ജനറലൈസേഷന്റെ ഭാഗമായി നമ്മൾ പലപ്പോഴും പാശ്ചാത്യരെ ഹൃദയമില്ലാത്തവരായോ, ഹൃദയം ശരിക്കുമുള്ള സ്‌ഥലത്തില്ലാത്തവരായോ ഒക്കെ ചിത്രീകരിക്കാറുണ്ട്.
അച്‌ഛനമ്മമാരേ വൃദ്ധസദനത്തിലേക്ക് തള്ളിവിടുന്ന വില്ലന്മാർ ആരാ?
പാശ്ചാത്യർ.
കുട്ടികളേക്കാൾ പട്ടികളെ സ്‌നേഹിക്കുന്നവർ ആരാ?
പാശ്ചാത്യർ.
ലോകത്തിലെ സകല ദുർഗുണങ്ങൾക്കും (മലയാളികൾ നൂറ്റാണ്ടുകളായി തുടർന്നു വരുന്ന ശീലങ്ങൾക്കും ചിന്താരീതികൾക്കും വിപരീതമായി ചിന്തിക്കുന്ന എല്ലാവരും ഈ കൂട്ടത്തിൽപെടും) കാരണഭൂതർ ആരാ?
പാശ്ചാത്യർ.
വിദേശ സംസ്‌കാരത്തിന്റെ കടന്നുകയറ്റത്തിനെപ്പറ്റിയും അതിന്റെ ദൂഷ്യവശങ്ങളെപ്പറ്റിയും ഇനി വരുന്ന തലമുറയെ ബോധവൽക്കരിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി കേൾക്കാത്ത മാതാപിതാക്കൾ ചുരുങ്ങും.
അമേരിക്കയും ബ്രിട്ടനും ഗൾഫും നമുക്ക് ആവശ്യമാണ്. പൈസ ഉണ്ടാക്കാനും കേരളത്തിനേക്കാൾ മികച്ച സാഹചര്യങ്ങളിൽ ജീവിക്കുവാനും. അവരുടെ സ്‌കൂളും ആശുപത്രികളും നമുക്ക് ദേവാലയങ്ങളാണ്. പക്ഷേ, അവരുടെ ജീവിത രീതിയും ഭക്ഷണവും വസ്‌ത്രധാരണ രീതികളുമോ? ഛേയ്, അതു പാടില്ല, അതെല്ലാം വൈദേശികം. അനുകരിക്കാൻ പാടില്ലാത്തത്.
ഇങ്ങനെയുള്ള കുറെ പ്രൊപ്പഗാന്റായുടെ ഭാഗമായി വിദേശ സംസ്‌കാരത്തിലുള്ള ചില നല്ല രീതികളെ നമ്മൾ കാണാതെ പോവുന്നുണ്ടോ? പറഞ്ഞു വരുന്നത് “ഗ്രാനി ഫ്‌ളാറ്റി” ന്റെ കാര്യമാണ്. വീടിന്റെ ഭാഗമായി, എന്നാൽ ഒരു ഔട്ട്-ഹൗസിന്റെ സൗകര്യത്തോടെ ഒരുക്കിയ ഒരു ഗ്രാനി ഫ്‌ളാറ്റ് എനിക്കു കാണിച്ചു തന്നത് എന്റെ വർക്ക്-മേറ്റ് പൗളിൻ ആണ്. 75 വയസ്സിൽ വിധവയായ അമ്മായിഅമ്മയാണ് പൗളിന്റെ ഗ്രാനി ഫ്‌ളാറ്റിന്റെ ഉടമസ്‌ഥ. ആരോഗ്യപരമായി യാതൊരു പ്രശ്‌നങ്ങളുമില്ലാത്തവരാണ് മിസ്സിസ് പ്രൈസ്. വീടിനോടു ചേർന്ന്, ഗാരേജിനു മുകളിൽ ഒരു ചെറിയ സിറ്റിംഗ്‌റൂമും, ബെഡ്‌റൂമും, ബാത്ത്‌റൂമും മിസ്സിസ് പ്രൈസിന്റെ ഇഷ്‌ടപ്പെട്ട ഇളംവയലറ്റ് നിറത്തിൽ ക്രമീകരിച്ചിരിക്കുന്നു. ആവശ്യം വരുമ്പോൾ വീടിന്റെ മുഖ്യ അടുക്കളയിലേക്ക് ഇറങ്ങിവരാതെ തന്നെ ഒരു ചായ കുടിക്കാനോ, ടോസ്‌റ്റ് കഴിക്കാനോ സൗകര്യത്തിനു കെറ്റിലും സ്‌റ്റൗവും, ഫ്രിഡ്‌ജും അടങ്ങിയ ഒരു കിച്ചനെറ്റ് സ്വന്തമായുണ്ട് ആ ഗ്രാനി ഫ്‌ളാറ്റിൽ.
ഇതു ഞങ്ങളുടെ നാട്ടിലെ ജോയിന്റ് ഫാമിലി സമ്പ്രദായം പോലെയെന്ന് ഞാൻ അത്ഭുതം കൂറി. സ്വന്തം വീട്ടിൽ തന്നെ ഒരുമുറി ഒരുക്കാത്തതിന് കാരണം പൗളിൻ വിശദീകരിച്ചു തന്നപ്പോൾ “ഇതു കൊള്ളാമല്ലോ” എന്നാണ് എനിക്കു തോന്നിയത്. പതിനാലും പതിനാറും വയസ്സുള്ള കുരങ്ങന്മാർ തോറ്റു പോവുന്ന സ്വഭാവത്തോടുകൂടിയ രണ്ട് ആൺപിള്ളേരും ജൂലിയാറോബർട്ട്‌സിനും, നയോമി കാംപെല്ലിനും പഠിക്കുന്ന ഒരു ടീനേജ് പെൺകുട്ടിയുമാണ് ഭർത്താവിനെ കൂടാതെ പൗളിന്റെ വീട്ടിൽ അന്തേവാസികൾ. പിള്ളേരും അവരുടെ കൂട്ടുകാരും സ്വാഭാവികമായും ഉണ്ടാക്കുന്ന ബഹളങ്ങളും വീടൊരു “മിനി ഗെയിം പാർക്ക്‘ ആണെന്നു പൗളിൻ. ഈ തിരക്കിൽ നിന്നും മാറി കുറച്ചു നേരം സ്വസ്‌ഥമായി വിശ്രമിക്കാനും, പ്രാർത്ഥിക്കാനും, കൂട്ടുകാരിയുമായി ചീട്ടുകളിക്കാനുമൊക്കെ അവർ തന്നെ തിരഞ്ഞെടുത്തതാണ് ഗ്രാനി ഫ്‌ളാറ്റ്. വീട്ടിലെ മറ്റംഗങ്ങൾ ജോലിക്കും സ്‌കൂളിലേക്കുമായി പുറത്തു പോവുമ്പോൾ, വലിയൊരു വീട്ടിൽ ഒറ്റപ്പെട്ടെന്നുള്ള തോന്നൽ ഉണ്ടാകുന്നില്ലെന്ന് മിസ്സിസ് പ്രൈസ്. ഒപ്പം ഇത്ര വലിയൊരു വീടിന്റെ ചുമതലകൾ തന്നെ ഒട്ടും ബാധിക്കുന്നില്ല എന്ന തികഞ്ഞ സന്തോഷവും. വലിയൊരു കുടുംബത്തിനുവേണ്ടി അലക്കിയും ഭക്ഷണം പാകം ചെയ്‌തും ഇനി മരുമകൾ കഷ്‌ടപ്പെടട്ടെ എന്ന ദുഷിച്ച ചിന്താഗതിയാണ് തനിക്കെന്ന് പൗളിന്റെ തോളിൽ ചെറുതായടിച്ച് കണ്ണിറുക്കി മിസ്സിസ് പ്രൈസ് പറഞ്ഞു നിർത്തി.
അടുക്കളയുടെ ഭരണാവകാശത്തിനായി തവിയും ചട്ടുകവും മുറുക്കി അമ്മായിയമ്മയും മരുമകളും രംഗത്തിറങ്ങുന്ന നമ്മുടെ കേരളത്തിൽ ഇതെത്രമാത്രം പ്രാവർത്തികമാണെന്ന് എനിക്കറിയില്ലാ. പക്ഷേ, വൃദ്ധസദനങ്ങളേക്കാൾ എന്തുകൊണ്ടും നമുക്കനുകരിക്കാവുന്ന മാതൃക ഗ്രാനി ഫ്‌ളാറ്റുകൾ തന്നെയാണെന്നു തോന്നുന്നു.
Generated from archived content: podippum1.html Author: seema_sreeharimenon