പട്ടുപോകാത്ത വൃക്ഷം

സമകാലീന കവികളിൽ ഒരു നക്ഷത്രമായി തിളങ്ങിനില്‌ക്കാൻ അയ്യപ്പന്‌ മാത്രമെ കഴിഞ്ഞിട്ടുളളു. അദ്ദേഹത്തെ ആധുനിക കവിയെന്നോ നവീന കവിയെന്നോ വ്യാഖ്യാനിക്കാൻ കഴിയില്ല, നിരൂപകർക്കുപോലും. അത്രയ്‌ക്ക്‌ മൗലീകവും പുതിയതുമായ അടയാളങ്ങൾ വരച്ചിടാൻ കവിതയിൽ അദ്ദേഹത്തിന്‌ കഴിഞ്ഞിട്ടുണ്ട്‌. ഇതെല്ലാം അയ്യപ്പനുമായുളള ബന്ധം കൊണ്ട്‌ എഴുതിവെയ്‌ക്കുന്നതല്ല. ഒരു കവിക്ക്‌ എത്രത്തോളം തന്റെ ജീവിതവുമായി കവിത ബന്ധപ്പെട്ടു നില്‌ക്കാം എന്നതിന്‌ അവസാനവാക്കാകും അയ്യപ്പൻ എന്ന കവി. ഈ തിരിച്ചറിവ്‌ മലയാളഭാഷ തിരിച്ചറിഞ്ഞിട്ടുണ്ട്‌. അദ്ദേഹത്തിന്റെ ജീവിതമാണോ കവിതയാണോ കൂടുതൽ ഇഷ്‌ടം എന്നു ചൊദിച്ചാൽ ഏകദേശം 25 വർഷത്തോളമായുളള ബന്ധത്താൽ അതിൽ ഏതെന്ന്‌ വ്യത്യാസപ്പെടുത്തി പറയാൻ കഴിയാത്ത തരത്തിൽ ഒരു തിരിച്ചറിവില്ലായ്‌മയാണ്‌ എനിക്ക്‌ അനുഭവപ്പെടുക. കേരളത്തിലെ മുഴുവൻ കവികൾക്കും മറ്റു സാഹിത്യകാരൻമാർക്കും നല്ലവായക്കാർക്കും തൊഴിലാളികൾക്കും കോൺഗ്രസുകാർക്കും മന്ത്രിമാർക്കും കമ്മ്യൂണിസ്‌റ്റുകാർക്കും പഴയതും പുതിയതുമായ നക്‌സലൈറ്റുകൾക്കും ലൈംഗിക തൊഴിലാളികൾക്കും നാടക, സിനിമ, സീരിയൽ പ്രവർത്തകർക്കും എല്ലാവർക്കും അയ്യപ്പനെ അറിയാം. കൂടുതലായും കുറച്ചു മാത്രമായും. അവരിൽ പലരും അയ്യനെക്കുറിച്ച്‌ പറയുന്ന പരാതി, അയ്യപ്പൻ മുഴുവൻ സമയ മദ്യപാനിയാണ്‌, വീട്ടിൽ കയറ്റാൻ കൊളളില്ല എന്നെല്ലാമാണ്‌. അതെല്ലാം അവരുടെ അനുഭവമായിരിക്കാം. അയ്യപ്പൻ ഞാനുമായി പരിചയപ്പെട്ട്‌ വീട്ടിൽ വരുന്ന കാലത്ത്‌ ഏകദേശം പത്ത്‌ അംഗങ്ങൾ എന്റെ വീട്ടിലുണ്ടായിരുന്നു. അവരിൽ കവിതപ്രിയമുളള ഒരാൾ ഞാൻ മാത്രം. എന്നിട്ടും കൗമാരക്കാരനായ എന്റെ പ്രിയ കവിയായി ആരാധനമൂർത്തിയായി അയ്യപ്പൻ എത്രയോ വട്ടം വീട്ടിൽ താമസിച്ചു. അന്നു മുതൽ എത്രയോ പോയ വർഷങ്ങൾ പലപ്പോഴായി വീട്ടിൽ താമസിച്ചു. കഴിഞ്ഞ ആഴ്‌ചയിൽ പോലും വീട്ടിൽ ഒരാഴ്‌ചയോളം അദ്ദേഹം താമസിച്ചു. പക്ഷേ ഇതുവരെ മദ്യപിച്ച്‌ ഒരു പ്രശ്‌നവും അദ്ദേഹം ഉണ്ടാക്കിയിട്ടില്ല.

നമ്മൾ കഥകൾ ചമയ്‌ക്കാൻ മിടുക്കരാണല്ലോ. അയ്യപ്പൻ എത്രമാത്രം കഥകൾ ചമയ്‌ക്കാൻ പറ്റിയ കോപ്പാണെന്ന്‌, അദ്ദേഹത്തിന്റെ സുഹൃത്തുക്കൾക്കും അല്ലാത്തവർക്കുമറിയാം. എത്രയോ മദ്യപാനികളും വൃത്തിഹീനരുമായ കവികളും കഥാകാരൻമാരും, ചിത്രകാരൻമാരും മലയാളത്തിലുണ്ട്‌. അവരെല്ലാം മലയാളിയുടെ സാംസ്‌ക്കാരിക നായകരാണ്‌. കളങ്കരഹിതനായ അയ്യപ്പൻ മാത്രം അനാർക്കി, മദ്യപാനി, അടുപ്പിക്കാൻ കൊളളാത്തവൻ. ഇതെല്ലാം പത്രക്കാരുടെയും ചില സാഹിത്യകാരൻമാരുടെയും കവികളുടെയും താല്പര്യങ്ങൾ മാത്രമാണ്‌. ഇതുകൊണ്ട്‌ അയ്യപ്പൻ മദ്യപാനിയല്ല എന്ന്‌ സമർത്ഥിക്കുകയല്ല. എന്റെ അനുഭവങ്ങൾ എങ്ങിനെയെന്ന്‌ പറയുക മാത്രം. പക്ഷേ അയ്യപ്പനെ അനുകരിച്ചവരും അകറ്റിയവരും അദ്ദേഹത്തിന്റെ ഇടിമിന്നലേറ്റ്‌ നിലം പൊത്തിയപ്പോൾ നഞ്ചുപാനിയായ ഇയാൾ മാത്രം വാടിക്കരിയാതെ, മഴയിൽ കൊഴിയാതെ, ചെറുകാറ്റിൽ ഉന്മാദിയായ്‌ തന്റെ ചൂണ്ടുവിരലും പെരുവിരലും മഷിത്തണ്ടും കൊണ്ട്‌ കാവ്യകലയുടെ നക്ഷത്രങ്ങൾ ചമയ്‌ക്കുകയായിരുന്നു.

‘ആകാശത്തിലും സമുദ്രത്തിലും

ആൾക്കൂട്ടമില്ലാത്തതു കൊണ്ട്‌

എനിക്കുമാത്രം പോകുവാൻ

ഞാനൊരു തെരുവു പണിയുന്നു.’

അതെ അയ്യപ്പന്റെ മാത്രമായ തെരുവ്‌ ഇന്ന്‌ മലയാള കവിതയിൽ ഏറ്റവും ശ്രദ്ധേയമാണ്‌. ആ തെരുവിലൂടെ അയ്യപ്പൻ എന്ന കവി മാത്രം നടന്നും ഓടിയും ഉരുണ്ടും ചാടിയും നിറഞ്ഞും പോകുന്നു. നൂറ്റാണ്ടുകളുടെ തെരുവു പണിയുവാൻ.

Generated from archived content: essay3_aug31_06.html Author: sebastian

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English