എന്റെ ഒരു സുഹൃത്ത് ഡൈവോഴ്‌സിനു ശ്രമിക്കുകയാണ്. കാരണം ഭർത്താവിൽ നിന്നു ചിലവിനു കിട്ടുന്നില്ല. സാമ്പത്തികമായി അത്ര മെച്ചമൊന്നുമല്ലാത്ത ഒരു കുടുംബമാണവരുടേത്. അവൾ ജോലിക്കു പോവുന്നതുകൊണ്ടു വേണം ബില്ലുകൾ അടക്കാനും കുട്ടിക്ക് സ്‌കൂൾ ഫീസ് കൊടുക്കാനും വീട്ടിലെ മറ്റു ചിലവുകൾ നടത്താനും ജോലിക്കു പോവാതെ വീട്ടിലിരിക്കുന്നു എന്നു വച്ച് നമ്മുടെ ഭർത്താവ് ഒരു വില്ലനൊന്നുമല്ല, കേട്ടോ മഹാസാധു പച്ചവെള്ളത്തിനു തീ പിടിച്ച ഒരു മട്ട്. ആരും ജോലിയൊന്നും തരുന്നില്ല, പിന്നെ ഞാനെന്തു ചെയ്യും എന്നാണ് ലോജിക്ക്. നാട്ടുകാർക്ക് വേണ്ടപ്പെട്ടവൻ – കാരണം ഉത്സവത്തിനോ, പെരുന്നാളിനോ, പാർട്ടി ഫണ്ടിനോ സംഭാവനയ്‌ക്കു ചെന്നാൽ, ഭാര്യയുടെ ഹാൻഡ് ബാഗിൽ നിന്നും കട്ടിട്ടാണെങ്കിലും ഒരു തുക കൊടുക്കും. അതു പറ്റിയില്ലെങ്കിൽ തേങ്ങാക്കാരനിൽ നിന്നോ, മിൽക്ക് ഡയറിയിൽ നിന്നോ അഡ്‌ജസ്‌റ്റ് ചെയ്‌താലും കൊടുക്കേണ്ടത് കൊടുത്തിരിക്കും. പാവം പെണ്ണ്, തേങ്ങാക്കാരനിൽ നിന്ന് കിട്ടുന്നതു മോനു സ്‌കൂൾ ഫീസ്, പാലു വിറ്റു കിട്ടുന്നത് മോൾക്ക് ഉടുപ്പു വാങ്ങാൻ എന്നൊക്കെ ബഡ്‌ജറ്റ് ഉണ്ടാക്കി, പ്രതീക്ഷിച്ചത്ര കിട്ടാതാകുമ്പോൾ തേങ്ങാക്കാരനെ ചോദ്യം ചെയ്യുമ്പോളാവും അഡ്വാൻസ് നന്ദിസമേതം ഭർത്താവ് കൈപറ്റിയതിന്റെ കാര്യം പുറത്താവുന്നത്.
അങ്ങനെ വീട്ടിലേക്ക് കൊള്ളാത്ത എന്നാൽ നാട്ടിലേക്ക് വേണ്ടപ്പെട്ട ഒരു നല്ല മനുഷ്യനെ ഇവൾക്കെങ്ങനെ ഡൈവോഴ്‌സ് ചെയ്യാൻ പറ്റുന്നു എന്നതാണ്, ഇപ്പോൾ കുറച്ചു ദിവസമായി അവളുടെ അയൽക്കാരുടെ ചർച്ചാവിഷയം. ഒന്നുമില്ലെങ്കിലും ആണൊരാത്തനല്ലേ, കള്ളു കുടിച്ച് അവളെ തല്ലുന്നില്ലല്ലോ എന്നൊരു വശം, അവൾ ജോലിക്കു പോകുന്നിടത്ത് വല്ലവന്റേയും വലയിൽ പെട്ടുപോയിട്ടുണ്ടാവും എന്ന് മറ്റൊരു വശം. എന്തായാലും “കല്ലായാലും കണവൻ, പുല്ലായാലും പുരുഷൻ” എന്നു പറഞ്ഞ് ഭർത്താവു ദൈവത്തെ തലയിലെടുത്ത് പൂജിക്കാത്ത പെണ്ണിനാണിവിടെ വില്ലൻ വേഷം എന്നതിൽ ആർക്കും രണ്ടഭിപ്രായമില്ല. അൽപം കൂടി “ഫൂച്യറിസ്‌റ്റിക് മൈൻഡ് സെറ്റ് ഉള്ള ഒരു സ്‌ട്രാറ്റജ്‌ക് അനാലിസ്‌റ്റ് ഇത്രയും കൂടി പറഞ്ഞു – ഇനിയിപ്പോ കല്യാണം കഴിക്കുകയാണെങ്കിൽ കുട്ടികളുള്ള രണ്ടാം കെട്ടുകാരനെ നോക്കിക്കോട്ടെ, അതാ നല്ലത്.” എങ്ങനെയാ അത് നല്ലതാവുന്നതെന്ന ചോദ്യത്തിന് ഉത്തരം കിട്ടിയിട്ടില്ല ഇതുവരെ.
വെറുതെ ഇരിക്കുന്ന പെണ്ണുങ്ങളുടെ കുശുമ്പും കുന്നായ്‌മ പറച്ചിലും എന്നു പറഞ്ഞു ഗോസിപ്പിനൊരു സ്‌ത്രീ സ്വഭാവം വരുത്താൻ പുരുഷ കേസരികൾക്ക് വല്ലാത്തൊരു ത്വരയുണ്ട്. എന്നാൽ മുകളിൽ പറഞ്ഞ പരദൂഷണം മുഴുവനും ആണുങ്ങളുടെ സംഭാവനയായിരുന്നു. ആലിൻ ചുവട്ടിലോ റോഡ് കവലകളിലോ, നേരം പോക്കാനിരിക്കുന്ന തൊഴിൽരഹിതരല്ല അവർ. നല്ല ജോലിയും കുടുംബവുമായി സമൂഹത്തിൽ നിലയും വിലയും ഉള്ളവർ.
ഗോസിപ്പിന്റെ മനഃശാസ്‌ത്രം എന്താണെന്നു പലർക്കും പല അഭിപ്രായമാണ്. എന്തായാലും ഒരു “നെസസ്സറി ഈവിൾ” ആയി ഇതിനെ പല കോർപറേറ്റ് ഭീമൻമാരും മനഃശാസ്‌ത്രജ്ഞൻമാരും വരെ അംഗീകരിച്ചിട്ടുമുണ്ട്. നിരുപദ്രവകരമായതും ഗോസ്സിപ്പ് ആവാം എന്നു പല സ്‌റ്റാഫ് മാനുവുകളിലും പറയുന്നുണ്ട്.
പക്ഷേ ഉപദ്രവകരവും, നിരുപദ്രവകരവും എന്നു ഗോസിപ്പിനെ വേർതിരിക്കാൻ നമുക്ക് വ്യക്തമായ മാർഗ്ഗരേഖകളുണ്ടോ? വളരെ നിഷ്‌കളങ്കമായി നമ്മൾ പറയുന്ന കാര്യങ്ങൾ ചിലപ്പോൾ കേൾക്കുന്നവന് വിഷമമുണ്ടാക്കിയേക്കാം.
ഗോസ്സിപ്പുകൾക്ക് മനുഷ്യനോളം തന്നെ പഴക്കമുണ്ടെന്നു വേണം ഊഹിക്കാൻ. ശ്രീരാമൻ സീതയെ അഗ്നി പരീക്ഷയ്‌ക്ക് വിധിച്ചത് ഇത്തരമൊരു ഗോസിപ്പുമൂലമല്ലേ? മറ്റു മഹാകാവ്യങ്ങളിലാണെങ്കിൽ പിന്നെ പറയുകവും വേണ്ട. മുട്ടിനു മുട്ടിനാണ് ഗോസ്സിപ്പുകൾ കാരണം രാജ്യം ഉപേക്ഷിക്കുന്നവരും, ഭാര്യയെ ഉപേക്ഷിക്കുന്നവരും യുദ്ധത്തിനു ചാടി പുറപ്പെടുന്നവരുമൊക്കെ. അങ്ങനെ നോക്കുമ്പോൾ, ഒരാളെ സമൂഹം എങ്ങനെ കാണുന്നു എന്നതിന്റെ പ്രതിഫലനമാണോ ഗോസിപ്പുകൾ?
ഗോസിപ്പുകളെ പറ്റി ശാസ്‌ത്രീയമായ പഠനമൊക്കെ നടന്നിട്ടുണ്ടെന്നാണ് വിക്കി പീഡിയാ തപ്പിയപ്പോൾ മനസ്സിലായത്. ഒറ്റനോട്ടത്തിൽ ഗോസ്സിപ്പുകൾ പലതുമുണ്ട്. വളരെ നിരുപദ്രവമായവ. ഒരു സമയം കൊല്ലി എന്നു മാത്രമേ അതിനുദ്ദേശമുള്ളൂ. കുറച്ചൊന്നു ചിരിക്കാൻ വക നൽകുന്ന കൊച്ചു കൊച്ചു നുണകളും സത്യങ്ങളും കാലത്തു തന്നെ ടാർജറ്റ് തികക്കാത്തതിന് ബോസ് ദേഷ്യപ്പെട്ട് ചീത്ത വിളിച്ചപ്പോൾ, ഒലിച്ചിറങ്ങുന്ന വിയർപ്പു തുടച്ചു, സുന്ദരനൊരു ചിരിയോടെ ചുറ്റിനും നോക്കി “പുള്ളിയിന്നു ഭാര്യയോട് തെറ്റിയിട്ടാ വീട്ടിൽ നിന്നിറങ്ങി വന്നതെന്ന്” പറയുന്നവർ. പറയുന്നവനും കേൾക്കുന്നവനും അറിയാം, അതിൽ സത്യമൊന്നുമില്ലെന്ന്.
കടിത്തുമ്പ പോലെ ചൊറിച്ചിൽ ഉളവാക്കുന്നവയാണ് ചില ഗോസിപ്പുകൾ. നന്നായി ഒരുങ്ങി, ആത്മവിശ്വാസത്തോടെ ഓഫിസിൽ വരുന്ന സുന്ദരിയെ നോക്കി. “ഓ, അവളും നമ്മുടെ മറ്റേ അവനും…..” എന്നു തുടങ്ങുന്ന വർത്തമാനം പറയുന്ന ചില പഞ്ചാരക്കിളവൻമാർ എനിക്കു കിട്ടാത്തത് കാക്ക കൊത്തി പോട്ടെ എന്ന ഒരു മനോഭാവമാണവർക്ക.്
അതിലും കുറച്ചു കൂടിയ പടിയാണ് “അവനങ്ങനെ വലിയ ആളു കളിക്കേണ്ട എന്ന ലക്ഷ്യം വച്ച് പടച്ചിടുന്ന ഗോസ്സിപ്പുകൾ. അത് പലപ്പോഴും വ്യക്തി ഹത്യവരെ എത്തി നിൽക്കാറുണ്ട്. ഭാഗ്യം കൊണ്ടും അധ്വാനം കൊണ്ടും ചിലർ നല്ല നിലയിലാവുമ്പോൾ. ”ഓ അവനേതാണ്ട് കള്ളക്കടത്തു പണി“ എന്നൊക്കെ പടച്ചുവിടും ചിലർ. അത്തരക്കാരുടെ കുടുംബചരിത്രം വരെ ചികഞ്ഞു നോക്കി. ”ഓ അവന്റെ അച്‌ഛന്റെ അച്ഛൻ എന്റെ വീട്ടിലെ കാള പൂട്ടുകാരനായിരുന്നു. എന്നിട്ടിപ്പോൾ അവന്റെ ഒരു ഗമ കണ്ടില്ലേ“ എന്നു നാട്ടുകാരെ അറിയിക്കാനായിരിക്കും മറ്റു ചില ഹിസ്‌റ്റോറിയൻസിന്റെ ശ്രമം.
ഒരു സ്‌ത്രീയുടെ മരണത്തിൽ കൊണ്ടെത്തിച്ച ഗോസ്സിപ്പ് കേട്ടിരുന്നു. ഭർത്താവ് ഗൾഫിലായതിനാൽ സ്വന്തം സൂപ്പർ മാർക്കറ്റിന്റെ ഉത്തരവാദിത്വങ്ങൾക്ക് ഓടി നടക്കുന്ന വീട്ടമ്മ. പല നേരത്തും അവർക്ക് ഫോൺ കോളുകൾ വരുന്നത് സ്വാഭാവികം. ആ ഫോൺ കോളുകൾ മഴുവനും അവരുടെ കാമുകൻമാരുടേതാണെന്നും, അവർ ചരക്കെടുക്കാൻ പോകുന്നത് മറ്റു വഴിവിട്ട പ്രവർത്തികൾക്കാണെന്നും നാടു മുഴുവൻ പറഞ്ഞു പരത്തിയത് വേറാരുമല്ല, സഹായത്തിനായി ഭർത്താവ് ഏർപ്പെടുത്തിക്കൊടുത്ത, വകയിൽപ്പെട്ട ഒരു സ്‌ത്രീ. അവർ അങ്ങനെ പറഞ്ഞു നടന്നതിനു കാരണമോ – സ്വന്തം വീട്ടിലുണ്ട് കെട്ടുപ്രായം എത്തിയ മോൾ. എന്തെങ്കിലുമൊക്കെ കേട്ട് ഭർത്താവ് സ്‌ത്രീയെ
ഉപേക്ഷിച്ചാൽ, പിന്നെ അടുത്ത ചാൻസ് ആർക്കാ, മുറപ്പെണ്ണായ സ്വന്തം മോൾക്ക്, കൂട്ടത്തിലൊരു സൂപ്പർമാർക്കറ്റും. എന്തായാലും കള്ളക്കഥകൾ കേട്ടു വിശ്വസിച്ച ഭർത്താവ് ഡൈവോഴ്‌സ് നോട്ടീസ് അയച്ചപ്പോൾ അപമാനിതയായ സ്‌ത്രീത്വം പകരം വീട്ടിയത് ഒരു സാരിത്തുമ്പിലായിരുന്നു. സ്വന്തം അമ്മയുടെ ദുഷ്‌ടത്തരത്തിൽ മനംനൊന്ത് സത്യങ്ങൾ മുഴുവൻ വിളിച്ചു പറഞ്ഞത് പ്രതിശ്രുത വധുവായി അവരോധിക്കപ്പെട്ട പെൺകുട്ടിയും.
ഏതായാലും മറ്റുള്ളവരെപ്പറ്റി സംസാരിക്കുമ്പോൾ, നമുക്ക് ഒന്നുകൂടി ആലോചിച്ചുകൂടെ? സ്വന്തമായി അറിയാത്ത സത്യങ്ങൾ വിളിച്ചു പറയാതിരിക്കുകയുമാവാം.
നല്ലൊരു സമയം കൊല്ലിയാണെന്നതിനാൽ ഗോസിപ്പുകൾ എല്ലാവർക്കും ഇഷ്‌ടമാണെന്നതല്ലേ സത്യം?
Generated from archived content: essay1_sep12_09.html Author: seema_sreeharimenon
Click this button or press Ctrl+G to toggle between Malayalam and English