പ്രയാണം

ഈയിടെയായി എന്റെ കണ്ണട

എന്നെ തുറിച്ചു നോക്കുന്നു

ഈയിടെയായി എന്റെ തലച്ചോറിൽ

മായ്‌ക്കുറബ്ബർ ജോലി ചെയ്യുന്നു.

എന്റെ ശബ്‌ദങ്ങൾക്കിന്ന്‌

എനിക്കു മാത്രം അർത്ഥം

പലരുമെന്നെ പരിഹസിക്കുന്നു.

പലരുമിന്നെന്നെക്കുറിച്ച്‌ ദുഃഖിക്കുന്നു

എനിക്കു മനസ്സിലാകുന്നില്ലെന്നറിഞ്ഞിട്ടും

ബന്ധങ്ങളുടെ കണക്ക്‌ പറയുന്നു

എന്റെ ദന്തനിര

മോണയായി മാറുന്നു

ഈയിടെയായി എന്റെ വസ്‌ത്രങ്ങൾ

എന്നെ നഗ്നനാക്കിക്കൊണ്ടിരിക്കുന്നു

ഈയിടെയായി ചുറ്റും കൂടി

പലരുമെന്നെ തുറിച്ചുനോക്കുന്നു.

ഈയിടെയായി ഞാനിടറി വീണ്‌

മുട്ടിന്മേലിഴയുന്നു, കുത്തിയിരിക്കുന്നു

കമിഴ്‌ന്നു വീഴുന്നു പിന്നെ മലർന്ന്‌….

മലമൂത്രങ്ങളിൽ നീരാട്ടു നടത്തുന്നു

പിന്നെ ചെറുതായി ചെറുതായി…

ആകാശവും ഭൂമിയും നിങ്ങളുമെല്ലാം

എനിക്കാദ്യ അനുഭവമാകുന്നു.

വയ്യ; ലോകക്കാഴ്‌ചകളിൽ

എനിക്കിനി രമിക്കാൻ വയ്യ

ഞാൻ പോകുന്നു…..

ബീജവുമണ്ഡവുമായ്‌ വേർപിരിഞ്ഞ്‌

നിശ്ചയമില്ലായ്‌മയിലൂടെ….

നിശ്ചയമില്ലായ്‌മയിലേയ്‌ക്ക്‌.

Generated from archived content: poem2_oct28.html Author: santhosh_thomas

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here