സര്‍വോത്തമ സംഘടന

എന്റെ ഭര്‍ത്താവിന്റെ ഔദ്യോഗിക ജീവിതവുമായി ബന്ധപ്പെട്ട് ഏകദേശം ആറുമാസങ്ങള്‍ക്കു മുമ്പാണ് ഞങ്ങള്‍ ഈ നഗരത്തില്‍ താമസമാക്കിയത്. അന്ന് ഒരു തിങ്കളാഴ്ചയായിരുന്നു ഏകദേശം പത്തുമണി ഭര്‍ത്താവ് ഓഫീസിലേക്കും മക്കള്‍ സ്കൂളിലേക്കും പോയിക്കഴിഞ്ഞിരിക്കുന്നു.

പരിഷ്ക്കാരികളായ നാലു സ്ത്രീകള്‍‍ ഗയ്റ്റ് കടന്നു വരുന്നത് ജനാലയില്‍ കൂടി ഞാന്‍ കണ്ടു. അവര്‍ കോളിംഗ് ബെല്ലില്‍ വിരലമര്‍ത്തുന്നതിനു മുമ്പു തന്നെ ഞാന്‍ വരാന്തയിലെത്തി സുപ്രഭാതം ആശംസിച്ചുകൊണ്ട് വരാന്തയിലേക്കു കയറിയ സ്ത്രീകളെ മന്ദസ്മിതത്തോടേ ഞാന്‍ സ്വീകരണമുറിയിലേക്ക് സ്വാഗതം ചെയ്തു. അവര്‍ എന്റെ അപരിചിതത്വം കലര്‍ന്ന നോട്ടം കണ്ടിട്ടാണെന്നു തോന്നുന്നു അവരില്‍ മധ്യവയസ്കയായ സ്ത്രീ പരിചയപ്പെടുത്തി.

” ഞങ്ങള്‍ ഇവിടുത്തെ ഒരു വനിതാ സംഘടനയുടെ പ്രവര്‍ത്തകരാണ് ഞാനാണ് പ്രസിഡന്റ്”

ലക്ഷ്യവും പ്രവര്‍ത്തനവും വിശദീകരിച്ചു. ആ സംഘടനയില്‍ അംഗമാകാന്‍ വാചാലതയോടെ അഭ്യര്‍ത്ഥിച്ച അവരോടു ഞാന്‍ വളരെ സൗമ്യമായി മറുപടി നല്‍കി.

” നിങ്ങളും സംഘടന ചെയ്യുന്ന കാര്യങ്ങളും വളരെ ശ്ലാഘനീയമാണ്. എന്റെ അഭിനന്ദനങ്ങള്‍ പക്ഷെ എനിക്കു നിങ്ങളുടെ സംഘടനയില്‍ പ്രവര്‍ത്തിക്കാന്‍ സമയം കിട്ടില്ല”

” എന്താണ് ഇത്രയധികം ജോലി വെറുതെ വീട്ടിലിരുന്ന് സമയവും കഴിവുകളും നഷ്ടമാക്കാതെ ഞങ്ങളുടെ സംഘടനയില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കരുതോ?”

ഞാന്‍ പ്രതിവചിച്ചു ” ഞാന്‍ മറ്റൊരു സംഘടനയുടെ അംഗമാണ്”

സെക്രട്ടറി ഏതാണ് ആ സംഘടന ആരാണ് അതിന്റെ പ്രസിഡന്റ് എന്നൊക്കെ ചോദിച്ചു.

ഞാന്‍ മറുപടി പറഞ്ഞു ” പ്രസിഡന്റ് എന്റെ ഭര്‍ത്താവ് തന്നെ അതിനാല്‍ എനിക്ക് അദ്ദേഹത്തെ സഹായിക്കേണ്ടതുണ്ട്” ഇത്തവണ പ്രസിഡന്റ് ഇടപെട്ടു.

” ഓഹോ ഇതൊരു പുഠിയ അറിവാണല്ലോ ഏതാണ് ആ സംഘടന അതിന്റെ ലക്ഷ്യങ്ങളും പ്രവര്‍ത്തന പരിപാടികളും എന്തൊക്കെയാണ് ഞങ്ങള്‍ക്ക് അറിയാന്‍ താത്പര്യമുണ്ട് ”

” ഞാന്‍ പറയാം ഞങ്ങളുടെ പ്രവര്‍ത്തനപരിപാടിയില്‍ മുഖ്യമായിട്ടുള്ളത് കുട്ടികളുടെ പരിപാലനം അവരുടെ ശുചിത്വം ഭക്ഷണം ആരോഗ്യം വിദ്യാഭ്യാസകാര്യങ്ങള്‍ എന്നിവയും ഒപ്പം സാംസ്ക്കാരികവും ആധ്യാത്മികവുമായ നേട്ടങ്ങളും ആണ്”

സ്ത്രീകള്‍‍ പരസ്പരം അത്ഭുത പൂര്‍വ്വം നോക്കുന്നത് ഞാന്‍ ശ്രദ്ധിച്ചു

” കൊള്ളാം ഞങ്ങള്‍ ഈ നാട്ടില്‍ തന്നെ ഉള്ളവരാണ് എന്നാല്‍ ഇന്നുവരെ ഒരു സംഘടനയെ പറ്റി കേട്ടിട്ടില്ല. എന്താണ് നിങ്ങളുടെ ആ മഹത്തായ സംഘടനയുടെ പേര്‍?”

ഞാന്‍ അഭിമാനപൂര്‍വം ഉത്തരം കൊടുത്തു ” ഞങ്ങളുടെ സംഘടനയുടെ പേര്‍ – കുടുംബം”

Generated from archived content: story1_june14_14.html Author: sarojavarghese_newyork

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here