കാഞ്ഞൂർ സെന്റ്‌ സെബാസ്‌റ്റ്യൻസ്‌ ഹൈസ്‌കൂൾ എന്റെ മാതൃവിദ്യാലയം

എന്റെ ജീവിതത്തിൽ ഏറ്റവും സുന്ദരമായ കാലത്തിന്റെ ഓർമ്മകൾ നിറഞ്ഞതാണ്‌ സെന്റ്‌ സെബാസ്‌റ്റ്യൻസ്‌ ഹൈസ്‌ക്കൂൾ ജീവിതകാലം. എനിക്ക്‌ അറിവും സാംസ്‌കാരിക മൂല്യങ്ങളും നൽകി എന്നെ ഞാനാക്കിതീർത്തതിൽ ഈ വിദ്യാലയത്തിന്‌ വലിയ പങ്കുണ്ട്‌. ഈ വിദ്യാലയമില്ലായിരുന്നുവെങ്കിൽ എനിക്ക്‌ ഹൈസ്‌ക്കൂൾ വിദ്യാഭ്യാസം ലഭിക്കുമായിരുന്നില്ല. ബാലസാഹിത്യരംഗത്ത്‌ നാല്‌പതുകൃതികൾ രചിച്ച്‌ പ്രശസ്‌തി നേടാൻ കഴിഞ്ഞത്‌ ഈ വിദ്യാലയത്തിൽ നിന്നു നേടിയ അറിവിന്റെ വെളിച്ചമാണ്‌.

ഒക്കൽ പഞ്ചായത്തിലാണ്‌ എന്റെ വീട്‌. ഞാൻ പഠിക്കുന്നകാലത്ത്‌ ഒക്കലും താന്നിപ്പുഴയും ഹൈസ്‌ക്കൂളില്ല. കാലടിയിൽ സംസ്‌കൃതസ്‌ക്കൂളുണ്ട്‌. ഒക്കൽ പ്രൈമറി സ്‌ക്കൂളിൽ നിന്ന്‌ നാലാംക്ലാസ്സ്‌ വിദ്യാഭ്യാസം കഴിഞ്ഞ്‌ കാഞ്ഞൂർ ഹൈസ്‌ക്കൂളിൽ വന്നു പ്രിപ്പേരറ്ററി ക്ലാസ്സിൽ ചേർന്നു പെരുമറ്റത്തു നിന്നു കാഞ്ഞൂർക്ക്‌ അന്ന്‌​‍്‌ കടത്തുവഞ്ചിയുണ്ടായിരുന്നു. മലവെള്ളക്കാലത്ത്‌ വഞ്ചികടന്നുസ്‌ക്കൂളിൽ പോകാൻ ബുദ്ധമുട്ടായിരുന്നു.

കെ. പാപ്പുമാഷായിരുന്നു ക്ലാസ്സ്‌ടീച്ചർ. ആ വർഷം കെ. ബഞ്ചമിൻ മാഷും പി.എൽ. ചുമ്മാരുമാഷും പുതിയതായി ജോലിക്കുചേർന്നു. അഞ്ചാം ക്ലാസ്സിലും ആറാംക്ലാസ്സിലും ബഞ്ചമിൻ മാഷ്‌ ക്ലാസ്സ്‌ എടുത്തിരുന്നു. ഏതെങ്കിലും ക്ലാസ്സിൽ അദ്ധ്യാപകൻ ലീവാണെങ്കിൽ ആ ക്ലാസ്സിൽ വന്ന്‌ ബഞ്ചമിൻ മാഷ്‌ ക്ലാസ്സ്‌ എടുക്കും. പലപ്പോഴും ജനറലായിട്ടുള്ള കാര്യങ്ങളായിരിക്കും പറഞ്ഞു തരുന്നത്‌. ചിലപ്പോൾ നല്ല സാരോപദേശകഥകൾ പറഞ്ഞു തരും. നല്ല കവിതകൾ ചൊല്ലി കേൾപ്പിക്കും. ഈ അനുഭവം എനിക്കു എഴുതാൻ പ്രചോദനം നൽകി. പിൽക്കാലത്ത്‌ സിനിമാനടനും സംവിധായകനുമായ ശ്രീമൂലനഗരം വിജയൻ എന്റെ സഹപാഠിയായിരുന്നു. ഞങ്ങൾ ഒരു ബഞ്ചിലിരുന്നാണ്‌ പഠിച്ചത്‌. പിന്നീട്‌ അകവൂർ ഹൈസ്‌ക്കൂൾ തുടങ്ങിയപ്പോൾ അവിടേക്ക്‌ മാറി. ജില്ലാപഞ്ചായത്ത്‌ പ്രസിഡന്റും സി.പി.ഐ നേതാവുമായിരുന്ന പി.കെ. ഇബ്രാഹിംക്കുട്ടിയും അന്ന്‌ കാഞ്ഞൂരിൽ പഠിച്ചിരുന്നു. പിന്നീട്‌ അകവൂർ സ്‌ക്കൂളിലേക്കു മാറി. ചൊവ്വര നിന്നും മലയാറ്റൂർ നിന്നും കാഞ്ഞൂർ സ്‌ക്കൂളിൽ നിന്നും നടന്നുവന്നാണ്‌ കുട്ടികൾ പഠിച്ചിരുന്നത്‌.

ഏഴാം ക്ലാസ്സിൽ പഠിക്കുമ്പോൾ ഞാൻ സാഹിത്യസമാജത്തിന്റെ സെക്രട്ടറിയായി. ഇന്ന്‌ ഫാദർ ഡൊമനിഷ്യൻ മാണിക്കത്താൻ എന്ന പേരിലറിയപ്പെടുന്ന ഫാദർ അന്ന്‌ എട്ടാംക്ലാസ്സിൽ പഠിക്കുന്നുണ്ടായിരുന്നു. കാലടി ബ്രഹ്‌മാനന്തോദയം സംസ്‌കൃത സ്‌ക്കൂളിൽ നിന്നും ശാസ്‌ത്രി പരീക്ഷപാസ്സായി എട്ടാം ക്ലാസ്സിൽ വന്നു ചേർന്നതാണ്‌. എന്റെ നാട്ടുകാരനാണ്‌. അദ്ദേഹം എനിക്കു പ്രസംഗം എഴുതി തരാറുണ്ട്‌.

സ്‌ക്കൂളിൽ മുൻവശത്ത്‌ മുറ്റം നിറയെ പടർന്നു പന്തലിച്ചു നില്‌ക്കുന്ന മഴമരങ്ങൾ ഗേറ്റിനു പുറത്തെ റോഡിനരികിൽ പോലീസ്‌ സ്‌റ്റേഷൻ. ചുറ്റുവട്ടത്തും ചെറിയ വീടുകൾ. ഈ വീടുകളും പോലീസ്‌ സ്‌റ്റേഷനും മാറ്റി ഇന്നു കാണുന്ന പ്ലേഗ്രൗണ്ട്‌ നിർമ്മിച്ചത്‌ ഞാൻ ഏഴാം ക്ലാസ്സിൽ പഠിക്കുന്നകാലത്താണ്‌. അന്ന്‌ കൊച്ചി രാജ്യമായിരുന്നു. ഇന്ത്യയ്‌ക്ക്‌ സ്വാതന്ത്ര്യം ലഭിച്ചിരുന്നെങ്കിലും കേരള സംസ്‌ഥാനം നിലവിൽ വന്നിരുന്നില്ല. അന്ന്‌ കൊച്ചിയിലെ മന്ത്രിയായിരുന്ന ഔസേപ്പാണ്‌ പോലീസ്‌ സ്‌റ്റേഷനും വീടുകളും മാറ്റി സ്‌ക്കൂളിനു പ്ലേഗ്രൗണ്ടിന്‌ സ്‌ഥലം അനുവദിച്ചു തന്നത്‌. ആ വർഷം ആനുവേഴ്‌സറിക്ക്‌ മന്ത്രിയെ ക്ഷണിച്ചു. പൊതുയോഗം കഴിഞ്ഞപ്പോൾ മന്ത്രിക്ക്‌ നന്ദി പറഞ്ഞത്‌ ഞാനാണ്‌. പ്രസംഗം എഴുതി തന്നത്‌ ബഞ്ചമിൻ മാഷും. എന്റെ ജീവിതത്തിലെ മറക്കാനാകാത്ത ഒരു സംഭവമാണ്‌ അന്നത്തെ പ്രസംഗം. ഇന്ന്‌ സ്‌റ്റേജിൽ കയറി നല്ല രീതിയിൽ പ്രസംഗിക്കാൻ കഴിയുന്നതിനു തുടക്കം കുറിച്ചതിനു നന്ദി പറയേണ്ടത്‌ ബഞ്ചമിൻ സാറിനോടും.

ഹൈസ്‌ക്കൂളിൽ പഠിച്ചിരുന്നപ്പോൾ മലയാളപാഠാവലിയിൽ തകഴിയുടെ വെള്ളപ്പൊക്കത്തിൽ എന്ന കഥ പഠിക്കുവാനുണ്ടായിരുന്നു. ആ കഥ പഠിച്ചപ്പോൾ അതേ രീതിയിൽ എന്റെ ഗ്രാമത്തിന്റെ പശ്ചാതലത്തിൽ ഒരു കഥ എഴുതണമെന്നു തോന്നി. എന്റെ ഗ്രാമത്തിലും എല്ലാവർഷവും വെള്ളപ്പൊക്കം ഉണ്ടാകുമായിരുന്നു. ഞാൻ എഴുതിയ ആദ്യ കഥ അതാണ്‌.

ഹൈസ്‌ക്കൂളിൽ അഞ്ചേകാൽ രൂപ ഫീസുകൊടുത്താണ്‌ പഠിച്ചിരുന്നത്‌. ചേട്ടനും അനിയനും അവിടെ പഠിച്ചിരുന്നു. ഒരു വീട്ടിൽ നിന്നും മൂന്നുകുട്ടികൾ പഠിക്കുന്ന വിവരം സ്‌ക്കൂൾ മാനേജർ മോൺ ടി.കെ. നമ്പ്യാപറമ്പിൽ അറിഞ്ഞു. ഞങ്ങൾ ആവശ്യപ്പെടാതെ തന്നെ അനിയന്‌ പകുതി ഫീസ്‌ അനുവദിച്ചു തന്നു. ആ നല്ലമനസ്സിനു പ്രണാമം.

അറിവും മാനുഷികമൂല്യങ്ങളും നൽകി കലാസാഹിത്യരംഗത്ത്‌ വളരാൻ വേണ്ട മനക്കരുത്തു തന്നു എന്നെ ഞാനാക്കിയ ഈ വിദ്യാലയത്തെ നന്ദിപൂർവ്വം സ്‌മരിക്കുന്നു. അന്നത്തെ അദ്ധ്യാപകരേയും, റവ.ഫാദർ ജോർജ്ജ്‌ അന്നാശ്ശേരിയായിരുന്നു. ഹെഡ്‌മാഷ്‌ അദ്ദേഹം ഉപരിപഠനത്തിനുപോയപ്പോൾ റവ.ഫാദർ ജോൺ മാമ്പിള്ളിയായിരുന്നു ഹെഡ്‌മാഷ്‌. ഇവരുടെ ഇംഗ്ലീഷ്‌ ക്ലാസ്സ്‌ വിലപ്പെട്ടതാണ്‌. ടി.ആർ. നാരായണൻ നമ്പ്യാരുമാഷിന്റെ കണക്ക്‌ ക്ലാസ്സ്‌ രസകരമായിരുന്നു. ഏതു വലിയ സംഖ്യയും മനക്കണക്കായി അദ്ദേഹം ഗുണിക്കുമായിരുന്നു. എം. ശങ്കരമേനോൻ സാറിന്റെ ചരിത്രം, ഭൂമിശാസ്‌ത്രം വിഷയങ്ങൾ പി. ഗോപാലൻ നായർ സാറിന്റെ ഹിന്ദി ക്ലാസ്സ്‌ എല്ലാം നല്ല അനുഭവങ്ങളായിരുന്നു. മലയാളം പണ്‌ഡിറ്റിന്റെ മലയാളം ക്ലാസ്സ്‌ എല്ലാം ഓർക്കുമ്പോൾ ഇന്നു രസമായി തോന്നുന്നു.

ഹൈസ്‌ക്കൂളിൽ നിന്നു 1952-ൽ വിട പറഞ്ഞു. ട്രാവൻ കൂർ റയോൺസിൽ ജോലിക്കു ചേർന്നു അൻപത്തിയാറ്‌ കാലത്ത്‌ ഒക്കൽ ഒരു സ്‌ക്കൂൾ സ്‌ഥാപിക്കുവാൻ ഇ.വി. കൃഷ്‌ണൻ കുന്നത്തുനാടാണ്‌ എസ്‌.എൻ.ഡി.പി. യോഗം യൂണിയൻ പ്രസിഡന്റ്‌ നാട്ടുകാരെ സമീപിച്ചു. നാട്ടിൽ ഒരു സ്‌ക്കൂൾ ആവശ്യമാണെന്നു എനിക്കു തോന്നി. അന്ന്‌ അൻപതു രൂപ സംഭാവന ചെയ്‌തു. അന്ന്‌ അത്‌ ഒരു വലിയ കാര്യമാണ്‌. അന്ന്‌ നൂറുരൂപയുണ്ടെങ്കിൽ ഒരു പറ നിലം വാങ്ങാം. അതു നൽകുവാനുള്ള മാനസിക വളർച്ച നേടിയത്‌ കാഞ്ഞൂർ സെന്റ്‌ സെബാസ്‌റ്റ്യൻസ്‌ വിദ്യാലയത്തിൽ നിന്നു ലഭിച്ച അറിവിന്റെ വെളിച്ചമാണ്‌. എന്റെ എല്ലാ വളർച്ചയ്‌ക്കും ഉയർച്ചയ്‌ക്കും വഴിതെളിച്ചത്‌ ഈ വിദ്യാലയമാണെന്നു നന്ദിപൂർവ്വം ഓർക്കുന്നു.

1994-ൽ നമ്മുടെ വിദ്യാലയത്തിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷത്തോട്‌ അനുബന്ധിച്ച പ്രസിദ്ധീകരിച്ച സ്‌മരണികയിൽ ചേർക്കാൻ കഥ വേണമെന്നും പൂർവ്വവിദ്യാർത്ഥി സമ്മേളനത്തിൽ പങ്കെടുക്കണമെന്നും ആവശ്യപ്പെട്ട്‌ അന്നത്തെ ഹെഡ്‌മാഷ്‌ എം.പി. പോൾ സാറ്‌ എന്റെ വീട്‌ അന്വേഷിച്ചു കണ്ടെത്തി വന്നു. കഥ കൊടുത്തയക്കാമെന്നു പറഞ്ഞു. വേണ്ടാ ആളെ അയക്കാം എന്നു അദ്ദേഹം പറഞ്ഞു. പ്യൂണിനെ പറഞ്ഞയച്ച്‌ കഥ വാങ്ങികൊണ്ടുപോയി. സ്‌മരണികയിൽ ഫോട്ടോ സഹിതം ചേർത്തു. പൂർവ്വ വിദ്യാർത്ഥി സമ്മേളനത്തിനു ചെന്നപ്പോഴാണ്‌ ഇന്നത്തെ ചീഫ്‌ജസ്‌റ്റീസ്‌ കുര്യൻ ജോസഫ്‌ ഈ വിദ്യാലയത്തിലാണ്‌ പഠിച്ചതെന്നറിഞ്ഞത്‌ അങ്ങനെ അങ്ങനെ ഒരുപാട്‌ അനുഭവങ്ങൾ പറഞ്ഞാൽ തീരാത്തവണ്ണമുണ്ട്‌. ഈ അനുഭവങ്ങൾ ഇപ്പോൾ അയവിറക്കാൻ അവസരമുണ്ടാക്കിയ ജിജോവിനും എന്റെ പ്രണാമം.

Generated from archived content: essay1_jun6_11.html Author: sathyan_thannipuzha

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here