പത്രകാലം

ഒന്നാം കാലം ഃ സെൻസേഷണൽ

‘ഹലോ ന്യൂസ്‌ എഡിറ്ററല്ലേ……..?’

‘യേസ്‌ പ്ലീസ്‌……..’

‘സർ ഫ്രണ്ട്‌പേജിൽ ചേർക്കാൻ സെൻസേഷണൽ ന്യൂസ്‌ ഒന്നുമില്ല. എന്ത്‌ ചെയ്യണം’?

‘എന്നാൽ മന്ത്രിസഭ തകരാൻ സാധ്യത. പ്രതിപക്ഷം മുന്നണി രൂപീകരിക്കാൻ തയ്യാറെടുക്കുന്നു എന്ന്‌ തട്ടിയേക്ക്‌ ’

രണ്ടാംകാലം ഃ തിരുത്ത്‌

കെ.പി.ഗോപാലകൃഷ്ണൻ നായർ എന്ന മുൻ കോദണ്ഡാപുരം ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ അന്തരിച്ചു എന്നൊരു വാർത്ത ഇന്നലെ പ്രസിദ്ധീകരിച്ചിരുന്നു. ശ്രീ. ഗോപാലകൃഷ്ണൻ അന്തരിച്ചിട്ടില്ലെന്ന്‌ ഖേദത്തോടെ അറിയിക്കുന്നു.

മൂന്നാംകാലം ഃ പത്രാധിപർ

‘അച്ഛന്റെ മരുന്നും അമ്മയുടെ കുഴമ്പും തീർന്നു. പലചരക്ക്‌ കടയിലെ രാമേട്ടൻ നിത്യവും വന്ന്‌ വഴക്കുണ്ടാക്കുന്നുണ്ട്‌. ബിന്ദുമോൾ ഫീസില്ലാതെ സ്‌കൂളിൽ പോകില്ലെന്ന വാശിയിലാണ്‌……

കറന്റ്‌ ബില്ലും, വെളളത്തിന്റെ ബില്ലും അടച്ചിട്ട്‌ മാസങ്ങളായി പിന്നെ…….

അവളുടെ കണ്ണീരിൽ കുതിർന്ന്‌ മങ്ങിയ അക്ഷരങ്ങളിൽ നോക്കി അയാൾ നെടുവീർപ്പിട്ടു.

തുടർന്ന്‌ യാന്ത്രികമെന്നോണം പോക്കറ്റിൽ നിന്നും ചുവന്ന മഷി പേനെയെടുത്ത്‌ ചില വെട്ടലുകളും തിരുത്തലുകളും വരുത്തിയശേഷം അയാൾ ഇപ്രകാരം എഴുതി ചേർത്തുഃ

’പ്രസിദ്ധീകരിക്കാൻ കഴിയാത്തതിൽ ഖേദിക്കുന്നു. തുടർന്നും സഹകരിക്കുമല്ലോ‘ ?

പിന്നെ അയാൾ നെടുവീർപ്പോടെ ചാരുകസേരയിലേക്ക്‌ ചാഞ്ഞിരുന്ന്‌ നനഞ്ഞ കണ്ണുകൾ മെല്ലെ തുടച്ചു.

Generated from archived content: story1_jan04_07.html Author: sarath_babu_thachanbara

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here