സമാധാനത്തിന്റെയും സന്തോഷത്തിന്റേയും നവജീവന്റെയും നവ ചൈതന്യത്തിന്റെയും പരിമളം പരത്തിക്കൊണ്ട് വിണ്ടും ഒരു ഈസ്റ്റര്‍ സമാഗതമാകുന്നു
അന്ധകാരത്തിന്റെ മേല്‍ പ്രകാശവും മരണത്തിന്റെ മേല്‍ ജീവനും വിജയം നേടിയ സുദിനം. ഒരു വസന്തത്തിന്റെ ആരംഭം. തളിര്‍ക്കലിന്റെയും പൂക്കലിന്റേയും കാലം. സ്‌നേഹത്തിന്റേയും സത്യത്തിന്റേയും ആഹ്വാനവുമായി ഒരു സുപ്രഭാതം പൊട്ടി വിടരുന്നു. ”സത്യമായും താന്‍ ഉയര്‍ത്തെഴുന്നേറ്റു” പ്രവചനങ്ങള്‍ സാക്ഷാത്ക്കരിക്കപ്പെട്ട സുപ്രഭാതം. ലോകത്തിന്റെ പാപമോചനത്തിനു സ്വയം ബലിയായി തീര്‍ന്ന ദൈവത്തിന്റെ കുഞ്ഞാട് വിശ്വാസികളുടെ ഹൃദയങ്ങളില്‍ പ്രത്യാശയുടെ പൊന്‍ കിരണങ്ങള്‍ പൊഴിച്ചുകൊണ്ട് പുനരുത്ഥാനം ചെയ്ത പുണ്യ ദിവസം.
രണ്ടായിരം വര്‍ഷങ്ങള്‍ക്കു മുമ്പ് കാല്‍വരി ക്രൂശില്‍ തറയ്ക്കപ്പെട്ട ക്രിസ്തു മരണത്തെ ജയിച്ച് മൂന്നാം നാള്‍ ഉയര്‍ത്തെഴുന്നേറ്റതിന്റെ അനുസ്മരണം ഇവിടെ ആഘോഷിക്കപ്പെടുന്നു. കര്‍ത്താവിന്റെ പുനരുദ്ധാനം ദൈവികശക്തിയുടെ മഹത്വം പ്രകടമാക്കിക്കൊണ്ട് ത്യാഗത്തിന്റേയും വിശുദ്ധിയുടെയും സ്‌നേഹത്തിന്റേയും പ്രകാശവാതായനം ലോകത്തിനു തുറന്നു കൊടുക്കുന്നു.
ദൈവപുത്രനായ ക്രിസ്തു മരണത്തെ അതിജീവിച്ചുകൊണ്ട് ഉയര്‍ത്തെഴുന്നേറ്റു എന്ന പരമസത്യം ആഗോള െ്രെകസ്തവ വിശ്വാസത്തിന്റെ അടിസ്ഥാന ശിലയാണു. പാപ പങ്കിലമായ മനുഷ്യവര്‍ഗ്ഗത്തിനു പാപ വിമുക്തി നല്‍കി മോക്ഷപ്രാപ്തി ലഭ്യമാക്കാനായി സ്വയം ത്യാഗമായിതീര്‍ന്ന ക്രിസ്തു യേശുവില്‍ സനാതന സത്യവും നിത്യ വെളിച്ചവും നിതാന്ത നിത്യതയും പൂര്‍ത്തീകരിക്കപ്പെടുന്നു.
പൌരസ്ത്യ പാരമ്പര്യത്തില്‍ ഏറ്റവും വലിയ പെരുന്നാളായും ആരാധനാ ജീവിതത്തിന്റെ കേന്ദ്രമായും ഈസ്റ്റര്‍ ആഘോഷിക്കപ്പെടുന്നു. മറ്റൊരു പെരുന്നാളിനും ഇല്ലാത്ത ആവേശവും പുതുമയും അനുഭവേദ്യമാക്കിക്കൊണ്ട് വിമോചനത്തിന്റേയും വിമോചിതരുടേയും പെരുന്നാളായി ഈസ്റ്റര്‍ ആഘോഷിക്കപ്പെടുന്നു.
വ്യക്തികളുടേയും സമൂഹത്തിന്റെയും ജീവിതയാത്രക്കിടയില്‍ നന്മയുടെയും സ്‌നേഹത്തിന്റെയും അനുരണങ്ങള്‍ സൃഷ്ടിക്കുന്ന സജീവ സാന്നീദ്ധ്യമാണു ക്രിസ്തു. അനിവാര്യമായ മരണത്തെ പ്രത്യാശയോടെ നേരിടാനുള്ള കൃപാവരത്തിന്റെ ശക്തിസ്രോതസാണു ക്രിസ്തു. കഷ്ടതകള്‍ക്കും ക്രൂരതകള്‍ക്കും ഇടയില്‍ ഭഗ്‌നാശരാകാതെ ജീവിതം തുടരാന്‍ ക്രിസ്തുവിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പ് ലോകത്തെ ആഹ്വാനം ചെയ്യുന്നു. ഉയര്‍ത്തെഴുന്നേല്‍പ്പിലൂടെ പാപത്തിന്‍ മേലും മരണത്തിന്‍ മേലും ജയം പ്രാപിച്ച ക്രിസ്തുവിനെ നമ്മിലൂടെ ലോകം കാണുമ്പോഴാണു നാം യഥാര്‍ത്ഥത്തില്‍ ഉയര്‍പ്പിന്റെ സാക്ഷികളാകുന്നത്.
വര്‍ഷം തോറും കൊണ്ടാടുന്ന ഒരു ആഘോഷം എന്നതിലുപരി ഉയര്‍ത്തെഴുന്നേറ്റ ക്രിസ്തു നാഥന്റെ രക്ഷയുടെ സന്തോഷം അനുഭവിക്കാന്‍ ഈ ഉയിര്‍പ്പ് പെരുന്നാള്‍ സഹായകമാകട്ടെ.
നിത്യ ജീവന്റെയും നിത്യപ്രകാശത്തിന്റേയും നിത്യ സത്യത്തീന്റെയും സന്ദേശം മാനവരാശിക്ക് പകര്‍ന്നു കൊണ്ട് 2014 ഏപ്രില്‍ 20 നു സമാഗതമാകുന്ന ഉയര്‍പ്പു പെരുന്നാളില്‍ ഏവര്‍ക്കും ഹൃദയം നിറഞ്ഞ ആശംസകള്‍
Generated from archived content: essay1_apr17_14.html Author: sarojavarghese_newyork