ഉദയ സൂര്യന്റെ മുഴുവൻ ഉഷസും ഏറ്റുവാങ്ങി, പൂച്ചയോടും, പ്രാവിനോടും എന്നു വേണ്ട റോഡിൽ കാണുന്ന സകല ജീവജാലങ്ങളോടും കുശലം ചോദിച്ച്, കമ്മ്യൂണിറ്റി കോളേജിലേക്ക് കൈ കോർത്ത് നടന്നു പോകുന്ന മൈക്കിളും മാർത്തയും അടുത്ത കാലത്തായി ഞങ്ങളുടെ ഏറ്റവും പ്രിയപ്പെട്ട പ്രഭാതദൃശ്യങ്ങളിൽ ഒന്നാണ്.
ഷേവ് ചെയ്‌ത് തുടുത്ത മുഖം ഹെയർ ജെൽ തേച്ച് ചീകി വച്ച മുടി സ്വർണ്ണക്കണ്ണടവയ്‌പ് പല്ല് കാണിച്ചുള്ള ചിരി മൈക്കിൾ ഒരു സുന്ദരനാണെന്ന് ഇനി പ്രത്യേകം പറയേണ്ടല്ലോ പൊക്കം കുറഞ്ഞ് അല്‌പമൊരു മുടന്തോടെ ബ്യൂട്ടി പാർലറിൽ പോയി ബ്‌ളോ ഡ്രൈ ചെയ്‌തെടുത്ത വെള്ളിത്തലമുടിയും ഔട്ട് ഓഫ് ഫാഷനായ വെൽ വെറ്റ് കോട്ടുകളും മാച്ചിംഗ് ഷൂസും തിളങ്ങുന്ന കണ്ണുകളും കൂടി ആകപ്പാടെ ഒരു “വിന്രജ്”ലുക്കോടെ മാർത്ത.
“ആ വയസ്സനും വയസ്സിയും” എന്ന് ഞങ്ങൾ ഒരല്‌പം ക്രൂരതയോടെയും പഴുത്ത ഇലയെ നോക്കി ചിരിക്കുന്ന പച്ച ഇലയുടെ പുഛത്തോടും കൂടി വിശേഷിപ്പിക്കാറുള്ള ഇവരുടെ യാത്രകൾ കുറെക്കാലം ഞങ്ങളുടെ സെപക്കുലേഷൻസിനും അസ്സിമിലേഷൻസിനും വിഷയമായിരുന്നു.
ക്യൂരിയോസിറ്റി അവസാനം ക്യാറ്റിനെ കൊല്ലുമെന്നായപ്പോൾ ഞങ്ങൾ തന്നെ മുൻ കൈയെടുത്ത് വാതിലിൽ നിന്ന് പുറത്തേയ്‌ക്ക് തലനീട്ടി ഒരു ‘ഹലോ’ പറഞ്ഞു നോക്കി. തിരിച്ചു വന്നത് 1,000 വാട്ടുള്ള രണ്ടു “ഹലോ”. ഒരു പൂവ് ചോദിച്ചപ്പോൾ പൂക്കാലംതന്നെ തന്നതുപോലെ.
ബ്രിട്ടീഷ്‌കാരന്റെ സ്വന്തമായ റിസർവേഷൻസ് (“ജാട” എന്നു വേണമെങ്കിൽ നമുക്ക് റഫായി ട്രാൻസലേറ്റ് ചെയ്യാം) ഒന്നുമില്ലാതെ മൈക്കിളും മാർത്തയും ഞങ്ങളുടെ കൂട്ടുകാരായി .ഒന്നാന്തരം ഒരു (“ഹാൻഡിമാൻ-കം-കാർപെന്റർ” ആണ് മൈക്കിൾ. മാർത്ത റിട്ടയർ ചെയ്‌ത സ്‌കൂൾ ടീച്ചർ. മക്കൾ മൂന്നു പേരും സ്വന്തം കൂടുകൾ ഉണ്ടാക്കി പറന്നു പോയതോടെ പ്രാരാബ്‌ധങ്ങൾ എല്ലാം ഒഴിഞ്ഞു കിട്ടിയ വയസ്സുകാലം സന്തോഷത്തോടെ ആഘോഷിക്കുന്ന ദമ്പതികൾ. വളരെ പോസറ്റീവ് ആയ ഒരു അപ്രോച്ച് ഒത്തിരി പ്രകാശവും, നിറങ്ങളും പ്രസാദവും നിറഞ്ഞ ലോകം.
ഒരു നോർമൽ സെമിഡറ്റാച്‌ഡിന്റെ പടി കടന്നെത്തുമ്പോൾ പേരക്കുട്ടികളുടെ ചിരിക്കുന്ന ഫോട്ടോകൾക്കു നടുവിൽ ചുവരിൽ വലുതായി ഫ്രെയിം ചെയ്‌തു വച്ചിരിക്കുന്ന വാചകം -Life is too short to cry over – ഇതാണ് ഞങ്ങളുടെ ഫിലോസഫിയെന്ന് കുണുങ്ങി ചിരിയോടെ മൈക്കിൾ.
ലിവിംഗ് റൂമിൽ നിരത്തി വച്ചിരിക്കുന്ന ക്യൂറിയോസ്, ജഗ്‌സ്, ധാരാളം പെയിന്റിംഗ്‌സ് സ്‌റ്റാമ്പ് ആൽബങ്ങൾ, റ്റീപോയ് നിറഞ്ഞു കവിയുന്ന മാഗസിനുകൾ, ഒരു സൈഡ് ടേബിളിൽ ഒതുങ്ങിയിരിക്കുന്ന വയലിൻ, പ്ര്ഡിയോടെ പിയാനോ, നിലയ്‌ക്കാതെ പാടുന്ന ഗ്രാമഫോൺ, ബ്രിസിലിയൻ കാട് അപ്പാടെ പറിച്ചു നട്ടപോലെ പച്ച പിടിച്ച കൺസർവേറ്ററി, അടുക്കളയിൽ നിന്നും ഒഴുകിയെത്തുന്ന കൊതിപ്പിക്കുന്ന സുഗന്ധം മൈക്കിളിന്റെയും മാർത്തയുടെയും മനോഹര ലോകം.
ചെറുപ്പത്തിന്റെ തിരക്കുകളിൽ നടക്കാതെ പോയ താല്‌പര്യങ്ങൾക്കായി നീക്കി വച്ചിരിക്കുന്നു ഇവർ ദിവസം മുഴുവനും. ഓരോ വർഷവും ഒരു പുതിയ സ്‌കിൽ പഠിക്കുക – മനസ്സിന്റെ ചെറുപ്പം നിലനിർത്താൻ ഒരു മൈക്കിൾ – ടിപ്പ്. മൈക്കിൾ ഈ വർഷം പഠിക്കുന്നത് ബാൾ റൂം ഡാൻസിംഗ്. മാർത്തയുടെ ഇന്റസ്‌റ്റ് കർട്ടൻ മെയ്‌ക്കിംഗ്.
അടുത്തുള്ള കുറച്ചു കുട്ടികളുടെ വയലിൻ ട്യൂട്ടർ, ഹോസ്‌പിറ്റലിലെ വാർഡുകളിൽ രോഗികൾക്ക് ഭക്ഷണം കൊടുക്കുന്ന വോളണ്ടിയർ, ചർച്ച് ക്വയറിലെ ആക്‌ടീവ് മെംബർ….. മാർത്തയ്‌ക്ക് ദിവസങ്ങൾക്ക് നീളം കുറവായ കുഴപ്പമേയുള്ളൂ. കുക്കിംഗും, കാർ മെക്കാനിസവും, സ്‌റ്റാമ്പ് കളക്ഷൻ, ഡോഗ് (ബ്രീഡിംഗ് എന്നീ ഹോബികളും കുറച്ച് ഫ്രീലാൻസ് കാർപെന്റി വർക്കും കൂടി ആവുമ്പോൾമൈക്കിളും വെരി ബിസി. തിരക്കുകൾക്കിടയ്‌ക്ക് “ഓൾഡ് ഏജിനു” കൊടുക്കാൻ തല്‌ക്കാലം അപ്പോയ്‌ന്റ്മെന്റില്ല എന്നു മൈക്കിൾ.
നമ്മൾ മലയാളുകളുടെ ഒരു ടിപ്പിക്കൽ വീക്ഷണ ആംഗിളിൽ കൂടി നോക്കിയാൽ, ഈ വയസ്സുകാലത്ത് ഇവർക്കു വല്ല നാമവും ജപിച്ചിരുന്നു കൂടെ എന്നൊരു ചോദ്യം ഉയർന്നേക്കാം. ചെറുപ്പകാലം മുഴുവൻ കഷ്‌ടപ്പെട്ടു, കാലത്തു മുതൽ രാത്രി വരെ ജോലി ചെയ്‌ത്, കുട്ടികളെ പഠിപ്പിച്ച് അവരെ കല്യാണം കഴിച്ചു കൊടുത്തു കഴിഞ്ഞാൽ, “ഇനിയെന്തു ജീവിതം” എന്നൊരു തണുപ്പൻ മട്ടല്ലേ പൊതുവെ നമുക്ക്.
അയൽപക്കക്കാരനെക്കാൾ ഒരു നൂറു സ്‌ക്വയർ ഫീറ്റെങ്കിലും വലുതാക്കി കെട്ടി ഉയർത്തിയ കൊട്ടാരത്തിൽ സൗകര്യങ്ങൾക്കു നടുവിൽ, “കൺസ്‌ട്രക്‌റ്റീവ്” ആയോ, “ക്രിയേറ്റീവ്” ആയോ യാതൊന്നിലും താല്‌പര്യം ഇല്ലാത്ത, “വയസ്സായില്ലേ, ഇനി എന്തു ജീവിതം” എന്ന പോളിസിയുമായി ജീവിക്കുന്ന ധാരാളം വൃദ്ധദമ്പതികളെ കാണാറുണ്ട് നാട്ടിൽ ചെല്ലുമ്പോളൊക്കെ.
ഒരു ടിപ്പിക്കൽ കുശലാന്വേഷണം ഇങ്ങനെയായിരിക്കും.
“എന്താ സൂസി ആന്റി, സുഖമല്ലേ?”
“ഓ, എന്തു സുഖം ഇങ്ങനെ ജീവിച്ചു പോകുന്നു, മരിക്കുന്നതുവരെ”
“അയ്യോ ആന്റി, അത്രയ്‌ക്കു വയസ്സൊന്നുമായില്ലല്ലോ. അസുഖം വല്ലതും?”
“ഓ, അസുഖം മനസ്സിനാണെന്നേ”
“വീട്ടിൽ കാര്യങ്ങൾ ഒക്കെ?”
“ഓ, പണിക്ക് ആളൊക്കെയുണ്ട്; അവർ കാലത്തു തന്നെ എന്തെങ്കിലും വച്ചുണ്ടാക്കി തരും. കഴിക്കാൻ ആർക്കാ താല്‌പര്യം?”
“ആന്റി, മക്കൾക്ക് എപ്പോഴും അടുത്തിരിക്കാൻ പറ്റുമോ? അവർക്കും ജോലി ഉള്ളതല്ലേ?”
“അതു ശരിയാ”
“അപ്പോൾ പിന്നെ ആന്റിക്കും, അങ്കിളിനും പുറത്തൊക്കെ പോയി പണ്ടത്തെ കൂട്ടുകാരെയൊക്കെ കണ്ടു വന്നുകൂടേ? ഇടയ്‌ക്കൊക്കെ ഒരു ഔട്ടിംഗ് ഒക്കെ ആയാൽ ഒരു സന്തേഷമല്ലേ? കാറും ഡ്രൈവറും ചുമ്മാ കിടക്കുകയല്ലേ?”
“ഓ എന്തോന്ന് ഔട്ടിംഗ്? മനസ്സിനൊരു സന്തോഷവുമില്ലെന്നേ”
“ആന്റി, മനസ്സിനു സന്തോഷം നമ്മൾ ഉണ്ടാക്കുന്നതല്ലേ, ഇങ്ങനെ വീട്ടിൽ അടച്ചിരുന്നാൽ സന്തോഷം ഉണ്ടാവുമോ?
”ഓ, ഇത്ര വയസ്സായില്ലേ?“
ബാക്ക് ടു പവലിയൺ.
ഇന്ത്യയും യൂറോപ്പും തമ്മിലുള്ള കൾച്ചറൽ ഡിഫറൻസ് എന്നൊക്കെ കാരണങ്ങൾ നിരത്താമെങ്കിലും നമ്മൾ മാർത്തയെയും, മൈക്കിളിനിനെയും പോലെ ആവണോ, അതോ സൂസി ആന്റിയെപ്പോലെ ആവണോ എന്നു തീരുമാനിക്കുന്നത് നമ്മൾ തന്നയല്ലേ?
Generated from archived content: column1_oct9_09.html Author: seema_sreeharimenon