പൊൻപണ്ടങ്ങളൊക്കെയും അഴിച്ച്‌വിറ്റ്
മുക്കുപണ്ടങ്ങളിൽ താലി കോർക്കാം
കരിപിടിച്ച അടുക്കളയിലെ
പാത്രകലമ്പലുകൾ ക്കൊടുവിൽ
നാറുന്ന ശരീരത്തിൽ
കരുത്തുതെളിയിക്കാം
അടിച്ചും, തൊഴിച്ചും
പതിവ്രതയല്ലെന്നു മുദ്രകുത്തിയും
നാട്ടാചാരപ്രകാരം
ഭാര്യാ ഭർത്താക്കന്മാരായി
സകുടുംബം ജീവിക്കാം.
മുഷിവുതോന്നുമ്പോൾ
ശ്വാസം മുട്ടിച്ചോ…..
കഴുക്കോലിൽ കെട്ടിതൂക്കിയോ
ശല്യം തീർക്കാം.
എന്നാലും നീ ഭാഗ്യവതിയാണ്
എന്റെ കൈയ്യിൽ ഒരു
താജ്‌മഹൽ കെട്ടാനുള്ള
പണവും അധികാരവുമുണ്ടല്ലോ….?
Generated from archived content: poem1_jun25_10.html Author: sarath_babu_thachanbara