കര്‍ഷകകേരളത്തിനൊരു വഞ്ചിപ്പാട്ട്

കേരവൃക്ഷത്തിന്റെ പേര് നാമധേയമുള്ളതായ
കേരളം മഹത്വമാര്‍ന്ന കാര്‍ഷികദേശം
കല്പ്പവൃക്ഷനിരകള്‍ തന്‍ കരവലയത്തിനുള്ളില്‍
നെല്‍പാടങ്ങള്‍ കതിര്‍ക്കുല ഉതിര്‍ക്കും നാട്
നാടിതിന്റെ നെല്ലറയായ് കുട്ടനാടും പാലക്കാടും
നാനാതരം വിളകളാല്‍ ധന്യസംസ്ഥാനം
നദികള്‍ നാല്പ്പത്തിനാല് അതിലാകെ കുളിര്‍ജലം
നനച്ചുവളര്‍ത്തീടുവാന്‍ വിളകളേതും
പൂക്കളുണ്ട് പുഴയുണ്ട് ദൈവത്തിന്റെ സ്വന്തം നാട്ടില്‍
പാട്ടുകാരന്‍ കുയിലിന്റെ നാദവുമുണ്ട്
സുഗന്ധവ്യജ്ഞനങ്ങള്‍തന്‍ ഖ്യാതികേട്ട് പലവട്ടം
സായിപ്പന്മാരരതലമുറുക്കിയെത്തി
അവരോട് ജന്മദേശം തിരിച്ചുപിടിക്കുവാനായി
അവിരാമമടരാടി നാടിന്‍ നായകര്
അറേബ്യാബ്ദി തിരകളാല്‍ തവപാദം തഴുകുന്നു
ശിരസായ സഹ്യഗിരി ഗര്‍വുയര്‍ത്തുന്നു
മലയോരമില്ലാതുള്ള തീരദേശജില്ലയല്ലെ
ആലപ്പുഴ കിഴക്കിന്റെ വെനീസാണുപോല്‍
കുട്ടനാടോണാട്ടുകര ഏവമെട്ടുകരചേര്‍ന്ന്
കുന്നുമ്പുറമില്ലാതുള്ള സമതലങ്ങള്‍
ഇളനീര്‍ക്കുലകളേന്തും കേരവൃക്ഷജാലങ്ങളും
ഹരിതാഭമായിടുന്ന വയലുകളും
റാണീചിത്തിരമാര്‍ത്താണ്ഡം മതികായല്‍ ഇവയെല്ലാം
മണിക്കതിര്‍ വിളയിച്ച കായല്‍ നിലങ്ങള്‍
വിളയെല്ലാമെടുത്തിട്ട് കളിവഞ്ചി തുഴയുമ്പോള്‍
വഞ്ചിപ്പാട്ടിന്‍ ദ്രുതതാളം ഉയര്‍ന്നു കേള്‍ക്കാം
അച്ചന്‍കോവില്‍ പുന്നമട ചമ്പക്കുളം പുത്തനാറും
അതിന്‍ സാക്ഷിയായിടുന്നു പല നൂറ്റാണ്ടായ്
വരദാനമായി നല്ല മണ്ണുമുണ്ടു വെള്ളമുണ്ടു
മെയ്യനങ്ങി പണിചെയ്താല്‍ പൊന്നു വിളയും
മണ്ണില്‍ പൊന്ന് വിളയിച്ച ശ്രേഷ്ഠരായ കര്‍ഷകര്‍ക്ക്
മണ്ണിന്‍ മക്കള്‍ നമ്മള്‍ നല്‍കും സ്നേഹാദരങ്ങള്‍.

സത്യശീലന്‍ കാര്‍ത്തികപ്പിള്ളി

mob: 8089138324

Generated from archived content: poem1_aug11_12.html Author: sathyaseelan-karthikapilli

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here