ഗുരുപാദസ്പര്‍ശമേറ്റ പുണ്യഭൂമിയിലൂടെ ഒരു തീര്‍ത്ഥയാത്ര

പ്രഭാതം പൊട്ടി വിരിഞ്ഞപ്പോള്‍ ഞങ്ങള്‍ മരുത്വാമലയുടെ അടിവാരത്തിലുള്ള ആശ്രമത്തിലെത്തി. ദിനചര്യകളും കുളിയും കഴിഞ്ഞ് ചായ കഴിച്ചു. ആശ്രമത്തിലെ പൂജാമുറിയില്‍ ചെന്ന് പ്രാര്‍ഥന നടത്തി മലകയറാന്‍ പോയി.

മരുത്വാമല സഹ്യപര്‍വതത്തിന്റെ തെക്കെ അറ്റത്ത് സ്ഥിതി ചെയ്യുന്നു. കന്യാകുമാരി ജില്ലയിലാണ് ഈ മല കിടക്കുന്നത്. നാഗര്‍കോവിലില്‍ നിന്ന് പത്തുകിലോമീറ്ററോളം തെക്കുമാറിയാണ് ഈ മലയുടെ സ്ഥാനം. എന്‍. എച്ച്. 47 -ല്‍ നിന്ന് അരകിലോമീറ്റര്‍ ചെന്നാല്‍ മലയുടെ അടിവാരത്തിലെത്താം. ഇവിടെനിന്ന് 1400 അടി ഉയരത്തിലാണ് പിള്ളത്തടം ഗുഹ.

വളഞ്ഞുതിരിഞ്ഞു പോകുന്ന പാറക്കെട്ടുകള്‍ നിറഞ്ഞ നടപ്പാതയിലൂടെ കയറിച്ചെന്നാല്‍ പിള്ളത്തടം ഗുഹ കാണാം. പല തരം ഔഷധച്ചെടികള്‍ നിറഞ്ഞതാണ് ഈ മല.

പിള്ളത്തടം ഗുഹയുടെ മുകളില്‍ വിരിപ്പാറകള്‍ .രണ്ടു പാറകളുടെ മുകളിലുള്ള വിടവിലൂടെ ഒരാള്‍ക്ക് താഴേക്കിറങ്ങാം. അവിടെയുള്ള പാറയില്‍ കുറേപ്പേര്‍ക്ക് ഒരുമിച്ചിരിക്കാനുള്ള ഇടമുണ്ട്. അവിടെയിരുന്നാല്‍ സുഖമായ കാറ്റു കിട്ടും. അവിടെനിന്ന് ഗുഹയിലേക്കു കടക്കാം. പത്തുപന്ത്രണ്ടു പേര്‍ക്ക് നിരന്നിരിക്കാനുള്ള ഇടമുണ്ട് ഗുഹയുടെ അകത്ത്. ഗുഹക്കകത്ത് നിവര്‍ന്നു നില്‍ക്കാനുള്ള ഉയരമുണ്ട്. ഈ ഗുഹയിലിരുന്നാണ് നാണുആശാന്‍ കഠിനമായ തപസ്സു ചെയ്തത്. അരിയാഹാരമൊന്നും കഴിക്കാതെ പച്ചിലകളും കായ്കനികളും ഭക്ഷിച്ചാണ് തപസനുഷ്ഠിച്ചത്. അന്ന് അവിടെ പുലിയും പാമ്പും ഉണ്ടായിരുന്നു. അതൊന്നും നാണുവാശാനെ ഉപദ്രവിക്കുകയില്ലായിരുന്നു. അവിടെവച്ച് നാണുവാശാന്‍ ഒരു രാത്രി സുബ്രമണ്യദര്‍ശനമുണ്ടായി. അതിനു ശേഷം നാണുവാശാന്‍ മരുത്വാമലയില്‍ നിന്നിറങ്ങി നാട്ടില്‍ വന്നു. പുണ്യക്ഷേത്രങ്ങള്‍ ദര്‍ശനം നടത്തി നടന്നു. ശ്രീനാരായണഗുരു എന്ന പേരില്‍ പ്രസിദ്ധനായി.

മരുത്വാമലയുടെ മുകളില്‍ നിന്നു നോക്കിയാല്‍ അതിമനോഹരങ്ങളായ ദൃശ്യങ്ങള്‍ കാണാം. കന്യാകുമാരിയും പരിസരപ്രദേശങ്ങളും ഈ പുണ്യഭൂമിയില്‍ നിന്നു നോക്കിയാല്‍ കാണാന്‍ കഴിയും.

ശ്രീനാരായണഗുരുദേവന്റെ പാദസ്പര്‍ശത്താല്‍ പരിപാവനമായ ഈ ഗുഹയിലിരുന്ന് പ്രാര്‍ത്ഥിച്ചാല്‍ ലഭിക്കുന്ന ആത്മാനുഭൂതി പറഞ്ഞറിയിക്കുവാന്‍ പ്രയാസമാണ്‍. അതനുഭവിച്ചറിയുക തന്നെ വേണം. ഗുരുദേവന്റെ തപശക്തിയുടെ സ്പന്ദനം ഇവിടെ ഇപ്പോഴും നില്‍നില്‍ക്കുന്നുണ്ട്. വളരെ പ്രയാസപ്പെട്ട് മല കയറി പിള്ളത്തടം ഗുഹയിലിരുന്ന് പ്രാര്‍ത്ഥിച്ചു കഴിയുമ്പോള്‍ എല്ലാ‍ ക്ഷീണവും പ്രയാസങ്ങളും തീരും. ഒരു നവ ഉന്മേഷം കൈവരും. ജീവിതത്തില്‍ എന്തെല്ലാമോ നേടിയ അനുഭവം സംതൃപ്തി. സമാധാനം. സന്തോഷം പറഞ്ഞറിയിക്കുവാന്‍ പറ്റാത്ത ആനന്ദം എല്ലാം ഉണ്ടാകും.

ഗുഹയില്‍ നിന്നു കടന്ന് മലയിറങ്ങി താഴെയുള്ള ആശ്രമത്തില്‍ വന്നു. സുഖമായ ഭക്ഷണം അവിടെനിന്നും കഴിച്ചു. വിശ്രമത്തിനുശേഷം അരുവിപ്പുറം കാണാന്‍ തിരിച്ചു.

അരുവിപ്പുറത്തു വന്നു. നെയ്യാറിന്റെ തീരത്തുള്ള മനോഹരമായ സ്ഥലമാണ്‍ അരുവിപ്പുറം. നെയ്യാറിലിറങ്ങി കുളിച്ചു. ശിവക്ഷേത്രത്തില്‍ പോയി പ്രാര്‍ഥിച്ചു. ശ്രീനാരായണ ഗുരുദേവന്‍ ആദ്യമായി പ്രതിഷ്ഠിച്ച ക്ഷേത്രമാണിത്. ഇവിടെ കൊടിതൂക്കിമലയിലുള്ള ഗുഹയില്‍ ഗുരുദേവന്‍ ധ്യാനനിരതനായി കഴിഞ്ഞിരുന്നു. കൊടിതൂക്കി മലയും ഗുഹയും ഗുരുദേവന്റെ പാദസ്പര്‍ശത്താല്‍ പുണ്യഭൂമിയായിത്തീര്‍ന്നു.

അരുവിപ്പുറം ക്ഷേത്രം പ്രതിഷ്ഠിക്കുന്ന കാലത്ത് കൊടിതൂക്കി മലയും പരിസരവും വനപ്രദേശമായിരുന്നു. കടുവ, പുലി, തുടങ്ങിയ കാട്ടുമൃഗങ്ങള്‍ ഇവിടെ ഉണ്ടായിരുന്നു. 1888 – ല്‍ ആണ്‍ അരുവിപ്പുറത്ത് ശിവപ്രതിഷ്ഠ നടത്തിയത്.ശിവരാത്രി ദിവസം നെയ്യാറിലെ ശങ്കരന്‍ കുഴിയില്‍ നിന്ന് മുങ്ങിയെടുത്ത് ശിവലിംഗമാണ്‍ പ്രതിഷ്ഠിച്ചത്. കേരളനവോത്ഥാനത്തിന്‍ നാന്ദി കുറിച്ച സംഭവമാണ്‍ ഈ ക്ഷേത്രപ്രതിഷ്ഠ. അവര്‍ണ്ണര്‍ക്ക് ശിവനെ ആരാധിക്കുവാന്‍ അവകാശമില്ലാതിരുന്ന കാലഘട്ടത്തിലാണ്‍ ഈ ക്ഷേത്രപ്രതിഷ്ഠ നടത്തിയത്. ക്ഷേത്ര പരിസരത്ത് ഗുരുദേവന്‍ സ്വന്തം കൈപ്പടയില്‍ ഇങ്ങനെ എഴുതി വച്ചു.

‘’ജാതി ഭേദം മതദ്വേഷം

ഏതുമില്ലാതെ സര്‍വ്വരും

സോദരത്വേന വാഴുന്ന

മാതൃകാസ്ഥാനമാണിത്. ‘’

അരുവിപ്പുറം ക്ഷേത്രവും കൊടിതൂക്കുമലയും കണ്ട് ചെമ്പഴന്തിയിലേക്കു പുറപ്പെട്ടു.

തിരുവനന്തപുരത്തുനിന്ന് പന്ത്രണ്ടു കിലോമീറ്റര്‍ വടക്കാണ്‍ ചെമ്പഴന്തി ഗ്രാമം. ഈ ഗ്രാമത്തിലെ വയല്‍ വാരത്തുവീട്ടിലാണ്‍ ശ്രീനാരായണഗുരുദേവന്‍ ജനിച്ചു വീണത്. ജന്മഗൃഹം കണ്ട് ഗുരുദേവനെ വണങ്ങി. ശിവഗിരിക്കു പുറപ്പെട്ടു.

വര്‍ക്കലക്കടുത്താണ്‍ ശിവഗിരി. ശിവഗിരിയില്‍ വന്നു. . ശിവഗിരിയില്‍ വിദ്യയുടെ ദേവതയായ ശാരദാപ്രതിഷ്ഠയുണ്ട്. ഈ കോവിലിനാണ്‍ ശാരദാമഠം എന്നു പറയുന്നത്. ശാരദാമഠത്തിലെ പ്രതിഷ്ഠാകര്‍മ്മം നടന്നത് 1912 -ല്‍ ആയിരുന്നു.

ആയിടെ ഗുരുദേവന്‍ ക്ഷേത്രങ്ങളെക്കുറിച്ച് ഇങ്ങനെ പറഞ്ഞു. ‘’ക്ഷേത്രങ്ങള്‍ പഴയ സമ്പ്രദായത്തില്‍ വളരെ പണം ചെലവഴിച്ച് ഉണ്ടാക്കേണ്ട ആവശ്യമില്ല . ഉത്സവത്തിനും കരിമരുന്നിനും മറ്റും പണം ചിലവഴിക്കരുത്. ക്ഷേത്രത്തില്‍ ജനങ്ങള്‍ക്ക് സുഖത്തോടെ വന്നിരിക്കാനും പ്രസംഗിക്കാ‍നും മറ്റും ഏര്‍പ്പാടുകളുള്ള വിശാലമായ മുറികളാണ്‍ വേണ്ടത്. എല്ലാ ക്ഷേത്രങ്ങളോടൂം ചേര്‍ന്ന് വിദ്യാശാലകളും തോട്ടങ്ങളും ഉണ്ടായിരിക്കണം. കുട്ടികളെ പലതരം വ്യവസായങ്ങള്‍ ശീലിപ്പിക്കാനുള്ള ഏര്‍പ്പാടുകളും അവയോടുചേര്‍ന്നുണ്ടായിരിക്കേണ്ടതാണ്‍. വഴിപാടായി ക്ഷേത്രത്തില്‍ കിട്ടുന്ന ധനം സാധുക്കളായ ജനങ്ങള്‍ക്കു തന്നെ പ്രയോജനകരമായ വിധത്തില്‍ ചെലവഴിക്കുകയാണ്‍ വേണ്ടത്. ‘’

ശാരദാദേവിയെ പ്രാര്‍ത്ഥിച്ചു. ഗുരുദേവന്റെ സമാധിപീഠത്തില്‍ ചെന്നു. ഗുരുദേവനെ സമാധിയിരിത്തിയിരിക്കുന്ന സ്ഥാനത്ത് അതിമനോഹരമായ സമാധി പീഠം. ശ്രീമദ് ഗീതാനന്ദ സ്വാമിയുടെ നേതൃത്വത്തില്‍ എം. പി മൂത്തേടത്താണ്‍ ഇതിന്റെ നിര്‍മ്മാണചിലവ് നിര്‍വഹിച്ചത്. ഗുരുദേവന്റെ മുമ്പില്‍ എല്ലാ ദു:ഖങ്ങളും ദുരിതങ്ങളും ഇറക്കി വച്ചു പ്രാര്‍ത്ഥിച്ചു. തികഞ്ഞ സംതൃപ്തിയോടെ വീട്ടിലേക്കു മടങ്ങി.

വര്‍ഷം തോറും ഡിസംബര്‍ 30, 31, ജനുവരി 1 തീയതികളില്‍ ലക്ഷകണക്കിനാളുകള്‍ ഗുരുദേവസ്മരണയുമായി ശിവഗിരി തീര്‍ത്ഥാടനം നടത്തി വരുന്നു.

Generated from archived content: essay1_oct28_11.html Author: sathyan_thannipuzha

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here