കുതറി ഒഴുകാൻ കൊതിക്കുന്ന പുഴ
വേദന കാതിൽ കൊത്തിപറയുമ്പോൾ
മണ്ണടകൾ കൂർത്ത നാവുയർത്തി നക്കുന്നു.
അർബുദചരടുകൾ ചങ്ങലക്കെട്ടാവുന്നു.
പെയ്‌തൊഴിയാത്ത നോവുമായ്
24 വർഷങ്ങൾ മരിച്ചു ജീവിച്ച
പെൺകിടാവെ നിനക്കിന്ന്
നിറച്ചൂട്ടുമായ് വെളിച്ചം പകരുന്നു
പുതിയ കരുത്തിൻ സൗഹൃദം.
ശലഭമായി പറക്കാൻ നിൻ
ചിറകുകളിൽ നിറം പുരട്ടുന്നു
നാളയുടെ നിറമെഴുത്തുകാർ
കണ്ണീർ ചേർത്ത് ചുമപ്പ് ചാലിക്കുന്നു.
അർബുദപക്ഷി നിന്നിലെ
കൂടുപേക്ഷിച്ച് നടന്നകലുന്നതും
കാത്ത് അയൽപക്കത്തു-
ഞങ്ങളുണ്ടുറങ്ങാതെ
നിലാവ് പൂക്കും വഴികളിൽ
പാൽ ചിരിയുമായ് അക്ഷരം-
കോർക്കുവാൻ നീയെത്തുമെന്നാശിച്ച്
കടൽത്തിരയെണ്ണി കിഴക്കോട്ടോടുന്നു
പച്ച പ്രഭാത രശ്‌മികൾ.
ആരായിരുന്നുവെന്നല്ല, എന്താകുമെന്ന്
ഓർത്തസ്വസ്‌ഥതപെടും മനസ്
നിനക്കൊപ്പമുണ്ടെന്ന് തിരിച്ചറിഞ്ഞാശ്വസിക്കൂ
നിലാവിന്റെ മുഖമുള്ള കൂട്ടുകാരി.
Generated from archived content: poem2_sep16_10.html Author: sayanson_punnassery
Click this button or press Ctrl+G to toggle between Malayalam and English