കൊല്ലം കണ്ടാലില്ലം വേണ്ട എന്ന ചൊല്ലന്വര്‍ത്ഥമാക്കി
കൊല്ലങ്ങളേറെയായിട്ട് വിലസുംദേശിംഗനാട്.
വേണാടിന്റെ തലസ്ഥാനം ചിരപുരാതനദേശം
വാണ തിരുവിതാംകൂറിന്‍ വാണിജ്യകേന്ദ്രം
കയറും കശുവണ്ടിയും കരിമണല്‍ ഖനനവും
ഉയരുവാന്‍ തൊഴിലേകി നാടിന്‍ നന്മയ്ക്കായ്
ഉത്തുംഗവിളക്കുമാടം ദിശനല്‍കുന്നതുപോലെ
ഉന്നതമാം സ്ഥാനം നേടി ചരിത്രത്താളില്‍
അതിവേഗം ചരക്കുകള്‍ അന്യദേശത്തെത്തിക്കുവാന്‍
ആദ്യമായി റയില്‍പ്പാത വന്നദേശവും
മലയാളവര്‍ഷത്തിന് നിത്യദിനസൂചികയായ്
കൊല്ലവര്‍ഷം ആരംഭിച്ചു ഈ ദേശം ആദ്യം
ആദിയില്ലനന്തമായ അമ്പ്ധിയുടെ പ്രിയപുത്രി
ആകര്‍ഷിക്കുമാരേയും ഈ പുരത്തിലേക്ക്
മഹാരഥന്മാരായുള്ള സാംസ്‌കാരികനായകന്മാര്‍
മഹാനഗരത്തെ വാഴ്ത്തി വഴിതുറന്നു
കാക്കനാടന്‍ തിരുനല്ലൂര്‍ പാറപ്പുറം ഒഎന്‍വിയും
ഒക്കെ അതിന്‍ മുന്‍നിരയില്‍ നിരന്നു നിന്നു
അഷ്ടമുടിപ്പൊന്നോളങ്ങള്‍ കുളിരേകും നാടിതിനെ
ആഴിതന്റെ തിരകളാല്‍ തഴുകിടുന്നു
സുഗന്ധവ്യഞ്ജനങ്ങളില്‍ ആര്‍ത്തിപൂണ്ട് വന്നുചേര്‍ന്നു
ഇംഗ്ലീഷ്‌കാരും ഡച്ചുകാരും പോര്‍ച്ചുഗീസ്‌കാരും
തേവള്ളീലെ കൊട്ടാരവും തങ്കശേരി കോട്ടയതും
അവശേഷിച്ചവരുടെ ഓര്‍മ്മപുതുക്കാം
മത്സ്യബന്ധനത്തിനായി തുറമുഖം നീണ്ടകര
മത്സരിച്ച് വ്യാപാരികള്‍ ആപണം ചെയ്യും
അക്ഷരദീപം തെളിച്ചു അറിവിന്റെ പൊന്‍പ്രഭയില്‍
അനേകമാം സരസ്വതീ ക്ഷേത്രങ്ങളുണ്ട്
നാനാജാതി മതസ്ഥര്‍ക്കും ആത്മശാന്തിയേകിക്കൊണ്ട്
നാനാഭാഗത്തായി നല്ലദേവാലയങ്ങള്‍
ഉത്സവകാലത്തിവിടെ വഞ്ചിപ്പാട്ടിന്‍ ശീലുയരും
ഉത്സാഹമായ് വള്ളംകളി പൊടിപൊടിക്കും
Generated from archived content: poem3_sep4_14.html Author: sathyaseelan-karthikapilli