ജീവിതസായാഹ്‌നം – എങ്ങനെ ഉന്മേഷപ്രദമാക്കാം

“Old age is like climbing a mountain

The higher you get,the more tired and breathless you become

But your view become much more extensive”

വർഷങ്ങൾക്ക്‌ മുമ്പ്‌ വായിക്കുവാനിടയായ ഈ കവിതാശകലം എത്രയോ യാഥാർഥ്യം.

പ്രസിദ്ധ ചിന്തകൻ ബഞ്ചമിൻ ഡിസ്രേലി എഴുതിയിരിക്കുന്നു “യുവത്വം ഒരു മഠയത്തരമാണു, പ്രായപൂർത്തി ഒരു കഷ്‌ടപ്പാടാണു, വാർദ്ധക്യം ഒരു സങ്കടമാണു.” ഈ ഉദ്ധരണി ഭാഗികമായി സത്യമായിരിക്കാം. ശാരീരികമായും, മാനസികമായും ചില മാറ്റങ്ങളുടെ കാലഘട്ടമാണു വാർദ്ധക്യം എന്നാൽ വാർദ്ധക്യം ദൈവം തരുന്ന പദവിയാണെന്നും അതു സങ്കടത്തിനും നിരാശക്കും ഉള്ളതല്ല എന്നു ചിന്തിച്ചാൽ വാർദ്ധക്യം സന്തോഷത്തിനും പ്രത്യാശക്കും ഉള്ള അവസ്‌ഥയാണെന്നു ബോദ്ധ്യമാകും.

ഉദ്യോഗം കുടുംബം, സ്‌നേഹിതർ തുടങ്ങി വലിയ ഒരു സമൂഹത്തിന്റെ ഭാഗമായി ജിവിച്ചിരുന്ന ഒരു വ്യക്തിക്ക്‌ പെട്ടെന്നു ബാഹ്യലോകവുമായുള്ള ബന്ധങ്ങൾ നഷ്‌ടപ്പെടുന്നു എന്ന ചിന്ത ഉണ്ടാകുമ്പോൾ പലരും നിരാശരും ആകുലചിത്തരും ആയി മാറുന്നു. മറ്റാരും തങ്ങളെ കരുതുന്നില്ല എന്ന ചിന്ത പലർക്കും ഉണ്ടാകുന്നു. ഇപ്രകാരമുള്ള ഏകാന്തത അനുഭവപ്പെടുമ്പോൾ വാർദ്ധക്യം കൂടുതൽ ക്ലേശപൂർണ്ണമായേക്കാം. വാർദ്ധക്യത്തെ നഷ്‌ടങ്ങളുടെ കാലഘട്ടമായി കരുതുന്നവരാണു ഭൂരിപക്ഷവും. ഉദ്യോഗത്തിൽ നിന്നും വിരമിക്കുന്നു. വരുമാനം കുറയുന്നു. ചെലവുകൾ പലതും നിയന്ത്രിക്കേണ്ടിവരുന്നു. സ്‌ഥാനമാനങ്ങളും അധികാരങ്ങളും നഷ്‌ടപ്പെടുന്നു. സ്‌നേഹിതരുടേയും സഹപ്രവർത്തകരുടേയും സാമീപ്യം കുറയുന്നു. ഇങ്ങനെയുള്ള ആകുല ചിന്തകൾ വീർപ്പ്‌ മുട്ടിക്കുമ്പോൾ മനസ്സിനെ നിയന്ത്രിക്കാൻ ശ്രമിക്കണം. അപ്പോൾ മനഃശാന്തി കൈവരിക്കാൻ സാധിക്കും. നിരന്തരമായ പരിശ്രമവും പരിശീലനവുംകൊണ്ട്‌ മാത്രമെ ഇതു സാദ്ധ്യമാകൂ.

മറ്റുള്ളവരെ സ്‌നേഹിക്കുവാനും അങ്ങനെ സന്തോഷത്തിൽ ജീവിക്കുവാനും ശ്രമിക്കണം. മറ്റുള്ളവർ നമ്മളോട്‌ ചെയ്യരുത്‌ എന്ന്‌ ആഗ്രഹിക്കുന്ന കാര്യങ്ങൾ നാം മറ്റുള്ളവരോടും ചെയ്യരുത്‌. മറിച്ച്‌ കഴിവുള്ള നന്മകൾ മറ്റുള്ളവർക്ക്‌ എപ്പോഴും ചെയ്യുകയും വേണം. പിറുപിറുപ്പും പരാതിയും ജീവിതത്തിൽ നിന്നും ഒഴിവാക്കണം. വിദ്വേഷവും പകയും വെറുപ്പും ഹൃദയത്തിൽ സ്‌ഥാനം നേടരുത്‌. നിഷേധാത്മകമായ ജീവിതവീക്ഷണവും സമീപനവും വെടിയണം. പരുഷമായ സംസാരവും പരുക്കൻ പെരുമാറ്റവും പരസ്‌പര ബന്ധങ്ങളെ ഉലയ്‌​‍്‌ക്കുന്നു. നമ്മുടെ സംസാരവും പെരുമാറ്റവും മറ്റുള്ളവരെ നമ്മിലേക്ക്‌ അടുപ്പിക്കുന്നത്‌ ആയിരിക്കണം. സ്‌നേഹവും വിനയവും നിഷ്‌ക്കപടതയും ബഹുമാനവും നമ്മുടെ പെരുമാറ്റത്തിൽ കത്തിനിൽക്കണം.

ഒരിക്കലും നമ്മുടെ ജീവിത അവസ്‌ഥയെ മറ്റുള്ളവരുടേതുമായി താരതമ്യം ചെയ്യരുത്‌. കാരണം ഓരോരുത്തരുടേയും ജീവിതവും ജീവിത സാഹചര്യങ്ങളും വ്യത്യസ്‌തങ്ങളാണ്‌. ഭൗതികാഭിവൃദ്ധിയും സുഖ സമൃദ്ധിയും ലഭ്യമായാൽ യഥാർത്ഥ സംതൃപ്‌തി കൈവരുമെന്ന ജീവിത സങ്കൽപ്പം തെറ്റാണ്‌. ജീവിത സംതൃപ്‌തി നാം വളർത്തിയെടുത്ത ജീവിത ദർശനത്തിന്റെ അടിസ്‌ഥാനത്തിലാണ്‌. നാളെയെപ്പറ്റിയുള്ള ആകുല ചിന്തകളും ഇന്നലെയെപ്പറ്റിയുള്ള നഷ്‌ടവിചാരങ്ങളും നമ്മിൽ അമിതമായ സ്വാധീനം ചെലുത്താൻ അനുവദിക്കരുത്‌. കാരണം അവ നമ്മുടെ ഇന്നത്തെ ജീവിതത്തെ സാരമായി ബാധിക്കുന്നു എന്നതാണു സത്യം. ആഗ്രഹങ്ങളെ നിയന്ത്രിക്കുന്നത്‌ വഴി ആകുലതകളും ഒരു പരിധിവരെ ഒഴിവാക്കാൻ സാധിക്കും

മനസ്സിനു സംതൃപ്‌തിയും ചാരിതാർത്ഥ്യവും നകിയിട്ടുള്ള സുന്ദര അനുഭവങ്ങളെ ആവർത്തിച്ച്‌ അനുസ്‌മരിക്കുന്നതും സമാന ചിന്ത ഉള്ളവരുമായി അവ പങ്കു വക്കുന്നതും നല്ലതാണ്‌. താനേറ്റെടുത്ത കർത്തവ്യങ്ങൾ കൃത്യമായും വിശ്വസ്‌തമായും നിർവഹിച്ചു, ക്ലേശങ്ങളിൽ കൂടിയെങ്കിലും ലക്ഷ്യം സാദ്ധ്യമാക്കി. സ്വന്തം സമയവും താലന്തുകളും പ്രയോജനപ്രദമായി ഉപയോഗിച്ചു. മറ്റുള്ളവർക്ക്‌ അർഹമായ സഹായം തക്കസമയത്ത്‌ നമ്മാൽ കഴിവുള്ളത്ര നൽകാൻ സാധിച്ചു. ഇത്തരം ഉത്‌കൃഷ്‌ഠ ചിന്തകൾ എപ്പോഴും ഉന്മേഷം പകരുന്നവയാണ്‌. ജീവിതത്തിൽ ലഭ്യമായുള്ള നേട്ടങ്ങളെപ്പറ്റി അഭിമാനിക്കുവാനും ആസ്വദിക്കുവാനും സാധിക്കണം.

ശരീരവും മനസ്സും അലസമായിരിക്കുവാനുള്ള അവസരങ്ങൾ കഴിയുന്നതും ഒഴിവാക്കണം. ക്രിയാത്മകങ്ങളായ കാര്യങ്ങളിൽ ഏർപ്പെടുവാൻ ശ്രദ്ധിക്കണം. നല്ല ചിന്തകളിലേക്ക്‌ മനസ്സിനെ വ്യാപിപ്പിക്കണം വായനാശീലമുള്ളവർ സദ്‌ചിന്തകൾ ഉണർത്തുന്ന ഉത്തമകൃതികൾ തെരഞ്ഞെടുത്ത്‌ വായിക്കുന്നത്‌ നന്നായിരിക്കും. വേദപാരായണവും പ്രാർത്ഥനയും ശാന്തിയുടെ ഉറവിടമായ ഈശ്വരനിൽനിന്നും അനുഗ്രഹാശ്ശിസുകൾ ലഭിക്കുന്നതിനുള്ള ഉപാധികളാണ്‌. യാത്ര ചെയ്യാനിഷ്‌ടപ്പെടുന്നവർ ആരോഗ്യം അനുവദിക്കുന്ന രീതിയിൽ, നമ്മുടെ പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട്‌. സുഹൃത്തുക്കളെ സന്ദർശിക്കുന്നതും, മറ്റുള്ളവർക്ക്‌ സഹായകരമായിത്തീരുന്ന പ്രവൃത്തികൾ ചെയ്യുന്നതും ജീവിത സായാഹ്നത്തിൽ മനസ്സിനും ശരീരത്തിനും പോഷണം നൽകുന്നവയാണ്‌. ആയാസരഹിതമായ മേഖലകൾ കണ്ടെത്തി സേവന തൽപരരും പ്രവർത്തനനിരതരും ആയിരിക്കാൻ തയ്യാറാകണം. അപകർഷതാബോധവും ആത്മവിശ്വാസമില്ലായ്‌മയും നമ്മെ ബുദ്ധിമുട്ടിലേക്ക്‌ നയിക്കുന്നതാകയാൽ അവ നമ്മെ ഭരിക്കാനിടയാകരുത്‌.

വാർദ്ധക്യം നമ്മെ കീഴടക്കുവാൻ അനുവദിക്കാതെ, പക്വതയാർന്ന വീക്ഷണത്തോടും സമചിത്തതയോടുംകൂടി ജീവിതത്തെ അഭിമുഖീകരിക്കുകയും ഉത്തമചിന്തകളാലും ഉത്‌കൃഷ്‌ഠപ്രവൃത്തികളാലും ജീവിത സായാഹ്നത്തെ ആന്ദഭരിതമായ വിശ്രമദശയായി രൂപാന്തരപ്പെടുത്തുകയും ചെയ്യാം. ജീവിതപരിണാമത്തിന്റെ അനിവാര്യമായ അവസ്‌ഥയായി വാർദ്ധക്യത്തെ കാണുമ്പോൾ യുവത്വത്തിന്റെ ഉന്മേഷം ഹൃദയത്തിൽ സംരക്ഷിക്കുവാനും ജീവിതസായാഹ്നത്തെ ഉന്മേഷപൂരിതമാക്കുവാനും അങ്ങനെ ജീവിതവിജയം കൈവരിക്കുവാനും സാധിക്കും.

Generated from archived content: essay2_dec2_10.html Author: sarojavarghese_newyork

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here