ഓണച്ചിന്തകൾ

ഒളിമങ്ങാത്തതാണ്‌ എനിക്ക്‌ ബാല്യകാലത്തെ ഓണത്തെക്കുറിച്ചുളള ഓർമ്മകൾ. കൃഷിയെ മാത്രം ആശ്രയിച്ച്‌ തികച്ചും ഒരു മലയോരഗ്രാമത്തിൽ കഴിയുന്ന ഒരു പതിമൂന്നംഗ കുടുംബത്തെ ഇന്നത്തെ അവസ്ഥയിൽ ചിന്തിക്കാൻ തന്നെ ബുദ്ധിമുട്ടായിരിക്കും. ഒന്നും രണ്ടും കുട്ടികളെതന്നെ വളർത്തിക്കൊണ്ടുവരാൻ മാതാപിതാക്കൾ ഉത്‌കണ്‌ഠപ്പെടുന്ന കാലമാണിത്‌.

അന്നൊക്കെ പഞ്ഞകർക്കിടകം പുറത്തു പറയാതെ അനുഭവിച്ചു തീർത്തിട്ടുണ്ട്‌. കർക്കിടകത്തിലെ തോരാത്ത മഴയിൽ പായലു പിടിച്ച്‌ തെന്നിക്കിടക്കുന്ന വലിയ പ്ലാവുകളിൽ നെഞ്ചുരച്ച്‌ കയറി ചക്കയിട്ട്‌, മിക്ക ദിവസവും മൂന്നുനേരവും അതുതന്നെ ആഹാരം. ചിലപ്പോൾ ചക്കക്കുരു ചുട്ടതും. ഇന്നത്തെ തലമുറയോട്‌ പണ്ടത്തെ കഷ്‌ടപ്പാടു പറഞ്ഞാൽ അത്‌ നിങ്ങളുടെ വിധി, എന്നു പറഞ്ഞ്‌ ഞങ്ങൾ കഷ്‌ടപ്പെടണോ? എന്നു ചോദിക്കും.

എങ്കിലും കർക്കിടകം തോർന്ന്‌ ചിങ്ങസൂര്യനുദിക്കുമ്പോൾ ഞങ്ങൾ കുട്ടികളുടെ മുഖത്തും ഉദയസൂര്യനുണ്ടായിരുന്നു. ഓണത്തിന്‌ (അന്നൊക്കെ വിവാഹങ്ങൾക്കും) പത്തുദിവസം മുമ്പേ എങ്ങും ഉത്സാഹത്തിമിർപ്പാണ്‌. കുട്ടികളെ സംബന്ധിച്ച്‌ കാണാപ്പാഠങ്ങളിൽ നിന്നും സ്‌കൂൾശിക്ഷകളിൽ നിന്നുമുളള നീണ്ട പരോൾ! അടുത്ത പ്രദേശങ്ങളിലെല്ലാം കറങ്ങിനടന്ന്‌ വട്ടിയിൽ പൂക്കൾ ശേഖരിച്ച്‌ അത്തക്കളമിടീൽ. മണ്ണു കുഴച്ചുണ്ടാക്കിയ തൃക്കാക്കരയപ്പനെ പൂക്കളത്തിനു നടുക്ക്‌ പ്രതിഷ്‌ഠിക്കും. പറമ്പിലെ വലിയ പ്ലാവിന്റെയും മറ്റും ഉയർന്ന ശിഖരത്തിൽ ഊഞ്ഞാൽ. മുമ്പിലകലെയായി വേറൊരു മരത്തിൽ പപ്പടം കെട്ടിത്തൂക്കിയിട്ട്‌ അത്‌ ഊഞ്ഞാലാടി കടിച്ചെടുക്കാൻ മത്സരം. സ്‌കൂൾ ഗ്രൗണ്ടിലും മറ്റും കിളികളി, കബഡികളി, വടംവലി, മുളകയറ്റം, ചാക്കിലോട്ടം, കണ്ണുകെട്ടി കുടം തല്ലിപ്പൊട്ടിക്കൽ, ഓണപ്പാട്ടുകൾ, ഓണസദ്യ, റേഡിയോയിൽ വളളംകളി മത്സരങ്ങളുടെ ആവേശമുളവാക്കുന്ന ദൃക്‌സാക്ഷി വിവരണം. അങ്ങനെ ഓണക്കാലം സന്തോഷക്കാലമായിരുന്നു. ഓണക്കാലത്തെങ്കിലും വറുതി ഇല്ലാതാക്കാൻ&മറക്കാൻ കടം വാങ്ങിയും വിഭവസമൃദ്ധമാക്കിയിരുന്നു.

പക്ഷെ കഴിഞ്ഞ ഓണക്കാലത്ത്‌ ഞാൻ ദുബായിലായിരുന്നപ്പോൾ കണ്ട ടി.വി. ദൃശ്യം എന്നെ അമ്പരപ്പിലാക്കി. ടി.വിയിൽ അവതാരക പറയുന്നു- സിംഗപ്പൂരിലെ ‘നായർ അസോസിയേഷന്റെ’ ഓണാഘോഷപരിപാടികൾ. പരിപാടിയിലുടനീളം നായർ അസ്സോസിയേഷന്റെ പരിപാടി എടുത്തു പറയുന്നുണ്ടായിരുന്നു. തുടർന്ന്‌ പല വിദേശരാജ്യങ്ങളിലെയും മലയാളികളുടെ ഓണപ്പരിപാടികൾ കാണിക്കുകയുണ്ടായി. എല്ലാം ഏതെങ്കിലും ജാതിമത സംഘടനകളുടെ നേതൃത്വത്തിൽ! ഓണം മലയാളികളുടെ ദേശീയ ഉത്സവമോ അതോ ഏതെങ്കിലും വർഗ്ഗീയ ശക്തികളുടേയോ? എന്ന്‌ ചിന്തിച്ചുപോയി.

എന്റെ ബാല്യകാലത്ത്‌ എന്റെ വീട്ടിൽ പല ജാതിക്കാർ ഒരുമിച്ച്‌ ഓണസദ്യ ഉണ്ടിരുന്നു. ജാതിമത ചിന്തകളില്ലാതെ എല്ലാവരും ഓണം ആഘോഷമാക്കിയിരുന്നു. കളളവും ചതിയും മറ്റ്‌ ഉച്ചനീചത്വങ്ങളുമില്ലാത്ത ആ സുന്ദരകാലത്തെ സ്വപ്‌നം കണ്ട്‌ ജനങ്ങൾ ആനന്ദത്തിലാറാടി നടന്നു.

സവർണ്ണ മേധാവിത്വം അരക്കിട്ടുറപ്പിക്കാനുണ്ടാക്കിയ കഥയാണ്‌ അല്ലെങ്കിൽ, സവർണ്ണനായ വാമനൻ (വിഷ്‌ണു) അവർണ്ണനായ&ദലിതനായ മാവേലിയുടെ ഭരണനൈപുണ്യത്തിലും ജനപ്രീതിയിലും അസൂയ മൂത്ത്‌ മാവേലിയെ ഇല്ലാതാക്കിയതാണ്‌ എന്നൊക്കെ ഈ ഐതിഹ്യത്തിന്‌ വ്യാഖ്യാനങ്ങളുണ്ട്‌. അത്‌ ശരിയുമായിരിക്കാം.

ഓണസങ്കല്പത്തിന്റെ തികച്ചും എതിർദിശയിലുളള-കളളവും ചതിയും അരങ്ങുവാഴുന്ന, ആമോദത്തോടെ വസിക്കാത്ത കാലത്തിന്റെ കൈയ്യൊപ്പാകുന്നു ഓണത്തെപ്പോലും വർഗ്ഗീയവത്‌കരിക്കുന്ന നീചത്വം.

Generated from archived content: essay1_sept11_08.html Author: santhosh_thomas

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here