ഇരുട്ട്‌

ആരുടെയോ സങ്കടത്തിനു
കൂട്ടിരിക്കുകയാണെന്നു
പറഞ്ഞാൽ നിങ്ങൾ
വിശ്വസിക്കുമോ.?
മരിച്ചവർ അനാഥമാക്കിപ്പോയ
സങ്കടങ്ങൾ
ഇരുട്ടായി പുനർജനിക്കും.
ഒരു മുറിവു
മറ്റൊരു മുറിവിനു കൂട്ടിരിക്കും.

മകൻ മരിച്ച ഒരച്ഛൻ
കുഞ്ഞിന്റെ കരച്ചിൽ കേട്ടു
ഞെട്ടുന്നെങ്കിൽ
ഇരുളിന്റെ കൂട്ടുണ്ടാവും.
മോണകാട്ടിയ ഒരു ചിരി,
അദ്യം പറഞ്ഞ വാക്ക്,
ആദ്യം കൊടുത്ത കുഞ്ഞുമ്മ,
കുഞ്ഞുടുപ്പുകൾ,
എല്ലാം ഓർമ്മയിലെത്തും.
മുറിവു മുറിവിനു കാവൽ നിൽക്കും.

തോറ്റ പ്രണയത്തിലെ
വിട്ടുപോവാൻ പറ്റാത്തൊരോർമ്മ
ഇരുളിൽ ആരോ ചികഞ്ഞെടുക്കുന്നുണ്ടു.
നാടുവിട്ടുപോയ കൂട്ടുകാരനെ
ആരൊ ഓർക്കുന്നുണ്ടു.
ഇനിയും
കണ്ടെത്തിയിട്ടില്ലാത്ത
ഓർമ്മകളുടെ ദേശത്തേക്ക്
ഇരുട്ട് പലരേയും കൊണ്ടുപോകുന്നുണ്ട്.

സങ്കടങ്ങളുടെ
ഘോഷയാത്ര പോകുന്നൊരു,
തെരുവുണ്ടെന്നു
പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ.?
ഞാൻ ആ ഇരുളിലെ
കാഴ്ച്ചക്കാരനാണെന്നു ,
പറഞ്ഞാൽ നിങ്ങൾ
വിശ്വസിക്കുമോ.?

Generated from archived content: poem2_april19_16.html Author: satheesan_op

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here