നൂറ്റാണ്ടിന്റെ മാംഗല്യമോ അതൊ നൂറ്റാണ്ടിന്റെ മാമാങ്കമൊ? ആറുമാസത്തിലേറെ തയ്യാറെടുപ്പകൾക്കും വിവാദങ്ങൾക്കൊടുവിൽ വെസ്‌റ്റ് മിനിസ്‌റ്റർ ആബിയിൽ ദശലക്ഷങ്ങളെ സാക്ഷി നിർത്തി, അത്യപൂർവമായ വെത്‌ഷ് (Welsh Gold) ഗോൾഡിൽ തീർത്ത സ്‌നേഹമോതിരം കാമുകിയുടെ വിരലിൽ വില്ല്യം അണിയിച്ചപ്പോൾ ബ്രിട്ടീഷ് രാജ ചരിത്രത്തിൽ ഒരു പുതിയ അധ്യായം ആരംഭിക്കുകയായിരുന്നു.
ഒരു പ്രവാസിയെന്ന നിലയിൽ എനിക്ക് ഏറ്റവും കൗതുകകരമായി തോന്നിയത് ഈ വിവാഹത്തിന്റെ ആചാരങ്ങളായിരുന്നു. നൂറ്റാണ്ടുകളായി നില നിൽക്കുന്ന വിശ്വാസങ്ങൾ അതേ പടി തുടരുകയും ഇത്രയും ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യുന്ന ഒരു ജനാധിപത്യ രാജ്യവും വേറെ ഉണ്ടെന്ന് തോന്നുന്നില്ല. രാജകുടുംബത്തെ സംബന്ധിച്ച എല്ലാ കാര്യങ്ങളും വാർത്തയാണിവിടെ. രാജ്യത്തെ തന്നെ ഏറ്റവും ‘എലിജിബിൾ ബാച്ചെലറും’ അടുത്ത രാജ്യാവകാശിയുമായ വില്യം, വധുവായി ഒരു സാധാരണക്കാരിയെ തിരഞ്ഞെടുത്തപ്പോൾ അതു പല യഥാസ്‌ഥിതികർക്കും പെട്ടന്ന് ഉൾക്കൊള്ളാൻ കഴിഞ്ഞില്ല.
ബ്രിട്ടീഷ് എയർവെയ്‌സിലെ ജീവനക്കാരായിരുന്ന മൈക്കെലും കരൊളും സ്വന്തം പ്രയത്‌നം കൊണ്ട് മാത്രം പണക്കാരുടെ ശ്രേണിയിലേക്കുയർന്നപ്പോൾ, ‘പുതുപ്പണക്കാരെന്ന’ ഒരു പുഛത്തോടെയാണ് ആദ്യമാദ്യം രാജ്യത്തെ ജനങ്ങൾ അവരെ കണ്ടത്. മിഡിൽട്ടൺ കുടുംബത്തിന്റെ മാന്യമായ പെരുമാറ്റവും ജീവിതരീതിയും സർവോപരി ജീവിതമൂല്യങ്ങളും പതിയെ പതിയെ നാടിന്റെ മനം കവർന്നു തുടങ്ങിയിട്ടുണ്ട്.
വില്യമിന്റെ അമ്മ ഡയാന രാജകുമാരിയുടെ നീലക്കല്ല് മോതിരമണിഞ്ഞ് നവംബർ പതിനാറിന് വിവാഹനിശ്ചയം നടത്തിയതോടെ ബ്രിട്ടന്റെ മുഴുവൻ ശ്രദ്ധയും ഈ യുമിഥുനങ്ങളുടെ മേലായിരുന്നു എന്ന് പറയാം. കേറ്റിന്റെ വിവാഹവസ്‌ത്രം എങ്ങിനെയായിരിക്കും?ആരായിരിക്കും അതു ഡിസൈൻ ചെയ്യുക? സിൽക്കായിരിക്കുമോ അതൊ സാറ്റിൻ ആവുമൊ ഭാവി രാജകുമാരി തിരഞ്ഞെടുക്കുക? പന്തയങ്ങളുടെ പൂക്കാലമായിരുന്നു പിന്നത്തെ അഞ്ചുമാസക്കാലം.
ബ്രിട്ടീഷ് വധുക്കൾ പൊതുവെ സ്വന്തം വിവാഹവസ്‌ത്രം വരനെ കാണിക്കുന്നത് അപശകുനമായി കണക്കാക്കുന്നു. അൾത്താരയിൽ മിടിക്കുന്ന ഹൃദയത്തോടെ വധുവിനെ കാത്തു നിൽക്കുന്ന വരൻ പിതാവിന്റെ കൈ പിടിച്ചെത്തുന്ന വധുവിനെ അവസാന നിമിഷം മാത്രമെ കാണാവു എന്നാണ് വയ്‌പ്പ്.
ഒരു രാത്രിക്കു മൂന്നര ലക്ഷം രൂപ വരുന്ന ഗോരിങ്ങ് ഹോട്ടലിലായിരുന്നു വധുവിന്റെ ആളുകൾ വിവാഹത്തലേന്നു അന്തിയുറങ്ങിയത്. വിവാഹപാർട്ടി കടന്നു പോവുന്ന ലണ്ടൻ രാജവീഥികൾ അതിനും ദിവസങ്ങൾക്ക് മുമ്പ് കാണികൾ കയ്യടക്കിയിരുന്നു. സ്വന്തം റ്റെന്റും പാചകസാമഗ്രികളും സ്‌റ്റൗവുമായാണ് പലരും ഈ ചരിത്രസംഭവത്തിനു സാക്ഷ്യം വഹിക്കാൻ തെരുവുകളിൽ അന്തിയുറങ്ങാനെത്തിയത്.
വിവാഹം ആഘോഷമാക്കാൻ ഓരോ ബ്രിട്ടീഷുകാരനും സ്വന്തമായ രീതിയിൽ തയ്യാറെടുപ്പുകൾ നടത്തിയിരുന്നു. തെരുവുകൾ രാജ്യപതാകകളും വധുവരന്മാരുടെ ചിത്രങ്ങളും കൊണ്ടു അലംകൃതമായി. രാജ്യത്തുടനീളം അന്നു നൂറുകണക്കിനു ‘സ്‌ട്രീറ്റ് പാർട്ടി’കളാണ് അരങ്ങേറിയത്. ലണ്ടനിൽ നിന്നും അഞ്ഞൂറോളം മൈലുകൾക്ക് അകലെ ന്യൂകാസിലിൽ ഒരു കൂട്ടം സുഹൃത്തുക്കൾ വിവാഹാഘോഷം ആരംഭിച്ചത് സ്വന്തം വെഡിങ്ങ് ഗൗണുകളിൽ ധരിച്ച് വധുവിയി അണിഞ്ഞൊരുങ്ങിയായിരുന്നു. എട്ടു മണിക്ക് ഷാമ്പെയിൻ ബ്രേക്‌ഫസ്‌റ്റ് കഴിച്ച്, നൃത്തമാടിയും പലരും വീടുകളിൽ മതിമറന്നാടിയപ്പോൾ മിക്ക കൗൺസിലുകളും വാഹന ഗതാഗതം തടഞ്ഞു. തെരുവീഥികൾ അക്ഷരാർത്ഥത്തിൽ പാർട്ടിഗ്രൗണ്ടുകളായി മാറിയിരുന്നു.
ഐറിഷ് ഗാർഡിന്റെ ചുവപ്പു യൂണിഫോമിൽ കൊച്ചനുജനും ‘ബെസ്‌റ്റ് മാൻ’ ഉം ആയ ഹാരിയുമൊത്ത് വില്യം രാജകുമാരനാണ് ആദ്യം വെസ്‌റ്റ് മിനിസ്‌റ്റർ ആബിയിലെത്തിയത്. വിവാഹത്തിനെത്തിയ വിശിഷ്‌ടാതിഥികളും ആബിയിലെ മുതിർന്ന പുരോഹിതൻമാരെയും അഭിവാദ്യം ചെയത് വില്യം രാജകുമാരൻ നീങ്ങിപ്പോൾ പതിയെ പതിയെ രാജകുടുംബാഗങ്ങളുടെ വരവായി. ഇളം നീല കോട്ടണിഞ്ഞു കേയ്‌റ്റിന്റെ അമ്മ കരോൾ മിഡിൽറ്റൺ അനുജനോടൊപ്പം വന്നിറങ്ങിയപ്പോൾ ആരവമുയർന്നു.
ആചാരമനുസരിച്ചു ഒരു വിവാഹം നിശ്ചയിച്ചു കഴിഞ്ഞാൽ വധുവിന്റെ അമ്മയ്‌ക്കാണ് ആദ്യം സ്വന്തം വസ്‌ത്രം തിരഞ്ഞെടുക്കാനുള്ള അവകാശം. ആ നിറം വിവാഹപാർട്ടിയിലെ മറ്റാരും ധരിക്കരുതെന്നാണ് ചട്ടം. അതനുസരിച്ച് കരോൾ തിരഞ്ഞെടുത്തത് മനോഹരമായി തയ്‌ച്ച ഇളംനീല വസ്‌ത്രവും, മാച്ച് ചെയ്യുന്ന ഷൂസും തൊപ്പിയും. ആചാരമനുസരിച്ച് അടുത്ത അവകാശം രാജ്ഞിക്കാണ്. കോളാംബി പൂക്കളുടെ മഞ്ഞനിറമുള്ള ഒരു വസ്‌ത്രവും ബ്രൂച്ചും പേൾ മാലായുമണിഞ്ഞ് രാജ്ഞിയെത്തിയപ്പോൾ, അടുത്ത വരവ് കല്യാണപ്പയ്യന്റെ മാതാപിതാക്കളുടേതായി. കണ്ണുകളെല്ലാം അപ്പോളും ഗോറിംഗ് ഹോട്ടലിലേക്കു തന്നെ.
അവസാനം കാത്തിരിപ്പുകൾക്കു വിരാമമായി തൂവെള്ള സിൽക്കു വസ്‌ത്രങ്ങൾ കയ്യുകൊണ്ടു നെയ്‌തെടുത്ത ലെയ്‌സിന്റെ തിളക്കത്തോടെ, തികച്ചും ‘ട്രഡീഷണൽ’ എന്നു വിളിക്കാവുന്ന വസ്‌ത്രത്തിൽ, കെയ്‌റ്റും അച്‌ഛനോടൊപ്പം കാറിൽ കയറി. ഇനി ഒൻപതു മിനിട്ടു നീണ്ട യാത്ര – രാജ്യത്തിന്റെ ഭാവി രാജ്ഞിയാവാൻ. പ്രശസ്‌തമായ ഫാഷൻ ഹൗസ് അലക്‌സാണ്ടർ മക്ക്‌കുറീനിന്റെ ചീഫ് ഡിസൈനർ സാറാ ബർട്ടനാണ് കെയ്‌റ്റിന്റെ ഗൗൺ ഡിസൈൻ ചെയ്‌തത്. ഏകദേശം 28 ലക്ഷം വില വരുന്ന ഈ വിവാഹവസ്‌ത്രം 4 മാസങ്ങളെടുത്താണ് സാറാ ബർട്ടനും സഹായികളും ചേർന്ന് പൂർത്തിയാക്കിയത്. ആചാരമനുസരിച്ചു കെയ്‌റ്റിന്റെ വസ്‌ത്രധാരണത്തിൽ 4 ഘടകങ്ങൾ ഉണ്ടായിരുന്നു. “പുതിയതൊന്ന്, പഴയതൊന്ന്, കടം വാങ്ങിയതൊന്ന്, നീല നിറത്തിലൊന്ന്” (Something new, something old, something borrowed and something blue) എന്നാണ് ചൊല്ല്. അതനുസരിച്ചാവണം, വില്ല്യമിന്റെ അമ്മൂമ്മ കൂടിയായ രാജ്ഞിയിൽ നിന്നും കടം വാങ്ങിയ, അമൂല്യ രത്‌നങ്ങൾ പതിച്ച റ്റിയാര (കിരീടം) ധരിച്ചാണ് കെയ്‌റ്റ് ഒരുങ്ങിയത്. പുതിയതാവട്ടെ വിവാഹത്തിനായി പ്രത്യേകം തയ്യാറാക്കിയ കുടുബത്തിന്റെ ചിഹ്‌നമായ എകൊൻ (acorn) കായകളുടെ ഡിസൈനിൽ പണിത വജ്രകമ്മലും വില വെറും 11 ലക്ഷം രൂപ. സന്തോഷകരമായ ജീവിതത്തിനു വേണ്ടി നീല നിറമുള്ളൊരു റിബണും ഗൗണിനുള്ളിൽ തുന്നിച്ചേർത്തിരുന്നു കെയ്‌റ്റ്.
വെസ്‌റ്റ് മിനിസ്‌റ്റർ ആബിയിലെ പ്രാർത്ഥനാഭരിതമായ ചടങ്ങുകൾക്കൊടുവിൽ നാല് വെള്ളക്കുതിരകളെ പൂട്ടിയ രാജരഥത്തിൽ നവദമ്പതികൾ നഗരപ്രദക്ഷിണം നടത്തിയപ്പോൾ രാജ്യത്തിന്റെ ആഹ്‌ളാദം അണപൊട്ടിയൊഴുകി. ഒടുവിൽ പതിവുപോലെ ബെകിങ്ങം കൊട്ടാരബാൽക്കണിയിൽ പെയ്യാതെ നിന്ന മഴക്കാറുകൾ സാക്ഷിയാക്കി സുന്ദരിയായ വധുവിനൊരു ചുടുചുബനം. അതുമൊരു റോയൽ ട്രഡീഷൻ.
Generated from archived content: essay1_may16_11.html Author: seema_sreeharimenon