മധ്യവയസ്സിലെ ആകുലതകളും ചില പരിഹാരങ്ങളും

ഇന്നത്തെ നമ്മുടെ സമൂഹത്തിൽ ഉയർന്ന്‌ വന്നുകൊണ്ടിരിക്കുന്ന ഒരു സമസ്യയാണ്‌ മധ്യവയസ്സിലെ ആകുലതകൾ. പാശ്‌ചാത്യ നാടുകളിൽ ഇങ്ങനെയൊരവസ്‌ഥയെപ്പറ്റി അവർ നമ്മേക്കാൾ വളരെ മുമ്പ്‌ ബോധവന്മാരായിരുന്നു. എന്നാൽ നമ്മുടെ സമൂഹത്തിൽ ഇപ്പോഴാണ്‌ അതിന്റെ കാഠിന്യം അനുഭവപ്പെടുന്നത്‌. മക്കൾ മധ്യവയസ്സിലെത്തുമ്പോൾ മാതാപിതാക്കൾ വാർദ്ധക്യത്തിലെത്തുന്നു. മധ്യവയസ്‌കരായ പ്രവാസി മലയാളിയുടെ ഇന്നത്തെ ചിന്താവിഷയമാണ്‌ നാട്ടിൽ മാതാപിതാക്കളുടെ സംരക്ഷണം എങ്ങനെ ഉറപ്പാക്കാമെന്ന്‌. അതോടൊപ്പം തന്നെ അവരുടെ ജീവിതത്തിലെ പ്രശ്‌നങ്ങളും കൂടിയാകുമ്പോൾ മധ്യവയസ്സ്‌ പല വിധം പ്രതിസന്ധികളുടെ ഒരു കാലഘട്ടമാണെന്ന്‌ തോന്നിപോകും.

ഏകദേശം നാലഞ്ച്‌ വർഷങ്ങൾക്ക്‌ മുമ്പ്‌ ന്യൂയോർക്കിലേക്കുള്ള വിമാനയാത്രയിൽ പരിചയപ്പെട്ട ഒരു മധ്യവയ്‌സകയുടെ മുഖം തെളിഞ്ഞ്‌ വരുന്നു. ദുഃഖത്തിന്റെ വിഷാദഛായ പരക്കുന്ന ആ മുഖത്ത്‌ നിന്നും യൗവ്വന രാശി തീരെ മാഞ്ഞ്‌ പോയിരുന്നു. ശാരീരികാരോഗ്യത്തേക്കാൾ മനസ്സിന്റെ വ്യാകുലതകളാണ്‌ ആ മുഖത്ത്‌ നിഴലിച്ചിരുന്നത്‌. ആയിടക്ക്‌ മാതാപിതാക്കൾ നഷ്‌ടപ്പെട്ട അവർക്ക്‌ അമരിക്കൻ മലയാളികൾ ഏവർക്കും നേരിടേണ്ടിവരുന്ന ഒരു പ്രതിസന്ധിയെ തരണം ചെയ്യേണ്ടിയിരിക്കുന്നു. ഒരേ ഒരു മകന്റെ വിവാഹം വളരെ പ്രതീക്ഷയോടെയാണവൻക്കാത്തിരുന്നതെന്നു അവരുടെ സംസാരത്തിൽ നിന്നും അറിയാമായിരുന്നു. സുന്ദരിയും സുശീലയുമായ ഒരു മലയാളി പെൺകുട്ടി മകന്റെ വധുവായി വരണമെന്നവൽ ആഗ്രഹിച്ചു. എന്നാൽ മകൻ വിവാഹം ചെയ്‌തത്‌ റഷ്യക്കാരിയായ ഒരമേരിക്കൻ യുവതിയെയായിരുന്നു. ആ വിവാഹത്തോടെ അവരുടെ ജിവിതനൗക ഉലയാൻ തുടങ്ങി. ജോലി ചെയ്യാതിരുന്നാൽ ആരോഗ്യപരിപാലനത്തിനുള്ള സാമ്പത്തിക ഭദ്രതയുണ്ടാകില്ല. തന്മൂലം യാന്ത്രികമായി അവർ ജോലി ചെയ്യുന്നു. ഭർത്താവ്‌ മദ്യത്തിനടിമയായി അസുഖങ്ങൾ വരുത്തുന്നു. ഇവരുടെ ഒറ്റപ്പെട്ട ഒരു സംഭവമല്ല. പലർക്കും ഇതെപോലയുള്ള അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നു നമ്മൾ കേൾക്കുന്നു, അറിയുന്നു, അങ്ങനെയുളള സാഹചര്യങ്ങളിൽ മക്കളുടെ അവകാശങ്ങൾ വക വച്ച്‌ കൊടുക്കുകയും അവരുടെ അഭിപ്രായങ്ങൾക്ക്‌ അർഹിക്കുന്ന വിധത്തിൽ പ്രാധാന്യം കൊടുക്കുകയും ചെയ്യണം. അവരുടെ വ്യക്തിപരമായ കാര്യങ്ങളിൽ കഴിയുന്നതും കൈകടത്താതിരിക്കുന്നതാണ്‌ മാതാപിതാക്കളും മക്കളും തമ്മിലുള്ള പവിത്രമായ ബന്ധത്തിന്‌ ഉത്തമം.

മധ്യവയസ്സിനെ അതുകൊണ്ടുതന്നെ വളരെ ഗൗരവത്തോടെ നമ്മൾ കാണേണ്ടതുണ്ട്‌. ഇപ്പോൾ കൗൺസിലിങ്ങ്‌ മുതലായ സൗകര്യങ്ങൾ ലഭ്യമാണ്‌. ഈ ലേഖികയുടെ അഭിപ്രായത്തിൽ അചഞ്ചലമായ ദൈവ വിശ്വാസവും പ്രശ്‌നങ്ങളെ മനസ്സിലാക്കി പോംവഴികൾ കണ്ടെത്തുവാനുള്ള മനസ്സാന്നിധ്യവും എല്ലാവരും നേടേണ്ടതാണ്‌. യോഗ, വിനോദ പരിപാടികൾ, നല്ല കൂട്ടുകാരുടെ സാമീപ്യം, വായന, ഈശ്വര ചിന്ത തുടങ്ങിയ ഉപാധികൾ ഉണ്ടായിരിക്കെ വിഷാദത്തിനും, ലഹരി പദാർത്ഥങ്ങൾക്കും അടിമയായി ശേഷിച്ച ജീവിതം പാഴാക്കുന്നവരെ മറ്റുള്ളവർ ബോധവാന്മാരാക്കണം. നല്ല നല്ല ലേഖനങ്ങൾ, സെമിനാറുകൾ, ചർച്ചകൾ എന്നിവയിലൂടെ മധ്യവയസ്സും അതു സമ്മാനിക്കുന്ന പ്രശ്‌നങ്ങളും അവക്കുള്ള പരിഹാര മാർഗ്ഗങ്ങളും അറിയണം.

എത്ര പെട്ടെന്നാണ്‌ മധ്യവയസ്സിലെത്തുന്നവരെ ഓരോ സമസ്യകൾ അഭിമുഖീകരിക്കുന്നത്‌ കരളുറപ്പില്ലാത്തവരെ വല്ലാതെ കഷ്‌ടപെടുത്തുന്ന ഒരു അവസ്‌ഥയാണ്‌ മധ്യവയസ്സ്‌. കണ്ണാടിയിൽ നോക്കുമ്പോൾ ഇത്‌ ഞാൻ തന്നെയോ എന്ന്‌ സംശയം തോന്നും വിധം നരച്ച മുടിയിഴകൾ, കണ്ണിനു ചുവട്ടിൽ കറുപ്പുരാശി, കൺതടങ്ങൾക്ക്‌ വീർപ്പും കവിളിന്റെ ശോണിമ പോയി ഒരു വിളർച്ച, അങ്ങനെ ശാരീരികമായ മാറ്റങ്ങൾ സ്‌ത്രീകൾക്കായി പ്രകൃതിയുടെ ശാപം പോലെ വന്നെത്തുന്ന “മെനോപോസ്സ്‌” എന്ന കടമ്പ… സ്‌ത്രീകൾക്ക്‌ 45നു 50നും ഇടക്ക്‌ സംഭവിക്കുന്ന ആർത്തവവിരാമം ചിലരിലെങ്കിലും വിവിധതരത്തിലുള്ള അസ്വസ്‌ഥകൾ സൃഷ്‌ടിക്കുന്നുണ്ട്‌. ശാരീരികവേദനയോ, മനഃക്ലേശമോ, വിഷാദമോ ഒപ്പം തന്നെ കൂടുതൽ ഉഷ്‌ണമോ വിയർപ്പോ ഒക്കെ ഈ ശാരീരികപ്രക്രിയയുടെ ഭാഗമായി അനുഭവപ്പെട്ടേക്കാം… ഇതെല്ലാം ജീവിതത്തിന്റെ ഒരു ഭാഗമായി കാണാനുള്ള കരുത്തും മനഃശക്തിയും ഓരോരുത്തരും നേടേണ്ടതാണ്‌.

സ്‌ത്രീകളെപോലെ തന്നെ, മിക്ക പുരുഷന്മാർക്കും മധ്യവയസ്സിനോടടുക്കുമ്പോൾ വിവിധതരത്തിലുള്ള ശാരീരികവും മാനസ്സികവുമായ പ്രശ്‌നങ്ങൾ അഭിമുഖീകരിക്കേണ്ടി വരുന്നുണ്ട്‌. കുടുംബാന്തരീക്ഷത്തിൽ അപ്രതീക്ഷിതമായുണ്ടാകുന്ന അസ്വസ്‌ഥതകൾ മനസ്സിനെ മഥിക്കുമ്പോൾ മദ്യാസ്‌കതരാകുന്ന പുരുഷന്മാരുടെ എണ്ണം സമൂഹത്തിൽ വർദ്ധിച്ച്‌ വരുന്നതായിക്കാണും. ഭാര്യക്ക്‌ സ്‌നേഹത്തിൽ കൂടി ഭർത്താവിനെ നേർവഴിയിലേക്ക്‌ നയിക്കാൻ സാധിക്കാത്ത ഘട്ടങ്ങളിൽ കുടുംബത്തിലെ ശാന്തമായ അന്തരീക്ഷത്തിനു ഉലച്ചിൽ സംഭവിക്കുന്നു. ഇരുവർക്കും ശാരീരികാസ്വാസ്‌ഥങ്ങൾ ഏൽപ്പിക്കുന്ന സംഘർഷങ്ങളോടൊപ്പം, ഇത്തരത്തിലുള്ള പ്രവണതകളും കൂടിയാകുമ്പോൾ ഭാര്യാഭർത്താക്കന്മാരുടെ ഇടയിൽ വാക്ക്‌ തർക്കങ്ങളും പൊട്ടിതെറികളും ഉണ്ടാകാനിടയുണ്ട്‌. യൗവ്വനത്തിൽ തീവ്രമായ പ്രണയാഭിലാഷങ്ങൾ കൊണ്ട്‌ അനുഭൂതി പകർന്നിരുന്ന പുലരികളും സന്ധ്യകളും ഇരുളിലേക്ക്‌ വഴുതിവീഴാൻ സാധ്യതയേറിവരുന്നു. സ്വപ്‌നങ്ങളും പ്രതീക്ഷകളും പലർക്കും സാക്ഷാത്‌കരിക്കപ്പെടാതെ പോകുന്നു. നേരത്തെ പറഞ്ഞ മദ്ധ്യവയസ്‌കയുടെ കുടുംബം അതിൽ ഒന്നു മാത്രം.

ആരോഗ്യ സംരക്ഷണത്തിനുള്ള സൗകര്യങ്ങളും പോഷകാഹാരങ്ങളുടെ സുലഭ്യതയും ജീവിത നിലവാരത്തിന്റെ തന്നെ ഉയർച്ചയും വ്യക്തികളുടെ യുവത്വം കൂടുതൽ നിലനിർത്താൻ സഹായകവുമാകുന്നുണ്ട്‌. കോസ്‌മെറ്റിക്ക്‌ വസ്‌തുക്കളുടെ ഉപയോഗം കൊണ്ട്‌ പലരും പുറമേക്ക്‌ യുവത്വം പ്രകടിപ്പിക്കുന്നണ്ടെങ്കിലും മധ്യവയസ്സിലുള്ളവർ ഒന്നു പകച്ച്‌ പോകുന്നത്‌ സ്വാഭാവികമാണ്‌. യുവത്വത്തിനും വാർദ്ധക്യത്തിനുമിടയിൽ അനുഭവപ്പെടുന്ന മാനസ്സികവും ശാരീരികവുമായ പരിവർത്തനങ്ങളും അതുമായി ബന്ധപ്പെട്ട പിരിമുറുക്കങ്ങളും വ്യക്തികളെ കാര്യമായി ബാധിക്കുന്നുമുണ്ട്‌.

നാൽപ്പത്തിയഞ്ച്‌ വയസ്സിനോടടുക്കുമ്പോൾ ജീവിതത്തിന്റെ മധ്യാഹ്‌നം ആയി എന്നു പലരും ധരിക്കുന്നു. മിക്കവരും അപ്പോഴേക്കും മാതാപിതാക്കളും ചുരുക്കം ചിലരെങ്കിലും മുത്തച്ഛനും മുത്തശ്ശിയും ആയിത്തീരുന്നു. കുട്ടികൾക്കും കുടുബത്തിനും വേണ്ടിയുള്ള ചുമതലകൾ വഹിച്ചും ത്യാഗം സഹിച്ചും ജീവിതം പക്വത വന്ന അവസ്‌ഥയിലെത്തിയ ഒരു സമയം ആണിത്‌. അതെ സമയം പലരും “ഒഴിഞ്ഞ്‌ കൂട്‌” എന്ന വേദന അനുഭവിക്കുന്നത്‌ ഈ ഘട്ടത്തിലാണ്‌. കുട്ടികൾ വളർന്നു, വിദ്യാഭ്യാസത്തിനായി ദൂരെ പോകുന്നു അല്ലെങ്കിൽ വിവാഹിതരായി പോകുന്നു. സ്‌നേഹത്തിന്റെ സ്വരങ്ങളും ആഘോഷങ്ങളും കൊണ്ട്‌ മുഖരിതമായിരുന്ന ഗൃഹാന്തരിക്ഷം അപ്പോൾ നിശ്ശബ്‌ദമാകുന്നു. ഭാര്യയും ഭർത്താവും തനിയെ ഒരു വീട്ടിൽ പുരുഷന്മാർക്കു മദ്യാസക്തി, സ്‌ത്രീകൾക്ക്‌ ഭക്തി അങ്ങനെ ചില ശീലങ്ങൾ ഈ അവസരത്തിൽ വന്നു ചേരുന്നു. അമേരിക്കൻ മലയാളികളുടെ ഇടയിൽ മധ്യവയസ്സിൽ എത്തിയപ്പോൾ പലരും എഴുത്തുകാരായി. വസ്‌തവത്തിൽ അത്തരം ഒരു സമീപനം ആരോഗ്യകരമാണ്‌. അതെ സമയം നമ്മുടെ ഭാഷ പ്രവാസ മണ്ണിൽ വേരറ്റു പോകാതെ നിൽക്കുകയും ചെയ്യുമല്ലോ.

നമ്മുടെ ചിന്താഗതികളും ജീവിതത്തോടുള്ള മനോഭാവവും ആണ്‌ തമ്മിൽ വാർദ്ധക്യകാല ലക്ഷണങ്ങൾ അതിവേഗത്തിൽ പ്രത്യക്ഷപ്പെടുന്നതിനു കാരണമെന്ന്‌ മനശാസ്‌ത്രജ്ഞന്മാർ പറയുന്നു. മധ്യവയസ്സിൽ ഉണ്ടാകുന്ന നിസ്സാരമായ ശാരീരികവ്യത്യാസങ്ങളെ അംഗികരിക്കാൻ വ്യക്തികൾ തയ്യാറാകണം. വ്യക്തികളുടെ ചിന്തയുടേയും വികാരത്തിന്റെയും പ്രകൃതം ശരീരാരോഗ്യത്തെ ബാധിക്കും. ഭയം, ആശങ്ക, വെറുപ്പ്‌, കുറ്റബോധം, അരക്ഷിതാവസ്‌ഥ ആധി എന്നീ വികാരങ്ങളിൽ പൊതിഞ്ഞ ചിന്തകൾ മനസ്സിൽ അമിതമായി വ്യാപിക്കുമെങ്കിൽ അവ അനാരോഗ്യത്തിനു വഴി തെളിക്കുകയും രോഗലക്ഷണങ്ങളെ കൂടുതൽ തീവ്രമാക്കുകയും ചെയ്യും.

സ്വന്തം കഴിവുകളെപ്പറ്റി ജീവിതത്തിന്റെ ഉച്ച തിരിഞ്ഞ ഈ അവസരത്തിൽ മിക്കവർക്കും ഒരു ഉൾക്കാഴ്‌ച കൈവന്നിരിക്കും. ഉദ്യോഗ സംബന്ധമായി പരമാവധി എത്തിചേരാവുന്ന ലക്ഷ്യവും. മിക്കവാറും ഈ അവസരത്തിൽ ഒരു വ്യക്തിക്ക്‌ ബോധ്യമായിരിക്കും. ഒപ്പം ജീവിതത്തെയും ജീവിത ബന്ധങ്ങളെയും കുറിച്ച്‌ വസ്‌തുനിഷ്‌ഠമായ അഭിപ്രായവും അറിവും ഈ ദശയിൽ കൈവന്നിരിക്കും. യൗവ്വനത്തിൽ സമൂഹം പ്രതീക്ഷിക്കുന്ന തരത്തിൽ പരിപൂർണ്ണമായി പ്രവർത്തിക്കണമെന്ന്‌ തീവ്രമായി ആഗ്രഹിച്ചവർ പോലും, കാലക്രമേണ അനുദിന ജീവിതത്തിന്റെ പ്രശ്‌നങ്ങളോട്‌ ഏറ്റുമുട്ടി അധികമധികം യാഥാർത്ഥ്യബോധമുണ്ടാക്കുമ്പോൾ പൂർണ്ണതക്ക്‌ വേണ്ടിയുള്ള ആവേശം കുറയും. പരസ്‌പരബന്ധം, എന്തിന്‌, രക്‌തബന്ധം പോലും നില നിർത്താൻ പണം അനിവാര്യമാണെന്നുള്ള ബോധവും. ഈ കാലയളവിനുള്ളിൽ ബോധ്യമാകും. സ്‌നേഹത്തോടൊപ്പം സത്യവും, സ്‌നേഹവും ആത്മാർത്തതയും ധൈര്യവും ജീവിതത്തോടുള്ള നിസ്സംഗതയും ഈശ്വരനിൽ അടിയുറച്ച വിശ്വാസവും മറ്റുമാണു യഥാർത്ഥ സമാധാനം നൽകുന്നതെന്ന വസ്‌തുതയും ഇതിനുള്ളിൽ അംഗീകരിക്കപ്പെട്ടുകഴിയും…. മിക്കവാറും ഈ കാലഘട്ടത്തിനകം രൂപവൽകൃതമാകുന്ന തത്വസംഹിത അനുസരിച്ചായിരിക്കും വാർദ്ധക്യമെന്ന പ്രശ്‌നത്തേയും എല്ലാവരും അഭിമുഖീകരിക്കുക.

ഉദ്യോഗസ്‌ഥരാണെങ്കിൽ, ഒരു പ്രത്യേക സമയത്ത്‌ ജോലിയിൽ നിന്ന്‌ വിരമിക്കേണ്ടി വരും എന്ന്‌ മനസ്സിലാക്കുമ്പോൾ തന്നെ അതിനെ നേരിടാൻ തയ്യാറാകണം. ജോലിയിൽ നിന്നും പിരിഞ്ഞശേഷം അവരവരുടെ കഴിവും താൽപ്പര്യവും അനുസരിച്ചുള്ള എന്തെങ്കിലും പണികളിലേർപ്പെട്ട്‌ സമയം ചിലവഴിക്കുന്നതിനുള്ള പ്ലാനും പദ്ധതിയും നേരത്തെ ഉണ്ടാക്കുന്നത്‌ നന്നായിരിക്കും. പുതിയ പ്രവർത്തികളോടൊപ്പം പുതിയ ഹോബികളും ഉണ്ടായിരിക്കണം. ജീവിതത്തോടുള്ള പ്രതിപത്തി കുറയുകയും സ്വന്തം കഴിവുകളിൽ വിശ്വാസം കുറയുകയും ചെയ്‌താൽ ആദ്യം മനസ്സിൽ വാർദ്ധക്യം ഉണ്ടാകും. അത്‌ അതിവേഗം ശരീരത്തെ ബാധിക്കുകയും ചെയ്യും. യുവത്വം നിറഞ്ഞ ചിന്തകളും വികാരങ്ങളും മനസ്സിൽ നിറക്കുകയാണ്‌ വേണ്ടത്‌. പുതിയ പുതിയ കാര്യങ്ങൾ പഠിക്കാനും കലാനുസൃതമായ കാര്യങ്ങളിൽ തൽപ്പരർ ആകുവാനും ആത്മാർഥമായി ശ്രമിച്ചാൽ യുവത്വം നിലനിർത്താൻ കഴിയും. സ്‌നേഹം, കരുണ, സന്തോഷം, വിനയം സഹിഷ്‌ണുത തുടങ്ങിയ ഉൽകൃഷ്‌ട വികാരങ്ങളെ മനസ്സിൽ വളർത്തിയെടുക്കാൻ ശ്രമിക്കണം.

മധ്യവയസ്സ്‌ തങ്ങളെ താമസിയാതെ വാർദ്ധക്യത്തിലേക്ക്‌ നയിച്ചേക്കാമെന്നുള്ള ചിന്ത ഒരിക്കലും അലട്ടാതിരിക്കാൻ ശ്രമിക്കണം. ഭാവിയിൽ നേരിടാൻ പോകുന്നത്‌ നഷ്‌ടങ്ങളുടെ കാലമാണെന്നും ധനാഗമനം കുറയുമെന്നും ഒപ്പം സ്‌ഥാനമാനങ്ങളും പദവിയും ഇതായേക്കുമെന്നുള്ള ചിന്തകൾ ജീവിതത്തെ അലട്ടാൻ ഇടയാകരുത്‌. ഹൃദയത്തിൽ യുവത്വത്തിന്റെ ഉന്മേഷവും, ഉത്സാഹവും സംരക്ഷിക്കണം. പിന്നിലുള്ളവയെ വിസ്‌മരിച്ച്‌ മുമ്പിലുള്ളവയെ ലക്ഷ്യമാക്കി മുന്നേറും എന്ന വീക്ഷണമാണ്‌ മധ്യവയസ്‌കർ ആശ്വാസ്യമായിട്ടുള്ളത്‌.

സ്വയം സ്‌നേഹിക്കാനും അന്യരെ സ്‌നേഹിക്കാനും ജീവിതത്തെ സ്‌നേഹിക്കുവാനും സർവ്വോപരി ഈശ്വരനെ സ്‌നേഹിക്കുവാനും ശ്രമിച്ച്‌കൊണ്ട്‌ ജീവിക്കുന്നവർക്ക്‌ ജീവിതം കൂടുതൽ ആസ്വാദ്യകരമാക്കാൻ കഴിയും. നമ്മെ അസ്വസ്‌ഥരാക്കുന്ന പ്രശ്‌നങ്ങളിൽ നിന്നും മനസ്സ്‌ തിരിച്ച്‌ ഹൃദയഹാരിയായ പ്രകൃതിയുടെ സൗന്ദര്യത്തിലേക്കും പക്ഷിമൃഗാദികളിലും വൃക്ഷലതാദികളിലും ദർശിക്കുന്ന വൈവിധ്യമാർന്ന സൗന്ദര്യത്തിലേക്കും വ്യാപരിപ്പിക്കാൻ കഴിഞ്ഞാൽ നമുക്കുണ്ടാകുന്ന ആനന്ദം അളവുറ്റതായിരിക്കും.

മധ്യവയസ്സിൽ പ്രശ്‌നങ്ങളും ആകുലതകളും നമ്മെ കീഴടക്കാൻ അനുവദിക്കാതെ പക്വതയാർന്ന വീക്ഷണത്തോടും സമചിത്തതയോടും കൂടി ജീവിതത്തെ അഭിമുഖീകരിക്കണം. ഉത്തമ ചിന്തകളാലും ഉൽകൃഷ്‌ട പ്രവർത്തികളാലും ജീവിതത്തിന്റെ വിവിധ ദശകളെ രൂപപ്പെടുത്തിയാൽ തീർച്ചായും ജീവിത വിജയം കൈവരിക്കാൻ സാധിക്കും.

Generated from archived content: essay1_april11_11.html Author: sarojavarghese_newyork

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here