കിളിച്ചുണ്ടൻ മാമ്പഴം

അങ്ങേ വീട്ടിലെ അപ്പു നാട്ടിൽ നിന്നും അവധി കഴിഞ്ഞെത്തി. അമ്മ പ്രത്യേകമായി പത്രക്കടലാസിൽ പൊതിഞ്ഞ്‌ ചാക്കുനൂൽകൊണ്ട്‌ വരിഞ്ഞുകെട്ടി കൊടുത്തുവിട്ട പൊതികൾ അപ്പു ഇന്നലെ വൈകിട്ടുതന്നെ വീട്ടിൽ കൊണ്ടുവന്നു തന്നു. ഒപ്പം ഒരു താക്കീതും. അമ്മ പ്രത്യേകം പറഞ്ഞു ആ മാമ്പഴം ഇന്നുതന്നെ തിന്നണം അല്ലെങ്കിൽ കേടാവും.

പൊതികൾ ഓരോന്നായി അഴിച്ചപ്പോൾ വടക്കിനിയിൽ കാൽ നീട്ടിയിരുന്ന്‌, മടിയിലെ മുറത്തിലേക്ക്‌ മാങ്ങ ചെത്തിയിടുന്ന അമ്മയുടെ പുകയേറ്റ്‌ മങ്ങിയ മുഖവും ആ സ്‌നേഹത്തിന്റെ ഊഷ്‌മളതയും ഹൃദയത്തിലേക്ക്‌ ഒരു വേദനയായി തുളച്ചു കയറി.

തേങ്ങയും ശർക്കരയും വിളയിച്ച അവലിന്റെ പൊതിയിൽ ഒരു കുറിപ്പും ഉണ്ടായിരുന്നു. നിനക്ക്‌ അവൽ വിളയിച്ചത്‌ എത്ര ഇഷ്‌ടമാണെന്ന്‌ എനിക്കറിയാം. പണിക്കാരെ കിട്ടാനില്ലാതെ ആകെ വിഷമിക്കുകയാണു ഞാൻ. ജാനു വരാം എന്നു പറഞ്ഞു, വന്നില്ല. ഒടുവിൽ വടക്കേലെ നാണിയുടെ വീട്ടുമുറ്റത്ത്‌ പോയി അവളോട്‌ ചോദിക്കേണ്ടതായി വന്നു. അവളുടെ അടുക്കും ചിട്ടയുമില്ലാത്ത പണികൾ എനിക്കു പിടിക്കില്ലാന്നു നിനക്കറിയാലോ? തേങ്ങ അതുകൊണ്ടു ഞാൻ തന്നെ ചിരകി.

അവിടെ എല്ലാം കിട്ടും എന്നു നീ പറയും. പക്ഷേ പുന്നെല്ലിന്റെ അവലു വിളയിച്ചതും നമ്മുടെ തൊടിയിലെ കിളിച്ചുണ്ടൻ മാമ്പഴവും ഒക്കെ കിട്ടുമോ അവിടെ? നീ ഏതായാലും രണ്ടുമാസം കഴിയുമ്പോൾ വരുമല്ലോ? അപ്പോഴേക്കും കുട്ടികൾക്കിഷ്‌ടമുളള ചക്ക വറുത്തത്‌ ഉണ്ടാക്കി വയ്‌ക്കാം.

ആ അവൽ തിന്നുമ്പോഴൊക്കെ തൊണ്ടയിൽ നിസ്സഹായതയോ കുറ്റബോധമോ ഒക്കെ തടയുന്നതുപോലെ. തറവാടിന്റെ ചുവരുകൾക്കുളളിൽ തേഞ്ഞു തീരുന്ന അമ്മയുടെ മെലിഞ്ഞ ശബ്‌ദം കാതുകളിൽ മുഴങ്ങുന്നതു പോലെ. ഈ അവധിക്ക്‌ ചെല്ലുമ്പോഴെങ്കിലും അമ്മയ്‌ക്ക്‌ അൽപ്പം വിശ്രമം നൽകണം. മനസ്സിൽ കരുതി. പക്ഷേ അവധിക്കു ചെന്നപ്പോഴേക്കും അമ്മ കിടപ്പിലായി കഴിഞ്ഞിരുന്നു. ഇത്തവണ അവധി കഴിഞ്ഞ്‌ നീ പോവുമ്പോൾ എന്തെങ്കിലും ഒക്കെ പൊതിഞ്ഞ്‌ തന്നുവിടാൻ ഞാനുണ്ടാവില്ലല്ലോ എന്ന ദൈന്യ ഭാവത്തോടെ നോക്കികൊണ്ട്‌ അമ്മ എന്നന്നേക്കുമായി വിട പറയുകയും ചെയ്‌തു. ഒരു ശാരംഗ പക്ഷിയെപ്പോലെ ആ ജന്മം ശാന്തമായി പറന്നുപോയി.

ഇന്നലെ അപ്പു വീണ്ടും അവധി കഴിഞ്ഞെത്തി. കിളിച്ചുണ്ടൻ മാമ്പഴവും അവൽ വിളയിച്ചതും ഒന്നും പ്രതീക്ഷിച്ചിരുന്നില്ല. എങ്കിലും അനിയനോട്‌ അവന്റെ ഉണ്ണിയുടെ ഒരു പടം ചോദിച്ചിരുന്നു. ഒന്നും ഉണ്ടായില്ല. വിവരങ്ങളൊക്കെ ഇപ്പോൾ ഡോട്ട്‌കോമിലൂടെയാണല്ലോ അറിയുന്നത്‌! നഷ്‌ടമാവുന്ന കിളിച്ചുണ്ടൻ മാമ്പഴത്തിന്റെ മാധുര്യം മനസ്സിൽ ശൂന്യതയുടെ അറകൾ വർദ്ധിപ്പിച്ചു. പൂജ്യങ്ങളുടെ എണ്ണം കൂട്ടി പൂജ്യന്മാരാവുന്നവരുടെ ഗദ്‌ഗദങ്ങൾ ആരറിയാൻ!

Generated from archived content: story1_may27.html Author: seba_thomas

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English