“സ്‌നേഹം”

(ദുബായ്‌ ആസ്‌ഥാനമായി പ്രവർത്തിക്കുന്ന സമന്വയ യു.എ.ഇ. എന്ന സാംസ്‌ക്കാരിക സംഘടനയുടെ പ്രതിമാസ പരിപാടിയോടനുബന്ധിച്ച്‌ 19.06.2009-ൽ ഷാർജ ഇന്ത്യനസോസ്സിയേഷൻ ഹാളിൽ ഞാനവതരിപ്പിച്ച പ്രബന്ധമാണ്‌ ചുവടെ ചേർത്തിരിക്കുന്നത്‌.)

“സ്‌നേഹം” – വളരെ ഗൗരവത്തിലും ആഴത്തിലും ചിന്തിക്കേണ്ട വിഷയമാണ്‌. അപ്പോൾ അതേക്കുറിച്ചായിചിന്ത. ജീവിതത്തിന്റെ അടിസ്‌ഥാനശിലതന്നെ കെട്ടിപ്പടുത്തിരിക്കുന്നത്‌ “സ്‌നേഹ”മെന്ന പ്രപഞ്ചസത്യം കൊണ്ടാണ്‌. സ്‌നേഹം വശ്യസുന്ദരമാണ്‌. പറഞ്ഞാലും പറഞ്ഞാലും തീരാത്ത ഒരാവശ്യഘടകം. ജീവൻ നിലനില്‌ക്കാൻ വായുവേണ്ട പോലെ ഒന്ന്‌.

ഇഴ ചേർന്നും പിരിഞ്ഞും പിന്നെയും പിരിഞ്ഞും കാലാതീതമായി ഒരു ബാന്ധവം പോലെ നില്‌ക്കുന്ന ഒന്ന്‌. ജീവിതത്തിന്റെ ഊട്ടിഉറപ്പിക്കൽ തന്നെ സ്‌നേഹമാണ്‌.

ഒരു കുഞ്ഞിന്‌ ജന്മം നല്‌കുന്ന അമ്മ. അമ്മയുടെ ഹൃദയത്തിന്റെ ചൂടുപകർന്ന്‌ നിദ്രപ്രാപിക്കുമ്പോൾ അമ്മയുടെ അന്തരാത്‌മാവിന്റെ സ്‌പന്ദനങ്ങൾ ആ കുഞ്ഞിനെ തൊട്ടുണർത്തുന്നുണ്ടാവണം. പറയാതെ പറയുന്നൊരുരീതി ആ ബന്ധത്തിൽ നമുക്ക്‌ കണ്ടെത്താനാവും.​‍്‌.

“സ്‌നേഹം” – ഒരു പ്രതിഭാസമാണ്‌; ഒടുങ്ങാത്ത ഓളങ്ങൾ പോലെ. അലയാഴിയിൽ ആവർത്തിച്ചാവർത്തിച്ച്‌ രൂപപ്പെടുന്ന ഓളങ്ങൾ നമ്മുടെ മനസ്സിനേയും തൊട്ടുണർത്താറില്ലേ? അതുപോലെയാണ്‌ സ്‌നേഹവും.

സ്‌നേഹം ഒന്നേയുള്ളു. അതിൽ ഭാവങ്ങൾ കടന്നുവരുന്നു. ഒരു മകന്‌ അല്ലെങ്കിൽ മകൾക്ക്‌ അച്ഛനോട്‌ തോന്നുന്ന സ്‌നേഹം & അമ്മയോട്‌ തോന്നുന്ന സ്‌നേഹം & സഹോദരങ്ങളോട്‌, സുഹൃത്തുക്കളോട്‌, ഗുരുനാഥന്മാരോട്‌ – തോന്നുന്ന സ്‌നേഹവായ്‌പുകൾ – ഇവയെല്ലാത്തിനും ഓരോ ഭാവങ്ങളാണ്‌. ഒരു പുരുഷനെ അഥവാ സ്‌ത്രീയെ സംബന്ധിച്ചിടത്തോളം തുറന്നു പറയാനും പരസ്‌പരം വികാരവിചാരങ്ങൾ കൈമാറാനും ഒരു തീരുമാനത്തിലെത്താനും ഭാര്യഭത്തൃബന്ധമാണ്‌ ഉത്തമഗിരിശൃഗം. ഭർത്താവ്‌ ഭാര്യയോടും, ഭാര്യ ഭർത്താവിനോടും പരസ്‌പരം കടപ്പെട്ടിരിക്കുന്നു. സ്‌നേഹത്തിന്റെ ഉദാത്തഭാവം സമന്വയിക്കുന്നിടം ദാമ്പത്യത്തിലാണ്‌.

കുഞ്ഞായിരിക്കുമ്പോൾ മനസ്സിൽ തോന്നുന്ന തോന്നലുകളും സങ്കല്‌പങ്ങളുമെല്ലാം തുറന്നുപറയാനും അവ കേൾക്കാനും അച്ഛനമ്മമാർകാണും. കൗമാരവും യൗവനവും ആകുമ്പോൾ നമ്മുടെ ചിന്താധാരയ്‌ക്ക്‌ പരിവർത്തനം സംഭവിക്കുന്നു. അപ്പോൾ മാതാപിതാക്കളോട്‌ എന്ത്‌ പറയാം എന്തുപറയാൻ പാടില്ല എന്ന അറിവ്‌ ഒരോരുത്തരിലും ഉരുത്തിരിയുന്നു. തങ്ങളുടെ കൂട്ടുകാരോട്‌ പോലും ഒരു പരിധിയിൽ കവിഞ്ഞ്‌ തുറക്കാനാവില്ലതന്നെ. ബൈബിളിൽ പറഞ്ഞിട്ടുള്ള ചില കാര്യങ്ങൾ സൂചിപ്പിക്കട്ടെ (കൊരിന്ത്യർ സഭയ്‌ക്ക്‌ പൗലോസ്‌ ശ്ലീഹ എഴുതിയ ഒന്നാമത്തെ ലേഖനം – 1 മുതൽ 13 വരെയുള്ള വാക്യങ്ങൾ) When I was a child I speak as a child I understood as a child, I thought as a child. But when I Become a man, I put away childish things. (ഞാനൊരു കുഞ്ഞായിരുന്നപ്പോൾ, കുഞ്ഞിനെപ്പോലെ സംസാരിച്ചു. എല്ലാം മനസ്സിലാക്കിയിരുന്നതും കുഞ്ഞിനെപ്പോലെ. ഞാൻ വളർന്നൊരു മനുഷ്യനായിത്തീർന്നപ്പോൾ ഞാനെന്റെ കുട്ടിത്തവും ഉപേക്ഷിച്ചു.) “സ്‌നേഹമാണ്‌ ഏറ്റവും വലിയ ദാനം” സ്‌നേഹം ക്ഷമിക്കുന്നു. സ്‌നേഹം ദയകാണിക്കുന്നു. അത്‌ അസൂയയല്ല. അഹന്തയല്ല, ഗർവുമല്ല. സ്‌നേഹം കോപിക്കുന്നുമില്ല. സ്‌നേഹം അതിനെതിരെ ചെയ്‌ത തെറ്റുകൾ ഓർക്കാറില്ല. അനീതിയിൽ സ്‌നേഹം സന്തോഷിക്കുന്നുമില്ല. പക്ഷേ സ്‌നേഹം സത്യത്തിൽ സന്തോഷിക്കുന്നു. സ്‌നേഹം ക്ഷമാപൂർവ്വം എല്ലാം സ്വികരിക്കുന്നു. സ്‌നേഹം എല്ലായ്‌പ്പോഴും വിശ്വസിക്കുന്നു. എപ്പോഴും പ്രത്യാശിക്കുന്നു. എപ്പോഴും ശക്തമായിരിക്കുകയും ചെയ്യുന്നു.

അതേപോലെ തന്നെ മതവും അതേതായാലും – ഹിന്ദുവായാലും, ക്രിസ്‌ത്യാനിയായാലും, മുസ്ലീം ആയാലും മനുഷ്യസമൂഹത്തെ പഠിപ്പിക്കുന്നത്‌ സ്‌നേഹം തന്നെയാണ്‌. അതിൽ സംശയിക്കേണ്ട കാര്യമില്ല. ആദിപരാശക്തിയെ, അമ്മയെ നമ്മൾ നമസ്‌കരിക്കുന്നു. പ്രപഞ്ചത്തിന്റെ ഉൽപത്തിതൊട്ട്‌ പരിശോധിച്ചാൽ ഋക്‌, സാമ, അഥർവ്വ, യജ്ജൂർവേദങ്ങളിലും രാമായണം, മഹാഭാരതം തുടങ്ങിയ കാര്യങ്ങളിലും പ്രോജ്ജ്വലമായി നില്‌ക്കുന്ന ഘടകം സ്‌നേഹം തന്നെയാണ്‌. എത്ര ഉദാഹരണങ്ങൾ വേണമെങ്കിലും നിരത്താവുന്നതേയുള്ളു.

കുരുക്ഷേത്രയുദ്ധക്കളത്തിൽ മനസ്സുകൊണ്ട്‌ തളർന്നുപോകുന്ന അർജ്ജുനനെ – തന്റെ രക്തബന്ധത്തിലുള്ളവരോടും സഹപ്രവർത്തകരോടും എതിരാളിയെന്ന കണക്കേ, പോരാടേണ്ടിവരുമ്പോൾ കൃഷ്‌ണൻ അർജ്ജുനനെ സമാധാനിപ്പിക്കുന്നു. ആ ഭൂവിൽ വച്ച്‌ ഗീതോപദേശം ചൊല്ലിക്കൊടുക്കുന്നു. അതിൽ പ്രാധാനം

“കർമ്മണ്യേവാഥികാരസ്‌തേമാ മാഫലേഷുകഥാചന

മാർകർമ്മഇതി ഹേതുർഭൂഹോമാതേ

സ്വംഗോസ്വകർമ്മണേ

കർമ്മണ്യേവാദികാരസ്‌ഥേമാഫലേഷു കഥാചന

മാകർമ്മഫലഹേതുർഭർമാതേ സംഗോസ്‌തകർമ്മണി”

You have a right to perform your prescribed duty, but you are not entitled to the fruits of action. Never consider your self the cause of the results of your activities, and never be attached to not doing your duty.

മനുഷ്യമനസ്സിന്റെ ആരോപണങ്ങളും അവരോഹണങ്ങളുമെല്ലാമെല്ലാം സ്‌നേഹത്തിലധിഷ്‌ഠിതമാണ്‌. തത്വചിന്താപരമായ കാര്യങ്ങൾ പറഞ്ഞുപോകുകയല്ല. സ്‌നേഹാനുഭവങ്ങൾ ഓർക്കപ്പെടുന്നവ ചിലതിവിടെ പ്രതിപാദിക്കാം. വിശ്വസാഹിത്യകാരനായ ലിയോടോൾസ്‌റ്റോയ്‌ അദ്ദേഹത്തിന്റെ യുദ്ധവും സമാധാനവും (war and peace) എന്ന കൃതിക്ക്‌ നോബർ സമ്മാനം ലഭിച്ചില്ലെങ്കിലും മനുഷ്യവിരചിതമായ ലോകത്തെ മികച്ച പത്തു സൃഷ്‌ടികൾ തെരഞ്ഞെടുത്താൽ ഒരു കൃതി ഇതാൺ നിസ്സംശയം പറയാം.

മനുഷ്യമനസ്സിന്റെ ക്രൂരവും, പൈശാചികവുമായ ഭാവങ്ങളും, പകയുടേയും, വിദ്വേഷത്തിന്റെയും വിഷവിത്തുകൾ പാകി മലീമസമാക്കിയപ്പോഴും സ്‌നേഹത്തിന്റെ നിഴൽ പിൻ തുടരുന്നുണ്ടായിരുന്നു. നൂറ്റാണ്ടുകൾ തന്നെ കഴിഞ്ഞിരിക്കുന്നു. ആ സൃഷ്‌ടി ഇന്നും മനുഷ്യ മനസ്സിനെ മഥിക്കുന്നു. സ്‌നേഹത്തിന്റെ അനുസ്യൂതമായ ഒഴുക്ക്‌ ആ സൃഷ്‌ടിയിൽ പലയിടത്തും ഒളിഞ്ഞും തെളിഞ്ഞും കാണാനാകും. ഒരിക്കലദ്ദേഹം ഒരവദൂതനെപ്പോലെ സ്വന്തം വീടുവിട്ടിറങ്ങി പലയിടത്ത്‌ അലഞ്ഞ്‌ തിരിഞ്ഞ്‌, പല ഗേഹങ്ങളിലും അന്തിയുറങ്ങി കാലം കഴിച്ചുകൂട്ടി. ഒരിക്കലൊരു വീട്ടിൽചെന്നപ്പോൾ ആ വീട്ടിലെ ചിമ്മിനി വിളക്കിൽ നിന്നും പ്രകാശിക്കുന്ന അരണ്ട വെളിച്ചത്തിൽ രണ്ടുകുട്ടികളിരുന്ന്‌ പുസ്‌തകം വായിക്കുകയാണ്‌.

ലിയോടോൾസ്‌റ്റോയ്‌ അവരോട്‌ ചോദിച്ചു. നിങ്ങളെന്താണ്‌ വായിക്കുന്നതെന്ന്‌. കുഞ്ഞുങ്ങൾ ഉറക്കെച്ചിരിച്ചുകൊണ്ട്‌ “അപ്പുപ്പന്‌ ഇതൊന്നും പറഞ്ഞാൽ മനസ്സിലാവില്ല. വലിയ എഴുത്തുകാരനായ ലിയോടോൾസ്‌റ്റോയിയുടെ War & peacee ആണിത്‌. എത്രവായിച്ചാലും മതിയാവില്ല. അത്രസുന്ദരമാണീകൃതി.”

അദ്ദേഹം മന്ദസ്‌മിതം തൂകിയിട്ട്‌ അതിലെ ചില വരികളും അതിന്റെ അർത്ഥതലങ്ങളും വിശദീകരിച്ചുകൊടുത്തു. തന്റെ സൃഷ്‌ടിയുടെ വ്യാപരതയിൽ മുഴുകിയ കുട്ടികളോട്‌ താനാണ്‌ ഇതിന്റെ സൃഷ്‌ടാവ്‌ എന്നു പറയാൻ അദ്ദേഹം മുതർന്നില്ല. ആ രാത്രിയന്തിയുറങ്ങി അടുത്ത പ്രഭാതത്തിൽ ആ വീടിനോട്‌ യാത്ര പറയുമ്പോൾ ആ കുട്ടികൾ കേണപേക്ഷിച്ചി. കുറച്ചു ദിവസം ഞങ്ങളുടെ വീട്ടിൽ തങ്ങാൻ. അദ്ദേഹം അവിടെ തങ്ങിയില്ല. ഒരൊറ്റ രാത്രികൊണ്ട്‌ അവരുടെ ഹൃദയത്തിൽ ഒരു വലിയ മനുഷ്യമനസ്സിന്റെ മണിനാദം അലയടിക്കുന്നു.

ഇവിടെ നമ്മൾ ചിന്തിക്കണം “സ്‌നേഹം” അല്ലാതെ മറ്റൊന്നല്ല ഇതിനു പിന്നിലെന്ന്‌. ഭാരതത്തിന്റെ രാഷ്‌ട്ര ശില്‌പി. മഹാത്‌മാഗാന്ധി ലിയോടോൾസ്‌റ്റോയിയ്‌ക്കെഴുതിയ കത്തിൽ ഞാൻ അങ്ങയുടെ ദാസൻ എന്നാണ്‌ അഭിസംബോധന ചെയ്‌തത്‌. ഒടുവിൽ തുരുമ്പിച്ച ഇരുമ്പുമറയായുള്ള റയിൽവേസ്‌റ്റേഷനോടനുബന്ധിച്ചുള്ള ഷെഡിൽ ആ വിശ്വോത്തര പ്രതിഭയുടെ ഹൃദയസ്‌പന്ദനം നിലച്ചു.

കാലമാം മഴക്കാറുകൾ എത്രതവണ പെയ്‌തു തിമിർത്തു. എന്നിട്ടും മായ്‌ചുകളയാത്ത ആ നാമം മനുഷ്യഹൃദയങ്ങളെ കീഴടക്കിയിരിക്കുന്നു. കാരണം സംശയലേശമന്യേപറയാം “സ്‌നേഹം.”

സ്‌നേഹത്തിന്റെ വേരുകൾ വളരേണ്ടത്‌ സ്വന്തം മനസ്സിലാണ്‌. സ്വയം സ്‌നേഹിക്കുക. ആ സ്‌നേഹത്തിൽ നിന്നും പകരുന്ന ജ്വാല മറ്റുള്ളവരിലേയ്‌ക്കും പകരുക. അതാണ്‌ ഒരു മനുഷ്യജന്മത്തിന്റെ സാക്ഷാത്‌ക്കാരം.

അഹന്തയുടേയും, അസ്‌കിതയുടേയും നൂറുനൂറുദാഹരണങ്ങൾ നിരത്താനാവും. ഭൗതികമായ സുഖങ്ങളെല്ലാം വെടിഞ്ഞ്‌ ആത്‌മീയചിന്തയിലേയ്‌ക്ക്‌ ഒരു നിമിഷം വിനിയോഗിക്കൂ. അപ്പോളറിയാം നാം എന്താണെന്ന്‌. ഇവിടെയെല്ലാം വെട്ടിപ്പിടിക്കാനുള്ള തിരക്കാണ്‌. ആർക്കും ഒന്നിനും സമയമില്ല. സ്വന്തം – എല്ലാം സ്വന്തമായി നേടണം. താനും തന്റെ ഭാര്യയും, തന്റെ കുഞ്ഞുങ്ങളും ഇതിൽ നിന്നു മാറി വേറൊരു ലോകത്തേയ്‌ക്ക്‌ ചിന്തിക്കാൻ ആർക്കും കഴിയുന്നില്ല. ഒടുവിൽ എല്ലാം വെട്ടിപ്പിടിച്ച്‌, എല്ലാം നേടിയെന്ന്‌ കരുതിയിരിക്കുമ്പോഴാണ്‌ ആധികളും, വ്യാധികളും കടന്നു വരിക! ഒടുവിൽ ഒന്നിനും കഴിയാത്ത ജീവശ്‌ചവം കണക്കെ കുറെകാലമീ മണ്ണിൽ കിടന്നിട്ട്‌ മണ്ണിലേയ്‌ക്ക്‌ ലയിച്ചു ചേരുന്നു. എന്തുനേടി? കാലമാണ്‌ വിധാതാവ്‌. കോടാനുകോടി ജനങ്ങളിവിടെ ജനിക്കുന്നു. വളരുന്നു…. പലതും നേടുന്നു….. പലതും നശിക്കുന്നു… സ്‌ഥായിയായുള്ള നേട്ടങ്ങൾ? ചിന്തിക്കേണ്ടതാണ്‌.

നശ്വരമായ ഈ ശരീരം – അതിലൊരു ജീവന്റെ കണികയും പേറിനടക്കുകയാണ്‌. സാമ്രാജ്യങ്ങൾ വെട്ടിപ്പിടിച്ച്‌ ഒടുവിൽ പട്ടടയിലേയ്‌ക്ക്‌ ഒന്നുമല്ലാതെ കടന്നുചെല്ലുമ്പോൾ വീണ്ടുവിചാരമുണ്ടായിട്ട്‌ കാര്യമുണ്ടോ?

ഇതൊരു മതപ്രസംഗമല്ല. ഓരോ വ്യക്തിയും സ്വയം ചിന്തിക്കണം. ഒരു പകൽ അല്ലെങ്കിൽ ഒരു രാത്രി കടന്നുപോയാൽ പിന്നീടൊരിക്കലും നമുക്കാരാവും പകലും തിരികെ ലഭിക്കില്ല. ലാഭേച്ഛയില്ലാതെ നമ്മളാൽ കഴിയുന്ന നന്മചെയ്യുക. ഒരു കർമ്മം ചെയ്യുമ്പോൾ ഫലത്തേക്കുറിച്ച്‌ ചിന്തിക്കരുത്‌. എന്താണ്‌ ലഭിക്കേണ്ടത്‌ അത്‌ ലഭിക്കും.

എന്റെ ജീവിതത്തിലെ ചില അനുഭവങ്ങൾ സൂചിപ്പിക്കാം. നൂറുനൂറു അനുഭവങ്ങൾ നിങ്ങൾക്കും നിരത്താനാകും. എന്റെ അനുഭവങ്ങളാണ്‌ എന്റെ ചിന്തയുടെ മൂല ഹേതു. 1980 – 1983 കാലഘട്ടമാണ്‌. എന്റെ അടുത്ത ഒരു സുഹൃത്ത്‌. സാമ്പത്തികമായി അയാളുടെ കുടുംബം അന്ന്‌ പിന്നോക്കാവസ്‌ഥയിലാണ്‌. ദാരിദ്ര്യവും ബുദ്ധിമുട്ടും ഒഴിഞ്ഞ നേരമില്ലാ. ഞാൻ മൂന്നു വർഷക്കാലം ഊഷരഭൂവിൽ പണിയെടുത്ത്‌ തിരികെ ചെല്ലുന്നു. അയാളുടെ അമ്മ എന്നോടായി പറഞ്ഞു. “പറയാൻ ബുദ്ധിമുട്ടുണ്ട്‌. എന്നാലും രവിയോട്‌ പറയാമെന്ന്‌ കരുതി. മോൾ എംകോമിന്‌ പഠിക്കുകയാണ്‌. ഡിഗ്രിക്കെല്ലാം ഫസ്‌റ്റ്‌ ക്ലാസ്‌ ഉണ്ട്‌ പരീക്ഷാഫീസും കോളേജ്‌ ഫീസും അടയ്‌ക്കാൻ ഒരു നിവൃത്തിയുമില്ല. കുറഞ്ഞത്‌ പത്ത്‌ നാലായിരം രൂപവേണം. ഏതെങ്കിലും തരത്തിലൊന്ന്‌ സഹായിച്ചാൽ നന്നായി.” ആ അമ്മയുടെ വേദന ഞാൻ മനസ്സിലാക്കി. അവധിക്ക്‌ നാട്ടിൽ വന്ന്‌ മടങ്ങാൻ ഒരാഴ്‌ചയേ ബാക്കിയുള്ളു. കയ്യിലുള്ളതെല്ലാം പലതിനായി ചിലവഴിച്ചു. കാശില്ല കൈയ്യിൽ. ഒടുവിൽ വിലകൂടിയ മൂന്നുനാല്‌ സാരികളും നാലഞ്ച്‌ ഉടുപ്പിന്റെയും പാന്റിന്റെയും തുണികളും ഒക്കെക്കൂടി കൊടുത്തിട്ട്‌ പറഞ്ഞു. “അമ്മേ, വന്നയുടനെ പറഞ്ഞിരുന്നുവെങ്കിൽ കാശ്‌ തരാമായിരുന്നു. അമ്മയുടെ വിഷമം മനസ്സിലാക്കുന്നു. എങ്ങിനെപോയാലും ഇത്‌ വിറ്റാൽ പത്തേഴായിരം രൂപ കിട്ടും. ഇപ്പോൾ ഗൾഫ്‌ സാധനങ്ങൾക്ക്‌ നല്ല ആവശ്യക്കാരുണ്ടല്ലോ. വേണ്ടപ്പെട്ടവർക്ക്‌ കൊടുക്കുക.”

ആ അമ്മയുടെ കണ്ണുകൾ സന്തോഷം കൊണ്ട്‌ ഈറനണയുന്നത്‌ ഞാൻ കണ്ടു. കാലം കടന്നുപോയി കുറയേറെ. ആ അമ്മയുടെ മകൾ പഠിച്ച്‌ പാസ്സായി ബാങ്കിൽ ഉദ്യോഗസ്‌ഥയുമായി. നിമിത്തമെന്നുപറയട്ടെ; ആ ബാങ്കിലാണ്‌ എന്റെ അക്കൗണ്ടുള്ളത്‌. ഞാൻ പാസ്സ്‌ബുക്ക്‌ നിട്ടിയപ്പോൾ വാങ്ങിയത്‌ ഈ പെൺകൊടിയാണ്‌.

“എടോ, ജോലി കിട്ടിയെന്നറിഞ്ഞു. അതിന്റെ ചിലവ്‌ ചെയ്‌തില്ലാ കേട്ടോ.” മറുപടിയിതായിരുന്നു.

“അതിന്‌ രവിയണ്ണനോട്‌ പ്രത്യേകിച്ച്‌ കമ്മിറ്റ്‌മെന്റ്‌ (കടപ്പാട്‌) ഒന്നുമില്ലല്ലോ” എന്റെ കണ്‌ഠമിടറി. മനസ്സൊന്ന്‌ വിങ്ങി. ഒരു നിമിഷം മറുപടി പറയാനായില്ല. മനസ്സ്‌ വേഗം പുറകോട്ടോടി. കീറിപ്പറഞ്ഞ പാവടയും കീറാറായ ബ്ലൗസുമിട്ട്‌ വിഷാദയായി എന്റെ മുന്നിൽ നിന്ന അതേകുട്ടിയാണോ ഇപ്പോൾ എന്നോടിത്‌ പറഞ്ഞത്‌.

“സോറികേട്ടോ” ഇത്രമാത്രം പറഞ്ഞ്‌ പാസ്സ്‌ബുക്കുമായി മടങ്ങി. ആ സ്‌ത്രീയെകൊണ്ട്‌ അതു പറയിച്ചതും കാലമാണ്‌. എന്റെ സുഹൃത്തിന്റെ സഹോദരിയാണതു പറഞ്ഞത്‌. പില്‌ക്കാലത്ത്‌ വളരെ സമ്പന്നയാകുകയും കാറും ബംഗ്ലാവും എല്ലാവിധ സുഖസൗകര്യങ്ങളോടും കൂടി നാട്ടിൽ കഴിയുന്നു. അവരുടെ വളർച്ചയിൽ ഞാൻ സന്തോഷിക്കുന്നു. അമർഷമോ, പകയോ ഇന്നേവരെ എന്റെ മനസ്സിൽ തോന്നിയില്ല. എന്റെ സുഹൃത്ത്‌ (പേരു പറയുന്നില്ല) ഒരടിവസ്‌ത്രം പുതിയത്‌ വാങ്ങിവച്ചാൽ എടുത്ത്‌ കൊണ്ടുപോകും. സാമ്പത്തികമായും സ്‌നേഹത്താലും ഒരു പാട്‌ സഹായിച്ചു. കാലചക്രം കറങ്ങിത്തിരിയുകയാണല്ലോ. എന്റെ സാമ്പത്തിക സ്‌ഥിതി കുറഞ്ഞു. ഊഷരഭൂമിയിൽ നിന്നും ഞാൻ തിരസ്‌കരിക്കപ്പെട്ടു. എന്റെ സുഹൃത്ത്‌ സൗദി അറേബ്യയിൽ പോയി ജോലിയും പദവിയുമെല്ലാമായി.

ഏകദേശം പത്തുവർഷത്തോളം ദുഃഖങ്ങളും സുഖങ്ങളും പങ്കുവെച്ചിട്ടൊടുവിൽ അഞ്ചുപൈസവിഷം വാങ്ങി നിന്നാൻ നിർവ്വാഹമില്ലാതെ കവിതകൾ കുത്തിക്കുറിച്ചു നടക്കുന്ന കാലത്ത്‌ ഒരെഴുത്തയച്ചു. ഉള്ളടക്കം ഇതാണ്‌.“ എന്റെ കൈകുമ്പിളിൽ തെളിനീരില്ല ശൂന്യമാണ്‌. ശൂന്യതയിൽ നിന്നും ജീവിതത്തിലേയ്‌ക്ക്‌ ആഗ്രഹസഫലീകരണത്തിന്‌ ഒരു വിസതരപ്പെടുത്തി തന്നാൽ നന്നായി എന്നെഴുതി തിരികെ വന്ന മറുപടി ഒറ്റ വാക്കിലൊതുക്കി. ”സോറി നടക്കില്ലാ.!

ഞാൻ പൊട്ടിക്കരഞ്ഞുപോയി സ്വന്തമെന്ന്‌ കരുതി സ്‌നേഹവും സ്വാന്തനവും സാമ്പത്തികവും നല്‌കി കൊണ്ടു നടന്നവൻ. അവനെ പ്രസവിച്ച അമ്മയും വളർത്തിയ അച്‌ഛനും ഇവൻ നന്നാവില്ലെന്ന്‌ എന്റെ മുഖത്തു നോക്കി പറഞ്ഞവനെ സ്‌നേഹത്തിന്റെ അമൃത്‌ വാരിക്കോരി നല്‌കിയ എനിക്ക്‌ എഴുതിയത്‌ “സോറി” എന്നാണ്‌. ആദ്യവും അവസാനവുമായി ഒഴുകിയ കണ്ണുനീർ.

നന്മവിതച്ചാൽ നന്മകൊയ്യാം. തിന്മ വിതച്ചാൽ തിന്മകൊയ്യാം. എല്ലാം നേടിയിട്ട്‌ മറ്റുള്ളവരെ സഹായിക്കാം എന്നു കരുതിയാൽ തെറ്റി. നമുക്ക്‌ കഴിയാവുന്ന സഹായങ്ങൾ ചെയ്യുക, ജാതിമതവ്യത്യാസമില്ലാതെ. എന്നും കഴിയാവുന്ന നന്മകൾ ചെയ്യുക.

Generated from archived content: essay1_oct20_09.html Author: saravan_maheswar

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here