വള്ളപ്പാട്ട്‌

പരശുരാമ മഹർഷിമഴുവെറിഞ്ഞെടുത്തൊരു

പുകൾപെറ്റ നാടിതല്ലൊ കേരള നാടു​‍്‌

മഹാബലിചക്രവർത്തി നാടുകാണാൻ വരും നാളു​‍്‌

തിരുവോണം പൊടിപൂരം പ്രജകൾക്കിന്നും

കാലമെത്ര കഴിഞ്ഞാലും കഴിയില്ലമറക്കുവാൻ

മാനുഷരെല്ലാരുമൊന്നായ്‌ക്കഴിഞ്ഞകാലം

കള്ളമില്ല ചതിയില്ല തെല്ലുമില്ല പൊളിവാക്കും

ആപത്താർക്കുമില്ലതന്നെ യാമോദം മാത്രം

സ്വർഗ്ഗതുല്യം സുന്ദരമാം സുഖമുള്ള പൂർവ്വകാലം

മറക്കുവാൻ കഴിയുമോ മർത്ത്യജന്മത്തിൽ

ദൈവത്തിന്റെ സ്വന്തം നാട്ടിൽ ആഘോഷത്തിമിർപ്പാണെങ്ങും

കേരനിരതിങ്ങും നാട്ടിൽ കേരളനാട്ടിൽ

അത്തം തൊട്ട്‌ പത്ത്‌ നാളും തുടർന്നുള്ള നാളുകളും

ചിത്തമൊന്നായ്‌ത്തന്നെയങ്ങ്‌ മേളമാണല്ലൊ

കുട്ടികൾക്കും മുതിർന്നോർക്കും വേറെ വേറെ കളികളു​‍്‌

കേരളത്തിൽ മാലോകർക്ക്‌ മഹോത്സവമായ്‌

കടുവയായ്‌ പുലികളായ പൂപ്പനായമ്മൂമ്മയായ്‌

പകലിരവില്ലാതങ്ങ്‌കളികളാണേ

ഓണക്കോടിയുടുത്തിട്ട്‌ ഓണത്തുമ്പിതുള്ളുന്നതും

നിലവിളക്കിൻ ചുറ്റിലും തിരുവാതിര

കളികളിൽ പ്രധാനമായ്‌ കേഴ്‌വിയേറും വള്ളംകളി

ലോകത്തിന്റെ കോണിലെങ്ങും പ്രസിദ്ധമാണേ

ആറന്മുളഭഗവാന്‌ ഉത്രട്ടാതി വള്ളംകളി

ചാച്ചാജി തന്നോർമ്മയ്‌ക്കായി നെഹറുട്രോഫി

പായിപ്പാട്ട്‌ വള്ളംകളി പമ്പയാറ്റിൽ വള്ളംകളി

ചമ്പക്കുള വള്ളംകളി കരുവാറ്റയും

കവികളിൽ പ്രധാനിയാം കുമാരനാശാന്റെ പേരിൽ

പല്ലനയാറ്റിലുമുണ്ട്‌ ജലമാമാങ്കം

ഇല്ലദേശം വിദേശവുമില്ല ഭേദം സ്‌ത്രീ പുരുഷൻ

തരുണിമാർ മെയ്‌ക്കരുത്ത്‌ കാട്ടുന്ന കാണാം.

ചുണ്ടൻ വളളമോടിവള്ളം വെപ്പുവള്ളം ചുരുളനും

തുഴയുന്നു കരുത്തന്മാരൊന്നാമതെത്താൻ

കേരളത്തിൽ മഹത്വമാർന്നനേകമാം നദികളു-

ണ്ടതിലാണേ ജലകേളിയാവേശത്തോടെ

വർണ്ണവസ്‌ത്രം ധരിച്ചെത്തും കാണികൾക്ക്‌ രോമാഞ്ചമായ്‌

മിന്നൽ പോലെ പാഞ്ഞുകേറും ജലരാജാക്കൾ

കയ്യും മെയ്യും മറന്നങ്ങുകളിവളളം തുഴയുമ്പോൾ

ആർപ്പുവിളിയോടെ ജനം എതിരേൽക്കുന്നേ.

Generated from archived content: poem1_sep7_09.html Author: sathyasheelan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here