ബ്ലേയ്‌ഡ്‌

വിശുദ്ധകുരിശിന്റെ ….. തള്ളവിരൽ പണ്ട്‌ പള്ളിക്കൂടത്തിൽ വച്ച്‌ കൂട്ടുകാരോടൊപ്പം നെറ്റിയിൽ 101 വരച്ച്‌ രക്തം കിനിഞ്ഞ കുരിശിനുമുകളിലൂടെ പഴയ വേദനയുടെ വേദന നൽകി പതുക്കെ ഓടി.

“ദൈവമെ! ഇന്നെങ്കിലും സുഖനിദ്ര നല്‌കണെ”!

ജീവിതത്തിലെ വൈരുധ്യമോർത്ത്‌ കൂരിരുട്ടിൽക്കിടന്ന്‌ ജോസഫ്‌ നിശബ്‌ദം ചിരിച്ചു. പള്ളികൾക്കും ദൈവങ്ങൾക്കും എതിരായിട്ടും ഒരു കച്ചിത്തുരുമ്പുപോലെ…..

നെറ്റിയിൽ ഒരു കുരിശു വരച്ചിട്ടുറങ്ങിയില്ലെങ്കിൽ രാത്രികൾ കാളരാത്രിയാകുമെന്നത്‌ ജോസഫിന്‌ സത്യാനുഭവം.

ദൈവങ്ങൾ മനുഷ്യന്റെ ദൈന്യതകണ്ട്‌ ചിരിക്കുന്ന വില്ലന്മാരാണ്‌ എന്ന്‌ എത്ര പേരോടെങ്കിലും പറഞ്ഞിരിക്കുന്നു.!

അബുദാബിക്കാരൻ പുതുമണവാളന്റെ സ്വപ്നവും കണ്ട്‌ പൗവ്വർഹൗസിൽ മെക്കാനിക്കൽ ടെക്‌നീഷ്യനായി ജോലിക്കു കയറി. കിടപ്പിലായ അമ്മയെ ചികിത്സിപ്പിക്കണം. ബുദ്ധിമുട്ടുകളിൽ നിന്ന്‌ കര കയറണം.

യന്ത്രങ്ങളുടെ നാഢീസ്‌പന്ദനമറിയുന്നതിലും രോഗചികിത്സയിലും ‘ആൻ എക്‌സ്‌പേർട്ട്‌ എന്നാണ്‌ സൂപ്പർവൈസേഴ്‌സിന്റെയും കൂടെ ജോലി ചെയ്യുന്നവരുടെയും വിലയിരുത്തൽ.

ജീവിതത്തിനുള്ള യന്ത്രങ്ങളുടെ കാര്യത്തിൽ മാത്രം എന്താണ്‌ അമ്പേ പരാജിതനായിപ്പോകുന്നത്‌?

ചുണ്ടിലേയ്‌ക്ക്‌ പല്ലാഴ്‌ന്നിറങ്ങിയ ഒരു പ്രേതം അർധരാത്രിയിൽ ബങ്കുബെഡിൽക്കയറി ചെകിട്ടത്തു തല്ലി. മറ്റുള്ളവർ എഴുന്നേറ്റ്‌ ലൈറ്റിട്ടു നോക്കുമ്പോൾ ജോസഫ്‌ എഴുന്നേറ്റിരുന്ന്‌ വന്യമായി ആക്രോശിച്ച്‌ രണ്ടും കൈകൊണ്ടും ആട്ടിപ്പായിക്കുന്നതാണ്‌ കണ്ടത്‌.

എന്തു പറ്റിയെന്ന ചോദ്യത്തിന്‌ വിയർപ്പിൽക്കുളിച്ച മുഖത്ത്‌ ചമ്മലോടെ കിടക്കയിലേയ്‌ക്ക്‌ ചാഞ്ഞ്‌ പുതപ്പു വലിച്ച്‌ മൂടി.

ലൈറ്റണയ്‌ക്കുമ്പോൾ അവർ പരസ്‌പരം പറയുന്നത്‌ കേട്ടു. എന്തെങ്കിലും ദുഃസ്വപ്‌നം കണ്ടതാവും.

കുറച്ചുദിവസം കഴിഞ്ഞ്‌ കിട്ടിയ കത്തിനൊപ്പം അമ്മയുടെ ഒരു ഫോട്ടോയുമുണ്ടായിരുന്നു. കഠിനവേദനകൊണ്ട്‌ ചുണ്ടിലേയ്‌ക്ക്‌ പല്ലാഴ്‌ത്തിയ ഫോട്ടോ! ശിരസിൽ വച്ചിരുന്ന വെളുത്ത ചെണ്ട്‌ വൈരുധ്യമായി.

അപ്പന്റെ കത്തിങ്ങനെ തുടങ്ങി. മകനേ, നീ എന്നോട്‌ ക്ഷമിക്കണം. നീ പോയിട്ടൊത്തിരി ആയില്ലല്ലോ? എല്ലാവരും വിലക്കി……. നീ അമ്മയുടെ ആത്മാവിനു വേണ്ടി പള്ളിയിൽപ്പോയി പ്രാർത്ഥിക്കണം. ഒരു ഒപ്പീസ്‌ ചൊല്ലിക്കണം.

അറിയിച്ചിരുന്നെങ്കിൽ പോകുവാൻ കഴിയുമായിരുന്നോ? ചോദ്യങ്ങൾക്കും ഉത്തരങ്ങൾക്കുമിടയിൽപ്പെട്ട്‌ ജയിലിന്റെ ചുമരിനും പോലീസ്‌ ബൂട്ടിനുമിടയിൽപ്പെട്ട നിരപരാധിയെപ്പോലെ ജോസഫ്‌ തേങ്ങി.

സിമിത്തേരിയിൽ നിന്ന്‌ തിരിച്ചു വരുന്ന വഴി അപ്പൻ ചിരിച്ചുകൊണ്ടേയിരുന്നെന്ന്‌ ബന്ധുക്കളിൽ നിന്ന്‌ ഫോണിലൂടെ അറിഞ്ഞു.

ജോസഫിന്റെ അവബോധത്തിൽ ലോഡ്‌ഫാക്‌ടർ കൂടിയപ്പോൾ യന്ത്രത്തിലെ ഒരു സ്‌പ്രിംഗ്‌ കഷ്‌ണങ്ങളായി.

കുറച്ചു മാസങ്ങൾക്കുശേഷം രാവിലെ പതിവിലും വൈകി ഉണർന്നിട്ട്‌ ഓർമ്മയിൽ ചികഞ്ഞെടുക്കാൻ കഴിയാതെ പോയ ദുഃസ്വപ്നങ്ങൾ…

ഫാക്‌ടറിയിൽ ബോയ്‌ലറുകൾക്കിടയിൽ കൊടും ചൂടിൽ നില്‌ക്കുമ്പോൾ ഫോൺ വന്നു. അപ്പൻ…….

സാമ്പത്തിക സ്‌ഥിതി കാരണം പെങ്ങളുടെ കല്യാണം നടത്തിയത്‌ വേണ്ടത്ര അന്വേഷിക്കാതെ ആയിരുന്നു. സ്‌ത്രീധനത്തിൽ പകുതി കടം പറഞ്ഞ്‌.

എടാ എന്നെ അയാൾ കൊല്ലും. ബാക്കി സ്‌ത്രീധനം പറഞ്ഞ്‌. നീ വിഷമിക്കാനല്ല ഞാനിത്‌ പറയുന്നത്‌.

പകുതി പട്ടിണി കിടന്ന്‌ മിച്ചം പിടിച്ചത്‌ അയച്ചുകൊടുത്ത്‌ സ്‌ത്രീധനക്കടം വീട്ടി.

കുറച്ചു മാസങ്ങൾ കഴിഞ്ഞ്‌ അളിയന്റെ കത്തു വന്നു, അളിയാ ഞാനൊരു ബിസിനസ്‌ തുടങ്ങാൻ പോകുന്നു. ഒരു ലക്ഷം രൂപ ഉടൻ അയച്ചു തരണം. ആരോടെങ്കിലും കടം വാങ്ങിയായാലും അയച്ചു തരണം. ആറുമാസത്തിനകം പലിശസഹിതം തിരിച്ചു – തരാം. ഞങ്ങളെ ഈ കഷ്‌ടപ്പാടിൽ നിന്ന്‌ രക്ഷിച്ചാൽ മരിച്ചാലും മറക്കില്ല.

എങ്ങനെയൊക്കെയോ അതും അയച്ചു കൊടുത്തു. ആറുമാസം കഴിഞ്ഞു. രണ്ടുമാസം കൂടികഴിഞ്ഞ്‌ പെങ്ങളുടെ കത്തുവന്നു.

ഉള്ള സമാധാനം കൂടി പോയി. ചേട്ടന്റെ കുടി കൂടി. വീട്ടിൽ വളരെ വൈകിയാണ്‌ വരുന്നത്‌. ബിസിനസിൽ ആദ്യമൊക്കെ നല്ല ലാഭമായിരുന്നു. ഇപ്പോൾ കടക്കാർ വന്ന്‌ വാതിലിൽ മുട്ടുന്നു. കഴിഞ്ഞ ദിവസം ചേട്ടന്റെ ഒരു കൂട്ടുകാരൻ വന്ന്‌ വസ്‌തുവിന്റെ ആധാരം ബലമായി വാങ്ങിക്കൊണ്ടുപോയി. ചേട്ടൻ കാശെല്ലാം പെണ്ണുങ്ങൾക്കു കൊണ്ടെകൊടുക്കാൻ തുടങ്ങി……

ക്യാമ്പിൽ മുഴുവൻ മൂട്ട ശല്യമാണ്‌. അയാൾ മൊബൈലെടുത്ത്‌ പ്രകാശിപ്പിച്ചു. മൂട്ടകൾ ചോരകുടിച്ച്‌ വീർത്ത്‌ ആയാസപ്പെട്ട്‌ ഓടിയകലുന്നു. തൊട്ടടുത്ത മുറിയിൽ പാകിസ്‌ഥാനി പഠാനികളാണ്‌. വൃത്തി തീരെയില്ല. കമ്പനിക്ക്‌ മൂട്ടയെ കൊല്ലുന്നതിലല്ല താല്‌പര്യം. മൂട്ടയാകുന്നതിലാണ്‌.

സമയം മൂന്നുമണി. ഇനിയെങ്കിലും ഉറക്കം വന്നിരുന്നെങ്കിൽ….. തിരിഞ്ഞും മറിഞ്ഞും തിരിഞ്ഞും മറിഞ്ഞും ഉറക്കത്തിലേയ്‌ക്ക്‌ വഴുതി വീണു.

പുലർച്ചയോടെ വല്ലാത്തൊരസഹ്യതയോടെ ജോസഫ്‌ ഞെട്ടിയുണർന്നു.. താൻ കയറിച്ചെല്ലുമ്പോൾ പെങ്ങളുടെ മുറിയിൽ നിന്ന്‌ കൊള്ളപ്പലിശക്കാരൻ ഷർട്ടിന്റെ കുടുക്കിട്ട്‌ ഇറങ്ങി വരുന്നു.

ജോസഫ്‌ പ്രഭാതകൃത്യങ്ങൾക്കായി ക്യൂവിൽ സ്‌ഥാനം പിടിച്ചു. കൺപോളകൾക്ക്‌ വല്ലാത്ത ഭാരം.

മുറിയിൽ കയറി തലതുവർത്തുന്നതിനിടയിൽ കണ്ടു; വൈബ്രേഷനിലിട്ട മൊബൈൽ പഴുതാരയെപ്പോലെ തലയിണയിൽ. അയാൾ ഭീതിതനായി തുറിച്ചുനോക്കി.

നാട്ടിൽ നിന്ന്‌ ഫോൺ.

Generated from archived content: story1_jan29_09.html Author: santhosh_thomas

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here