ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ സെൻസേഷനൽ മൂല്യം

ബാലചന്ദ്രൻ ചുള്ളിക്കാട്‌ മലയാളത്തിൽ ഏറ്റവും സെൻസേഷനൽ മൂല്യമുള്ള എഴുത്തുകാരനാണ്‌. താനെഴുതുന്ന പൊട്ടക്കവിത പോലും ഈ സെൻസേഷനൽ മൂല്യം വിറ്റുകാശാക്കാൻ തുടങ്ങുന്നുവെന്നറിഞ്ഞപ്പോൾ കവിതയെഴുത്തുതന്നെ ഉപേക്ഷിച്ച ധീരൻ. അതേ സെൻസേഷനൽ മൂല്യംകൊണ്ട്‌ പിഴച്ചുപോകുന്ന നടനായി ജീവിച്ചുപോകുന്ന ബാലചന്ദ്രൻ.

അതേ സമയം സക്കറിയയെപ്പോലെ കൗശലക്കാരനായ എഴുത്തുകാരനല്ല അദ്ദേഹം. പി. കുഞ്ഞിരാമൻ നായർ സവർണ കവിയാണെന്ന ബാലചന്ദ്രന്റെ വിമർശം, കൊക്കകോളയേക്കാൾ വലിയ ചൂഷകനാണ്‌ പെരിയാറിൽ നിന്ന്‌ മണൽ വാരുന്ന ലോറിയുടമ എന്ന മട്ടിലുള്ള സക്കറിയയുടെ വികലയുക്തിയുമായി താരതമ്യപ്പെടുത്താനാവില്ല.

എഴുത്തിൽ മരണസത്യസന്ധത പുലർത്തുന്ന ബാലചന്ദ്രന്‌ ആനുകാലികങ്ങൾ നൽകുന്ന സ്പേസ്‌ അങ്ങേയറ്റം സംശയാസ്പദമാണ്‌. മാതൃഭൂമി ആഴ്‌ചപ്പതിപ്പ്‌ മുമ്പ്‌ ബാലചന്ദ്രന്റെ ഒരു അപ്രധാന കവിത രണ്ടുപേജിൽ നിരത്തിയത്‌ വായനക്കാർ ഓർക്കുന്നുണ്ടാകും. വീണപൂവിന്റെ ജന്മശതാബ്ദി ‘അഭിമാനപൂർവം’ ഓർത്തുകൊണ്ട്‌ ഭാഷാപോഷിണി (മെയ്‌ ലക്കം) പ്രസിദ്ധീകരിച്ച ആമുഖലേഖനം, ‘വിറ്റു കിട്ടുന്ന കാശുകൊണ്ട്‌ അന്നം തേടേണ്ട ഗതികേടില്ലാത്ത’ ഒരു പ്രസിദ്ധീകരണത്തിന്റെ സെൻസേഷനൽ കൗശലം മാത്രമായേ കാണാനാകൂ.

സാമാന്യമായി വിലയിരുത്തപ്പെടുന്നതുപോലെ കുമാരനാശാന്റെ ദർശനം ബുദ്ധദർശനമല്ല എന്നും അതിന്‌ കടകവിരുദ്ധമായ ശ്രീനാരായണമതമാണെന്നും വ്യക്തമാക്കുകയാണ്‌ ചെറിയ കുറിപ്പിലൂടെ ബാലചന്ദ്രൻ. ആശാൻ തന്നെ ഇതു സംബന്ധിച്ച്‌ എഴുതിയ ചില അഭിപ്രായങ്ങൾ നിരത്തിവെച്ച്‌ തന്റെ നിലപാട്‌ ആവർത്തിക്കുക മാത്രമാണ്‌ ബാലചന്ദ്രൻ ചെയ്യുന്നത്‌. ‘ഇന്ത്യയിലെ ബുദ്ധമതനേതൃത്വത്തിൽ നിന്ന്‌ നിയമാനുസൃതം ബുദ്ധമതം സ്വീകരിച്ച എനിക്ക്‌ പഠനത്തിലൂടെ ബോധ്യപ്പെട്ട വസ്തുതയാണിത്‌’ എന്ന്‌ ബാലചന്ദ്രൻ പറയുന്നുണ്ടെങ്കിലും ഇത്തരമൊരു പഠനത്തിന്റെ ആഴമൊന്നും ഈ ചെറിയ കുറിപ്പിനില്ല. മാത്രമല്ല സാധാരണക്കാരനായ ഏതൊരു വായനക്കാരനുമുണ്ടാകുന്ന പ്രാഥമികമായ അറിവു മാത്രമാണ്‌ ബാലചന്ദ്രൻ ‘പഠന’ത്തിലൂടെ കണ്ടെത്തുന്നത്‌. അതെന്തുമാകട്ടെ, വെറും പ്രതികരണത്തിന്റെ പ്രാധാന്യം മാത്രമുള്ള ഈ കുറിപ്പിന്‌ ഒരു സുപ്രധാന വിഷയത്തിന്റെ മുഖലേഖനമായി ഭാഷാപോഷിണിയെപ്പോലൊരു പ്രസിദ്ധീകരണം ഇടം നൽകുന്നത്‌ മാഗസിൻ സെൻസേഷനലിസത്തിന്റെ ജീർണത വെളിവാക്കുന്നു.

picture2
ഭാഷാപോഷിണിയെപ്പോലും കെണിയിലാക്കാൻ തക്കവണ്ണം സക്കറിയയുടെ കൗശലം നൂറുമേനി വിളയുന്ന കാഴ്‌ചയും ഈ ലക്കത്തിൽ കാണാം. സുഭാഷ്‌ചന്ദ്രൻ മുതൽ വിഷ്ണുനാരായണൻ നമ്പൂതിരി വരെയുള്ള നവരസങ്ങളെ ഒരൊറ്റ ലേഖനംകൊണ്ട്‌ ഇളക്കിവിടുന്നത്‌ സാമർഥ്യം തന്നെയാണ്‌. പി. ഭാസ്‌കരനെക്കുറിച്ച ലേഖനത്തിൽ, സുഭാഷ്‌ചന്ദ്രൻ തപസ്യയുടെ പുരസ്‌കാരം സ്വീകരിച്ചതിനെ സക്കറിയ വിമർശിച്ചിരുന്നു. ഇതിന്‌ സുഭാഷ്‌ചന്ദ്രൻ എഴുതുന്ന മറുപടി അതീവ രസകരമാണ്‌. ഒരായുസ്സിൽ ഒരാൾക്കുണ്ടാകാനിടയുള്ള ‘ഞാനെന്ന ഭാവം’ പൂർണ്ണമായും മാതൃഭൂമി ലേഖനത്തിലൂടെ വിസർജിച്ചു കളഞ്ഞ സുഭാഷ്‌ചന്ദ്രൻ പരമസാധുവായി ചമഞ്ഞ്‌ വെളിപ്പെടുത്തുന്ന സക്കറിയയുടെ ചില തമാശകൾ ഓർത്തു ചിരിക്കാൻ വക നൽകും.

കോഴിക്കോട്‌ ഒരു വേദിയിൽവച്ച്‌ സുഭാഷ്‌ചന്ദ്രനെ സക്കറിയക്ക്‌ ആരോ പരിചയപ്പെടുത്തി.

അപ്പോൾ സക്കറിയ ഃ “അനിയന്റെ പെയിന്റിങ്ങൊന്നും ഞാൻ കണ്ടിട്ടില്ല കെട്ടോ”.

സ്മാർട്ട്‌ മീഡിയ

മൂന്നാറിൽ അനധികൃത കെട്ടിടങ്ങൾ പൊളിച്ചുമാറ്റാനുള്ള ദൗത്യസംഘത്തിന്റെ സ്പെഷൽ ഓഫീസറായി ‘സുരേഷ്‌ഗോപി’യെതന്നെ നിയോഗിച്ചപ്പോൾ മാധ്യമങ്ങൾക്ക്‌ ശീഘ്രസ്‌ഖലനം സംഭവിച്ചത്‌ സ്വാഭാവികം. കാരണം നേരെചൊവ്വേ നടക്കുന്ന ഒരിടപാടിൽ സൗകര്യപൂർവ്വം പക്ഷം തെരെഞ്ഞെടുക്കാൻ എളുപ്പമാണ്‌. ഭൂമി കൈയേറ്റ മാഫിയയും സർക്കാറുമടക്കമുള്ള സകല അധികാരകേന്ദ്രങ്ങളും ഒരു പക്ഷത്തായിരിക്കുമ്പോൾ നക്കാപ്പിച്ചക്കുവേണ്ടി മാധ്യമങ്ങൾ അവർക്കൊപ്പമായിരുന്നു.

picture3
മൂന്നാർ കൈയേറ്റത്തെകുറിച്ച്‌ ഓർമ്മയിൽ വരുന്ന ആദ്യ മാധ്യമ ഇടപെടൽ മാധ്യമം ആഴ്‌ചപ്പതിപ്പിന്റേതാണ്‌. ഏഴുവർഷം മുമ്പ്‌ പി.കെ. പ്രകാശ്‌ എഴുതി ‘ടാറ്റായുടെ സ്വന്തം വനം (റവന്യൂ വകുപ്പിന്റെ സൗജന്യത്തിൽ)’ എന്ന കവർസ്‌റ്റോറി. പിന്നീടത്‌ മാധ്യമ ഏജന്റുമാരുടെ ശ്രദ്ധയിൽപ്പെടുന്നത്‌ പ്രതിപക്ഷനേതാവ്‌ വി.എസ്‌. അച്യുതാനന്ദന്റെ മൂന്നാർ യാത്രയായാണ്‌. ഇന്നിപ്പോൾ ഒരു ഭരണാധികാരിയുടെ ഇച്ഛാശക്തിയുടെ ഫലമായി രൂപപ്പെട്ട പൊതുസമൂഹത്തിന്റെ പ്രതീക്ഷയെ അന്തഃസ്സാരശൂന്യമായ സെൻസേഷനലിസം കൊണ്ട്‌ അട്ടിമറിക്കുകയാണ്‌ മാധ്യമങ്ങൾ; ടാറ്റായുടെ ഉപ്പും ചോറും തിന്ന അതേ പേനകൊണ്ടു തന്നെ.

മൂന്നാറിൽ പയറ്റിക്കൊണ്ടിരിക്കുന്ന ഈ സർക്കുലേഷൻ തന്ത്രം പക്ഷേ, അതിനേക്കാൾ ഗുരുതരമായ സ്മാർട്ട്‌ സിറ്റിയുടെ കാര്യത്തിൽ മറ്റൊരു വിധത്തിലാണ്‌ പ്രവർത്തിക്കുന്നത്‌.

സിംഗൂരും നന്ദിഗ്രാമും സന്ദർശിച്ചശേഷം ഗീതയും പി. പവിത്രനും മാതൃഭൂമി ആഴ്‌ചപ്പതിപ്പിൽ എഴുതുന്ന അന്വേഷണറിപ്പോർട്ടും (2007 മെയ്‌ 6) സ്മാർട്ട്‌ സിറ്റി വികസനത്തിന്റെ വഴികൾ എന്ന പേരിൽ മാധ്യമം ആഴ്‌ചപ്പതിപ്പിൽ (2007 മെയ്‌ നാല്‌) സി.ആർ. നീലകണ്‌ഠൻ എഴുതിയ കവർസ്‌റ്റോറിയും ഇരു ആഴ്‌ചപ്പതിപ്പുകളുടെയും എഡിറ്റോറിയൽ ഡസ്‌ക്‌ അവതരിപ്പിക്കുന്ന രീതി പുതിയ സാഹചര്യത്തിൽ സവിശേഷശ്രദ്ധ അർഹിക്കുന്നു.

വികസന പ്രത്യയശാസ്‌ത്രത്തിൽ ഇരകളോട്‌ വിട്ടുവീഴ്‌ചയില്ലാത്ത ആഭിമുഖ്യം പ്രകടിപ്പിക്കാറുള്ള മാധ്യമം ആഴ്‌ചപ്പതിപ്പ്‌ ‘കൊച്ചിയുടെയും കേരളത്തിന്റെയും വികസനത്തിനുള്ള ചവിട്ടുപടി’യായാണ്‌ സ്മാർട്ട്‌സിറ്റിയെ ചർച്ചക്ക്‌ വെക്കുന്നത്‌. ലേഖകന്റെ നിലപാട്‌ അതേപടി അംഗീരിക്കുന്നതാണ്‌ ആഴ്‌ചപ്പതിപ്പിന്റേതായി ചേർത്തിരിക്കുന്ന ബർബ്‌. ലേഖനമാകട്ടെ സ്മാർട്ട്‌സിറ്റി കരാറിന്റെ പേരിൽ ഇടതുപക്ഷ സർക്കാർ സംസ്ഥാനത്തിനുണ്ടാക്കിത്തന്ന നേട്ടങ്ങളുടെ വിവരണമാണ്‌. നാലും അഞ്ചും സെന്റ്‌ ഭൂമി കൈവശമുള്ള സാധാരണക്കാർ ബഹിഷ്‌കൃതരാകുന്നത്‌, വരാൻ പോകുന്ന മൂലധനത്തിന്റെയും തൊഴിലിന്റെയും വളർച്ചയുടെയും വർഗവിശകലനം, ഐ.ടി.വ്യവസായത്തിൽ ഭൂമി മുഖ്യ വിനിമയ ഉപാധിയാകുന്നതിലെ ഗൂഢാലോചന, സ്വതന്ത്ര & വികേന്ദ്രീകൃത സോഫ്‌റ്റ്‌വെയർ നിലപാടുകൾ അട്ടിമറിക്കപ്പെട്ടത്‌… എല്ലാം സമർഥമായി മൂടിവെച്ച ഒരു മികച്ച ഇടതുപക്ഷലേഖനം.

picture4
സ്മാർട്ട്‌സിറ്റി കരാർ ഒപ്പുവെക്കുന്നതിന്‌ മുമ്പ്‌ പ്രദേശത്തെ സ്ഥലമുടമകളുടെ നേതൃത്വത്തിൽ രൂപംകൊണ്ട സമരങ്ങളെ സമരസപ്പെടുത്തി നിർവീര്യമാക്കാൻ ഭരണകൂടവും എൻ.ജി.ഒകളും ഇടതുപക്ഷ ബുദ്ധിജീവികളെതന്നെ ശിഖണ്ഡികളാക്കി പല തന്ത്രങ്ങളും പയറ്റിയിരുന്നു. സ്മാർട്ട്‌സിറ്റിയെ ഏറ്റവും പുരോഗമനപരമായ വികസന മുൻകൈയായി ഈ ബൗദ്ധികബ്രിഗേഡ്‌ അവതരിപ്പിക്കുകയും ചെയ്തു. അതിന്റെ മുഖപ്രസംഗമാണ്‌ സി.ആർ. നീലകണ്‌ഠന്റെ മാധ്യമം കവർസ്‌റ്റോറി.

സി.ആർ. നീലകണ്‌ഠന്‌ ഓർമയുണ്ടാകാൻ വഴിയില്ല; മുമ്പ്‌ സി.ആർ. നീലകണ്‌ഠൻ നമ്പൂതിരി എന്നൊരു പരിസ്ഥിതി പ്രവർത്തകനുണ്ടായിരുന്നു. അദ്ദേഹം ഇതേ പേരിൽ മുമ്പുണ്ടായിരുന്ന ഒരാഴ്‌ചപ്പതിപ്പിൽ ‘കൊടുക്കൂ കുര്യനൊരു നോബൽ സമ്മാനം’ എന്നൊരു കവർസ്‌റ്റോറി എഴുതിയിരുന്നു. നെടുമ്പാശ്ശേരി വിമാനത്താവളത്തിന്റെ പേരിൽ കുടിയൊഴിപ്പിക്കപ്പെടുന്നവർക്കുവേണ്ടി. വായനക്കാർക്കും ഓർമയുണ്ടാകും ആ ലേഖകനെയും ലേഖനത്തേയും ആഴ്‌ചപ്പതിപ്പിനേയും.

മാതൃഭൂമി ആഴ്‌ചപ്പതിപ്പ്‌ ഒരു നേർപക്ഷം അവതരിപ്പിക്കുന്നു. വിവിധ രാഷ്‌ട്രീയാഭിമുഖ്യമുള്ളവർ, മഹാശ്വേതാദേവിയെപ്പോലുള്ള സാംസ്‌കാരിക പ്രവർത്തകർ. പീഡിത ജനം – ഇവരെല്ലാവരും തുറന്ന്‌ സംസാരിക്കുകയും ഈ പ്രതിനിധാനങ്ങളെ & അവരുടെ അനുഭവങ്ങളെ നവലിബറൽ വികസന പ്രത്യയശാസ്‌ത്രത്തിന്റെ പ്രയോഗമാതൃകകളെക്കുറിച്ച ഭയാനകമായ വെളിപ്പെടുത്തലുകളാക്കി മാറ്റുകയും ചെയ്യുന്നു ഗീതയുടെയും പവിത്രന്റെയും ഈ അന്വേഷണം.

ഈ മൂന്ന്‌ ഇടതുപക്ഷ എഴുത്തുകാരുടെ ഭിന്ന പ്രതികരണങ്ങൾ ജാഗ്രതയുടെയും ഒത്തുതീർപ്പിന്റെയും ഒന്നാന്തരം സൂചനകളാണ്‌.

ഇതേ വിഷയം ഡോ. എ.കെ. രാമകൃഷ്ണൻ ഇംഗ്ലീഷിൽ എഴുതി, അതു വായിച്ച്‌ ഷിബു. ബി എന്നൊരാൾ തനിക്ക്‌ മനസ്സിലാവാത്തതെന്തോ അത്‌ മലയാളമെന്നു പറയപ്പെടുന്ന ഒരു ഭാഷയിലാക്കി മാറ്റി പ്രസിദ്ധീകരിച്ചത്‌ ഇതേ ലക്കം മാധ്യമത്തിലുണ്ട്‌. ഇത്‌ അച്ചടിച്ച്‌ കാക്കനാട്‌ ഭാഗത്ത്‌ വിതരണം ചെയ്താൽ കുടിയിറക്ക്‌ എളുപ്പമാക്കാം.

കഥയറിയാത്ത കൊറിയർ സർവ്വീസുകാരൻ…

കെ.പി. നിർമൽ കുമാറിന്റെ ഒരു നീണ്ടകഥ മെയ്‌ 18ലെ മാധ്യമം ആഴ്‌ചപ്പതിപ്പിലുണ്ട്‌. അത്‌ അടുത്ത ലക്കത്തിൽ തുടരും എന്നും ഉണ്ട്‌. അത്ഭുതകരമെന്നു പറയട്ടെ, ഈ കഥയുടെ തുടർച്ച അതേ ആഴ്‌ചയിലെ മാതൃഭൂമി ആഴ്‌ചപ്പതിപ്പിൽ. വായനക്കാരെ ഓർത്തെങ്കിലും ഇത്തരം ഉരുപ്പടികളുടെ കാര്യത്തിൽ മേൽവിലാസം തെറ്റാതെ നോക്കൂ കൊറിയർ സർവ്വീസുകാരാ…

എം.ഡി.ക്കുവേണ്ടിയുള്ള കത്തുകൾ

കവിതാപ്രസിദ്ധീകരണം എഡിറ്ററുടെ രണ്ടുംകല്പിച്ചുള്ള ഞാണിന്മേൽ കളിയായാണ്‌ഃ എസ്‌. ജോസഫിന്റെയും വൈദ്യമഠം ചെറിയ നാരായണൻ നമ്പൂതിരിയുടെയും കവിതകൾ മുകളിലും താഴെയുമായി മാതൃഭൂമി ആഴ്‌ചപ്പതിപ്പിന്റെ പുതിയ ലക്കത്തിൽ കണ്ടപ്പോൾ തോന്നിയത്‌. ചിലപ്പോൾ വായനക്കാരുടെ കത്തുകളുടെ പ്രസിദ്ധീകരണവും അങ്ങനെത്തന്നെയാകും. മാനേജിംഗ്‌ ഡയറക്ടറുടെ യാത്രാവിവരണത്തിനുള്ള സ്തുതിഗീതങ്ങളും അദ്ദേഹത്തിന്റെ കുടുംബഫോട്ടോയും പ്രതികരണങ്ങൾ എന്ന സ്‌ലഗിൽ കൊടുക്കേണ്ടിവരുമ്പോൾ പ്രത്യേകിച്ചും.

രണ്ടു നല്ല കവിതകൾ

‘ആയിരാമത്തെ പൂർണ്ണചന്ദ്രൻ’ ഃ ടി.പി. രാജീവൻ (മാതൃഭൂമി ആഴ്‌ചപ്പതിപ്പ്‌).

‘41% പെണ്ണുങ്ങളും 37% ആണുങ്ങളും ഉറക്കത്തിൽ സംസാരിക്കുന്നു’ ഃ പി.എൻ. ഗോപികൃഷ്ണൻ (മാതൃഭൂമി ആഴ്‌ചപ്പതിപ്പ്‌ മെയ്‌ 13).

മനുഷ്യനടക്കമുള്ള ചരാചരങ്ങളുടെ ആയുസ്സിനെക്കുറിച്ച ഒരു നിർവികല്പം ആദ്യത്തേത്‌. മനുഷ്യപ്രകൃതിയുടെ പ്രതികരണങ്ങൾ & അവ നിശ്ശബ്ദമാക്കപ്പെടുന്ന, അവയെ ഉണർത്തുന്ന സ്ഥല കാലങ്ങൾ ഗോപീകൃഷ്ണൻ വികാരരഹിതമായ ഒരാന്തലോടെ എഴുതുന്നു.

അടുത്തു കണ്ട ഒരശ്ലീലചിത്രം

ഡി.വൈ.എഫ്‌.ഐ. ദേശീയ സമ്മേളന വേദിയിൽ സിനിമാനടൻ മമ്മൂട്ടി സി.പി.ഐ.(എം) നേതാക്കളുടെ കൈകൾ കോർത്ത്‌ നിൽക്കുന്നത്‌.

പി.ജി പിണറായിയുടെ ഹംസമാകുമോ?

picture5
പി.ഗോവിന്ദപ്പിള്ള ഈയിടെ എം.എൻ. വിജയനുമായി നടത്തിയ കൂടിക്കാഴ്‌ചയെ അടിസ്ഥാനമാക്കി എൻ.എം. പിയേഴ്‌സൺ സമകാലിക മലയാളം വാരികയിൽ എഴുതിയ കുറിപ്പ്‌ നന്നായി. സി.പി.എമ്മിന്‌ സംഭവിച്ചുകൊണ്ടിരിക്കുന്ന പരിണാമത്തിൽ എം.എൻ. വിജയന്റെ എതിർപ്പിന്റെ പ്രസക്തിയാണ്‌ പിയേഴ്‌സൺ വിശകലനം ചെയ്യുന്നത്‌. പിണറായി വിജയന്റെ ദൂതനായാണ്‌ പി.ജി, വിജയനെ ചെന്നു കണ്ടതെന്ന സംശയം ഈ ലേഖനത്തിൽ ഉന്നയിക്കുന്നുണ്ട്‌. പാർട്ടിക്കു രുചിക്കാത്ത സത്യങ്ങൾ പറഞ്ഞതിന്‌ അനഭിമതരാക്കപ്പെട്ടവരാണ്‌ ഇരുവരും. ഹൃദയബന്ധങ്ങളെപ്പോലും അറുത്തുമാറ്റുന്ന പാർട്ടി ദംഷ്ര്ടയെ പല്ലും നഖവുമുപയോഗിച്ച്‌ ചെറുത്തവർ. എല്ലാമറിയുന്ന പി.ജി, എം.എൻ വിജയനോട്‌ നിശ്ശബ്ദനായിരിക്കാൻ ആവശ്യപ്പെടുമോ?

ടി.ജെ.എസ്‌ ജോർജ്‌

picture6
എം.പി നാരായണപിള്ളയുടെ ‘മൂന്നാം കണ്ണി’നുശേഷം മലയാളത്തിൽ വരുന്ന മികച്ച ഓർമ്മചിത്രങ്ങളാണ്‌ മലയാളം വാരികയിൽ പ്രസിദ്ധീകരിക്കുന്ന ടി.ജെ.എസ്‌ ജോർജിന്റെ ഘോഷയാത്ര. മലയാറ്റൂർ രാമകൃഷ്ണനെക്കുറിച്ച കുറിപ്പ്‌ ഹൃദയത്തെ പിടിച്ചുലക്കും. മനുഷ്യാസ്തിത്വത്തെക്കുറിച്ച ഞെട്ടിപ്പിക്കുന്ന തിരിച്ചറിവോടെയാണ്‌ ഈ കുറിപ്പ്‌ ജോർജ്‌ അവസാനിപ്പിക്കുന്നത്‌ഃ ഒരാൾ, ഒരു കുടുംബം എത്രകാലം പിൻമുറക്കാരിലൂടെ നിലനിൽക്കും? എത്രകാലം ഓർമിക്കപ്പെടും? അയാളുടെ അടയാളങ്ങളുടെ ആയുസ്സ്‌ എത്ര?

അജിതക്ക്‌ ചേരാത്തത്‌

picture7
വർത്തമാനരേഖകൾ എന്ന പംക്തിയിലെ (മലയാളം വാരിക) സൈദ്ധാന്തിക മുഖവുരകൾ. നവലിബറൽ ഫെമിനിസ്‌റ്റുകൾ പ്രതിഫലം പറ്റി ചെയ്‌തുകൊണ്ടിരിക്കുന്നുണ്ട്‌ ഈ കാര്യം. സ്വന്തം ഇടപെടലുകൾ നൽകുന്ന അനുഭവപാഠങ്ങൾ എഴുതട്ടെ അവർ; കേരളത്തിൽ ഏത്‌ സ്‌ത്രീക്ക്‌ എഴുതാനുണ്ടാവും ഇത്തരമൊരു ജീവിതപാഠം?

ശ്യാമിലി ബാനർജിയും ശ്യാമപ്രസാദും

നമ്മുടെ സാംസ്‌കാരിക ജീവിതത്തിലെ മികച്ച നടന്മമാരെയും സംവിധായകരേയും തെരഞ്ഞെടുക്കുന്ന രീതിയെ കുറിച്ച്‌ ഒരു കുറിപ്പ്‌.

picture8
2006ലെ ദേശീയ സിനിമാ അവാർഡ്‌ നിർണ്ണയത്തിനെതിരെ കോടതിയെ സമീപിച്ച ജൂറി അംഗം ശ്യാമിലി ബാനർജി പറയുന്നുഃ ജൂറി അംഗങ്ങൾ സിനിമ കണ്ടു കഴിഞ്ഞാൽ തീരുമാനം ചർച്ചചെയ്യാൻ ഏതാനും ദിവസം അനുവദിക്കാറുണ്ട്‌. കഴിഞ്ഞ വർഷം സമയം അനുവദിച്ചില്ല. സിരിഫോർട്ടിൽ നടന്ന ചർച്ചയിൽ പങ്കെടുക്കാൻ അവസരം നിഷേധിച്ച്‌ എന്നെ ഉദ്യോഗസ്ഥർ ബാത്ത്‌റൂമിൽ പൂട്ടിയിട്ടു. ബാത്ത്‌റൂമിൽ നിന്ന്‌ മൊബൈൽഫോൺ വഴി ഞാൻ എന്റെ ഭർത്താവിനെ വിവരമറിയിച്ചു. അദ്ദേഹത്തിന്റെ സുഹൃത്താണ്‌ വാർത്താവിതരണ വകുപ്പുമന്ത്രിയായ പ്രിയരഞ്ജൻദാസ്‌ മുൻഷിയുടെ ഭാര്യ. അവരെ വിവരമറിയിച്ചതോടെ മന്ത്രി നേരിട്ട്‌ സിരിഫോർട്ടിലെത്തി. മന്ത്രി വരുന്നു എന്ന വിവരം ലഭിച്ചതോടെ എന്നെ ബാത്ത്‌റൂമിൽ നിന്ന്‌ മോചിപ്പിച്ചു.

എതിർപ്പ്‌ പരസ്യപ്പെടുത്താതെ ജൂറിതീരുമാനത്തിൽ ഒപ്പുവെക്കാൻ ജൂറി അംഗമായ ശ്യാമപ്രസാദ്‌ തന്നോട്‌ ആവശ്യപ്പെട്ടതായും ശ്യാമിലി പറയുന്നു. (മലയാളം വാരികയിൽ ജോണി എം.എല്ലിന്റെ റിപ്പോർട്ട്‌, മെയ്‌ 18).


Generated from archived content: mirror1.html Author: sasidharan_p

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English