കണ്ണീർമഴയിൽ കുതിരാതെ
മഴ മനസിൽ പെയ്യാൻ തുടങ്ങിയിട്ട്
വർഷമേറെയായെങ്കിലും ഇന്നും
കണ്ണിൽ വറ്റാത്ത വെയിലുണ്ട്
മനസിലെ നന്മയുടെ കിണർ വറ്റിയിരിക്കുന്നു.
ജീവിതം കുഴിഞ്ഞ രണ്ട് കിണറുകളായി
എത്താത്ത നോട്ടമായി ഒടുങ്ങുന്നു.
വെയിൽ തിന്ന് തണലൊരുക്കി
പാതയോരത്തെ ആൽമരമിന്ന്
അനാവശ്യമാണ്, പരസ്യം പൂക്കുന്ന
വർണക്കുടയുണ്ടെല്ലോ?
ഇടവഴിയിലെ ഇറുക്കത്തിൽ
ഒതുങ്ങാൻ പുത്തൻ പണത്തിന്റെ
ആർഭാടമേനിക്കാവില്ലല്ലോ?
കടൽപൂക്കുന്നതും കാത്ത് മലയിലെ
കാശാവുതണുപ്പിൽ കാറ്റിലലയാൻ
നരിതാളം മുഴങ്ങുന്ന മലകൾ
എലിപോലെ വയലിൽ ചോരയൊലിപ്പിച്ച്
ചത്തൊടുങ്ങുന്നു.
തോട്ടിൽ നിന്ന് തോട്ടിലേക്ക് വാലിൽ
വ്രണം പിടിച്ച പരൽ എങ്ങുമെത്താതെ
പിടഞ്ഞൊടുങ്ങുന്നു.
ദുഃഖദുരിതങ്ങൾ വടിവില്ലാത്ത
അക്ഷരങ്ങളിൽ കറുപ്പിച്ച് കണ്ണീരുകൊണ്ടൊട്ടിച്ച്
വിലാസംതെറ്റിയ അച്ഛന്
അയക്കാൻ ചുവപ്പൻ പെട്ടിയിൽ
കത്തിട്ടകാലവും കുതിരക്കുളമ്പൊടിയിൽ അമർന്നു.
വിത്തെടുത്തുണ്ണുന്നു പുതിയമുറ,
കടൽ കരയിലേക്കാഞ്ഞുപെയ്യുന്നു.
ഇവിടെ നമ്മളൊറ്റയാവുന്നു.
ഓർമ്മകൾ നിറയൊഴിക്കുമ്പോൾ…….
സമർപ്പിച്ചതാണ് ജീവിതവും
ജീവനും, എന്നിട്ടും അവസാനം
വാതത്തിന്റെ കടുംപിടുത്തത്തിൽ
ഇരുണ്ട മുറിക്കുള്ളിൽ നിറഞ്ഞ
സ്വപ്‌നവുമായി……….
നടന്നു തീർത്ത വഴികളിൽ
വിപ്ലവം പൂക്കുമ്പോൾ
കുട്ടികൾ പട്ടിണിയാണെങ്കിലും
നാട് വാരിപ്പുണർന്നിരുന്നു.
കുടുംബവീട്ടിൽ നിന്ന്
ഈയാംപാറ്റ പറക്കുന്ന
ചുമരുള്ള കൂരയിലേക്കുള്ള
പാതിരപകലാക്കിയുള്ള
നടത്തത്തിനിടയിലാണ്
അച്ഛൻ മക്കളുടെ മണമറിഞ്ഞത്.
പുലർകാലത്തിന്റെ ആലസ്യത്തിൽ
പാമ്പ് ഫണമുയർത്തി വിളിച്ചുണർത്തും,
തെക്കും ഭാഗത്തെ പുളിമരത്തിൽ നിന്ന്
പക്ഷികൾപേടിച്ച് കരയും.
സൂര്യനുണരുകയും ഉറങ്ങുകയും
ചെയ്യുന്നതിനിടയിൽ അസമത്വങ്ങൾ
പെരുകുകയായിരുന്നു.
ഇടവഴികളിൽ വെളിച്ചമായി
കാത്തിരിക്കാൻ, നീൾ മിഴിയുമായി
കരഞ്ഞിരിക്കാൻ ഇന്നാർക്കും നേരമില്ലല്ലോ?
കടുംതുടി താളമായി ലഹരിയിലിഴയുന്ന
നാവുമായി പാടിപതിഞ്ഞ നാടൻ പാട്ടുകൾ
മലമുകളിൽ നിന്നൊഴുകിയെത്തുന്നത്
കാലം കവർന്നു……..
മണ്ണിനെ പൊന്നാക്കുവോർ തളർന്ന്
പൊടിമണ്ണിലേക്ക് മറഞ്ഞു.
നിലയ്‌ക്കാത്ത ശോകഗാനം പോലെ
മഴക്കാലത്തുമാത്രമൊഴുകുന്ന അരുവി
ആർക്കും വേണ്ടാതായി……..
കണ്ണീരിലുപ്പെന്നപോലെ
സൗഹൃദത്തിൽ സ്‌നേഹം ചാലിച്ച
നെടിയനാടിനോളമുള്ള
മനസ്സുകൾ, പിറന്ന മണ്ണിൽ
ജീവിക്കാനാവാതെ പ്രവാസികളായി.
എന്നിട്ടിപ്പോഴും വെയിലുതിന്ന്
തണൽ പൊഴിക്കാൻ ഒരു മരമിവിടെയുണ്ട്.
കറു കറുത്തയിരുട്ടിലും വഴി തെറ്റാതിരിക്കാൻ
ഓർമ്മയിൽ പന്തം തെളിക്കുന്ന മുഖങ്ങളുണ്ട്.
Generated from archived content: poem1_nov29_10.html Author: sayanson_punnassery