നമുക്ക് ഒരുപാട് കഥാകാരികൾ ഉണ്ടെങ്കിലും മുസ്ലീം എഴുത്തുകാരികൾ തുലോം കുറവാണ്. നോവൽ സാഹിത്യത്തിൽ സ്വന്തം വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള ബി.എം. സുഹറയാണ് മുസ്ലീം കുടുംബങ്ങൾക്കുള്ളിലെ സ്‌ത്രീജീവിതത്തിന്റെ നേർചിത്രങ്ങൾ വരച്ചു കാട്ടിയ എഴുത്തുകാരി. വെപ്പും വിളമ്പും പേറും പിറപ്പുമായി ഒതുങ്ങിക്കൂടുന്നസ്‌ത്രീകൾ മാത്രമല്ല. കരുത്തുറ്റ പെൺപിറപ്പുകളുടെ കൈയിൽ മറ്റു കുടുംബാംഗങ്ങളുടെ ജീവിതം എങ്ങനെ വാർത്തെടുക്കപ്പെടുന്നു എന്ന് സുഹറയുടെ ചില സ്‌ത്രീ കഥാപാത്രങ്ങൾ വ്യക്തമാക്കുന്നു. കരുത്തുറ്റ മുസ്ലീം സ്‌ത്രീജീവിതാനുഭവം ഇനിയും ആവിഷ്‌ക്കരിക്കപ്പെടാനുണ്ട് എന്ന് വായനക്കാർക്ക് ബോധ്യപ്പെടുന്നു. സാറാ അബൂബക്കറെ പോലെ ഒരു എഴുത്തുകാരി, തസ്ലീമയെപ്പോലെ വിപ്ലവ എഴുത്തുകാരി, ഒക്കെ ധാരളമായി വായിക്കപ്പെടുന്നുണ്ട്. ലോകസാഹിത്യത്തിലൂടെ മിഡിൽ ഈസ്‌റ്റിൽ നിന്ന് ധാരാളം മുസ്ലീം എഴുത്തുകാരികൾ ഉയർന്നു വരുന്നുണ്ട്. സ്വന്തം ജീവിതത്തിന്റെ പരിമിതികൾക്കകത്തു നിന്നു കൊണ്ടു തന്നെ ജീവിതസത്യത്തിന്റെ ഉച്ചസൂര്യനെ ആവിഷ്‌ക്കരിക്കാൻ വെമ്പുന്നവരാണ് അവരൊക്കെയും, കൊച്ചു മലയാളത്തിൽ, പുതിയ എഴുത്തുകാരികളുടെ കൂട്ടത്തിൽ മുസ്ലീം സാന്നിധ്യം ശക്തിപ്പെട്ടു വരുന്നുണ്ട്. ഷബ്‌നം, സഹിറാതങ്ങൾ, സോഫിയാ ഹമീദ് തുടങ്ങിയ പുതിയ കുട്ടികൾ മുസ്ലീം ജീവിതത്തെ ആഴത്തിൽ പഠിച്ചെഴുതാൻ കെല്‌പുള്ളവരാണ്.
കയ്യുമ്മുവിന്റെ നാലാമത്തെ പുസ്‌തകമാണ് ‘ഒരോർമ്മകളുടെ പച്ചത്തുരുത്തിലൂടെ’ എന്ന കഥാസമാഹാരം. ഇതിനു മുമ്പ് ‘പ്രണയത്തിന്റെ അനന്ത സ്വാന്ത്വനം’ ‘വിരലുകൾ’ (കവിത) ‘കൃഷ്‌ണപക്ഷത്തിലെ ഒരു കറുത്ത രാത്രി’ (കഥകൾ) എന്നീ പുസ്‌തകങ്ങൾ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്.
നമ്മുടെ സംസ്‌കാരത്തിലെ സവിശേഷ ഇടങ്ങളാണ് മുസ്ലീം കുടുംബങ്ങൾ. ഭക്ഷണം, ആചാര സവിശേഷതകൾ, വിശ്വാസം, അനുഷ്‌ഠാനങ്ങൾ തുടങ്ങിയവയിലെല്ലാം സ്വന്തമായ സംസ്‌കാരികാനുഭവം ഉള്ള സമൂഹമാണത്. അധികമൊന്നും കൂടി കലരാൻ അനുവദിയ്‌ക്കാതെ ‘സ്വത്വ’ ബോധം സുപ്രധാനമായി ഉയർത്തിപ്പിടിയ്‌ക്കുന്നവരുമാണ്. കേരളത്തിന്റെ മുഖ്യധാരയിലെ സ്‌ത്രീജീവിതത്തിൽ നിന്ന് വളരെ വിഭിന്നമാണ് മുസ്ലീം സ്‌ത്രീജിവിതം എന്നും നമുക്കറിയാം. ഒരു എഴുത്തുകാരി ഇതിനെ എങ്ങനെ അനുഭവിക്കുന്നു. ആഖ്യാനം ചെയ്യുന്നു എന്നത് വളരെ താല്‌പര്യത്തോടെയാണ് ഞാൻ ഉറ്റു നോക്കുന്നത്. പലപ്പോഴും നിരാശപ്പെടേണ്ടി വന്നിട്ടുണ്ട്.
മുസ്ലീം കുടുംബത്തിലെ കഥകളാണ് ഈ സമാഹാരത്തിൽ ഏറെയും. ബന്ധങ്ങളുടെ ഊടുംപോവും തിരിച്ചറിയുന്ന കഥാകൃത്ത്. നല്ല ഇഴകളെ ശ്ലാഘിച്ചുകൊണ്ടു ദുർബലമായവരെ തിരുത്താൻ ശ്രമിച്ചുകൊണ്ടും ഉള്ള ഒരു സമീപനം കൈക്കൊള്ളുന്നു. സ്‌ത്രീജീവിതത്തിലെ ദുരിതങ്ങൾ ആവിഷ്‌ക്കരിക്കുന്ന ‘സാഫല്യം, ’ ഇനിയെത്രനാൾ ഞങ്ങൾ തനിച്ച് തുടങ്ങിയ കഥകൾ ഒരു പെൺമനസ്സിന്റെ ഏകാന്തയാതനകളെ ചിത്രീകരിയ്‌ക്കുന്നു. ‘ഇരുട്ടുവീണ വീട്’ എന്ന കഥ എടുത്തു പറയേണ്ട ഒന്നാണ്. ഗൾഫിന് മുസ്ലീം ജീവിതത്തിലുള്ള സ്വാധീനം സുഖദുഖസമ്മിശ്രമാണ്. സമ്പത്തും വിരഹവും ചൂഷണവും കെട്ടുപിണഞ്ഞു കിടക്കുന്ന അനുഭവമാണത്. വിസ കിട്ടാതെ വിഷമിക്കുന്നവർ. വിസ തട്ടിപ്പിൽപെട്ടവർ, വിസയ്‌ക്കു വേണ്ടി വീടും കുടിയും പണയപ്പെടുത്തുന്നവർ ഒക്കെ നിത്യജീവിതസത്യങ്ങളാണ്. കയ്യുമ്മുവിന്റെ കഥയിൽ അവർ കടന്നു വരുന്നുണ്ട്. പരീതുക്കാന്റെ നേർച്ചപ്പെട്ടി മൂല്യ വ്യവസ്‌ഥകളിൽ വരുന്ന വിടവുകളെ പരീതുക്കായുടെയും മക്കളുടെയും ‘വിശ്വാസസത്യങ്ങളിലെ’ വ്യത്യാസങ്ങൾ ചൂണ്ടിക്കാട്ടി എഴുതപ്പെട്ടിരിക്കുന്നു.
കയ്യുമ്മുവിന്റെ പ്രമേയ സ്വീകാരം വൈവിധ്യവും ജീവിതാനുഭവത്തിന്റെ ചൂടും ചൂരും ഉള്ളവയുമാണ്. ഭാഷാപരമായി ഇനിയും ഏറെ മുന്നോട്ടു പോകേണ്ടതുണ്ട് ഈ എഴുത്തുകാരി. എങ്കിലും, തന്റെ ഉള്ളിലും തനിക്കു ചുറ്റും കണ്ണോടിച്ച് ഒരു സവിശേഷസ്വത്വത്തിന്റെ ആവിഷ്‌ക്കാരത്തിന് ശ്രമിക്കുന്ന കയ്യുമ്മുവിന് ഇനിയും ധാരാളം എഴുതുവാൻ കഴിയട്ടെ എന്ന് ആശംസിയ്‌ക്കുന്നു.
(പ്രസാധകർ – പായൽ ബുക്‌സ്)
Generated from archived content: book1_jun11_10.html Author: sara_joseph