മലയാള ചെറുകഥ ആധുനികമായി, ശില്പചതുരമായി, സ്മാർട്ടായി വായനക്കാരെ വിഡ്‌ഢികളാക്കുന്ന അവസ്ഥ കുറേയേറെ പോയ്‌ക്കഴിഞ്ഞപ്പോഴാണ് എതിർദിശയിലേയ്‌ക്ക് ഒരു ഒഴുക്ക് തുടങ്ങിയത്. പലതും, പലരുടേതുപോലെയും ആയിത്തീരാനുള്ള ത്വരയിൽ ചേരുവകൾ ചേർക്കുന്നതിനിടയിൽ ആത്മാവ് ഊർന്ന് പോയപ്പോഴാണ് അവിടവിടെ നാക്കിൽ വയ്‌ക്കാവുന്ന ഓരോ രുചിഭേദങ്ങൾ കണ്ടു തുടങ്ങിയത്. ഇത്തരത്തിലൊരു രുചിഭേദത്തെയും കണ്ടില്ലെന്നു നടിച്ചുകൂടാ. കാരണം അവയ്‌ക്കാണ് വായനക്കാരെ ചെറുകഥയിലേയ്‌ക്ക് വീണ്ടും അടുപ്പിക്കാനുള്ള ഭാരിച്ച ജോലി.
ഇത്തരത്തിൽ ശ്രീ.എം.കെ.ചന്ദ്രശേഖരന്റെ ‘സൂര്യോദയം കാണാത്ത ഒരു ജന്മം’ എന്ന ചെറുകഥാ സമാഹാരം ശ്രദ്ധയർഹിക്കുന്നു. ഇതിലെ ചെറുകഥകൾ ഒരു നാട്യത്തെയും താങ്ങാതെ നിവർന്നു നിൽക്കാൻ കെല്പുള്ളവ മാത്രമല്ല തികച്ചും പാരായണക്ഷമവുമാണ്. മലയാറ്റൂർ രാമകൃഷ്ണൻ പറഞ്ഞതുപോലെ വായിക്കബിലിറ്റി അത്ര ചെറിയ കാര്യമല്ല.
ഈ കഥകൾ മിക്കവയും ഒരു സാധാരണ കഥയ്‌ക്കകത്ത് ഒരു അസാധാരണ കഥ ഒളിപ്പിക്കുന്നു. സാധാരണ, തനി നാടൻ, എന്ന ഒരു തോന്നലോടെ മുന്നോട്ട് സുഗമമായി നീങ്ങുന്ന വായനക്കാരനെ ഒന്നു ഞെട്ടിച്ചുകൊണ്ട് ഒരസാധാരണത്വം അപ്രതീക്ഷിതമായി മുന്നിലെത്തുന്നു. പരിചിതമായ വഴിയിൽ നടക്കുമ്പോൾ ലക്ഷണമൊത്ത ഒരു ഭൂതം എതിരെ വന്നാലെന്നപോലെ.
‘സങ്കീർണ്ണമായ സമസ്യ’ എന്ന കഥ നോക്കൂ. ‘നാളെ ഞായറാഴ്‌ചയാണല്ലോ, രാവിലെ നേരത്തെ എഴുന്നേൽക്കാതെ കഴിയ്‌ക്കാമല്ലോ എന്നൊക്കെ കരുതിയാണ് ഇന്നലെ ഉറങ്ങാൻ കിടന്നത്. പോരാത്തതിന് നല്ലൊരു മഴയും കൂടിയായപ്പോൾ മൂടിപ്പുതച്ചു കിടന്നുറങ്ങുന്നതിന്റെ ഒരു സുഖംകൂടി മനസ്സിൽ വന്നു. പക്ഷെ സ്വിച്ചിട്ടപോലെ കൃത്യം നാലരയ്‌ക്കുതന്നെ ചാടി എണീറ്റു. ബാത്ത്‌റൂമിൽ പോയി മടങ്ങിവന്നപ്പോഴാണ് ഞായറാഴ്‌ചയുടെ ഓർമ്മ വീണ്ടും വന്നത്. ഛെയ് – കഷ്ടമായിപ്പോയല്ലോ!’.
തികച്ചും സാധാരണം. അതിനു മാറ്റുകൂട്ടാൻ ഒരു ശല്യക്കാരൻ സൈക്കിളിലിരുന്ന് തുടരെത്തുടരെ ബെല്ലടിക്കുകയും പേരെടുത്തു വിളിക്കുകയും ചെയ്‌ത് നായകന്റെ ഉറക്കം കെടുത്തുന്നുമുണ്ട്. അവസാനം അകത്തെത്തുമ്പോൾ അയാൾ ചെറുപുഞ്ചിരിയോടെ പറയുന്നു ‘ഞാനാണ് കൊച്ചാപ്പു. സാറിന്റെ പുതിയ നോവലിൽ ആ പേരുള്ള ഒരാളില്ലേ? മലബാറിൽ കുടിയേറിപ്പാർത്ത് കൃഷിയും അല്ലറചില്ലറ മോഷണവും ചെറിയ തോതിലൊരു പെൺവാണിഭവുമായി കഴിയുന്ന ഒരാൾ. ആ ആളാണ് ഞാൻ – കൊച്ചാപ്പു’
തുടർന്ന് കഥാനായകന്റെ ഇതുവരെയുള്ള എല്ലാ കൃതികളിലും പ്രധാന കഥാപാത്രങ്ങൾ കൊച്ചാപ്പുവിന്റെ കുടുംബാംഗങ്ങൾ ആയിരുന്നുവെന്നും അവരുടെ ജീവിതം കഥാകൃത്ത് എഴുതിപ്പിടിപ്പിച്ചതുപോലെ തന്നെ സംഭവിച്ച് തകർന്നുവെന്നും അയാൾ ആരോപിക്കുന്നു.
ഇത്തരം ഞെട്ടിപ്പിക്കൽ ചന്ദ്രശേഖരന്റെ പല കഥകളിലും കാണാം. എന്നാൽ സാധാരണത്വത്തിന്റെ പൊടിപിടിച്ച പാതയിൽത്തന്നെ നിന്നാണ് ഇതെല്ലാം വായനക്കാരൻ നേരിടേണ്ടത്. സത്യവും ഭ്രമാത്മകതയും തമ്മിൽ വേർതിരിച്ചെടുക്കാൻ കഴിയാത്ത ഒരവസ്ഥ.
‘തൊണ്ടി’ എന്ന കഥയിൽ ഒരു ജിനദേവന്റെ മൃതദേഹം കൊണ്ടുപോവേണ്ടിവന്ന ‘നമ്മളിലൊരു സാധുവിന് ഭീതികരവും അസാധാരണവുമായ സംഭവപരമ്പരകൾ നേരിടേണ്ടിവരുന്നു. അവയെ ഒന്നിനെപ്പോലും ഫലപ്രദമായി പ്രതിരോധിക്കാൻ അയാൾക്ക് കഴിയാതെവരുന്നു. അവസാനം ഒരു പോലീസ് സ്‌റ്റേഷനിൽ ബന്ധിതനായിക്കണ്ട ഒരുവന്റെ വാക്കുകളിൽ നിസ്സഹായമായ ആശ്വാസം കണ്ടെത്തുന്നു.
’മനസ്സറിയാത്ത ഒരു കൊലപാതകക്കുറ്റം ഞാനേറ്റു കഴിഞ്ഞു. അതുകൊണ്ട് തല്ലിന്റെ എണ്ണം കുറയും. ഇനി കോടതിയിൽച്ചെന്നു കേസു വാദിക്കുന്നിടം വരെ നമ്മൾ പ്രതികളാ. താനങ്ങട് സമ്മതിക്കാ – ബാക്കി കോടതീല്‘
സംശയത്തിന്റെ ആനുകൂല്യം കിട്ടിയാലോ എന്ന വിദൂരമായ ഒരു ’ഉറപ്പില്ലാത്ത ആശ്വാസത്തെപ്രതി അറിയാതെ ഞാനൊന്നു പുഞ്ചിരിച്ചു‘ എന്ന് പീഡിതന്, നിരപരാധിയ്‌ക്ക് അന്തിമമായി വിധിക്കപ്പെ നിസ്സഹായതയുടെ സമാധാനം തിരിച്ചു കിട്ടിയിടത്തു കഥ തീരുന്നു.
ആകസ്മികത തീരെയില്ലാത്ത എന്നാൽ ആകർഷകമായ ഒരു കഥയാണ് ’കൊണ്ടൂർ കുര്യൻ‘. ലൈംഗീകതയുടെ വിദഗ്‌ധമായ സന്നിവേശം കൊണ്ടും സ്‌ത്രീസത്വത്തെക്കുറിച്ചുള്ള അവബോധം കൊണ്ടും ഈ സമ്പന്നമാണ്. ഒരുപക്ഷേ ഏറ്റവും നല്ല കഥകളിൽ ഒന്നുകൂടിയാണിത്.
പ്രമേയത്തിനനുസരണമായ ലളിതവും ചടുലവുമായ ഭാഷ ഈ കഥകളുടെ സവിശേഷതയാണ്.. നാടൻ പ്രയോഗങ്ങൾ അനായാസം ഊർന്നുചേരുകയും പ്രാദേശികഭാഷ തന്നെ ഒരു രസാനുഭവമായി മാറുകയും ചെയ്യുന്നു. കഥകളുടെ സവിശേഷവുമായ ഒരു വശം വിശദാംശങ്ങളുടെ സൂക്ഷമവും സ്വാഭാവികമായ നിരീക്ഷണമാണ്. ’ഇതു ശരിയാണല്ലോ‘ എന്നു വായനക്കാരൻ തലകുലുക്കിപ്പോകും. മൗലികമായ ഒരു ആസ്വാദ്യത എമ്പാടും വാരിവിതറിയിരിക്കുന്നു.
പ്രമേയത്തിലും ഭാഷയിലും ശക്തനായ ഈ കഥാകാരൻ കഥ കൊണ്ടവസാനിപ്പിക്കുന്നിടത്ത് പലപ്പോഴും ഒരു രക്ഷപ്പെടൽ തന്ത്രത്തിലഭയം പ്രാപിക്കുന്നു. അശ്രദ്ധയാലോ മടിയാലോ അദ്ദേഹം ക്ഷീണിതനായി കഥ ചുരുട്ടിയുപേക്ഷിയ്‌ക്കുന്നു. ക്രമാനുഗതമായി വായിച്ചുപോവുന്ന കഥ അവസാനഘട്ടത്തിലെത്തുമ്പോൾ വായനക്കാരനെ നിരാശപ്പെടുത്തുകയാണ് ഫലം. പല കഥകളിലും, ആകസ്മികത കടന്നുവരുന്ന കഥകളിൽ വിശേഷിച്ചും ഈ നിരാശ തോന്നാതിരിയ്‌ക്കില്ല. അസ്‌തമയം ശിഥിലമായിപ്പോകുന്ന കഥകൾ എന്നു വേണമെങ്കിൽ പറയാം. എങ്കിലും ശ്രീ.ചന്ദ്രശേഖരന്റെ കഥകൾ ഇനി കണ്ണിൽപ്പെട്ടാൽ വായിക്കാതെ പോകാൻ കഴിയില്ല. അതാണ് കഥാകൃത്തിന്റെ വിജയവും.
Generated from archived content: book1_feb20_07.html Author: saradha
Click this button or press Ctrl+G to toggle between Malayalam and English