പൂമ്പാറ്റകളുടെ വീട്‌

ഇന്ത്യാ വിഭജനത്തിനുശേഷം എനിക്ക്‌ ഒരറിയിപ്പു കിട്ടി. പാക്കിസ്ഥാനിലേക്ക്‌ കുടുംബത്തെയും കൂട്ടി പോവാം. എല്ലാ ചെലവും ഗവൺമെന്റ്‌ വഹിക്കും. ഇവിടെ നഷ്‌ടപ്പെടുന്ന ജോലി അവിടെ ലഭിക്കുവാനുളള നടപടിയുണ്ടാവും. ഇങ്ങനെയൊരു സർക്കുലർ കിട്ടിയപ്പോഴാണ്‌ സ്വന്തം വേരിനെക്കുറിച്ച്‌ ഞാനാദ്യമായി ബോധവാനാകുന്നത്‌. ഞാൻ ആദ്യമായി കണ്ട ആകാശം… ആദ്യമായി ശ്വസിച്ച വായു… ആദ്യമായി കുടിച്ച വെളളം… ആദ്യമായി സ്‌പർശിച്ച മണ്ണ്‌…“

കെ.ടി.മുഹമ്മദ്‌

* * * * * * * * *

ഒരു യാത്രയ്‌ക്കിടയിൽ ട്രെയിനിൽവെച്ചാണ്‌ ഞാനവരെ കാണുന്നത്‌. കണ്ണുകളിൽ നനവുളള ആ വൃദ്ധസ്‌ത്രീയെ… വലിഞ്ഞുമുറുകുന്ന സങ്കടത്തോടൊപ്പം എന്തോ കൊണ്ടുപോകുകയായിരുന്നു ആ കുടുംബം. അവർക്ക്‌ പാക്ക്‌പൗരത്വമായിരുന്നു. ഇതിലെ ‘ദാദിമ’യ്‌ക്ക്‌ ഞാനറിയാതെ അവരുടെ രൂപം കൈവന്നു.

* * * * * * * * *

അതേ…! സ്വപ്‌നത്തെക്കുറിച്ചാണ്‌ പറഞ്ഞുവരുന്നത്‌.

ഫെർസാന കണ്ട ഒരു സ്വപ്‌നത്തെക്കുറിച്ച്‌…

അതൊരു വല്ലാത്ത സ്വപ്‌നമായിരുന്നുവെന്നാണ്‌ ഇപ്പോഴും പെയ്‌ത്‌ തീർന്നിട്ടില്ലാത്ത സങ്കടങ്ങളുടെ മഴയോടെ അവൾ പറയുന്നത്‌.

എന്റെ മോൾ ഉറക്കത്തിൽ നിന്ന്‌ ഞെട്ടിയുണർന്ന്‌ അലറിവിളിച്ച്‌ കരഞ്ഞുകൊണ്ട്‌ ദാദിമയ്‌ക്കരികിലേക്ക്‌ ഓടുകയായിരുന്നു. തീരാവേദനകളുടെ കിടക്കയിൽ പിടഞ്ഞ തളരുകയായിരുന്നു അപ്പോഴവർ…

”ആരെങ്കിലും എന്നെ ഒന്നു കൊന്ന്‌ തരൂ“ എന്ന നിശബ്‌ദമായ നിലവിളി അവരുടെ തളർന്ന ചുണ്ടുകളിൽ തങ്ങിനിന്നു. ദാദിമയുടെ മാറിലേക്കു വീണ്‌ അവളെന്തല്ലാമോ പുലമ്പുകയും വിങ്ങിപ്പൊട്ടുകയും ചെയ്‌തു. ഉറക്കത്തിൽ വല്ല സ്വപ്‌നവും കണ്ടിരിക്കും. ഇവൾക്ക്‌ ഇതെന്ത്‌ പറ്റി എന്ന ചിന്തയോടെ ഞാനവൾക്കരികിലേക്ക്‌ നീങ്ങി.

”ആമീ…ന്റെ ദാദിമേ.. ഞാനാർക്കും വിട്ടുകൊടുക്കില്ല… ആർക്കും…“

ഫെർസാനയുടെ കരച്ചിലും ബഹളവും മറ്റും കേട്ടാവും ആബിദയും,രറ്റ്‌നയും സമീറയുമൊക്കെ ഉറക്കം ഞെട്ടി എഴുന്നേറ്റുവന്ന്‌ ഒരുപകപ്പോടെ ദാദിമയുടെ മാറിൽ വീണു തേങ്ങുന്ന അവളെയും നോക്കിനിന്നു. അല്ലെങ്കിലും നേർത്തയൊരു ഒച്ചയനക്കങ്ങൾ മതി എല്ലാവരും ഞെട്ടിയുണരാൻ. ഞങ്ങളുടേത്‌ അതിർത്തിപ്രദേശമായതിനാൽ കൊഴിയുന്ന നേർത്ത ഒരിലയനക്കംപോലും ഇവിടെയുളേളാരുടെ ഉറക്കം കെടുത്തും. ദൈവമേ… എന്നായിരിക്കും ഞങ്ങൾക്കൊക്കെ ഒന്ന്‌ സമാധാനമായിട്ട്‌ ഉറങ്ങാനാവുക?

സ്വപ്‌നങ്ങൾ… വരാനിരിക്കുന്ന ദുരന്തങ്ങൾക്ക്‌ മുമ്പുളള അടയാളമായിരിക്കുമോ…? വെളിപാടുകൾ…?

അനുഭവങ്ങൾ അങ്ങനെ പറയുന്നു. അതെന്തോ ആവട്ടെ. സ്വപ്‌നത്തിലേക്കു വരുന്നതിനു മുമ്പ്‌ ആ സ്വപ്‌നത്തെ അതിന്റെ ആഴങ്ങളിൽ നിന്നറിയണമെങ്കിൽ പൂമ്പാറ്റകളുടെ ഈ വീടിനെക്കുറിച്ച്‌ അറിയേണ്ടിയിരിക്കുന്നു. വിധി എക്കാലവും ചവച്ചു തുപ്പിയ ഈ ഉമ്മയെയും മക്കളേയും… ഞങ്ങളുടെ എല്ലാമായ ദാദിമയെ പറ്റിയൊക്കെ അറിയിയേണ്ടിയിരിക്കുന്നു.

”പൂമ്പാറ്റകളുടെ വീട്‌“.

അങ്ങനെ ആരാ ഞങ്ങളുടെ വീടിനെക്കുറിച്ച്‌ പറഞ്ഞുപോന്നത്‌….?

എന്റെ മോൻ രാഹിദ്‌ സാദത്ത്‌ അവന്റെ ചിത്രീകരിക്കപ്പെടാതെപോയ സിനിമയുടെ പേരായിരുന്നു അത്‌. വറ്റാത്ത കണ്ണുനീരും മനസിൽപ്പടർന്ന ചോരയുമാണ്‌ അവനെകൊണ്ട്‌ അങ്ങനെയൊരു ചലച്ചിത്രം എടുക്കാൻ പ്രേരിപ്പിക്കുന്നത്‌. ആ സിനിമ ചിത്രീകരിക്കപ്പെട്ടിരുന്നെങ്കിൽ കീറിമുറിക്കപ്പെടുന്ന മണ്ണിനും മനസിനും വേണ്ടിയുളള വറ്റാത്ത സ്‌നേഹത്തിന്റെ ഉടമ്പടിയാകുമായിരുന്നു അത്‌.

രാഹിദിന്റെ ഉപ്പ ഹസ്‌സൻ സാദത്ത്‌ പ്രശസ്‌ത കവിയായിരുന്നു. അയാളുടെ വരികളിൽ മണ്ണും മനുഷ്യനും നിറഞ്ഞുനിന്നു. നന്മയ്‌ക്കും സ്‌നേഹത്തിനും വേണ്ടി എക്കാലവും പാടിനടന്ന മനുഷ്യൻ. ഏതോ ഒരു സ്വാതന്ത്ര്യദിനത്തിനു കവിത പാടുകയായിരുന്ന സാദത്ത്‌ ഹസ്‌സൻ കലാപകാരികളുടെ വെടിയേറ്റ്‌ മരിച്ചു. രാഹിദിനെയും കൊണ്ടുപോയിരുന്നു ചടങ്ങിന്‌. അവനന്ന്‌ നാലിലോ അഞ്ചിലോ പഠിക്കുന്നു. രാഹിദിന്റെ മനസിൽ ഉപ്പ അവസാനം പാടിയ വരികളും ആ ചോരയും എപ്പോഴും തെളിഞ്ഞുനിന്നു.

”അതിർത്തി…..

ഒരു മുൾച്ചെടിപോലെ അതിർത്തി

ചോരയുടെ കണ്ണീരും കുടിച്ചു ചീർത്ത്‌

ഒരു മുൾച്ചെടിപോലെ അതിർത്തി…“

അതൊക്കെയായിരിക്കും രാഹിദിന്റെ ചിന്തയിലേക്ക്‌ ഇങ്ങനെയൊരു ആശയത്തെ കൊണ്ടുവരുന്നത്‌. ഏറെക്കുറെ ആത്‌മാംശം നിറഞ്ഞ കഥയും കഥാപാത്രങ്ങളും, കഥാപശ്ചാത്തലങ്ങളുമൊക്കെയാണ്‌ ആ തിരക്കഥയിൽ ഉണ്ടായിരുന്നത്‌.

അതിർത്തിക്കടുത്ത ഒരു കലാപബാധിതപ്രദേശം.

കണ്ണാടിജനലുകളൊക്കെ വെടിയേറ്റുതകർന്ന ജീർണ്ണിച്ച ഇതുപോലുളള വീട്‌.

ആ വീട്ടിൽ പെണ്ണുങ്ങൾ മാത്രമേയുളളൂ. എന്നെപ്പോലെ പാവം ഒരു അദ്ധ്യാപികയും അവരുടെ നാലു പെൺകുട്ടികളും. പിന്നെ അവരുടെ എല്ലാമായ ദാദിമയും. കലാപത്തിൽ എപ്പോഴും ഒറ്റപ്പെട്ടു പോവുക, ചവുട്ടി മെതിക്കപ്പെടുക സ്‌ത്രീകളും കുട്ടികളുമായിരിക്കും. ആഴത്തിൽ മുറിയുന്ന അവരെക്കുറിച്ച്‌ ഒരു സിനിമയെടുക്കണമെന്ന്‌ രാഹിദ്‌ എപ്പോഴും പറയുമായിരുന്നു. ഒരു ചലച്ചിത്രകാരനാവുക എന്നതായിരുന്നു അവന്റെ ഏറ്റവും വലിയ മോഹങ്ങളിൽ ഒന്ന്‌… ഞാൻ എതിരു നിൽക്കാനൊന്നും പോയില്ല. ഓരോരുത്തർക്കും ഓരോരോ ഇഷ്‌ടങ്ങൾ ഉണ്ടായിരിക്കുമല്ലോ, ലക്ഷ്യങ്ങളും. കഷ്‌ടപ്പാടുകൾക്കിടയിൽ ഞെരിഞ്ഞമരുമ്പോഴും എല്ലാ ബുദ്ധിമുട്ടുകളും സഹിച്ച്‌ രാഹിദിനെ ഞാൻ സിനിമ പഠിക്കാനയച്ചു, അങ്ങ്‌ പൂനാ ഫിലിം ഇൻസ്‌റ്റിറ്റ്യൂട്ടിൽ. സ്‌ക്രിപ്‌റ്റ്‌റൈറ്റിങ്ങിലും, ഡയറക്ഷനിലും ഗോൾഡ്‌ മെഡലോടെയാണ്‌ രാഹിദ്‌ പാസാവുന്നത്‌. ”ദി ബോർഡർ“ എന്ന അവന്റെ ഡിപ്ലോമ ചിത്രം പല അന്താരാഷ്‌ട്ര ചലച്ചിത്രമേളകളിലും ഏറെ പുരസ്‌കാരങ്ങൾ ഏറ്റുവാങ്ങി. ഇൻസ്‌റ്റിറ്റ്യൂട്ടിൽ നിന്ന്‌ പഠനം കഴിഞ്ഞെത്തിയ രാഹിദ്‌ മുഴുവൻ സമയവും ഈ വീട്ടിൽതന്നെയായിരുന്നു. ഏതു നേരവും വെട്ടിയും തിരുത്തിയും എഴുതുന്നത്‌ കണ്ടു. പിന്നെ നഗരത്തിൽ നിന്ന്‌ വന്നെത്തുന്ന അവനെപ്പോലെ തെറിച്ച ചിന്തയുളള സുഹൃത്തുക്കളോടൊപ്പം എഴുതിക്കൊണ്ടിരുന്ന തിരക്കഥയെക്കുറിച്ചുളള ചർച്ച. വളരെ നാൾ കഴിഞ്ഞാണ്‌ അവനെടുക്കാൻ പോകുന്ന ചിത്രത്തിലെ കഥയും കഥാപാത്രങ്ങളും ഈ ഞങ്ങളൊക്കെതന്നെയാണെന്നറിയുന്നത്‌. ഒരിക്കൽ ദാദിമയെ തന്നോടു ചേർത്ത്‌ ആ കവിളിൽ ചുംബിച്ചുകൊണ്ട്‌ പറയുന്നതു കേട്ടു.

”ദാദിമയാണ്‌ ഞാൻ എടുക്കാൻ പോകുന്ന എന്റെ സിനിമയുടെ ജീവൻ… ദാദിമയിലൂടെയാണ്‌ ഞാനെന്റെ വേവലാധികളത്രയും പറയാൻ ശ്രമിക്കുന്നത്‌.“

പിന്നെ കമ്പിളി നെയ്യുന്ന എനിക്കരികിലേക്ക്‌ നീങ്ങികൊണ്ട്‌ തുടർന്നുഃ

”ആമീ… ലോകത്ത്‌ ഇങ്ങനെയൊരു സിനിമ ഉണ്ടായിട്ടുണ്ടോന്ന്‌ എനിക്കറിയില്ല. ഇതിൽ വേഷം തേച്ച നടീനടന്മാരൊന്നുമില്ല… നിങ്ങളൊക്കെയാ അതിൽ. അനുഭവംകൊണ്ട്‌ ചതഞ്ഞുപോയ നിങ്ങളൊക്കെ… പിന്നെ ഈ വീട്‌… ജിർണ്ണിച്ച നിറം മങ്ങിയ ഈ വീട്‌… എപ്പോഴും ചോരവീഴുന്ന ഞരമ്പുകൾ…. അതേ ആമീ… നിങ്ങളിലൂടെ എന്റെ സിനിമ ജനിക്കാൻ പോകുന്നു… എനിക്ക്‌ വേണമെങ്കിൽ ബോളിവുഡിലേക്ക്‌ വണ്ടികയറി എന്റെ ചിന്തകളെ സ്വപ്‌നങ്ങളെ കമ്മേഴ്‌സ്‌ലൈസ്‌ ചെയ്യാം. പക്ഷേ, ആമീ… എനിക്കെന്റെ അനുഭവങ്ങളെ ഇവിടുത്തെ പ്രശ്‌നങ്ങളെ നിറം ചേർത്ത്‌ വില്‌ക്കാനാവില്ല. എന്റേത്‌ എക്കാലവും ചെറുത്തു നിൽപിനായുളള ചലച്ചിത്ര പ്രബന്‌ധങ്ങളായിരിക്കും. അവനത്‌ പറഞ്ഞു നിർത്തുമ്പോൾ അതിർത്തിയിൽ വെടിയൊച്ചകൾ കേട്ടു. അടിച്ചെത്തുന്ന മഞ്ഞുകാറ്റിന്‌ ചോരയുടെ ഗന്ധമുണ്ടോ…? മൗനം വലിഞ്ഞുമുറുകുന്ന അവന്റെ കണ്ണുകളിൽ രോഷത്തിന്റെ കനലുകൾ പുകയുന്നത്‌ കണ്ടു.“

”ആമീ…. ആമിക്കറിയാമോ നാമിപ്പോഴും സഞ്ചരിച്ചുകൊണ്ടിരുന്നത്‌ വിഭജനത്തിന്റെ ഉണങ്ങാത്ത മുറിവിൽ കാലങ്ങളായി തളംകെട്ടി നിൽക്കുന്ന വിദ്വേഷത്തിന്റെയും, സങ്കടത്തിന്റെയും ചോരയിലൂടെയാണ്‌. എന്റെ ക്യാമറ കടന്നു ചെല്ലുക അവിടേയ്‌ക്കാണ്‌. അല്ലാതെ ബോളിവുഡിലെ ചായം തേച്ച, മത്തുപിടിപ്പിക്കുന്ന സ്‌ത്രീശരീരങ്ങളിലേക്കല്ല“

അന്ന്‌ അതൊക്കെ രാഹിദിന്റെ തലതെറിച്ച ചിന്തകളാണെന്നും പറഞ്ഞ്‌ അനിയത്തിക്കുട്ടികൾ അവനെ ഏറെ കളിയാക്കി ചിരിച്ചു. അങ്ങനെ എന്തൊക്കെ സ്വപ്‌നങ്ങളായിരുന്നു എന്റെ മോന്‌… എല്ലാം… എല്ലാം ഇലത്തുമ്പിൽ തങ്ങിനിന്ന ഒരു മഞ്ഞുതുളളികണക്കേ…?

പൊടുന്നനെ ഒരു നിമിഷംകൊണ്ട്‌ എല്ലാം…!

ഞാനിനിയും ആ സ്വപ്‌നത്തെക്കുറിച്ച്‌ പറഞ്ഞില്ലല്ലോ… പറയാം…!

ഇന്നലെ രാത്രി എനിക്ക്‌ ഉറക്കം വന്നതേയില്ല. അല്ലെങ്കിൽ ഞാനിപ്പോൾ ഉറങ്ങാറുണ്ടോ… അസ്വസ്ഥതകളുടെ വലിഞ്ഞുമുറുകലിൽ ഒരു മയക്കം. അതല്ലേ എന്റെ ഉറക്കം. കണ്ണടയുമ്പോൾ നെഞ്ചു കീറി രാഹിദിന്റെ മുഖം തെളിഞ്ഞെത്തും…? ഇന്നലേക്ക്‌ ഒരു വർഷം തികയുന്നു എന്റെ കുട്ടിയെ അവർ പിടിച്ചുകൊണ്ടുപോയിട്ട്‌. തീവ്രവാദി എന്ന്‌ ആരോപിച്ചായിരുന്നു അറസ്‌റ്റ്‌. അവനിപ്പോൾ എന്തു സംഭവിച്ചിരിക്കുമെന്നുപോലും ഞങ്ങൾക്കറിയില്ല. ദൽഹിയിൽ നിന്നും എസ്‌ക്കർഷനെത്തിയിരുന്നവരുടെ ബസ്‌ ആരോ ബോംബുവച്ച്‌ തകർത്തതിനോടു ബന്ധപ്പെട്ടായിരുന്നു അറസ്‌റ്റ്‌.

ഒരു രാത്രി പോലീസ്‌ വൻസന്നാഹത്തോടെ ഞങ്ങളുടെ വീട്‌ വളഞ്ഞു. എന്റെ കുട്ടിയെ എന്റെ കൺമുമ്പിലിട്ട്‌ ക്രൂരമായി അവർ മർദ്ദിച്ചു. ലോകത്തിലെ ഒരമ്മയും കാണാനാഗ്രഹിക്കാത്ത കാഴ്‌ച. താടിയെല്ലു പൊട്ടി ചോരയൊലിക്കുന്നുണ്ടായിരുന്നു. വലിച്ചിഴച്ച്‌ ജീപ്പിലേക്കിടുമ്പോൾ എന്റെ മോൻ എന്തോ പറയാനായി എന്നെ ഒന്ന്‌ നോക്കി. ഞാനവനരികിലേക്ക്‌ ഓടിച്ചെന്നു. ആ നേരം ഏതോ പോലിസുകാരൻ തോക്കുചട്ടകൊണ്ടവനെ ആഞ്ഞടിച്ചു. ഒരു ഞരക്കത്തോടെ പിടച്ചിലോടെ എന്റെ കുട്ടി ജീപ്പിൽ ബോധമറ്റ്‌ വീണു. വേദനകളുടെ മലയിടിച്ചിൽ പാവം എന്റെ മോൻ ഒരു തേരട്ടയെപ്പോലെ വളഞ്ഞു ചുരുണ്ട്‌ കൂടിക്കിടന്നു. ഞങ്ങളുടെ ആർത്തലച്ചുളള നിലവിളിയിലൂടെ പോലീസ്‌ വാഹനങ്ങൾ മുരൾച്ചയോടെ കടന്നുപോയി.

രാഹിദിന്റെ നിരപരാധിത്വം തെളിയിക്കാനുളള എന്റെ എല്ലാ ശ്രമങ്ങളും വിഫലമായി.

അവന്റെ പേരിലുളള കേസ്‌ ടെററിസ്‌റ്റ്‌ ആക്രമണവുമായി ബന്ധപ്പെട്ടതുകൊണ്ട്‌ എവിടെയും എന്റെ വാക്കുകൾ വിലപ്പോയില്ല… ആരുടേയും സഹായം ഞങ്ങൾക്കു കിട്ടിയതുമില്ല… ഒരു കാരണവും കൂടാതെ എന്നെ അവർ ജോലിയിൽ നിന്നും പിരിച്ചുവിട്ടു. ആകെയുളള വരുമാനം അതു മാത്രമായിരുന്നു. ഞങ്ങൾ കൂടുതൽ കൂടുതൽ ഒറ്റപ്പെടുകയായിരുന്നു. എല്ലാവരും ഞങ്ങളെ ഒരു തീവ്രവാദി കുടുംബമായി അകറ്റിനിർത്തി. എങ്കിലും ചില നല്ല അയൽക്കാർ ഭൂമിയിലെ നന്മകൾ ഇനിയും അന്യംനിന്ന്‌ പോയിട്ടില്ലെന്ന്‌ ഞങ്ങളെ ഓർമ്മപ്പെടുത്തി. പരമ്പരാഗതമായി കിട്ടിയ നെയ്‌ത്ത്‌ ഞങ്ങൾക്കൊരു ആശ്രയമായി… ആഹാരമായി… ഇടയ്‌ക്കിടെ ദാദിമയാണ്‌ രാഹിദിനെ ഓർമ്മപ്പെടുത്തുക.

കാതോർത്ത്‌ അവരെപ്പോഴും ചോദിക്കുംഃ

”ന്റെ കുട്ടിവന്നോന്ന്‌“.

രാഹിദിനെയും കുറിച്ചോർത്ത്‌ ഉറക്കം വരാതെ ഉഴറി നിന്നപ്പോഴാണ്‌ അറിയാതെ അവന്റെ എഴുത്ത്‌ മേശയ്‌ക്കപ്പുറം ഷെൽഫിലെ തിരക്കഥയുടെ ഫയൽ കണ്ണിൽപെടുന്നത്‌. വെറുതേ അതെടുത്തൊന്ന്‌ മറിച്ചുനോക്കി. മനസിലേക്ക്‌ പഴയ ഓരോ കാര്യങ്ങളും തെളിഞ്ഞെത്തുകയാണ്‌. പെട്ടെന്നാണ്‌ ഒരു കരച്ചിലെന്നപോലെ പാടെ ഉലച്ചുകളയുന്നത്‌. അത്‌ ഫെർസാനയുടെ ദുഃസ്വപ്‌നം കണ്ടുളള ആ അലറിക്കരച്ചിലായിരുന്നു.

അവളിപ്പോഴും ദാദിമക്കരികെയിരുന്നു വിതുമ്പിക്കരയുകയാണ്‌.

ഞാനവൾക്കരികിലേക്കു ചെന്ന്‌ സമാധാനിപ്പിച്ച്‌ അവളെയുമായി ഉമ്മറത്തെ കണ്ണാടിജനലിനരികെ വന്നിരുന്നു. ചെടികളും മരങ്ങളും മഞ്ഞുപുതച്ച്‌ കിടന്നു. അവൾ പതിയെ ആ സ്വപ്‌നത്തെക്കുറിച്ച്‌ പറയാൻ തുടങ്ങി…

”ആമീ… സ്വപ്‌നത്തിലെ ആ കറുത്ത കിളിയുടെ കണ്ണുകൾ ഇപ്പോഴും എന്നെ പേടിപ്പിക്ക്യാ… ഓ… എന്തൊരു സ്വപ്‌നമായിരുന്നു അത്‌…. മഞ്ഞുപുതച്ച ഈ ഭൂമിക്കപ്പോ നീല നിറം… നിറയെ പൂമ്പാറ്റകളുളള ഒരു വീട്‌… പൂമ്പാറ്റകൾക്കൊക്കെ നമ്മളിൽ ഓരോരുത്തരുടേയും മുഖം… പെട്ടെന്ന്‌ ഒരു കാറ്റ്‌ വന്നു കാറ്റിനൊപ്പം വലിയ ചിറകുളള ഒരു കറുത്ത കിളി ചിറകടിച്ച്‌ വന്നു. അതിന്റെ കൂർത്തുമൂർത്ത ചുണ്ടിൽ ദാദിമയെയും കോർത്ത്‌ എങ്ങോ പറന്നു“.

അവളതും പറഞ്ഞ്‌ ഭീതിയോടെ ചുറ്റിലും നോക്കി കരഞ്ഞു. ദാദിമ അവൾക്കരികിലേക്ക്‌ വീൽച്ചെയറിൽ നീങ്ങിയെത്തി കൈ നീട്ടി അവളുടെ കണ്ണുനിർ തുടച്ചു.

”മോളെന്തിനാ കരയുന്നേ… വിഷമിക്കേണ്ട എന്നെയിപ്പം ഇവിടെവന്ന്‌ ഏത്‌ കിള്യാ കൊത്തിപ്പറിക്കാൻ പോണെ….?

കടുത്ത വേദനകൾ ശരീരത്തെ കാർന്നു തിന്നുമ്പോഴും ദാദിമ ഫെർസാനയെ എന്തോ പറഞ്ഞ്‌ ചിരിപ്പിക്കാൻ ശ്രമിച്ചു. അവർ അവളെയും വിളിച്ചുകൊണ്ട്‌ അകത്തേക്കു നീങ്ങി. എല്ലാം നഷ്‌ടമായ ഞങ്ങൾക്കിപ്പോൾ ഒരേയൊരു ആശ്വാസവും സമാധാനവും ദാദിമയാണ്‌. കാളുന്ന വേനലിൽ വെന്തുരുകുമ്പോൾ ഒരു പേരാലിന്റെ തണലിൽ വന്ന്‌ ചേരുമ്പോഴുണ്ടാവുന്ന വലിയ ഒരാശ്വാസം.

ഫെർസാനയുടെ സ്വപ്‌നം മറ്റുളളവരുടെയും ഉറക്കം കളഞ്ഞിരിക്കുന്നു. ആബിദയും രഹനയും സമീറയും എനിക്കരികെ വന്ന്‌ ചടഞ്ഞിരിക്കുകയാണ്‌. സ്വപ്‌നങ്ങളെല്ലാം ഉളളിൽ കരിഞ്ഞുപോയ എന്റെ കുട്ടികൾ… പഠിക്കാനൊക്കെ എന്ത്‌​‍്‌ മിടുക്കികളായിരുന്നു അവർ… നഗരത്തിലെ കോളേജിലായിരുന്നു അവരൊക്കെ പഠിച്ചുകൊണ്ടിരുന്നത്‌… എന്താ ചെയ്യാം എല്ലാവരുടേയും പഠനം നിർത്തേണ്ടിവന്നു… നിത്യച്ചെലവുതന്നെ എങ്ങനേയോ ആണ്‌ നടക്കുന്നത്‌. ദാദിമയുടെ ചികിൽസയക്ക്‌​‍ു തന്നെ നല്ലൊരു തുക വേണം. പിന്നെ എങ്ങനെ ഇവരൊക്കെ….? അതും ഉയർന്ന ക്ലാസുകളിൽ. അവരു തന്നെയാ മനസ്‌ മടുത്ത്‌ പഠിപ്പ്‌ നിർത്തിക്കളയുന്നത്‌. ഫെർസാനയെമാത്രം എങ്ങനെയോ ബുദ്ധിമുട്ടി അയയ്‌ക്കുന്നു. ഇത്തവണ എട്ടാംക്ലാസിലാണ്‌. പത്താംതരം വരെ എങ്ങനെയെങ്കിലും അയയ്‌ക്കണം. എന്നിട്ട്‌ മറ്റുളളവരെപ്പോലെ അവളും നെയ്‌ത്തിലേക്കു മടങ്ങട്ടെ. അകത്തേക്കു പോയി കിടക്കാൻ നേരം ആബിദ വിളറിയ സ്വരത്തിൽ എന്നോടു ചോദിച്ചു.

“ആമീ…. ഇനി വീണ്ടും അവര്‌ പഴയ ആ അറിയിപ്പുമായി നമ്മുടെ ദാദിമയേ…?

കനൽ കോരിയിട്ട പൊളളലേറ്റതുപോലെ ഒന്ന്‌ പിടഞ്ഞ്‌ ഞാനവളുടെ വായ പൊത്തി, ആ ഒരനുഭവം മറക്കാൻ ശ്രമിക്കുകയായിരുന്നു ഞാൻ. മനസ്‌ വിങ്ങിപ്പൊട്ടി… അതിർത്തിയിൽ വെടിയൊച്ചകൾ മുഴങ്ങുന്നു. രക്തം വീണു കുതിരുന്ന വിഭജിക്കപ്പെട്ട മണ്ണുകളിലൂടെ അശാന്തമായ നിലവിളി കേട്ടു ഞാൻ. ഞാനോർത്തു.

ഒരു പെരുന്നാൾ തലേന്ന്‌……..

രാഹിദിനെ അറസ്‌റ്റ്‌ ചെയ്‌ത്‌ കൊണ്ടുപോയ സങ്കടങ്ങൾക്കു മേൽ ഒരു പെരുന്നാൾ എത്തുകയായിരുന്നു. വിശുദ്ധ റംസാൻ. തെരുവിൽ പെരുന്നാൾ തലേന്നിന്റെ തിരക്കും ബഹളവും. മുറ്റത്ത്‌ ദാദിമയും മക്കളും മാസപ്പിറവി കണ്ടോ എന്നറിയാനുളള ആകാംക്ഷയിൽ. ഞാൻ അകത്ത്‌ എന്തോ തിരക്കിട്ട്‌ ജോലിയിലാണ്‌. ഒരു ജീപ്പ്‌ വന്നു നിന്ന ശബ്‌ദം കേട്ട്‌ പുറത്തേക്കിറങ്ങി വന്ന്‌ നോക്കി ഞാൻ. വീടിന്റെ പടികയറി വരികയാണ്‌ പോലീസ്‌ ഇൻസ്‌പെക്‌ടർ. ദൈവമേ എന്തിനായിരിക്കും വീണ്ടും….? എന്ന ചിന്തയോടെ നിൽക്കെ അയാൾ എനിക്കരികിലേക്ക്‌ നീട്ടിപ്പിടിച്ച ബ്രൗൺ നിറമുളള ലോങ്ങ്‌ കവറുമായി വന്നുകൊണ്ട്‌​‍്‌ അറിയിച്ചു.

”അറസ്‌റ്റ്‌ വാറണ്ടാ… ആരാ ജമീലാബിഗം…?

അയാളുടെ കർക്കശമായ ശബ്‌ദം കേട്ട്‌ ദാദിമ വീൽച്ചെയറിൽ പിടയുന്ന മനസോടെ ഞങ്ങൾക്കരികിലേക്ക്‌ വന്നു.

“ഞാൻ… ഞാനാണ്‌ സാറെ ജമീലാബീഗം… എന്താണ്‌ കാര്യം…?”

ഇൻസ്‌പെക്‌ടർ ഒരു നിമിഷം ദാദിമയേയും പിന്നെ ഞങ്ങളെയുമൊക്കെ മാറി മാറി നോക്കിക്കൊണ്ട്‌ ഒട്ടൊരു മയത്തിൽ ശബ്‌ദം താഴ്‌ത്തിക്കൊണ്ട്‌ പറഞ്ഞുഃ

“ഞങ്ങൾ വന്നിരിക്കുന്നത്‌ ജമീലബീഗം… നിങ്ങളെ അറസ്‌റ്റ്‌ ചെയ്‌തു കൊണ്ടുപോവാനാണ്‌. ഓർഡറാണ്‌ ഈ കാണുന്നത്‌… നിങ്ങൾക്കുളളത്‌ പാക്‌പൗരത്വമാണ്‌. കാലങ്ങളായി ഇവിടെ താമസിച്ചുകൊണ്ട്‌ പാക്കിസ്ഥാന്‌ വേണ്ടി ചാരപ്പണി ചെയ്യുകയാണെന്നാണ്‌ എഫ്‌.ബി.ഐ റിപ്പോർട്ട്‌”.

അയാൾ അത്രയും പറഞ്ഞ്‌ നിർത്തുമ്പോഴേക്കും പടിക്കപ്പുറം സൈറൺ മുഴക്കി ഏതാനും പോലീസ്‌ വാഹനങ്ങൾ കൂടെ വന്നുനിന്നു. അയാൾ അതിലെ പോലീസുകാരോട്‌ കയറി വരാൻ ആംഗ്യം കാണിച്ചുകൊണ്ട്‌ തുടർന്നുഃ

“ക്ഷമിക്കണം… ജമീലാ ബീഗം എത്രയും പെട്ടെന്ന്‌ നിങ്ങളെ അറസ്‌റ്റ്‌ ചെയ്‌ത്‌ അതിർത്തി കടത്തിവിടാനാ തീരുമാനം”

ഞങ്ങൾക്ക്‌ എന്തെങ്കിലും പറയാൻ കഴിയുന്നതിനു മുമ്പ്‌ അവർ ദാദിമയെയും ബലമായി പിടിച്ചുകൊണ്ട്‌ ജീപ്പിനരികിലേക്കു നടന്നു. നാട്‌ കടത്തപ്പെടുന്ന ഒരു പൂച്ചക്കുഞ്ഞിന്റെ നിസ്‌സംഗതയായിരുന്നു അപ്പോൾ ദാദിമയിൽ… കവിളിലൂടെ കണ്ണുനീർ ഒലിച്ചിറങ്ങി.“

അപ്പോഴേക്കും മാസം കണ്ടിരുന്നു. പുറത്ത്‌ അതിന്റെ ആഹ്ലാദത്തിമർപ്പുകൾ…!

തെരുവിലെ ആ ഉത്സവത്തിമിർപ്പിലൂടെ ദാദിമയെയും കൊണ്ട്‌ പോലീസ്‌ വാഹനങ്ങൾ അകലുന്നത്‌ ഒന്ന്‌ ഉറക്കെ കരയാൻ പോലുമാവാതെ ഞങ്ങൾ നോക്കിനിന്നു. ഉളള്‌ കത്തിപ്പടരുകയാണ്‌… ആരോടൊക്കെയോ ഉളള രോഷം കത്തിപ്പടരുന്നു…. പകതീർക്കുകയാണ്‌… തീവ്രവാദി കുടുംബത്തോടുളള പക. അതുകൊണ്ടല്ലേ ദയയുടെ ഒരു കണികപോലും ഇല്ലാതെ ഒരു കുടുംബത്തെ അവർ….? മതി ജീവിച്ചത്‌ മതി എന്ന്‌ തോന്നി…! വല്ല വിഷവും കഴിച്ച്‌ മക്കളോടൊപ്പം…? കരഞ്ഞുതളർന്ന്‌ കിടക്കുന്ന അവരിൽ ഓരോരുത്തരുടേയും നിഷ്‌കളങ്കമായ മുഖങ്ങൾ. വാലൻപുഴുക്കൾ അരിച്ചു തുടങ്ങിയ അവരുടെ ഉപ്പ ഹസ്‌സൻസാദത്തിന്റെ ഫോട്ടോവിലെ മുഖം എന്നോടു കേണു വിളിച്ച്‌ പറയുന്നതുപോലെതോന്നി…

”അരുത്‌… ആയിഷാ…. അരുത്‌… എന്റെ പൂമ്പാറ്റക്കുഞ്ഞുങ്ങളെ കൊല്ലരുത്‌… അവർ അവരുടെ ആകാശങ്ങളിലേക്ക്‌ പറന്നോട്ടെ.“

എപ്പോഴാ ഞാൻ ഉറങ്ങിപ്പോയതെന്ന്‌ അറിയില്ല….

എന്ത്‌ നീറുന്നപ്രശ്‌നങ്ങൾക്കിടയിലും മരിച്ച്‌ ഉറങ്ങിപ്പോവുന്ന ശീലമുണ്ടല്ലോ മനുഷ്യന്‌. അങ്ങനെ മരവിച്ചൊരു ഉറക്കം. പുറത്ത്‌ പോലീസ്‌ ജീപ്പിന്റെ നിർത്താതുളള ഹോണടി കേട്ടാണ്‌ ഞെട്ടി ഉണരുന്നത്‌. ഓടിച്ചെന്ന്‌ വാതിൽ തിറന്നു നോക്കി. ഒരു നനഞ്ഞ വെളുപ്പാൻകാലമായിരുന്നു അത്‌. നേർത്ത മഞ്ഞുവീഴ്‌ചയിൽ കാഴ്‌ചകൾ അവ്യക്തമാണ്‌. പോലീസുകാർക്കൊപ്പം പടികയറിവരുന്ന ദാദിമ…. എനിക്കെന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല. മക്കളെല്ലാം ഉണർന്നുവന്ന്‌ അവിശ്വസനീയതയോടെ ആ കാഴ്‌ച്ചയിലേക്ക്‌ നോക്കി നിന്നു…

വാഗാ അതിർത്തിയിൽ മതിയായ രേഖകളില്ലാത്തതുകാരണം പാക്ക്‌ അധികൃതർ ദാദിമയെ സ്വീകരിച്ചില്ല. ഗതികെട്ട പോലീസ്‌ ഓഫീസേഴ്‌സിന്‌ പിന്നെ ഒരു വഴിയേ ഉണ്ടായിരുന്നുളളൂ… തിരിച്ചു കൊണ്ടു പോരിക.

ഇനിയൊരറിയിപ്പുണ്ടാവുന്നതുവരെ നിങ്ങളും ഈ വീടും ഞങ്ങളുടെ നിരീക്ഷണത്തിലായിരിക്കുമെന്നറിയിച്ച്‌ അവർ പോയി. ഭൂമി ചവുട്ടിമെതിച്ചതുപോലുളള അവരുടെ പോക്ക്‌ ഇപ്പോഴും തലയ്‌ക്കകത്ത്‌ മുഴങ്ങുന്നു.

ദാദിമ തളർച്ചയോടെ ഒരിടത്ത്‌ ചെന്നിരുന്ന്‌ അരികെ നിന്ന ഫെർസാനയെ തനിക്കരികിലേക്കു ചേർത്തു പിടിച്ചുകൊണ്ട്‌ വേദന കലർന്ന ഒരു പൊട്ടിച്ചിരിയോടെ പറഞ്ഞുഃ

”പൂച്ചയെ നാട്‌ കടത്തുംപോലെയായി… അതിങ്ങ്‌ പോന്നു….!!“

ദാദിമ അതും പറഞ്ഞ്‌ വീണ്ടും ചിരിച്ചു… ചിരിച്ച്‌ ചിരിച്ച്‌ അവർ പൊട്ടിക്കരഞ്ഞു. പിടഞ്ഞു നീറിയുളള ആ പൊട്ടിയൊഴുകലിൽ ഇവിടുത്തെ കറുത്തനിയമങ്ങളൊക്കെ വേരോടെ പിഴുതെറിയപ്പെടുമെന്ന്‌ തോന്നി….

”എന്റെ മണ്ണ്‌ ഏതാ മക്കളേ… പറയൂ… എന്റെ മണ്ണ്‌ ഏതാണ്‌… വിഭജനം ഈ മണ്ണ്‌ കീറിമുറിച്ച്‌. എന്നിട്ടും എന്നെപ്പോലെ എത്രയെത്ര ആളുകൾ മനസുകീറി ഈ മണ്ണിൽ… കീറിമുറിക്കപ്പെട്ട ഈ മണ്ണിൽ….?

എന്താണ്‌ മറുപടി പറയേണ്ടതെന്നറിയാതെ ഞങ്ങൾ പകച്ചു.

നിശ്‌ശബ്ദയ്‌ക്ക്‌ ഇത്രയേറെ ആഴമുണ്ടെന്നറിഞ്ഞ നിമിഷമായിരുന്നു അത്‌. ഫെർസാനയോടൊപ്പം ദാദിമ അകത്തേക്ക്‌ നടക്കുമ്പോൾ തളർന്ന സ്വരത്തിൽ ഒരാത്മഗതമെന്നോണം പറയുന്നതു കേട്ടു. അതവരുടെ ആത്മാവിന്റെ നിലവിളിയായിരുന്നു.

“വിഭജനം… അന്ന്‌ ലോകമറിയാത്ത നാലുവയസുകാരി പെൺകുട്ടി… അതിർത്തിയിലെ മനുഷ്യരുടെ ഒലിച്ചുപോക്കിൽ ആരുടേയോ കൈകളിൽ പിടിച്ച്‌ എങ്ങോട്ടോ. ചെന്നെത്തിയത്‌ ലാഹോറിൽ… എവിടെയൊക്കെയോ വളർന്നു… അന്നെനിക്ക്‌ മോളുടെ പ്രായം വരും… വർഷങ്ങളുടെ കടന്നുപോക്കിൽ സ്വന്തക്കാരെയൊക്കെ കാണണമെന്നു തോന്നി… നുഴഞ്ഞു കയറ്റക്കാരോടൊപ്പം എന്തും കൽപ്പിച്ച്‌ അവരിൽ ഒരാളായി ഇവിടേക്ക്‌ അതിർത്തി കടന്നു… കാലങ്ങൾ… ഒരുപാടു കാലങ്ങൾ കടന്നുപോയി… എന്നിട്ടിപ്പോൾ…?

വിഭജിക്കപ്പെട്ട ഈ മണ്ണിൽ ഇതുപോലുളള എത്രയേത്ര ദാദിമാരുടെ കണ്ണുനീർ ഒഴുകി പടരുന്നുണ്ടാവും…..?

ഈയൊരു സംഭവത്തിനുശേഷമാണ്‌ ദാദിമ ഏതു നിമിഷവും ഞങ്ങൾക്ക്‌ നഷ്‌ടപ്പെട്ടേക്കാം എന്ന ഒരു നശിച്ച ചിന്ത ഞങ്ങളെ നിരന്തരം അലട്ടാൻ തുടങ്ങുന്നത്‌. അതായിരിക്കും ഇപ്പോൾ ഫെർസാനയുടെ സ്വപ്‌നത്തിൽ കറുത്ത കിളിയായി വന്ന്‌ ദാദിമയെ കൊത്തിപ്പറന്നത്‌. ആ ഒരു അനുഭവത്തിനുശേഷം ദാദിമ തിർത്തും പരിക്ഷീണയായി കാണപ്പെട്ടു. എപ്പോഴും കണ്ണുകളിൽ കണ്ണീരിന്റെ കടൽ പതുങ്ങിയിരിക്കുന്നതു കാണാം.

ചെറിയ അസുഖമൊന്നും വന്നാൽ ദാദിമ ആരെയും അത്‌ അറിയിക്കാറില്ല. സഹിക്കാതാവുമ്പോഴേ ആരോടെങ്കിലും ആ വിവരം ഒന്നു പറയൂ. ഇടതുകാലിന്‌ നടക്കുമ്പോൾ നല്ല വേദനയുണ്ടെന്നു പറഞ്ഞു. മൂത്തമകൾ ആബിദയാണ്‌ ആ വിവരം എന്നെ അറിയിക്കുന്നത്‌. ഞങ്ങൾ കുഴമ്പും മറ്റും തേച്ചം നീരു വന്നേടത്ത്‌ ആവി പിടിച്ചും ചില വീട്ടുചികിത്സകളൊക്കെ ചെയ്‌തു നോക്കി. രക്ഷയില്ല. ദിവസങ്ങൾ നീങ്ങിയപ്പോൾ നടക്കാൻ പറ്റാത്ത അവസ്ഥയായി ദാദിമയ്‌ക്ക്‌. അസഹ്യമായ വേദനകൊണ്ട്‌ കാല്‌ നിലത്തു തൊടാൻ വയ്യന്നായി അവർക്ക്‌.

പിന്നെ ഒരു നിമിഷവും പാഴാക്കിയില്ല. തൊട്ടടുത്ത ഹെൽത്ത്‌ സെന്ററിലെ ഡോക്ടറെ ചെന്ന്‌ കണ്ടു…. അയാൾ തൽക്കാലം ചില ഗുളികകളൊക്കെ തന്ന്‌ നഗരത്തിലെ മെഡിക്കൽ കോളേജിലേക്ക്‌ റഫർ ചെയ്‌തു. നിരന്തരമായ ടെസ്‌റ്റുകൾക്കും ചെക്കപ്പുകൾക്കും ഒടുവിൽ ഡോക്ടർ എന്നെ വിളിച്ച്‌ ഞെട്ടിക്കുന്ന ആ സത്യം അറിയിച്ചു. ദാദിമയുടെ എല്ലുകളെ ക്യാൻസർ ആക്രമിച്ചു തുടങ്ങിയിരിക്കുന്നു. കാലിന്റെ മുട്ടിനു താഴെയുളള ഭാഗം എത്രയും പെട്ടെന്ന്‌ മുറിച്ചു മാറ്റുകയേ രക്ഷയുളളൂ… അല്ലെങ്കിൽ ആളിന്റെ ജീവൻതന്നെ അപകടത്തിലാവും.

ഈ വിവരം അറിഞ്ഞാൽ ദാദിമ ആകെ തകർന്നു പോകുമെന്നാണ്‌ ഞങ്ങൾ കരുതിയത്‌. പക്ഷേ, അതുണ്ടായില്ല. കണ്ണുകളിൽ നിന്ന്‌ രണ്ടു തുളളി കണ്ണുനിർ മാത്രം അടർന്നുവീണു. അസാമാന്യമായ ധീരതയാണ്‌ അന്നവരിൽ തങ്ങി നിന്നത്‌.

”വിധി അങ്ങനെയെങ്കിൽ അത്‌ നടക്കട്ടെ… അളിയുന്ന കോശങ്ങളെ നമുക്ക്‌ അറുത്തു മാറ്റാം…“ പക്ഷേ, ആയിഷാ… പുകയുന്ന നമ്മുടെ അതിർത്തി… അളിഞ്ഞ്‌ ദ്രവിക്കുന്ന നമ്മുടെ മണ്ണ്‌… അതങ്ങനെ എളുപ്പത്തിൽ അറുത്ത്‌ മാറ്റാൻ പറ്റുമോ…?

അത്‌ ഒരേ സമയം ശരിരവും ആത്മാവും വെന്തു പുകയുന്ന ഒരാളുടെ ഒച്ചയില്ലാത്ത നിലവിളിയായി എനിക്ക്‌ തോന്നി. ഹോസ്‌പിറ്റൽ വാർഡിലെ നീണ്ട വരാന്തയിലൂടെയപ്പോൾ ക്യാഷ്വാലിറ്റിയിലേക്ക്‌ വെടിയേറ്റവരെവരുടെ രക്തം വാർന്നൊഴുകുന്ന ശരിരവുമായി ഉന്തുവണ്ടികൾ കുതിച്ചുപോവുന്നത്‌ കണ്ടു. പുറത്ത്‌ വെടിയൊച്ചകൾ ഉയർന്നുകേട്ടു. ദാദിമ അവരിലേക്ക്‌ എന്നെ ചേർത്തു പിടിച്ചുകൊണ്ട്‌ ചോദിച്ചുഃ

”മോളെ… ആയിഷ… വീണ്ടും തുടങ്ങിയോ യുദ്ധം?“

”തുടങ്ങി… സമാധാനത്തിനുവേണ്ടിയുളള യുദ്ധങ്ങൾ“

ഞാനത്‌ രോഷത്തോടെ പറഞ്ഞുനിർത്തി പുറത്തേക്കു നോക്കി. മൗനം പേറി നിൽക്കുകയാണ്‌ തെരുവുകൾ. പ്രധാനമന്ത്രിയുടെ സമാധാനസന്ദേവും പേറിയുളള സ്‌നേഹയാത്രയ്‌ക്കെതിരെ പ്രതിഷേധത്തിന്റെ കരിങ്കൊടിയുയർത്തിയ വിദ്യാർത്ഥികളെ പിരിച്ചുവിടാൻ തെരുവുകളിൽ കണ്ണീർവാതക ഷെല്ലുകൾ പൊട്ടുകയാണ്‌.

ദാദിമയുടെ കാല്‌ മുട്ടിനു കീഴെ വച്ച്‌ മുറിച്ചു.

ഇപ്പോൾ വീൽചെയർ അവൾക്ക്‌ അനുസരണയുളള കുട്ടിയെപ്പോലെയാണ്‌. ഊന്നുവടി സ്വന്തം അവയവം പോലെയും. അതുമായവർ എവിടെയും പാഞ്ഞെത്തും. രോഗവുമായി അവർ എത്ര പൊരുത്തപ്പെട്ട്‌ തുടങ്ങിയിരിക്കുന്നു. ഇനി ഈ വീട്ടിൽ വിൽക്കാൻ ഒന്നുമില്ല. കടത്തിനുമേൽ കടം കയറുകയാണ്‌. ഇപ്പോൾ ആ അറവു പലിശക്കാരൻ ഖാന്‌ വീടു പണയപ്പെടുത്തിയാണ്‌ ദാദിമയുടെ കീമാത്തെറാപ്പിയും റേഡിയേഷനുമൊക്കെ നടത്തുന്നത്‌.

ഇന്ന്‌ വൈകുന്നേരത്തെ ദൂരദർശൻ ന്യൂസ്‌ ബുളളറ്റിനിൽ നിന്നാണ്‌ ഞങ്ങൾ ആ വിവരം അറിയുന്നത്‌. വിചാരണയ്‌ക്ക്‌ കൊണ്ടുപോവുന്നതിനിടെ രാഹിദും മറ്റു തടവുകാരും സമർത്ഥമായി രക്ഷപ്പെട്ടിരിക്കുന്നു. രക്ഷപ്പെടാനുളള അവരുടെ ശ്രമങ്ങൾക്കിടെ ഏതാനും തടവുകാരും പോലീസുകാരും വെടിവെപ്പിൽ കൊല്ലപ്പെട്ടിരിക്കുന്നതായും വാർത്തയിൽ പറഞ്ഞു. അതോടെ ഞങ്ങളുടെ വീട്‌ ശക്തമായ പോലീസ്‌ നിരീക്ഷണത്തിലായി… ശ്വാസംമുട്ടിക്കുന്ന അവസ്ഥ, ഒന്ന്‌ പുറത്തിറങ്ങാൻപോലും പറ്റാതായി. എവിടെയും അവരുടെ കഴുകൻ കണ്ണുകൾ.

ദാദിമ പറയും ഇരുട്ടിന്റെ മറ നീക്കി അവരുടെ കണ്ണുവെട്ടിച്ച്‌ അവൻ വരുമെന്ന്‌….!

എന്റെ പ്രാർത്ഥന അവൻ വരരുതേയെന്നാണ്‌…. വയ്യ…. ഉപ്പയെപ്പോലെ എന്റെ മോനും ചോര ചിതറി ഇല്ലാതാവുന്നത്‌ കാണാൻ എനിക്കു വയ്യ. ഇതൊക്കെ ഇവിടെ മരവിച്ചു ജിവിക്കുന്ന ഞങ്ങൾക്കു മേൽ വന്നു വീഴുന്ന കനത്ത പ്രഹരത്തിന്റെ മഞ്ഞുകട്ടകളാണ്‌. അർബുദം പിടിപെട്ട ഒരു കോശം മുറിച്ചുമാറ്റുന്ന ലാഘവത്തോടെ എന്നും പുകയുന്ന ഈ അതിർത്തിപ്രദേശത്തെ പിഴുതെറിയാൻ കഴിയുമോ….? കബളിപ്പിക്കലിന്റെ സ്‌നേഹയാത്രകളോ… ശാന്തിഗീതങ്ങളോ അല്ല ഇവിടെ ആവശ്യം… ഒരു ജനത കാലങ്ങളായി അനുഭവിച്ചുപോരുന്ന ഒടുങ്ങാ വ്യഥകളിലേക്കാണ്‌ ഓരോ മന്ത്രിമാരും ഹൃദയംകൊണ്ട്‌ സ്‌നേഹയാത്ര പോവേണ്ടത്‌.

വീണ്ടും ആ ഇൻസ്‌പെക്‌ടറും കൂട്ടുകാരും ഞങ്ങളുടെ വീട്ടിലേക്ക്‌ വേട്ടനായ്‌ക്കളെപ്പോലെ അലറിക്കിതച്ചെത്തി. ദാദിമയുടെ പൗരത്വം തന്നെയായിരുന്നു പ്രശ്‌നം. ഒരാഴ്‌ച സമയം തന്നു. അതിനകം മതിയായ രേഖകൾ ഹാജരാക്കിയില്ലെങ്കിൽ അതിർത്തി കടത്തിവിടും എന്ന കനത്ത അറിയിപ്പോടെ അവർ കടന്നുപോയി.

രോഗം കാർന്നുതിന്നുന്ന ദാദിമയുമായി ഞങ്ങൾ ആശുപത്രിയിലേക്കും. പൗരത്വപ്രശ്‌നം പരിഹരിക്കാനായി ഓരോരോ സർക്കാർ ഓഫീസുകളിലേക്കും മാറി മാറി കയറിയിറങ്ങി ഞങ്ങൾ മടുത്തു. പലപ്പോഴായി ഞങ്ങൾ കൊടുത്ത അപേക്ഷകളൊക്കെ സർക്കാർ ഫയലിലെ വാലൻപുഴുക്കൾ തിന്നുതീർത്തിരിക്കും. കലക്ടർക്കും, മുഖ്യമന്ത്രിക്കും, പ്രധാനമന്ത്രിക്കും.. രാഷ്‌ട്രപതിക്കുമൊക്കെ ദയാഹർജികളയച്ചു. എല്ലാം…. എല്ലാം…. വെറുതേ ആരിൽ നിന്നും അനുകൂലമായ ഒരു മറുപടി ഉണ്ടായില്ല. എല്ലാം ഒരു നാടകംകളി…. കഥയറിയാതെ ആട്ടം കാണേണ്ടിവരുന്നത്‌. പാവം നാം പ്രജകൾ. ബുദ്ധിയെ ഫ്രീസ്‌ ചെയ്‌തു നിർത്തുന്ന അകം പൊളളയായ ആഹ്ലാദങ്ങളിൽ അഭിരമിപ്പിച്ച്‌ നമ്മെ ഊറ്റം കൊളളിക്കുവാനാണ്‌ എക്കാലവും ഓരോ ഭരണകൂടവും ശ്രമിച്ചുപോന്നിട്ടുളളത്‌. പാവം ഈ ഞങ്ങളെപ്പോലുളളവരുടെ ദൈന്യം ആരറിയാൻ?

ദിവസങ്ങൾ കടന്നുപോകുന്നു.

എല്ലാ പ്രതീക്ഷകളും അടയുകയാണ്‌. നിയമം അതിന്റെ എല്ലാ ശക്തിയോടും കൂടെ ഞങ്ങളെ പിടിമുറുക്കുകയാണ്‌. മുഖ്യമന്ത്രിയെ നേരിട്ടു ചെന്ന്‌ കണ്ടപ്പോൾ അയാൾ ലോകത്തിലെ എല്ലാ വിശുദ്ധിയോടും കൂടെ ചിരിച്ചുകൊണ്ടു പറഞ്ഞു.

”നിങ്ങളുടെ പ്രശ്‌നം മനസിലാക്കുന്നു. ഞങ്ങളത്‌ ചർച്ചയ്‌ക്ക്‌ വെച്ചിട്ടുണ്ട്‌. വഴിയെ വിവരം അറിയിക്കാം.

അതൊരു പതിവു മറുപടിയല്ലേ……? ഇല്ല രക്ഷയുടെ ഒരു വഴിയും തെളിയാൻ പോകുന്നില്ല. തിരിച്ചുപോകുമ്പോൾ ഉളളിൽ രോഷം അണപൊട്ടിയൊഴുകുകയായിരുന്നു…

എത്രയെത്ര ചർച്ചകൾ….. നമ്മളിതെത്ര കണ്ടതാണ്‌. സായിപ്പിന്റെ എച്ചിലുകൾ പേറുന്ന റൗണ്ട്‌ ടേബിൾ കോൺഫ്രൻസുകളിലെ എങ്ങും എത്താതെ പോകുന്ന തമാശകൾ… ഒരിക്കലും ചിരിപ്പിക്കാത്ത തമ്പുരാക്കന്മാരുടെ മലിനമായ തമാശകൾ….!

ഇന്നേക്ക്‌ അവർ ഞങ്ങൾക്ക്‌ അനുവദിച്ചുതന്ന ഒരാഴ്‌ചയും കഴിഞ്ഞിരിക്കുന്നു.

വെളുപ്പിനുതന്നെ അവരിങ്ങ്‌ എത്തും. ദാദിമയെ കൊണ്ടുപോകാൻ… നേരം വെളുത്തു തുടങ്ങുന്നേയുളളൂ. ചാനൽകാരും മറ്റ്‌ മീഡിയാ പ്രവർത്തകരും പ്രശ്‌നം മണത്തറിഞ്ഞ്‌ ക്യാമറയും മറ്റുമായി ബലിക്കാക്കകളെപ്പോലെ വീടിനരികെ ചുറ്റിനിൽപ്പുണ്ട്‌. എന്ത്‌ ചെയ്യാം, ഇത്‌ ശവം തീനികളുടെ കാലം.

ദാദിമയെ ചേർത്തു പിടിച്ചുകൊണ്ട്‌ പാവം എന്റെ മക്കൾ, നല്ല ഉറക്കമാണ്‌.

അതേ എന്റെ പൂമ്പാറ്റക്കുഞ്ഞുങ്ങൾ ഉറക്കമാണ്‌. ഞാനവരെ ചെന്ന്‌ പതിയെ വിളിച്ചു.

“ദാദിമയെ കൊണ്ടുപോവാനായി അവർ വരാറായി…. എഴുന്നേൽക്ക്‌…..നമുക്ക്‌ പ്രാർത്ഥിക്കാം”.

അവർ എന്നോടൊപ്പം പ്രാർത്ഥനാമുറിയിലേക്കു നീങ്ങി… നിശബ്‌ദമായ നിമിഷങ്ങൾ…. ഓരോരുത്തരുടേയും കണ്ണുകൾ നിറഞ്ഞൊഴുകുകയാണ്‌…. വേദനകളുടെ ലാവ പൊട്ടിയൊഴുകുന്നു. ഞാനവരെ പ്രാർത്ഥനകൾക്കു വിട്ട്‌ പതറുന്ന കാലടികളോടെ ദാദിമയുടെ റൂമിലേക്കു ചെന്നു. കഴുത്തറ്റം കമ്പിളി പുതച്ച്‌ തളർന്നുറങ്ങുകയാണ്‌ പാവം ദാദിമ. ഞാനവരുടെ മുഖത്തേക്ക്‌ ഒന്നു നോക്കി. ഒരു കൊച്ചുകുഞ്ഞിന്റെ നിഷ്‌കളങ്കത….എന്തോ ഒരു വിശുദ്ധി അപ്പോഴും അവരിൽ തെളിഞ്ഞുനിന്നു. അവരുടെ ഹൃദയം എന്നോടു മന്ത്രിക്കുന്നതുപോലെ…..!

“മോളേ ആയിഷാ എന്റെ അടങ്ങാത്ത മോഹമായിരുന്നു കീറിമുറിക്കാത്ത മണ്ണിൽ…. അതിരുകളില്ലാത്ത മണ്ണിൽ ജീവിക്കണമെന്ന്‌….? അത്‌ നിറവേറാത്ത സ്വപ്‌നമായി എന്നിൽ….”

ഉളളിൽ നിന്നും തിക്കിവന്ന ഒരു നിലവിളിയെ പണിപ്പെട്ടമർത്തി വിറക്കുന്ന വിരലുകളോടെ ഞാൻ പതിയെ ആ പുതപ്പെടുത്ത്‌ ദാദിമയുടെ മുഖം ഒരു തിരശ്‌ശീലകൊണ്ടെന്നപോലെ മറച്ചു. പിന്നെ….. പിന്നെ….. എന്റെ കൈകൾ ശക്തമായി ആ മുഖത്ത്‌ അമരുകയാണ്‌. നെഞ്ചുരുകി കണ്ണുനീർ കനലുകളായി എന്റെ കൈകളിലേക്ക്‌ വന്ന്‌ വീണുകൊണ്ടിരുന്നു. അകലെനിന്നും ഒരു കാട്ടുമൃഗത്തിന്റെ വന്യമായ മുരൾച്ചയോടെ പോലീസ്‌ വാഹനം ഇരമ്പിയാർത്തെത്തുന്നത്‌ എനിക്കു കേൾക്കാം.

എന്റെ കൈകൾ ദാദിമയുടെ മുഖത്ത്‌ അമരുകയാണ്‌. ഒരു കൊടുംങ്കാറ്റിന്റെ മരവിപ്പ്‌ എന്നിൽ തറഞ്ഞുനിൽക്കയാണ്‌…. എല്ലാം കടപുഴക്കിപിഴുതെറിയാനുളള കൊടുങ്കാറ്റിന്റെ ഉലച്ചിൽ എന്നിൽ അമർന്നുപോവുകയാണ്‌… കൈവിരലുകൾക്കുളളിൽ ഇളംചൂടുളള ശ്വാസം നിലച്ചുപോകുന്നുവോ…..?

ഒരു പൂമ്പാറ്റയുടെ നേർത്ത പിടച്ചിൽ…..!

അല്ലെങ്കിൽ കീറിമുറിക്കപ്പെടാത്ത ഒരു മണ്ണിലേക്കുളള ദാദിമയുടെ യാത്രയുടെ ചിറകനക്കങ്ങളായിരുന്നോ അത്‌…. അറിയില്ല…. അറിയില്ല…. എന്തായിരുന്നു അത്‌…..?

Generated from archived content: story1_oct12_07.html Author: sathish_k_sathish

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here