അരുന്ധതിയുടെ യാത്ര

നീണ്ട ഇടനാഴിയിലൂടെ നടക്കുമ്പോൾ ഈ യാത്ര ഒരിക്കലും അവസാനിക്കില്ലെന്ന്‌ അരുന്ധതിക്ക്‌ തോന്നി. അതങ്ങനെ നീണ്ട്‌ നീണ്ട്‌….

അതിന്റെ അവസാനം എവിടെയാണ്‌?

അവസാനമില്ല, അനന്തമാണ്‌.

അവസാനമില്ലാത്തതെല്ലാം അനന്തമാണ്‌-അനന്തഗണം. അരുന്ധതിക്ക്‌ ഒന്നുറക്കെ ചിരിക്കാൻ തോന്നി.

‘ഈയിടെയായി നിനക്കിത്തിരി ഭ്രാന്തു തുടങ്ങീട്ടുണ്ട്‌’ എന്ന്‌ ചേച്ചി കളിയായി പറഞ്ഞത്‌ ശരിയാണ്‌. തനിക്കല്പം ഭ്രാന്തുണ്ട്‌.

നടന്നുനടന്ന്‌ കാല്‌ വേദനിച്ചു തുടങ്ങി. ഇനിവയ്യ. ഒരടി നടക്കാൻ വയ്യ. അടുത്തെങ്ങാൻ എവിടെയെങ്കിലും ഇരിക്കാൻ പറ്റുമോ?

ഭാഗ്യം. ഒരു പഴകിയ ബഞ്ചുണ്ട്‌. ബഞ്ചിലെ പൊടി തുടച്ച്‌ അരുന്ധതി അതിലിരുന്നു. ആരെങ്കിലും തന്നെ ശ്രദ്ധിക്കുന്നുണ്ടോ എന്നറിയാൻ ചുറ്റും കണ്ണോടിച്ചു.

ഒരാൾ അവളെ നോക്കി ഒരു വല്ലാത്ത ചിരിചിരിച്ചു. അയാളുടെ വിഡ്‌ഢിച്ചിരി കണ്ടപ്പോൾ അവൾ മുഖം തിരിച്ചു.

മറ്റൊരാൾ അവളെ തുറിച്ചുനോക്കിക്കൊണ്ട്‌ കടന്നുപോയി. അയാളുടെ കണ്ണുകൾ, വർഷങ്ങളായി തുറിച്ചുനോക്കിയതുകൊണ്ടാവാം പുറത്തേക്ക്‌ തളളിനിന്നു.

തനിക്കിനിയും എന്തൊക്കെയോ ചെയ്യാനുണ്ട്‌ എന്ന ഭാവത്തിൽ ഒരു തൂവെളള വസ്‌ത്രധാരി തിടുക്കപ്പെട്ട്‌ നടക്കുന്നു.

ആവശ്യത്തിലധികം ഉറക്കമൊഴിച്ച്‌ കണ്ണുകൾ കുഴിയിലേക്ക്‌ താഴ്‌ന്ന മറ്റൊരു ചെറുപ്പക്കാരൻ യാതൊരുവിധ തിടുക്കവുമില്ലാത്ത ഒരു ബുദ്ധിജീവിയെപ്പോലെ….

അപരിചിതരായ ആളുകൾ.

എല്ലാവരും മുഖംമൂടി ധരിച്ചിരിക്കുന്നു!

തന്റെ കാഴ്‌ചയുടെ തകരാറാവുമോ? ഈയിടെയായി കാഴ്‌ചയ്‌ക്ക്‌ അല്പം മങ്ങലുണ്ടോ എന്നൊരു സംശയം.

അരുന്ധതി കണ്ണുതിരുമ്മി നോക്കി. മുന്നിലൊരു കുട്ടി. ‘യുവാവായ’ കുട്ടി. കുട്ടിത്തം ലവലേശമില്ലാത്ത മുഖം എന്നുമാത്രമല്ല, ലോകം തന്റെ തലയിലല്ലേ എന്ന ഗൗരവവും. അവൻ ഒരു യുവാവാകുമ്പോൾ വൃദ്ധന്റെ മുഖമാകും അവന്‌. അരുന്ധതിക്ക്‌ സഹതാപം തോന്നി.

“നിങ്ങളെന്താ ഇവിടെ ഇരിക്കുന്നത്‌? ഇവിടെ പേഷ്യന്റ്‌സിന്‌ മാത്രമേ ഇരിക്കാൻ അനുവാദമുളളൂ. അറിയാമോ? നിങ്ങൾ പേഷ്യന്റാണോ? നിങ്ങൾ വൃദ്ധയുമല്ലല്ലോ?”

അരുന്ധതി പുഞ്ചിരിയോടെ തലയാട്ടി. എന്താണ്‌ താനീ കുട്ടിയോട്‌ പറയേണ്ടത്‌? രോഗിയാണെന്നോ, അതോ ചിറകു തളർന്നു വിശ്രമിക്കുന്ന….അതുമല്ലെങ്കിൽ, ഏകാകിനിയായി അലയുന്ന ഒരു പാവം.

അരുന്ധതി കണ്ണടച്ചിരുന്നു.

പ്രകാശ്‌ മേനോൻ…

‘അരുന്ധതി, നമ്മളെല്ലാവരും തനിച്ചല്ലേ. അവരവരുടെ സന്തോഷമന്വേഷിച്ച്‌ അലയുകയല്ലേ ഓരോ വ്യക്തിയും. ഈ പ്രകാശ്‌ മേനോനും അരുന്ധതീദേവിയും എല്ലാം.’

‘അതെ പ്രകാശ്‌, ഞാൻ എന്റെ സന്തോഷത്തെ, നിങ്ങളെ, അന്വേഷിച്ചു നടക്കുന്നു. പക്ഷേ, ഈ ആൾക്കൂട്ടത്തിനിടയിൽ ഞാനെങ്ങനെ നിങ്ങളെ കണ്ടെത്തും?’

കണ്ണുതുറന്നുനോക്കിയപ്പോൾ ആ കുട്ടിയില്ല. ആശ്വാസം പോയിക്കിട്ടിയല്ലോ.

ഉത്തരം മുട്ടിക്കുന്ന ചോദ്യങ്ങൾ കേട്ട്‌ മടുത്തിരിക്കുന്നു.

ഈ യാത്രയ്‌ക്കിടയിൽ കണ്ടുമുട്ടിയവരിൽ ആർക്കുമില്ലാത്ത എന്തോ ഉണ്ട്‌ പ്രകാശ്‌ മേനോനിൽ. കുസൃതിനിറഞ്ഞ കണ്ണുകൾ, സദാപുഞ്ചിരിക്കുന്ന മുഖം-പ്രകാശ്‌ മേനോൻ സുന്ദരനാണ്‌.

പ്രതീക്ഷയുളള, സന്തോഷമുളള മുഖം ഇപ്പോൾ ആർക്കുമില്ല. കുഞ്ഞുങ്ങൾക്കുപോലും.

‘നമസ്തേ ടീച്ചർ“

ആരാണ്‌ ഇവിടെ തന്നെ തിരിച്ചറിഞ്ഞത്‌? തിരിഞ്ഞുനോക്കിയപ്പോൾ പുഞ്ചിരിയോടെ ഒരു മുഖം.

’വിജയ്‌, നീ ഇവിടെ…?”

അവന്റെ തലയിലെ ഭാരം കണ്ട്‌ അരുന്ധതിക്ക്‌ സങ്കടം തോന്നി.

“കുട്ടീ, ഇത്ര ചെറുപ്പത്തിൽ തന്നെ…”

“എന്താ ടീച്ചർ, എനിക്ക്‌ ചെറുപ്പമാണെന്നോ സ്വീറ്റ്‌ തെർട്ടി” വിജയൻ പൊട്ടിച്ചിരിച്ചു.

തലയിലെ ചുമടും കൊണ്ട്‌ വിജയൻ നടന്നകലുന്നത്‌ അരുന്ധതി നോക്കിനിന്നു.

‘സ്വീറ്റ്‌ തെർട്ടി’ അവളത്‌ വെറുതെ മന്ത്രിച്ചു കൊണ്ടിരുന്നു. അരുന്ധതി പേഴ്‌സ്‌ തുറന്നു. പേഴ്‌സിനുളളിലെ കണ്ണാടിക്കഷണത്തിൽ മുഖം നോക്കി.

വെളളിനൂലുപോലെ നരച്ചമുടിയിഴകൾ, ചുളിഞ്ഞു തുടങ്ങിയ കവിളുകൾ….

താൻ പോലുമറിയാതെ താൻ വൃദ്ധയായിരിക്കുന്നു. അപ്പോൾ ആ കുട്ടി തന്നെ കളിയാക്കിയതാണോ?

അരുന്ധതി ശബ്‌ദമില്ലാതെ ചിരിച്ചു.

നടന്നുനടന്ന്‌ ഒടുവിൽ ഇവിടെയാണ്‌ എത്തിച്ചേർന്നത്‌. ഈ ആശുപത്രിക്കിടക്കയിൽ.

തല അല്പം ചെരിച്ച്‌ ഒരു കൈ കിടക്കയിലും മറ്റേത്‌ നെഞ്ചത്തും വച്ച്‌ അവൾ കിടന്നു. കണ്ണുകളടച്ച്‌, കാതുകൂർപ്പിച്ച്‌. ആരുടെയോ പതിഞ്ഞ സംസാരം മാത്രം കേൾക്കുന്നുണ്ട്‌.

“ഉറങ്ങാനുളള മരുന്ന്‌ കൊടുത്തതാണ്‌. രാത്രി മുഴുവൻ എന്തൊക്കെയോ പറയാരുന്നു.”

രാത്രി മുഴുവൻ താൻ സംസാരിക്കുകയായിരുന്നൂന്ന്‌! അല്ല; ഓരോന്നോർത്ത്‌ കിടക്കുകയായിരുന്നു. എന്നിട്ടെന്താ പറയുന്നത്‌? എന്തുപറഞ്ഞാലും പ്രതികരിക്കുകയില്ലെന്ന്‌ മനസ്സിലാക്കിയിട്ടാവും ഇങ്ങനെയൊക്കെ.

കണ്ണു തുറക്കാൻ ഒരു വിഫലശ്രമം നടത്തി. കൺപോളകൾക്ക്‌ കനം കൂടിയപോലെ. നാവാണെങ്കിൽ അനക്കാൻ പോലും കഴിയുന്നില്ല. വാക്കുകൾ തൊണ്ടയിൽ കുരുങ്ങിക്കിടന്നു പിടഞ്ഞു.

അരുന്ധതിക്ക്‌ ശ്വാസം മുട്ടി.

ഇത്രയും കാലത്തെ ജീവിതത്തിൽ താൻ നേടിയതെന്താണ്‌? അന്ന്‌ വിലപിടിപ്പുളളതെന്നു കരുതിയതും ഇന്ന്‌, ഈ ആശുപത്രിക്കിടക്കയിൽ, തീരെ വിലയില്ലാത്തതുമായ കുറെ വിശ്വാസങ്ങൾ…പൊളളയായ അഭിമാനബോധം-ഇതൊക്കെ മാത്രം.

പിന്നെ, അരികുപൊട്ടിയ മൺപാത്രംപോലെ, വലിച്ചെറിയാറായ ക്ഷീണിച്ചൊരു ദേഹവും.

ഒരു തൂക്കുപാലത്തിന്റെ മുകളിലാണ്‌ താനിപ്പോൾ. ചുറ്റും ഇരുട്ട്‌. താഴെ വെളളത്തിന്റെ ശബ്‌ദം ചെറുതായി കേൾക്കാം. പെട്ടെന്ന്‌ പാലം ആകെയൊന്നുലഞ്ഞു. ആരുടെയോ നിലവിളി.

“എന്താ, എന്തുപറ്റി ടീച്ചർ, വല്ല പേടിസ്വപ്നോം കണ്ടോ?”

അരുന്ധതി ഒന്നും മിണ്ടിയില്ല.

ആകെ ഒരു തളർച്ച. മരണസമയത്ത്‌ അബോധാവസ്ഥയിലേക്ക്‌ വഴുതിവീഴുമെന്ന്‌ പറഞ്ഞു കേട്ടിട്ടുണ്ട്‌. നമ്മളെത്തന്നെ തിരിച്ചറിയാതാവുമെന്ന്‌. തന്റെ ഓർമ്മ നശിച്ചിട്ടില്ല. പഴയ ഓർമ്മകൾ… പ്രകാശ്‌ മേനോൻ…

മറ്റൊരു നീണ്ട ഇടനാഴി.

അന്ധകാരത്തിലേക്ക്‌ തുറന്നുകിടക്കുന്ന ഇടനാഴി. അതിലൂടെയുളള യാത്ര അവസാനിക്കുന്നത്‌ മരണത്തിലാണ്‌. തന്റെ യാത്രയും അവിടെ അവസാനിച്ചാൽ…

ഇല്ല; അരുന്ധതിയുടെ യാത്രകൾ ഒരിക്കലും അവസാനിക്കില്ല.

ചത്തുവീർത്ത്‌ പൊങ്ങിക്കിടക്കുന്ന മീനുകളെപ്പോലുളള കണ്ണുകൾ, വിളറിയ ചുണ്ടുകൾ…

ആരാണ്‌ മരിച്ചത്‌?

‘എന്റെ കണ്ണുകൾ, മൂക്ക്‌, ചുണ്ടുകൾ… ഞാൻ… ഞാൻ തന്നെയല്ലേ…?’

അരുന്ധതി ഞെട്ടിയുണർന്നു. പുഞ്ചിരിയോടെ മുന്നിൽ നില്‌ക്കുന്ന വിജയനെ നോക്കി ചിരിച്ചു.

‘സ്വീറ്റ്‌ തെർട്ടി’ ചിരിയോടെ മന്ത്രിച്ചു കൊണ്ട്‌ അരുന്ധതി വീണ്ടും യാത്ര തുടങ്ങി.

Generated from archived content: story1_jan13.html Author: saritha_pariyaram

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here