2014 അവസാനിച്ചു. പുത്തന്‍ ഉണര്‍വോടെ പ്രതീക്ഷകളോടേ പുതുവത്സരത്തെ ലോകം എതിരേറ്റു കഴിഞ്ഞു.
പ്രതീക്ഷകള്‍ കൊഴിച്ചും ബാക്കിയാക്കിയുമാണ് ഒരു വര്‍ഷം പിന്നിട്ടത്. കാലമെന്ന പുഷ്പത്തിന്റെ ഇതള്‍ വിടരുകയാണോ കൊഴിയുകയാണോ ? കൊഴിയുകാണെന്നാതാണ് സത്യം . എന്നാല്‍ ഓരോ ഇതള്‍ വീഴുമ്പോഴും ഓരോ ഇതള്‍ വിടരുന്നു. പ്രപഞ്ച ശില്പ്പി പുസ്തകത്തിന്റെ മനോഹാരിതയ്ക്കു കോട്ടം തട്ടാതെ സൂക്ഷിക്കുമ്പോള്‍ നമ്മളില്‍ പലരും ഈ ലോകത്തോട് വിടപറയുന്നു , പുതിയ ശിശുക്കള്‍ പിറന്നു വീഴുന്നു. ജനനത്തിനും മരണത്തിനുമിടയിലുള്ള ഈ ഹ്രസ്വ ജീവിതത്തിനു പൂവിന്റെ മനോഹാരിതയും മൃദുലതയും മണവും നല്‍കാന്‍ നമ്മള്‍ ശ്രമിക്കണം. പുതുവര്‍ഷ പുലരി തിരിഞ്ഞു നോക്കാനും മുന്നോട്ടു നോക്കാനുമുള്ള അവസരമാണ്. വര്‍ഷാരംഭത്തില്‍ ആരംഭശൂത്വത്തോടെ പലരും പല തീരുമാനങ്ങളും പ്രതിഞ്ജകളും എടുക്കുന്നു. പിന്നെ അവയെല്ലാം സൗകര്യപൂര്‍വം മറന്നു കളയുന്നു. വീണ്ടും പുതുവര്‍ഷ പുലരി വന്നണയുമ്പോള്‍ അത് തന്നെ ആവര്‍ത്തിക്കുന്നു. വിധിയുടെ കരങ്ങള്‍ ആര്‍ക്കും തടുക്കാന്‍ കഴിയില്ലെങ്കിലും കുറയൊക്കെ ജീവിത സംവിധാനം നമ്മുടെ ചിന്തകള്‍ക്കും പ്രവര്‍ത്തികള്‍ക്കുമുള്ളില്‍ ഒതുങ്ങുന്നു. ഇന്ന് ലോകം സുഖാനുഭൂതികള്‍ തേടി അനിയന്ത്രിതമായ ജീവിതം നയിക്കുന്നു. ജീവിതം പൂക്കളുടെ ഇതളുകള്‍ പോലെ മൃദുലമാണ്. ഘോരമായ കാലാവസ്ഥ ഉണ്ടാക്കിയാല്‍ അത് കാലേ കൊഴിഞ്ഞു പോകും. അല്ലെങ്കില്‍ മുരടിച്ചു പോകും. സ്‌നേഹത്തിന്റെ യും കരുതലിന്റെയും ഈശ്വര ചിന്തയുടെയും സുരക്ഷാകവചത്തില്‍ ആ പൂവിനെ മനോഹരമായി നിര്‍ത്താന്‍ മനുഷ്യരും ശ്രമിക്കേണ്ടതാണ്.
സപ്തവര്‍ണ്ണങ്ങളോടു കൂടിയ മഴവില്‍ മാനത്ത് വിരിയുന്നത് നയനാനന്ദകരമായ കാഴ്ചയാണ്. കവി ഹൃദയമുള്ളവരേയും കലാകാരന്മാരേയും പോലെ തന്നെ സാധാരണക്കാരനും ആ ദൃശ്യം ചേതോഹരമായി അനുഭവപ്പെടുന്നു. മഴവില്ലിന്റെ ആകൃതിയും വര്‍ണ്ണപ്പകിട്ടും ഏവരും ഇഷ്ടപ്പെടുന്നു. എന്നാല്‍ ആകാശവിതാനത്തില്‍ ആ മഴിവില്ലു വിരിയണമെങ്കില്‍ മഴയും വെയിലും സമ്മേളിക്കണം. പ്രകാശം പരത്തുന്ന വെയിലിനോടൊപ്പം തണുപ്പും നനവും വരുത്തുന്ന മഴത്തുള്ളികളും വര്‍ഷിക്കണം. ജീവിതം സൗഖ്യപൂര്‍ണ്ണവും അര്‍ത്ഥപൂര്‍ണ്ണവുമാകണമെങ്കില്‍ സ്‌നേഹത്തിന്റെ ആര്‍ദ്രതയും വിശ്വാസത്തിന്റെ ഊര്‍ജ്ജവും വേണം. നന്മകളുടെ ചേരുവകള്‍ ദൈവനിശ്ചയം അനുശാസിക്കുന്ന അനൂപാതത്തില്‍ ഒന്നിക്കുമ്പോള്‍ ജീവിതത്തിന്റെ മനോഹാരിത മഴവില്ല് പോലെ വിരിയുന്നു.
നമ്മില്‍ കൊഴിഞ്ഞു പോയ വര്‍ഷത്തില്‍ അപ്രതീക്ഷിതമായുണ്ടായ പല അനിഷ്ടസംഭവങ്ങളും പലര്‍ക്കും നിരാശയും വേദനയും ഉളവാക്കിയിരിക്കും. നന്മയുടെ പ്രകാശത്തോടൊപ്പം തിന്മയുടെ അന്ധകാരവും ജീവിതത്തില്‍ കടന്നു വരാം . നമുക്ക് നിയന്ത്രിക്കാന്‍ കഴിഞ്ഞ സാഹചര്യങ്ങളോട് നാം എങ്ങനെ പ്രതികരിക്കുന്നു എന്നതാണ് പ്രധാനം. സാഹചര്യങ്ങളെ വിലയിരുത്താനും ഭവിഷ്യത്തുക്കളെ നേരിടുവാനുമുള്ള ഒരു വലിയ വരദാനം മനുഷ്യനു ലഭിച്ചിട്ടുണ്ട്. അവയെ അവസരോചിതമായി ഉപയോഗിക്കാന്‍ സാധിക്കണം അതാണ് ദൈവകാരുണ്യം, ദൈവീക കൃപ.
പ്രകൃതിയുടെ ഒരു വലിയ പ്രതിഭാസമാണു കാറ്റ്. അതിനെ നിയന്ത്രിക്കാന്‍ മനുഷ്യനു സാദ്ധ്യമല്ല അതേപോലെ ജീവിതത്തിലും നിയന്ത്രണാതീതമായ ചില കൊടുങ്കാറ്റുകള്‍ ഉയരാം. എന്നാല്‍ ആ കാറ്റിനെ അനുകൂലമാക്കിയെടുക്കാന്‍ കഴിയുന്നതിലാണു ജീവിത വിജയം.
‘ It is not our position but our disposition that determines our destiny”
നിശാഗന്ധി പുഷ്പം ഏവരേയും ആകര്‍ഷിക്കുന്നതാണ് അന്ധകാരം പരന്നൊഴുകുന്ന വേളകളിലാണ് അന്തരീക്ഷത്തില്‍ സുഗന്ധം പരത്തുന്ന നിശാഗന്ധി വിടരുന്നത്. തമസ്സ് അതിന്റെ ഇതളുകളെ വികസിപ്പിക്കുകയും സുഗന്ധം പരത്താന്‍ സഹായിക്കുകയും ചെയ്യുന്നു . മനുഷ്യജീവിതത്തിലും പലപ്പോഴും നിരാശാജനകമായ അനുഭവങ്ങളുണ്ടാകുമ്പോള്‍ അവ അവ നമ്മെ തളര്‍ത്തുന്നതിനു പകരം നമ്മുടെ കര്‍മ്മ ചേതനയെ ഉണര്‍ത്തുന്നു.
പ്രതീക്ഷകളും പ്രത്യാശയും നിറഞ്ഞ പുതുവത്സരത്തെ സ്വാഗതം ചെയ്യുമ്പോള്‍ നമ്മുടെ ഗതകാല വര്‍ഷത്തെ അനുഭവങ്ങള്‍ പുതുവര്‍ഷത്തിനു വെളിച്ചവും ഊര്‍ജ്ജവും പകരുവാന്‍ പര്യാപ്തമാക്കണം
മധുര പ്രതീക്ഷകളും മോഹന സ്വപ്നങ്ങളുമായി നവവത്സരത്തെ നമുക്ക് സ്വാഗതം ചെയ്യാം
Generated from archived content: essay3_jan1_2015.html Author: sarojavarghese_newyork