‘എം’ മുകുന്ദൻ

ജന്മനാട്ടിൽ തിരിച്ചെത്തി അന്ത്യകാലം കഴിച്ചുകൂട്ടണമെന്ന്‌ എം. മുകുന്ദന്‌ തോന്നിയത്‌ തികച്ചും ന്യായം. വാർധക്യസഹജമായ ജരാനരയും ഡിമൻഷ്യയുമൊക്കെ അദ്ദേഹം ‘പുലയപ്പാട്ടി’ലൂടെയും അവസാനകാല കഥകളിലൂടെയും വെളിപ്പെടുത്തിയതാണല്ലോ. സാഹിത്യ അക്കാദമി ചെയർമാനായതോടെ മുകുന്ദന്റെ മരണം യാഥാർഥ്യമാകുകയും ചെയ്തു. പക്ഷേ ആ ജഡം മാതൃഭൂമി ആഴ്‌ചപ്പതിപ്പിന്റെ കവറിൽ ഈയിടെ പ്രത്യക്ഷപ്പെട്ടു. ചില ഓണപ്പതിപ്പുകൾ ചീഞ്ഞുനാറിയ ആ ജഡം പ്രദർശനത്തിനുവെക്കാനൊരുങ്ങുന്നു. പുഴുവരിക്കുംമുമ്പ്‌ സംസ്‌കരിക്കണം ആ ജഡത്തെ….


ആധുനികകാലത്ത്‌ ഏറ്റവുമധികം പരിണാമങ്ങൾക്ക്‌ വിധേയനായ എഴുത്തുകാരനായി എല്ലാവരുടെയും മനസ്സിൽ വരിക സച്ചിദാനന്ദന്റെ കുറുക്കൻ രൂപമാണ്‌. തീവ്രവിപ്ലവത്തിനും ഭരണകൂടത്തിനുമിടയിൽ കവിതകൊണ്ട്‌ പാമ്പും കോണിയും കളിച്ചുവരുന്ന ഈ കവി ഇതിനകം കടന്നുപോകാത്ത അവസ്ഥകളില്ല. രാഷ്ര്ടീയത്തിന്‌, മതത്തിന്‌, ആത്മീയതയ്‌ക്ക്‌, യാത്രയ്‌ക്ക്‌, പ്രണയത്തിന്‌, കൗമാരത്തിന്‌… ഓരോന്നിനും ഓരോ സമാഹാരമിറക്കാൻ പാകത്തിനുണ്ട്‌ കവിതകൾ.

മാറ്റം ഒരു മോശം കാര്യമാണെന്ന അർഥത്തിലല്ല ഇതെഴുന്നത്‌. മാറുക മാത്രമല്ല ഓരോ കാലത്തും അതാതു കാലത്തിന്റെ ഐഡന്റിറ്റിക്കനുസരിച്ചുവേണം എഴുത്തും. സച്ചിദാനന്ദൻ തന്നെ പറഞ്ഞിട്ടുണ്ട്‌; തീവ്ര രാഷ്ര്ടീയാഭിമുഖ്യമുള്ള കവിതകളെഴുതുമ്പോഴും അതിൽ ഒരു സന്ദേഹിയും മതാതീതമായ ആത്മീയതയും ഉറങ്ങിക്കിടന്നിരുന്നെന്ന്‌. പക്ഷേ ഭക്തികാല കവികളെക്കുറിച്ചും മറ്റുമുള്ള സച്ചിദാനന്ദന്റെ മത&ആത്മീയ സീരീസ്‌ ഫലത്തിൽ ഭാരതീയ കവിതയ്‌ക്ക്‌ എന്നതിനേക്കാൾ കവിക്കുതന്നെ ഗുണകരമായി ഭവിച്ചതിന്റെ ചരിത്രമാണല്ലോ അക്കാദമി സെക്രട്ടറി വരെയുള്ള ‘കാവ്യ’യാത്ര. പേര്‌ കേട്ടിട്ടാണ്‌ സച്ചിദാനന്ദനെ ബി.ജെ.പി സർക്കാർ സാഹിത്യ അക്കാദമി മുഖപത്രമായ ‘ഇന്ത്യൻ ലിറ്ററേച്ചറി’ന്റെ എഡിറ്ററാക്കിയത്‌ എന്ന്‌ അസൂയാലുക്കൾ പറയാറുണ്ട്‌. എന്തായാലും അവസരത്തിനൊത്തുയർന്ന്‌ സ്വന്തം പേരും അദ്ദേഹം മാറ്റിയത്‌ ചരിത്രം. സച്ചിദാനന്ദൻ (Sachidanandan) എന്നായിരുന്നു കേരളം വിടും വരെ പേര്‌. പിന്നീടത്‌ സത്‌ ചിദാനന്ദൻ (Satchidanandan) എന്നായി.

കെ. വേണുവിന്റെ പൂർത്തിയാകാത്ത ആത്മകഥയിൽ ബിരുദ വിദ്യാർത്ഥിയായിരിക്കുമ്പോൾ മുതലുള്ള സച്ചിദാനന്ദന്റെ ഈ ഉഭയജീവിതത്തെക്കുറിച്ചുള്ള ചില സൂചനകളുണ്ട്‌.

ഇക്കാര്യത്തിൽ എം. മുകുന്ദൻ സച്ചിദാനന്ദപ്പരീക്ഷ പാസാകേണ്ടിയിരിക്കുന്നു. അരാജവാദി. ഒരു തലമുറയെ മുഴുവൻ ചരസും ഭാംഗും വലിക്കാൻ പഠിപ്പിച്ച എഴുത്തുകാരൻ. സകലതിനോടും പുച്ഛവും വെറുപ്പും ആത്മനിന്ദയും. പ്രണയത്തെപ്പോലും വ്യഭിചരിച്ച കഥാപാത്രങ്ങൾ. ആഗോളമായി തന്നെ അത്‌ അങ്ങനെയൊരു കാലമായിരുന്നു. അതേസമയം അതീവ സുരക്ഷിതനായ ഒരുയർന്ന ബ്യൂറോക്രാറ്റുമായിരുന്നു മുകുന്ദൻ. എഴുത്തിന്റെ സബ്‌ജക്‌റ്റും വ്യക്തിജീവിതത്തിന്റെ സബ്‌ജക്‌റ്റും തമ്മിൽ പല നല്ല എഴുത്തുകാരിലും കാണുന്നപോലെ വലിയ സംഘർഷമൊന്നും കാണില്ല സച്ചിദാനന്ദനെപ്പോലെ മുകുന്ദന്റെയും സർഗജീവിതത്തിൽ.

അടിമയോട്‌ തന്നെ ചുമക്കാൻ ആജ്ഞാപിച്ചിട്ട്‌ ഒരു മനുഷ്യനെ ചുമക്കേണ്ടിവരുന്നതിലുള്ള അടിമയുടെ വേദനയെക്കുറിച്ചെഴുതുന്ന കല നന്നായി വശത്താക്കിയിട്ടുണ്ട്‌ മുകുന്ദൻ (ഓർമയുണ്ടാകും, സഫാരി കോട്ടിട്ട്‌ സൈക്കിൾ റിക്ഷയിലിരിക്കുന്ന മുകുന്ദന്റെ പ്രശസ്ത ചിത്രം). കമ്യൂണിസത്തെ എതിർക്കേണ്ട കാലത്ത്‌ എതിർത്തു. സന്നിഗ്‌ധാവസ്ഥയിൽ കേശവന്റെ വിലാപങ്ങൾ എന്ന സമർഥമായ മറ്റൊരു സന്നിഗ്‌ധാവസ്ഥയിലൂടെ പാർട്ടിയിൽ വരെ ആശയക്കുഴപ്പമുണ്ടാക്കി. ഇപ്പോൾ എഴുത്തുകാരനെന്ന നിലക്കുള്ള ഉപജീവനമാർഗം അടഞ്ഞപ്പോൾ ഇടതുപക്ഷമായി തിരിച്ചെത്തിയിരിക്കുന്നു. മാർക്കം കൂടുകയാണെങ്കിൽ അസ്സൽ ഔദ്യോഗികപക്ഷം തന്നെയാകണം. സത്‌ ചിദാനന്ദനെ കണ്ടുപഠിക്കണമെന്നു പറഞ്ഞത്‌ വെറുതെയല്ല. ബി.ജെ.പി സർക്കാറിന്റെ കീഴിലിരുന്ന്‌ ഗുജറാത്തിനെക്കുറിച്ച്‌ സത്‌ ചിദാനന്ദൻ കവിത എഴുതിയിട്ടുണ്ട്‌. മത വർഗീയതക്കെതിരെ നിലപാടെടുത്തിട്ടുണ്ട്‌. ഇന്ത്യൻ ഭാഷകളിലെ ദലിത്‌ രചനകളെ കെട്ടഴിച്ചുവിടാൻ യത്നിച്ചിട്ടുണ്ട്‌. ചീത്തപ്പേരില്ലാതാക്കാൻ പാർട്ടിയിൽ ഒരു നസ്രാണിയെ ചുമക്കുന്നതുപോലെ സത്‌ ചിദാനന്ദനെയും അവർ ചുമന്നുകൊണ്ടു നടന്നുവെന്നുമാത്രം.

ഇടതുപക്ഷത്തെ വേളൂർ കൃഷ്ണൻകുട്ടിമാർ

അത്രക്കും ബുദ്ധിപോരാ മുകുന്ദന്‌. അദ്ദേഹം ഔദ്യോഗികമായിതന്നെ രംഗത്തിറങ്ങിയിരിക്കുകയാണ്‌. ‘ദിനോസറുകളുടെ കാലം’ എന്ന മാതൃഭൂമിക്കഥ സാഹിത്യമല്ല; കൂട്ടിക്കൊടുപ്പാണെന്ന്‌ വ്യഭിചാരത്തെപ്പറ്റി ഏറെ എഴുതിയിട്ടുള്ള മുകുന്ദനും ഉത്തമബോധ്യമുണ്ട്‌. അതുകൊണ്ടാണ്‌ കഥയെ പിന്നീട്‌ സ്വയം വിശദീകരിച്ച്‌ മുന്നോട്ടുവന്നത്‌. സാഹിത്യ അക്കാദമി പുനഃസംഘടനയുടെ കാലത്ത്‌ ‘ങഞ്ഞണനമ’ നിലപാടെടുക്കുകയും പിന്നീട്‌ ഒഴിവാക്കപ്പെട്ടപ്പോൾ പിണറായി വിജയനെതിരെ ചൂലെടുക്കുകയും ചെയ്ത സാറാ ജോസഫിനെപ്പോലുള്ളവർക്ക്‌ നഷ്ടപ്പെടാനേറെയുണ്ട്‌; മുകുന്ദനോ?

picture2
‘എം.ഒ ബോബി’യെക്കുറിച്ച്‌ അറിയാഞ്ഞിട്ടാണ്‌ മുകുന്ദന്‌. ടി പത്മനാഭനെയും എം.വി ദേവനേയും പോലുള്ള പാർട്ടിവിരുദ്ധരെപോലും ചുമക്കാൻ കഴിയുന്ന ചുമലാണ്‌ ബേബിയുടേത്‌. അതിനെയാണ്‌ നവലിബറലിസം എന്ന്‌ ചിലർ ആക്ഷേപിക്കുന്നത്‌. അദ്ദേഹത്തിനുവേണ്ടി കഥ ഇങ്ങനെ ഛർദ്ദിച്ചുവെക്കേണ്ട കാര്യമില്ല മുകുന്ദനേ.

എം. മുകുന്ദനെപോലുള്ളവർ ഇക്കാലത്ത്‌ യഥാർഥ ഇടതുപക്ഷത്തിന്റെ തോലണിഞ്ഞ ചെന്നായകളാവുന്നത്‌ എന്തുകൊണ്ടാണ്‌. ഇടതുപക്ഷത്തുള്ളതെന്നു പറയുന്ന എഴുത്തുകാരുടെ ശേഷിക്കുറവുകൊണ്ടുതന്നെ. അശോകൻ ചരുവിൽ ഈ ആഗോളീകരണകാലത്തും കാട്ടൂർ ചന്തയെപ്പറ്റി തന്നെയാണ്‌ എഴുതിക്കൊണ്ടിരിക്കുന്നത്‌. കുഞ്ഞപ്പ പട്ടാന്നൂരിന്റെ കവിതയുടെ 25-​‍ാം വാർഷികവും കവിയുടെ വിദ്യാരംഭവും ഈയിടെയാണല്ലോ ഒന്നിച്ചാഘോഷിച്ചത്‌.

എൻ. പ്രഭാകരനെ ഒഴിച്ചു നിർത്തിയാൽ ആരാണ്‌ ഇടതുപക്ഷത്തുനിന്ന്‌ ബുദ്ധിപരമായി എഴുതുന്ന ഒരാൾ?

അതുകൊണ്ടുതന്നെ എഴുത്തിലും കലയിലും ഇടതുപക്ഷത്തിന്റെ പ്രതിസന്ധി കൈകാര്യം ചെയ്യുന്നത്‌ എം. മുകുന്ദനെയും ഡോ. ഇക്‌ബാൽ കുറ്റിപ്പുറത്തിനെയും പോലുള്ള വേളൂർ കൃഷ്ണൻകുട്ടിമാരാണ്‌. ‘കൊക്കക്കോളയോട്‌ നിനക്കെന്താ ഇത്ര വിരോധം, അത്‌ നിന്നെ കടിക്കാൻ വന്നോ’ എന്ന മട്ടിലുള്ള സലിംകുമാർ അശ്ലീലങ്ങളാണ്‌ ഇടതുപക്ഷ വിമർശനമാതൃകയായി ഓടിക്കൊണ്ടിരിക്കുന്നത്‌. ആഗോളീകരണകാലത്ത്‌ മൂലധനത്തിന്റെയും അധികാരത്തിന്റെയും വിനിയോഗം സംബന്ധിച്ച പ്രതിസന്ധി ലോകത്തെങ്ങുമുള്ള ഇടതുപക്ഷ ഭരണകൂടങ്ങൾ അഭിമുഖീകരിക്കുന്നുണ്ട്‌. ആ രീതിയിലാണ്‌ അതാതിടങ്ങളിലെ വിമർശകരും ബുദ്ധിജീവികളും അതിനെ കൈകാര്യം ചെയ്യുന്നത്‌. ഇവിടെ ഇപ്പോഴും അതൊരു ശ്രീനിവാസൻ ചിത്രം പോലെയാണ്‌.

കെ.ഇ.എൻ കരയുന്നു

എഴുത്തിനും കലയ്‌ക്കും മാത്രമല്ല ഈ പ്രതിസന്ധി മാധ്യമങ്ങൾക്കുമുണ്ട്‌. പിണറായി വിജയൻ-വി.എസ്‌ അച്യുതാനന്ദൻ ഗ്രൂപ്പുതർക്കത്തിനപ്പുറത്തേക്ക്‌ ഇടതുപക്ഷ പ്രതിസന്ധിയെ പ്രശ്നവൽക്കരിക്കാൻ ഒരു മാധ്യമത്തിനും ആയിട്ടില്ല. ഇടതുപക്ഷം മുഖ്യ രാഷ്ര്ടീയ ഉള്ളടക്കമായി വരുന്ന മാധ്യമം, മാതൃഭൂമി, മലയാളം, കലാകൗമുദി മാഗസിനുകൾ ഒന്നിനൊന്ന്‌ ‘മികച്ച’ പ്രകടനമാണ്‌ ഇക്കാര്യത്തിൽ പ്രദർശിപ്പിക്കുന്നത്‌.

‘ദിനോസറുകളുടെ കാലം’ പോലത്തെ ഒരു വ്യാജസൃഷ്ടി മാതൃഭൂമിയെപ്പോലൊരു ആഴ്‌ചപ്പതിപ്പിന്റെ കവർസ്‌റ്റോറിയായി വരുന്നു. കേവലപ്രതീകങ്ങളിലേക്ക്‌ പാർട്ടിമൂല്യത്തെ ചുരുക്കിക്കാട്ടുന്നതിനെ വിമർശിക്കുന്ന കെ.ഇ.എൻ (കമ്മ്യൂണിസ്‌റ്റ്‌ മൂല്യങ്ങൾക്കുവേണ്ടി കരയുന്നവരോട്‌; മാധ്യമം ആഴ്‌ചപ്പതിപ്പ്‌, ആഗസ്‌റ്റ്‌ മൂന്ന്‌) സ്വതസിദ്ധമായ അതിവൈകാരിക കണ്ണീരാൽ കമ്യൂണിസത്തെ കൗമാരപ്രണയം പോലെ ചപലവസ്തുവാക്കി മാറ്റുന്നു. (ഡി.വൈ.എഫ്‌.ഐ പഠനക്ലാസുകൾ തന്നെയാണ്‌ കെ.ഇ.എന്നിന്‌ പറ്റിയ ഇടം). അതിവൈകാരികമായ വ്യക്തിസത്തയിൽ നിന്ന്‌ ഉന്നതമായ പ്രത്യയശാസ്ര്തബോധത്തിലേയ്‌ക്ക്‌ ചിന്തയെ ഉയർത്താനുള്ള ശേഷിക്കുറവുള്ള കെ.ഇ.എൻ, ആസാദ്‌, അപ്പുക്കുട്ടൻ വള്ളിക്കുന്ന്‌, ജി.പി. രാമചന്ദ്രൻ തുടങ്ങിയവർ ചിന്തകരുടെ വേഷം കെട്ടുന്നതാണ്‌ ഇവിടുത്തെ ഇടതുപക്ഷത്തിന്റെ ഏറ്റവും വലിയ ദുരന്തങ്ങളിലൊന്ന്‌.

വിജയന്റെ വ്യാജം പുറത്താകുന്നു

പത്രപ്രവർത്തകർ എളുപ്പം വീണുപോകാവുന്ന ചതിക്കുഴികളിൽ വീണുപോയ മറ്റൊരു ഇടതുപക്ഷ ചിന്തകന്റെ പൊള്ളത്തരം വെളിവാക്കുന്ന അഭിമുഖം ജൂലൈ ലക്കം ‘പച്ചക്കുതിര’യിലുണ്ട്‌.

picture3
കേരളത്തിലെ സമകാലിക ഇടതുപക്ഷചർച്ചകളെ വ്യക്തിഹത്യയുടെയും കല്ലുവെച്ച നുണയുടെയും പച്ചത്തെറിയുടെയും സെൻസേഷണലിസത്തിലേക്ക്‌ ചുരുക്കുന്നതിന്റെ ചീഫ്‌ എഡിറ്ററായിരുന്നു എം.എൻ വിജയൻ. എം.പി. പരമേശ്വരനെപ്പോലെ മൗലികചിന്തയുള്ള ഒരു കമ്യൂണിസ്‌റ്റിനെയും എം.എൻ വിജയനെപ്പോലെ ഒരു വ്യാജപ്രതീകത്തേയും ഒരേ തുലാസിൽ അളന്നത്‌ പാർട്ടിക്കുപറ്റിയ പിഴ.

രാഷ്ര്ടീയപ്രവർത്തനം നടത്തുന്നതിനും അടിയന്തരാവസ്ഥയെ എതിർക്കുന്നതിനുമൊക്കെ സർക്കാർ സർവീസ്‌ പ്രതിബന്ധമായിരുന്ന ഒരു രാഷ്‌ട്രീയജീവിതമായിരുന്നു എം.എൻ. വിജയന്റേത്‌. ‘അതിനകത്തിരുന്നിട്ട്‌ എന്ത്ലുമൊക്കെ ചെയ്യുന്നതിനേക്കാൾ പുറത്തുവന്നിട്ട്‌ ചെയ്യുന്നതാകും നന്നാവുക എന്നതാണ്‌ ഞാൻ കരുതിയതെന്ന്‌’ വിജയൻ വേണുവുമായുള്ള സംഭാഷണത്തിൽ പറയുന്നുണ്ട്‌. പക്ഷേ അദ്ദേഹം എങ്ക്ലുമൊക്കെ പറഞ്ഞുതുടങ്ങിയത്‌ റിട്ടയർ ചെയ്ത്‌ പെൻഷനൊക്കെ കിട്ടിത്തുടങ്ങിയ ശേഷമായിരുന്നു. അതേസമയം കെ. വേണു, ആ പ്രായത്തിലും കാലത്തും ഒരാൾക്ക്‌ ലഭിക്കുന്ന ഏറ്റവും വലിയ പ്രലോഭനങ്ങളെ ത്യജിച്ചാണ്‌ രാഷ്ര്ടീയ പ്രവർത്തകനായത്‌. അതു നിരന്തരം വേട്ടയാടലിന്‌ വിധേയമാക്കപ്പെടുന്ന ഒരു രാഷ്ര്ടീയജീവിതം.

കമ്യൂണിസത്തെക്കുറിച്ച ഇരുവരുടെയും നിലപാടുകളിലും കമിറ്റ്‌മെന്റിന്റെ ഈ ഏറ്റക്കുറച്ചിൽ വ്യക്തമാണ്‌. സാധാരണ ബുദ്ധിയെ സ്തംബ്ധമാക്കുന്ന പ്രതീകങ്ങളാണ്‌ വിജയന്റെ കൈമുതൽ.

മാർക്സ്‌ മുന്നോട്ടുവെക്കുന്ന കേന്ദ്രീകൃത സമ്പദ്‌വ്യവസ്ഥ, നഗരവത്‌ക്കരണം, ലാഭേച്ഛ, തുറന്ന വിപണി, സോഷ്യൽ ഡെമോക്രസി തുടങ്ങിയ വിഷയങ്ങളിലെല്ലാം സാമാന്യപ്രവണതകളെ മൂർച്ഛയുള്ള പ്രതീകങ്ങളിലൂടെ അവതരിപ്പിച്ച്‌ പരമമായ സത്യമാണെന്ന പ്രതീതി ജനിപ്പിക്കാൻ അതിസമർഥനാണ്‌ വിജയൻ. വിജയൻ മാത്രം സംസാരിച്ചുകൊണ്ടിരുന്നാൽ നാം ആ സാമർത്ഥ്യത്തിന്‌ അടിമപ്പെടും. (“ചോറെന്ന സത്യം നിത്യവും സാധ്യമായാൽ നിങ്ങൾക്ക്‌ ലിബറലാകാം, പിന്നെ ഏതു സ്വരലയവും ആസ്വദിക്കാം. ഡെമോക്രസി മാത്രമാണ്‌ ശരിയെന്നു പറയുന്നത്‌ അൺഡെമോക്രാറ്റിക്കാണ്‌”).

picture4
പക്ഷേ ഇവിടെ വേണു വായനക്കാരെ തിരിച്ചറിവിലേക്ക്‌ നയിക്കുന്നു. സ്വന്തം നിലപാടുകളെക്കുറിച്ച്‌ സ്വയം ബോധ്യമുള്ള ഒരാൾക്ക്‌ വിഷയത്തെ ഒരിക്കലും പ്രതീകവൽക്കരിക്കേണ്ടിവരില്ല. പ്രതീകങ്ങളിലൂടെ മാത്രം സംസാരിച്ചുകൊണ്ടിരിക്കുന്ന വിജയൻ അതുകൊണ്ടുതന്നെ ഇടതുപക്ഷത്തിന്റെ വ്യാജപ്രതിനിധാനമാണെന്നു പറയേണ്ടിവരും.

വേണുവിന്‌ ഇത്തരം പരിഭ്രമങ്ങളൊന്നുമില്ലെന്നുമാത്രമല്ല, തന്റെ നിലപാടുകളിലെ പരിണാമത്തെ യുക്തിഭദ്രമായി വിശദീകരിക്കുകയും ചെയ്യുന്നു. മാർക്സിസം ഇന്നും സമചിത്തതയോടെ വിശകലനത്തിനു വിധേയമാക്കിയിട്ടില്ലാത്ത ആഗോളീകരണത്തെ സിദ്ധാന്ത ശാഠ്യങ്ങളില്ലാതെ വേണു അവതരിപ്പിക്കുന്നു. വിയോജിപ്പുണ്ടായാലും വേണുവിന്റെ ചിന്തയുടെ ആധികാരികതയും ആർജവവും അനിഷേധ്യമാണ്‌.

ദേശീയാതിർത്തികളെ മറികടക്കുന്ന സാമ്പത്തിക മൂലധനവളർച്ചയും ഉല്പാദകശക്തികളുടെ വളർച്ചയും മാർക്സ്‌ ചൂണ്ടിക്കാട്ടിയിരുന്നു. ഇത്തരത്തിലുള്ള സ്വാഭാവിക മാറ്റത്തിന്റെ ഫലമാണ്‌ ആഗോളീകരണം എന്ന്‌ വേണു വാദിക്കുന്നു. ഉല്പാദനരംഗം സ്തംഭിച്ചുപോയ അവസരത്തിൽ ലാഭേച്ഛയുടെ സാധ്യത ഉപയോഗിക്കാൻ തുടങ്ങിയതോടെയാണ്‌ കമ്യൂണിസ്‌റ്റ്‌ പാർട്ടികൾ ക്രൂഷ്‌ചേവിനെ റിവിഷനിസ്‌റ്റായി മുദ്രകുത്തി തുടങ്ങിയതെന്ന്‌ വേണു കൃത്യമായി നിരീക്ഷിക്കുന്നുണ്ട്‌. അതേസമയം ലാഭേച്ഛ എന്ന മുതലാളിത്തത്തിന്റെ ഇൻസെന്റീവിന്‌ പകരം സോഷ്യലിസത്തിന്‌ മുന്നോട്ടുവെക്കാൻ ഒന്നുമില്ല. മാത്രമല്ല ലാഭവും കമ്പോളവുമില്ലാത്ത അവസ്ഥ സെൻട്രലൈസേഷനിലെത്തിക്കുകയും ചെയ്യുന്നു. മുതലാളിത്തം എന്ന്‌ ലെനിൻ വിശേഷിപ്പിച്ച സോഷ്യൽ ഡെമോക്രസിയിലൂടെയേ മനുഷ്യസമൂഹത്തിന്‌ മുന്നേറാനാകൂ എന്ന്‌ വേണു അടിവരയിടുന്നു. കമ്യൂണിസത്തിനകത്ത്‌ നടക്കുന്ന മാറ്റങ്ങളെയും അത്‌ നേരിടുന്ന പ്രതിസന്ധികളെയും അങ്ങേയറ്റം ശാസ്ര്തീയമായും പ്രായോഗികമായും വിശകലനം ചെയ്യുന്നു വേണു.

ഡിറ്റക്ടീവ്‌ കവിതയായിരുന്നു ഭേദം

picture5
മലയാളത്തിലെ ഏറ്റവും യാഥാസ്ഥിതികരും അസഹിഷ്ണുക്കളുമായ വായനക്കാർ മാതൃഭൂമി ആഴ്‌ചപ്പതിപ്പിന്റേതായിരുന്നു. വായനയുടെയും വായനാവർഗത്തിന്റെയും സവർണഭാവുകത്വത്തെ മാതൃഭൂമി 70 വർഷത്തോളം പരിപാലിച്ചുപോന്നു. വായനക്കാരിലെ സാമുദായികമായ വർണവിഭജനത്തേക്കാൾ അപകടമരമായിരുന്നു സാഹിത്യത്തിൽ മാതൃഭൂമി പരിപാലിച്ചുവന്നിരുന്ന കുലീനത. എം.ടി വാസുദേവൻനായരുടെ പ്രതാപകാലത്താണ്‌ സാഹിത്യത്തിലെ ഭിന്നപ്രതിനിധാനങ്ങളെ മാതൃഭൂമി ആഴ്‌ചപ്പതിപ്പ്‌ സ്വീകരിച്ചു തുടങ്ങിയത്‌. പക്ഷേ അപ്പോഴും സാഹിത്യത്തിനു പുറത്തെ അതിന്റെ വാതിലുകൾ കുലീനമല്ലാത്ത പ്രമേയങ്ങൾക്കും എഴുത്തുകാർക്കും വായനക്കാർക്കും മുന്നിൽ അടഞ്ഞുതന്നെ കിടന്നു. ഇപ്പോൾ സാഹസികമായി തുറക്കപ്പെട്ടപ്പോൾ ദുർഗന്ധം വമിക്കുന്ന ചില പ്രതിഷേധങ്ങൾ പ്രത്യക്ഷപ്പെടുകയുണ്ടായി. അതിലൊന്ന്‌ ഇങ്ങനെ വായിക്കാംഃ “ഒരു മുഴുനീള ഡിറ്റക്ടീവ്‌ നോവൽ മാതൃഭൂമിയിൽ ആരംഭിച്ചിരിക്കുന്നു. നന്നായി. കാമശാസ്ര്തവും ഒഴിവാക്കരുത്‌. അതും വരട്ടെ മാതൃഭൂമിയുടെ താളുകളിൽ. വിൽപന കൂടും. കച്ചോടവും നന്നാവും”; പി. ശ്രീധരൻ, കെ.കെ. നഗർ, ചെന്നൈ (വായനക്കാർ എഴുതുന്നു, മാതൃഭൂമി ആഴ്‌ചപ്പതിപ്പ്‌, ആഗസ്‌റ്റ്‌ നാല്‌). കെട്ട ഭാവുകത്വത്തിന്റെ വൃദ്ധവിരേചനങ്ങൾ.

ഇത്തരം വായനക്കാരെ ഗളഹസ്തം ചെയ്തുകൊണ്ടേ ഒരു പ്രസിദ്ധീകരണത്തിന്‌ മുന്നോട്ടുപോകാനാകൂ. മാതൃഭൂമിയുടെ അത്യന്തം പ്രകോപനപരമായ ഉള്ളടക്കത്തിന്റെ അവസാന ദൃഷ്ടാന്തമാണ്‌ ടി.പി രാജീവന്റെ പാലേരി മാണിക്യം കൊലക്കേസ്‌ എന്ന ഡിറ്റക്ടീവ്‌ നോവൽ. ഡിറ്റക്ടീവ്‌ നോവലുകളുടെ വിദേശവും സ്വദേശവുമായ സമ്പന്നമായ വായനാനുഭവം മലയാളിക്കുണ്ട്‌. കോട്ടയം പുഷ്പനാഥിനേക്കാൾ ഇവിടെ വായിക്കപ്പെട്ടത്‌ ദുർഗാപ്രസാദ്‌ ഖത്രിയും അഗതക്രിസ്‌റ്റിയും ചേസുമാണ്‌. മലയാളത്തിൽ അസ്തമിച്ചുപോയ ഒരു വായനാനുഭവത്തെ പുതിയ കാലത്ത്‌ പുനഃസൃഷ്ടിക്കുന്നത്‌ അതി സാഹസികമാണ്‌. എന്നാൽ കഷ്ടമെന്നു പറയട്ടെ, പരസ്യങ്ങളിലൂടെ ആഴ്‌ചപ്പതിപ്പ്‌ വീർപ്പിച്ചുകൊണ്ടുവന്നത്‌ ആദ്യലക്കം തന്നെ പൊട്ടിപ്പോയിരിക്കുന്നു.

ആദ്യലക്കത്തിൽ തന്നെ ‘ഡിറ്റക്ടീവ്‌ ബ്ലീറ്റ്‌’ ചുണ്ടിൽ പൈപ്പുമായി പ്രത്യക്ഷപ്പെടണമെന്നല്ല പറഞ്ഞുവരുന്നത്‌. ഭാഷയുടെയും വിവരണത്തിന്റെയും ദുർമേദസ്സുകൊണ്ട്‌ ഈ നോവലിന്റെ ആദ്യ രണ്ടുലക്കങ്ങൾ ദുസ്സഹമായിരിക്കുന്നു. പുനത്തിൽ കുഞ്ഞബ്ദുള്ളയുടെ ഒരു പൊട്ടക്കഥ വായിക്കുന്ന പ്രതീതി.

ടി.പി രാജീവൻ ഒരു ഡിറ്റക്ടീവ്‌ കവിത എഴുതുന്നതായിരുന്നു തമ്മിൽ ഭേദം.

മേജർ രവി എന്ന കോമാളി

picture6
മിഷൻ 90 ഡെയ്‌സ്‌ എന്ന മേജർ രവി ചിത്രത്തിനെ രൂക്ഷമായി ആക്രമിക്കുന്നു വിജു വി.നായർ (മാധ്യമം ആഴ്‌ചപ്പതിപ്പ്‌, ജൂലൈ 27). ചരിത്ര & രാഷ്ര്ടീയ ബോധമില്ലാത്ത ഒരു കോമാളി സംവിധായകൻ സിനിമയെ എങ്ങനെ വ്യഭിചരിക്കുന്നു എന്ന്‌ കാട്ടിത്തരുന്നു വിജു വി.നായർ. ദേശാഭിമാനം വിശുദ്ധപശുവാണെന്ന സങ്കല്പമാണ്‌ അതിന്റെ അനുസരണയുള്ള ആട്ടിൻകുട്ടിയായിരുന്ന ഈ പട്ടാളക്കാരന്‌ എന്ന്‌ കീർത്തിചക്ര എന്ന ചിത്രം തെളിയിച്ചതാണ്‌. ഒരു രാഷ്ര്ടീയനേതാവിന്റെ കൊലപാതകം ഏതാനും ദിവസത്തെ ക്രിമിനൽ ഗൂഢാലോചനയുടെ ഫലമായി സംഭവിക്കുന്നതല്ല. രാജീവ്‌ വധത്തിനു പുറകിൽ രാഷ്ര്ടീയ കാരണങ്ങളേറെയുണ്ട്‌. അത്‌ ഇന്ത്യൻ ദേശീയത സുഭിക്ഷം തീറ്റിപ്പോറ്റിയ, ഇപ്പോൾ അതിന്റെ ഉച്ഛിഷ്ടം ഭുജിച്ചു കഴിയുന്ന മേജർ രവിക്ക്‌ അറിയാൻ കഴിയില്ല. 90 ദിവസത്തെ വീരപരാക്രമം കൊണ്ട്‌ അവസാനിക്കുന്നതല്ല ഈ കളി. മമ്മൂട്ടിയുടെ ശരീരവും ശബ്ദവും കൊണ്ട്‌ നുണയെ സത്യമാക്കാനുമാവില്ല.

ബുദ്ധിജീവികളുടെ ജീവനകല

ഇടതുപക്ഷത്താണെന്ന്‌ സ്വയം വിശ്വസിക്കുന്ന സാംസ്‌കാരിക രംഗത്തെ ചില കൂപമണ്ഡൂകങ്ങൾ ഈയിടെ ‘കേരളത്തിന്റെ ഇടതുപക്ഷ & മതേതര മനസ്സിനെ തകർക്കരുത്‌’ എന്ന ആഹ്വാനം നിർവഹിക്കുകയുണ്ടായി. ഫിദൽ കാസ്ര്ടോ മുതൽ ഷാവേസ്‌ വരെയുള്ളവർ വ്യാജപ്രചരണത്തെ അതിജീവിച്ചാണ്‌ പ്രവർത്തിച്ചത്‌ എന്ന്‌ ഈ പ്രസ്താവനയിലുണ്ട്‌.

എങ്ങനെയോ ഈ കുഴിയിൽ വീണുപോയ ചിലരൊഴിച്ച്‌ ഈ കൂട്ടായ്മ സാംസ്‌കാരിക മേഖലയിലെ വലിയ മാഫിയകളിലൊന്നാണ്‌. പെറ്റി ഈഗോയും അസൂയയും കുശുമ്പും മുതൽ ഇടതുപക്ഷ ആശയലോകത്തെ നിർണായകസമയത്ത്‌ പിന്നിൽ നിന്ന്‌ കുത്തിയ സഖാക്കൾ വരെ ഇക്കൂട്ടത്തിലുണ്ട്‌. ഇടതുപക്ഷഭരണം വരും മുമ്പ്‌ ആശയവ്യക്തതയുണ്ടായിരുന്ന ഇവരിൽ ചിലർക്ക്‌ ഭരണം വന്നുകഴിഞ്ഞപ്പോൾ പിണറായി-വി.എസ്‌ സ്ഥലജലവിഭ്രാന്തിയിൽ സ്ഥിരത നഷ്ടപ്പെട്ടു. സ്ഥാനമാനങ്ങൾക്കും അവിഹിത സ്വാധീനങ്ങൾക്കും വേണ്ടി ഔദ്യോഗിക പക്ഷത്തോടൊപ്പം നൽക്കുക എന്ന ഒരൊറ്റ ദുഷ്ടലാക്കേ ഇവരിൽ പലർക്കുമുള്ളൂ. യഥാർഥത്തിൽ ഇവരാണ്‌ കേരളത്തിൽ ഉയർന്നുവരേണ്ടിയിരുന്ന വിശാലമായ ഇടതുപക്ഷ പ്ലാറ്റ്‌ഫോമിനെ തകർത്തത്‌.

ഇയാളൊരു ഗോപാലകൃഷ്ണൻ തന്നെ

പാർട്ടി അണികൾ ദേശാഭിമാനിയേക്കാൾ കൂടുതൽ വിശ്വസിക്കുന്നതും വാങ്ങുന്നതും മാതൃഭൂമി പത്രമാണെന്നതാണ്‌ സി.പി.എമ്മിനെ വിറളി പിടിപ്പിക്കുന്നത്‌. തെക്കൻ ജില്ലകളിലെ ഈഴവ വായനക്കാരെ മാറ്റി നിർത്തിയാൽ പാർട്ടിയുടെ വർഗ & വർണ അടിത്തറ മാതൃഭൂമിയുടെ പാർട്ടി വിരുദ്ധ വാർത്തകൾക്ക്‌ അതിലും വലിയ നാണയത്തിൽ തിരിച്ചടി നൽകേണ്ടിവരും.

പച്ചനുണയും അസഭ്യവുമൊക്കെ നിരത്തി വിശ്വാസ്യത കളഞ്ഞുകുളിച്ചെങ്കിലും ദേശാഭിമാനി പത്രത്തിൽ വന്ന മാതൃഭൂമി വിരുദ്ധ പരമ്പരയിലെ പല കാര്യങ്ങളും സത്യമായിരുന്നു. എഡിറ്റർ ഗോപാലകൃഷ്ണന്റെ ഇടപെടൽ മാതൃഭൂമിയുടെ മതേതര പ്രതിച്ഛായ തകർത്തു എന്നത്‌ സത്യമാണ്‌. ഇപ്പോൾ വാരാന്തപ്പതിപ്പിൽ അമൃതാനന്ദമയിയുടെ അജീർണോപദേശം കൂടി തുടങ്ങിയതോടെ ഗോപാലകൃഷ്ണൻ ആൾദൈവത്തിന്റെ നോമിനിയാണെന്ന ആരോപണത്തിന്‌ ബലമേറുന്നു. മാത്രമല്ല കേരളത്തിലെ ആൾദൈവ വിപണിയെ സമീപകാലത്ത്‌ ഏറ്റവുമധികം വളർത്തിയ പത്രവും മാതൃഭൂമിയാണ്‌. പത്രത്തിന്റെ ഉള്ളടക്കത്തിലേക്കുള്ള ഹിന്ദുത്വവാദത്തിന്റെ കടന്നുകയറ്റം അപകടരമാംവിധം ബലപ്പെടുകയാണ്‌. പത്രം കൂടുതൽ വർഗീയമാകുമ്പോൾ അത്‌ കൂടുതൽ സ്വീകാര്യമാകുന്നു എന്ന തന്ത്രം പയറ്റുകയാണ്‌ ഗോപാലകൃഷ്ണൻ.

ശ്രീരാമന്റെ വാഴ്‌വുകൾ

picture7
വി.കെ ശ്രീരാമന്റെ അഭ്യാസം മാധ്യമം ആഴ്‌ചപ്പതിപ്പിൽ. സതീഷ്‌ബാബു പയ്യന്നൂരിന്റെ പേരമരം എന്ന സാധാരണ കഥ ശ്രീരാമന്റെ തീരെച്ചെറിയ വായനാലോകത്തെ അടിമുടി പിടിച്ചുലച്ചതിന്റെ വർണനയാണ്‌ ‘വാഴ്‌വും നിനവും’ എന്ന പംക്തിയുടെ കഴിഞ്ഞ ലക്കം. ഇടയ്‌ക്ക്‌ യു.പി വിദ്യാർത്ഥികളുടെ വായനാഡയറിയിലെ പോലെ ചില വാചകങ്ങൾ എഴുതിവച്ചിട്ട്‌ കഥ അപ്പടി പകർത്തിവച്ചിരിക്കുകയാണ്‌ ശ്രീരാമൻ. ശ്രീരാമന്‌ വേണ്ടപ്പെട്ടവരായി ഇനിയും നിരവധി കഥാകൃത്തുക്കളും കവികളും സിനിമക്കാരുമൊക്കെയുണ്ട്‌. അവരുടെ വീരചരിതങ്ങൾ വരും ലക്കങ്ങളിൽ വായിക്കാം.

ഉച്ഛിഷ്ടങ്ങളാണ്‌ മാധ്യമം ആഴ്‌ചപ്പതിപ്പിന്‌ ഏറെ പഥ്യം. ശ്രീരാമൻ മാത്രമല്ല, പുനലൂർ ബാലനും എഴുതുന്നത്‌ ഇതുതന്നെയാണ്‌. വ്യക്തിപരമായ കുശുമ്പും കുന്നായ്മയും ഇടയ്‌ക്ക്‌ തിരുകുക വഴി ബഷീറിനെക്കുറിച്ച ഓർമക്കുറിപ്പുകളുടെ ആർജവം നഷ്ടമാക്കിയിരിക്കുകയാണ്‌ ബാലൻ.

കഥ ഏതായാലും മതം നന്നായാൽ മതി

മാധ്യമം ആഴ്‌ചപ്പതിപ്പിൽ (ആഗസ്‌റ്റ്‌ മൂന്ന്‌) ഇടം എന്ന കഥ. ഒ.സി നാസർ എഴുതിയത്‌. ഇടയ്‌ക്ക്‌ ഇതുപോലത്തെ മുസ്ലീം സംവരണവുമാകാം സാഹിത്യത്തിൽ. അല്ലാതെ ഈ കഥ പ്രസിദ്ധീകരണയോഗ്യമാകാൻ മറ്റു കാരണങ്ങളില്ല.

കഥ മോശമായാലും മതം നിലനിൽക്കട്ടെ.

വായനക്കാരുടെ നിലവിളികൾ

‘അംഗവിച്ഛേദം ചെയ്യപ്പെട്ടവന്റെ നിലവിളികൾ’ എന്ന പുസ്തകറിവ്യു എഴുതിയ വൈക്കം മുരളി (മാധ്യമം ആഴ്‌ചപ്പതിപ്പ്‌, ആഗസ്‌റ്റ്‌ മൂന്ന്‌) തന്റെ വായനക്കാരുടെ നിലവിളി എന്ന്‌ കേൾക്കും? മാതൃഭൂമി ഇത്തവണ നിരാശപ്പെടുത്തി. പുസ്തകനിരൂപണം പേജ്‌ 76 എന്ന്‌ ഉള്ളടക്കപേജിലുണ്ട്‌. വൈക്കം മുരളിയുടേതായിരിക്കുമെന്ന പ്രതീക്ഷയിൽ 76-​‍ാം പേജിലെത്തിയപ്പോഴോ കലാമണ്ഡലം ഗോപിയുടെ ആത്മകഥയുടെ ബാക്കി. പുസ്തകനിരൂപണം എവിടെയുമില്ല.

ശരീരം മരണമുള്ള ദൈവം

സ്ര്തീ ശരീരത്തെക്കുറിച്ചുള്ള സദാചാര പാഠങ്ങളിലെ പ്രതിലോമകതയെ പുറത്തുകൊണ്ടുവരുന്നു എസ്‌. ശാരദക്കുട്ടിയുടെ ‘ശരീരം മരണമുള്ള ദൈവം’ (മാതൃഭൂമി ആഴ്‌ചപ്പതിപ്പ്‌, ജൂലൈ 28) എന്ന മനോഹരമായ ലേഖനം. വിഷയത്തിന്റെ ആത്മാവിനുചേർന്ന ഭാഷ ഉപയോഗിക്കാൻ സമർഥയാണ്‌ ശാരദക്കുട്ടി. ആൾദൈവങ്ങളുടെ ആത്മീയാലിംഗനത്തിന്‌ സ്ര്തീശരീരങ്ങൾ വിധേയപ്പെടുന്നതിന്റെ സാമൂഹികശാസ്ര്തം ശാരദക്കുട്ടി ഭംഗിയായി വരച്ചിടുന്നു.

ഓർമ നശിച്ചാൽ…

എം.എൻ ഗോവിന്ദൻ നായരെപ്പറ്റി സി.വി ശ്രീരാമന്റെ മാതൃഭൂമി അഭിമുഖത്തിൽ വന്ന പരാമർശങ്ങളെല്ലാം അദ്ദേഹവുമായി അടുത്ത ബന്ധമുള്ളവർ നിഷേധിച്ചുകഴിഞ്ഞു. എന്നിട്ടും ശ്രീരാമൻ ‘തെറ്റുപറ്റി’ എന്ന്‌ സമ്മതിക്കുകയോ വിമർശനത്തെ നിഷേധിക്കുകയോ ചെയ്യുന്നില്ല. ഓർമ നശിച്ചവരെ അഭിമുഖത്തിന്‌ വിധേയമാക്കരുത്‌.

ഒരു ജ്ഞാനപീഠം കിട്ടിയിരുന്നെങ്കിൽ…

picture8
മരണം വരെയും എഴുതിക്കൊണ്ടിരിക്കണമെന്ന്‌ മോഹമുണ്ടാകും ഒ.എൻ.വി കുറുപ്പിന്‌. അദ്ദേഹം എഴുതിക്കൊണ്ടിരിക്കുകയും ചെയ്യട്ടെ. പക്ഷേ അതപ്പടി പ്രസിദ്ധീകരിക്കണമെന്ന്‌ പത്രാധിപർക്ക്‌ എന്തിനാണിത്ര വാശി? ‘സ്നേഹിച്ചു തീരാത്തവർ’ എന്നൊരു ഖണ്ഡകാവ്യം തുടങ്ങിയിരിക്കുന്നു മലയാളം വാരികയിൽ. പേജുകണക്കിന്‌ തുടരുകയാണ്‌ കവി. പേജിന്റെ ലേ ഔട്ടിൽ മാത്രമാണ്‌ വ്യത്യാസം. വരികളെല്ലാം ഒരേ പോലെ.

“ഒരു ലില്ലിപ്പൂവിന്റെ

​‍െനൈർമല്യം നീ, സഖീ

ഒരു പനിനീർപുഷ്പത്തിൻ

പരിമളം നീ,

ഒരു മാടപ്രാവിന്റെ

കുറുകൽപോൽ നിൻ സ്വരം”

കേട്ടാൽ കാർക്കിച്ചു തുപ്പേണ്ട വരികൾ.

നാടക & സിനിമ ഗാനശാഖയിലേക്ക്‌ കവിതയെ കൊണ്ടുവന്നു എന്ന്‌ ഒ.എൻ.വിയെപ്പറ്റി പറയാറുണ്ട്‌. ശരിയാണത്‌. പക്ഷേ ഏറ്റവും മികച്ച പാട്ടെഴുത്തുകാരൻ നല്ല കവിയാകുകയില്ല എന്ന സത്യം ഒ.എൻ.വിയുടെ കാവ്യജീവിതം സാക്ഷാൽക്കരിക്കുന്നു. ഇടതുപക്ഷ വിപ്ലവവീര്യത്തിന്റെ ഒഴിയാബാധയായിരുന്ന ലോലഭാവുകത്വത്തെ ഉദ്ദീപിപ്പിച്ചു എന്നതു മാത്രമാണ്‌ സാഹിത്യത്തിൽ ഒ.എൻ.വിയുടെ സ്ഥാനം. സാമാന്യത്തിൽ നിന്നുയർന്നുനിൽക്കുന്ന ഒരു കവിതപോലും അദ്ദേഹത്തിന്റേതായിട്ടില്ല. എഴുതിത്തുടങ്ങിയ കാലത്തെ ജീർണ കാല്പനികഭാഷയിൽ തന്നെ അദ്ദേഹം ഇപ്പോഴും എഴുതുന്നു. ഒരു ജ്ഞാനപീഠം കിട്ടിയാൽ അവസാനിക്കും ഈ കരച്ചിൽ എങ്കിൽ എത്രയും വേഗം ജ്ഞാനപീഠം കൊടുത്തവസാനിപ്പിക്കൂ ഈ കവിയെ.

ആനന്ദ്‌

picture9
ആനന്ദിന്റെ എഴുത്തിന്‌ ഇതാദ്യമായി ശരിയായ ഒരു സ്‌ലഗ്‌ നൽകിയിരിക്കുന്നു ഭാഷാപോഷിണി പത്രാധിപർ. ആൾക്കൂട്ടം എഴുതി അമ്പതുവർഷത്തിനുശേഷം ആനന്ദ്‌ മുംബൈയെക്കുറിച്ച്‌ എഴുതി ‘പരിണാമത്തിന്റെ ഭൂതങ്ങൾ’ എന്ന സാധനത്തിന്‌ കഥ & ഉപന്യാസം & യാത്രാസ്മരണ എന്നാണ്‌ സ്‌ലഗ്‌. എങ്ങനെവേണമെങ്കിലും വായിക്കാം. പത്രാധിപരുടെ അതിമനോഹരമായ കുറിപ്പുമുണ്ട്‌.

ആനന്ദിനെ നമ്മൾ സമ്മതിച്ചുകൊടുക്കും ഈ വായനക്കുശേഷം. പ്രകൃതി & മനുഷ്യൻ & ജീവജാലങ്ങൾ & പഞ്ചഭൂതങ്ങൾ എന്നിവരുടെ ഭ്രഷ്ടലോകങ്ങളെ ഹൃദയാവർജകമായും ദാർശനിക മാനത്തോടെയും ആനന്ദ്‌ രേഖപ്പെടുത്തുന്നു. ആനന്ദിന്റെ മറ്റു രചനകളെപ്പോലെ ബുദ്ധിപരവും ദാർശനികവുമായ ഭാവുകത്വശേഷിയുള്ളവർക്കേ ഈ കൃതിയും ഗ്രഹിക്കാനാകൂ എന്ന ‘പോരായ്മ’ ഒഴിച്ചുനിർത്തിയാൽ ആധുനിക ജ്ഞാനത്തേയും അനുഭവത്തേയും ഇത്ര നിർമമമായി ആവിഷ്‌ക്കരിക്കുന്ന രചന അടുത്തകാലത്തുണ്ടായിട്ടില്ല.

പവനനെ വീണ്ടും കൊല്ലരുതേ…

പാർവതി പവനൻ പവനനെക്കുറിച്ച്‌ എഴുതുന്നത്‌ ഇനിയെങ്കിലും അവസാനിപ്പിക്കണം. ഒരായുസ്സിലെഴുതാൻ കഴിയുന്നത്‌ അവർ ‘പവനപർവ്വം’ എന്ന കൃതിയിൽ എഴുതിക്കഴിഞ്ഞു. ‘പവനനില്ലാത്ത വീട്‌’ എന്ന ലേഖനം (ഭാഷാപോഷിണി ജൂലൈ) പവനപർവ്വത്തിന്റെ ആവർത്തനമാണ്‌. പത്രാധിപന്മാർ ഈ സ്ര്തീയെ ഇനിയെങ്കിലും വെറുതെവിടണം.

കവിതയിലെ പോലീസ്‌

പോലീസുകാരെ പത്രാധിപന്മാർക്ക്‌ പേടിയാണോ?

അല്ലെങ്കിലെന്തിനാണ്‌ ബി. സന്ധ്യ എന്ന പോലീസുകാരിയുടെ ജല്പനങ്ങൾ കവിതയായി പ്രസിദ്ധീകരിക്കുന്നത്‌. മാത്രമല്ല അവരുടെ പുസ്തകപ്രകാശന ചടങ്ങുകൾ പ്രസാധകർ വലിയ സംഭവങ്ങളാക്കുന്നു. പ്രസിദ്ധീകരിക്കപ്പെട്ട ഉടൻ പ്രകീർത്തനങ്ങൾ വരുന്നു.

‘ചലനമറ്റ ലോകം’ എന്ന പേരിൽ ബി. സന്ധ്യ ഭാഷാപോഷിണിയിൽ എഴുതിയ കവിതയിൽ നിന്ന്‌ഃ

“ചികുൻ ഗുനിയ, എലിപ്പനി, അണുബാധകൾ

മരണങ്ങൾ പിന്നെയും മരണങ്ങൾ

അന്വേഷണങ്ങൾ, പിന്നെയും പിന്നെയും

ശുചിത്വമെന്തെന്നറിയുന്നീലാ, വീണ്ടും‘

ബി. സന്ധ്യയെപ്പോലെ ചില പോലീസുകാരും ഐ.എ.എസുകാരും വലിയ എഴുത്തുകാരുമായി നടക്കുന്നുണ്ട്‌ ഇവിടെ പത്രാധിപന്മാരുടെ കൂട്ടിക്കൊടുപ്പിനാൽ. മുമ്പ്‌ രാജു നാരായണസ്വാമി ഐ.എ.എസിന്റെ പ്രധാന പണി കലണ്ടറിലെ വിശേഷദിവസങ്ങൾ അടയാളപ്പെടുത്തലായിരുന്നു. വനിതാദിനം, ശിശുദിനം, ജലദിനം, മലിനദിനം എന്നിങ്ങനെ ഓരോ ദിനത്തിനും ഓരോ ലേഖനങ്ങൾ പത്രത്തിൽ. വർഷം 365 ലേഖനങ്ങൾ. അത്‌ സമാഹരിച്ച്‌ പുസ്തകം. അതിന്‌ അവാർഡ്‌.

’നാറ്റം പരക്കെ പരന്നതിനാൽ മുക്കുപൊത്തി.

പരസ്പരമാരോപണച്ചെളിയെറിഞ്ഞാശ്വസിപ്പൂ നാം”

എന്നെഴുതുന്ന സന്ധ്യ സ്വന്തം കവിത അച്ചടിച്ചു വന്ന അതേ പേജുകളിൽ മറ്റ്‌ അഞ്ച്‌ പെൺകവികളുടെ കവിതകളുണ്ട്‌ഃ ജെനി ആൻഡ്രൂസ്‌, സംപ്രീത, ഇന്ദിര കൃഷ്ണൻ, ലക്ഷ്മീദേവീ, എം. കുമാരി. ചെറുപ്പക്കാരായ പത്രാധിപന്മാർക്ക്‌ പെൺപേരുകൾ ചിലപ്പോൾ പ്രലോഭനമായേക്കാം, വാർധക്യത്തിലെത്തിയ ഭാഷാപോഷിണി പത്രാധിപർക്ക്‌ ഇതെന്തുപറ്റി? ഈ കവിതകളെക്കുറിച്ച്‌ എന്തെഴുതിയാലും അത്‌ അശ്ലീലമാകും എന്നതിനാൽ ഇവരെ വെറുതെ വിടുന്നു.

ടി.ജെ.എസ്‌ ജോർജ്‌

വീണ്ടും എഴുതട്ടെ.

മലയാളം വാരികയിൽ ടി.ജെ.എസ്‌ ജോർജ്‌ എഴുതുന്ന ഘോഷയാത്ര എന്ന പരമ്പര വായിക്കാത്തവർക്ക്‌ അത്‌ വലിയൊരു നഷ്ടമാണ്‌. ഒരു കാലഘട്ടത്തിലെ രാഷ്ര്ടീയത്തെക്കുറിച്ചും പത്രപ്രവർത്തനത്തെക്കുറിച്ചും വ്യക്തിപരവും ധിഷണാപരവുമായ അനുഭവങ്ങൾ. രാം മനോഹർ ലോഹ്യ, കെ.കെ. ബിർല, 78 വർഷം ഒരേ പത്രത്തിൽ പത്രാധിപരായിരുന്ന രാധനാഥ്‌ ദത്ത്‌, പത്രങ്ങളിലെ ലേ ഔട്ടിന്‌ ഡമ്മി സംഭാവന ചെയ്ത ടാർസി വിറ്റാച്ചി തുടങ്ങി എഴുതപ്പെടാത്ത എത്രയോ സംഭവങ്ങൾ.

ആയുസ്സിന്റെ പുസ്തകം

ഈ ടൈറ്റിലിൽ സി.വി ബാലകൃഷ്ണന്റെ നെഞ്ചത്തിട്ട്‌ ഒരു കുത്തുകൊടുത്തിട്ടാണ്‌ ഇന്ത്യ ടുഡേ പുതിയ ലക്കം ഇറങ്ങിയത്‌. മഴക്കാലത്ത്‌ കുറയുന്ന സർക്കുലേഷൻ പിടിച്ചു നിർത്താൻ വർഷംതോറും പയറ്റുന്ന ഒരു വിദ്യയാണ്‌ ഈ ലൈംഗികാരോഗ്യപതിപ്പുകൾ. കാമോദ്ദീപകമാണ്‌ ലേ ഔട്ട്‌ വരെ. പുറകിൽ നിന്നാണല്ലോ സാധാരണ ഇന്ത്യ ടുഡേ മലയാളം വായിച്ചുതുടങ്ങേണ്ടത്‌. ഇത്തവണ മുൻപിൽ നിന്നുതന്നെ വായിച്ചുതുടങ്ങാം, മുഷിയില്ല.

Generated from archived content: mirror4.html Author: sasidharan_p

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here