തന്റെ ആത്മഹത്യക്ക് നിദാനം സ്വന്തക്കാരുടെ പ്രവൃത്തികളും സമൂഹവുമാണ്. എങ്കിലുമയാൾ, താൻ കാരണം ആരും കഷ്‌ടപ്പെടരുത് അല്ലങ്കിൽ തന്റെ ഔദാര്യം എന്നപോലെ ഇങ്ങനെ കുറിച്ചു.
എന്റെ ആത്മഹത്യക്ക് പൂർണ്ണ ഉത്തരവാദിത്വം ഞാൻ……ഞാൻ മാത്രമാണ്.
എന്ന്
ശ്രേയസ് കുമാർ.
എന്നിട്ട് അവസാന ഒപ്പും തിയതിയും രേഖപ്പെടുത്തി.
ആത്മഹത്യ പലവട്ടം മനസ്സിൽ നടപ്പാക്കിയ അയാൾ, ഇനി നിസംഗമായി മരിക്കാം എന്ന മനസ്സോടെ ആ കുറിപ്പ് വായിച്ചു. പെട്ടെന്ന് അയാളറിഞ്ഞു. ആ അക്ഷരങ്ങൾ വജ്രശോഭയോടെ കണ്ണഞ്ചിപ്പിക്കുന്നുവെന്നത്.
“എന്റെ ആത്മഹത്യക്ക് പൂർണ്ണ ഉത്തരവാദിത്വം ഞാൻ മാത്രാമാണ്”.
അയാൾ അത് ഒരു ഭ്രാന്തനെപ്പോലെ, അല്ലെങ്കിൽ ആദ്യമായി കഥ പ്രസിദ്ധീകരിച്ച ഒരു കഥാകൃത്തിനെപ്പോലെ നൂറിലേറെത്തവണ ആവർത്തിച്ചു വായിച്ചു. അയാൾ വിങ്ങിപ്പൊട്ടി.
ഇത്രനാൾ തന്റെ പരാജയത്തിനു കാരണം ഃ തന്റെ കുടുംബ പശ്ചാത്തലം, ക്രൂരമായ സമൂഹം, അഴിമതി നിറഞ്ഞ ഭരണകൂടം, കൊടിയദാരിദ്ര്യം, ലഭിക്കാത്ത അവസരങ്ങൾ, ദൗർഭാഗ്യം, തന്നെ സൃഷ്‌ടിച്ച ദൈവമെന്ന പൊട്ടക്കണ്ണൻ (അരൂപി)….. അങ്ങനെ എണ്ണിയാലൊടുങ്ങാത്ത ഒരു പട്ടികയായിരുന്നു.
ഈ അവസാന നിമിഷമാണല്ലോ തനിക്ക് ബോധോദയമുണ്ടായത്‌ഃ അയാൾ ഉള്ളംകൈ കൊണ്ട് നെറ്റിയിലാഞ്ഞടിച്ചു. ശക്തിപോരാ. ഒരു കൂടം കൊണ്ടിടിച്ചാലേ ശരിയാകൂ എന്നയാൾക്കു തോന്നി.
ആയിരം തുറന്ന വഴികളുണ്ടായിട്ടും ഒരു പൊട്ടിപ്പൊളിഞ്ഞ വഴിയെ പഴിചാരി ജീവിതം തൂലയ്‌ക്കുകയായിരുന്നു താനിത്രനാൾ! തിരിച്ചെടുക്കാനാവാത്ത ജീവിതത്തിന്റെ സിംഹഭാഗം. അയാൾ തന്റെ ഇടുങ്ങിയ ചിന്താഗതികളെയും വിഡ്‌ഢിത്തങ്ങളെയുമോർത്ത് ഖേദിച്ചു.
പിന്നെ അയാൾ പുനർജ്ജനിച്ചു.
Generated from archived content: story1_mar31_09.html Author: santhosh_thomas