമുഖം, നരച്ചു തുടങ്ങിയ പരൂപരുത്ത മുടി, പൊന്തിയ പല്ല്, കണ്ണട, നീണ്ടുമെലിഞ്ഞ ശരീരം. നാൽപ്പതുകളുടെ അവസാന ദിവസങ്ങൾ എണ്ണിക്കൊണ്ടിരിക്കുന്ന സിംഹള ബുദ്ധിസ്‌റ്റ് ജെർമിയെയും, ഹർഷിനിയെയും ചേർത്തുവച്ച് ആലോചിച്ചാൽ, ബ്യൂട്ടിയും ബീസ്‌റ്റും ഫോട്ടോക്ക് പോസു ചെയ്‌ത പോലിരിക്കും.
ഹർഷിനിയെ പേഴ്‌സണൽ ടൂർഗൈഡ് ആയി നിയമിക്കുമ്പോൾ സഹതാപം മാത്രമേ മനസ്സിലുണ്ടായിരുന്നുള്ളു എന്ന് ജെർമി. ടൂറിസത്തിന്റെ കച്ചവടക്കണ്ണുകൾ കടന്നു ചെല്ലാത്ത ബുദ്ധവിഹാരങ്ങളിലൂടെ അലഞ്ഞു തിരിയുന്നതിനിടയിൽ എന്നോ, എപ്പോഴോ അവരറിഞ്ഞു, ഇതാ ജന്മങ്ങളായി ഞാൻ കാത്തിരുന്ന എന്റെ ഇണ എന്ന് നദി ചെന്ന് കടലിൽ ചേരുന്നതുപോലെ വണ്ട് പൂവിൽ വന്നണയുന്നതു പോലെ, സ്വാഭാവികമായി രണ്ടു മനസ്സുകളുടെ സംഗമം എന്ന് ഒരു ജാപ്പനീസ് ഹൈക്കു ഉദ്ധരിച്ച് ജെർമി എനിക്കെഴുതി. പ്രണയത്തിന്റെ ചൂടിൽ തങ്ങൾക്കു വേണ്ടി കാത്തിരിക്കുന്നവരെ രണ്ടു പേരും മറന്നില്ല. ഒന്നു ചേരാൻ ഇനിയൊരു ജന്മം കാത്തിരിക്കാൻ തീരുമാനിച്ചുകൊണ്ട് രണ്ടു പേരും യാത്ര പറഞ്ഞു – ഇനി ഒരു കണ്ടുമുട്ടലോ കമ്മ്യൂണിക്കേഷനോ ഇല്ലെന്ന് തീരുമാനിച്ചുകൊണ്ട് തങ്ങൾക്കിടയിൽ ഒരു ടെലിപ്പതിക്ക് ലിങ്ക് ഉണ്ടെന്ന് ജെർമി ഹർഷിനിയെ വല്ലാതെ മിസ് ചെയ്യുമ്പോൾ ബുദ്ധവിഹാരങ്ങളിലെ ധൂപങ്ങളുടെ നറുമണം കാറ്റായി തന്നെ വന്നു പൊതിയുന്നതായി അനുഭവപ്പെടാറുണ്ടത്രേ.
കഴിഞ്ഞ ആഴ്‌ച വന്ന ജെർമിയുടെ ഇ-മെയിൽ ഇങ്ങനെ ജന്മാന്തരങ്ങളായി പരിചയമുള്ളവരെപോലെയായി ഞങ്ങൾ ഭാരതീയ തത്വചിന്തയിലെ ’കർമ‘ എന്ന കോൺസെപ്‌റ്റിൽ വിശ്വസിക്കുന്ന ഞങ്ങൾക്ക് ഈ ജന്മത്തിലെ ഭാരങ്ങളിൽ നിന്ന് ഒളിച്ചോടാൻ പറ്റില്ല. ഹെലന്റെ ഭർത്താവായും ടോബിയുടെയും മില്ലിയുടേയും അച്ഛനായും മരണം വരെ ഞാൻ ജീവിക്കും. തന്റെ ജീവിത ഭാരങ്ങളുമായി ഹർഷിനിയും തികച്ചും പ്ലേറ്റോണിക്ക് ആയ ഒരു അനുരാഗം എന്റെ മനസ്സ് സന്തോഷത്താൽ വീർപ്പുമുട്ടുകയാണ് – കാരണം ഓരോ ദിവസവും ഞങ്ങൾ അടുത്ത ജന്മത്തിലേക്ക് ഒരു കാല്‌പാടുകൂടി അരികിലെത്തുകയാണല്ലോ.“
കഥ ഇവിടെ തീരുകയാണ്. ആയൂർവേദമാകട്ടെ തത്വചിന്തയാകട്ടെ. ഭാരതീയമാതെന്തും കണ്ണടച്ചു വിഴുങ്ങി.
’കർമ്മ‘ ഫേറ്റ് തുടങ്ങിയ എൻലൈറ്റഡ് വെസ്‌റ്റേണറുടെ പുതിയ ’വൊക്കാബുലറി‘ കടമെടുത്ത ഔട്ട് ഓഫ് ഫാഷൻ ആയ മയക്കു മരുന്നിനും, മദ്യത്തിനും പകരം പുതിയ ലഹരികൾ സ്വന്തമാക്കുന്നതാണോ ജെർമി? കടുത്ത ജീവിത ദുഃഖങ്ങൾക്കിടയിലെ പ്രത്യാശ പോലെ, തൂങ്ങിക്കിടക്കാൻ ഒരു കച്ചിത്തുരുമ്പായി പുനർജന്മത്തേയും, സാങ്കൽപ്പിക പ്രണയസാഫല്യത്തേയും കാത്തിരിക്കുന്നതാണോ ഹർഷിനി? നിങ്ങൾ വായനക്കാർ തീരുമാനിക്കുക.
Generated from archived content: podippum2.html Author: seema_sreeharimenon
Click this button or press Ctrl+G to toggle between Malayalam and English