പറുദീസാ നഷ്‌ടം

ഏഴാം ക്ലാസ്സ്‌ പാഠപുസ്‌തകത്തിനെതിരേ കുരിശുയുദ്ധം പ്രഖ്യാപിച്ച സഭ, മതരാഹിത്യം കുട്ടികളിൽ കുത്തിവച്ചാൽപ്പിന്നെ സ്വർഗ്ഗവും ഇല്ലാതാകും എന്നു തീർച്ചപ്പെടുത്തിയിട്ടുണ്ടാവും. ഭക്തർ കുരിശു ചുമന്ന്‌ ചുമന്ന്‌ കഴുവേറിയ (ക്ഷമിക്കുക ഃ ഞങ്ങൾ നസ്രാണികൾക്ക്‌ ഈ പദം ഒരസഭ്യമല്ല. കഴുവേറിയ = കുരിശ്‌ + ഏറിയ = ക്രിസ്‌തു. വേണമെങ്കിൽ ദിവ്യപദമെന്ന്‌ പറയാം). ശേഷം കിട്ടുന്ന സ്വർഗ്ഗമല്ല ആ സ്വർഗ്ഗം എന്നു മാത്രം!

വിദ്യാലയവും പാഠപുസ്‌തകവും അദ്ധ്യാപകരും വിദ്യാർത്ഥികളും മന്ത്രിമാരുമെല്ലാം ഏഴാം തരമായിപ്പോയി എന്നു കരുതുന്നവരുണ്ടെങ്കിൽ അവർക്ക്‌ എന്റെ വക നൂറ്‌ മാർക്ക്‌ തന്നു കൊണ്ട്‌ തുടരട്ടെ……

കേരളത്തിലെ കള്ളുഷാപ്പുകളെയും ബാറുകളെയും കൂണുകളുടെ മുളയ്‌ക്കലുമായി താരതമ്യപ്പെടുത്തിയാൽ കൂണുകൾ തോറ്റു തൊപ്പിയിട്ടുപോകും. ഒരു ‘ഫുൾ’ മദ്യപനല്ലെങ്കിലും ‘മില്ലിസേവ’ക്കാരനാണ്‌ എന്നു സമ്മതിച്ചുകൊണ്ടു തന്നെ ചില കാര്യങ്ങൾ പറയട്ടെ. (കള്ളുഷാപ്പിലിരുന്നാണേ ഇതെഴുതുന്നതെന്ന്‌ ന്യായമായി സംശയിക്കല്ലേ…….) കേരളത്തിലെ കള്ളുഷാപ്പുകളുടെയും ബാറുകളുടെയും പേരുകൾ കണ്ടാൽ ഒരു മതത്തിലും ആരും വിശ്വസിക്കില്ല. കാരണം മനുഷ്യൻ മരിച്ചാലല്ലേ മതങ്ങൾ സ്വർഗ്ഗം പ്രദാനം ചെയ്യൂ?

‘പറുദീസ’, ‘പൂങ്കാവനം’,‘ഏദൻതോട്ടം’, ‘അമ്പാടി’ ‘കല്‌പകവാടി’, തറവാട്‌, നാലുകെട്ട്‌, സായൂജ്യം തുടങ്ങിയ പേരുകളിൽ എത്രയെത്ര ഓൺ ദ സ്‌പോട്ട്‌ സ്വർഗ്ഗങ്ങൾ! (തറവാട്‌, നാലുകെട്ട്‌ = വീട്‌ = ദേവാലയം = സ്വർഗ്ഗം)

എന്റെ പരിമിതമായ അറിവിൽ വിശുദ്ധ ബൈബിളിലെ നാമങ്ങളാണ്‌ ‘പറുദീസയും ’പൂങ്കാവനവും‘ മറ്റും. അതുകൊണ്ടു തന്നെ വിശുദ്ധ പദങ്ങൾ. ഏതെങ്കിലും അബ്‌കാരി ബാറിനെ ഇനി ’ബൈബിൾ‘ എന്ന്‌ നാമകരണം ചെയ്‌താലും അത്‌ഭുതപ്പെടേണ്ട.

മറ്റു മതങ്ങളിലും സ്വർഗ്ഗത്തിന്‌ നാമഭേദങ്ങൾ ഉണ്ടാവാം. പക്ഷേ ദൈവത്തെയും ബൈബിളിനെയും ആരെങ്കിലും ആക്ഷേപിച്ചാലുടനെ ’സിയോൻദേശ‘ത്തേക്ക്‌ വിമോചന യാത്രയൊരുക്കുന്ന ക്രിസ്‌ത്യൻ പുരോഹിതർ, പള്ളിമതിലിനോടുചേർന്ന്‌ പറുദീസയും പൂങ്കാവനവും കണ്ടിട്ടും കാണുന്നില്ല. പള്ളിമതിലിനോടു ചേർന്ന്‌ ’ബ്ലേഡു കമ്പനി‘യുണ്ടായിട്ടും അവരുടെ ’ദീർഘദൃഷ്‌ടി‘ ഒന്നും കാണുന്നില്ല!

അമ്പാടി എന്ന പേർ പിന്നെയും ക്ഷമിക്കാം. കാരണം ഇക്കണ്ട ഇന്ദുക്കൾ (ക്രിസ്‌ത്യാനികൾ ഹിന്ദുക്കളെ അവജ്ഞയോടെ വിളിച്ചിരുന്നത്‌) അവരുടെ ഈശ്വരന്മാർ അല്‌പസ്വല്‌പമൊക്കെ ’സുഗ്രീവസേവ‘യുള്ളവരായിരുന്നു. എന്ന്‌ സമ്മതിക്കുന്നുണ്ടല്ലോ? പക്ഷേ യേശുക്രിസ്‌തു മദ്യത്തിനും മയക്കുമരുന്നിനും പരീശന്മാർക്കുമെതിരെ ചമ്മട്ടി വീശി നടന്നിട്ടും നമ്മുടെ പുരോഹിത ഗണത്തിന്‌ കർത്താവിന്റെ തീരുരക്തവും പ്രതീകാത്മകമാക്കാൻ മുന്തിയ ഇനം വീഞ്ഞു തന്നെ ശരണം ! (വി. കുർബ്ബാ​‍ാനയിലെ അപ്പവും വീഞ്ഞും = ക്രിസ്‌തുവിന്റെ തിരുരക്തവും ശരീരവും!)

അബ്‌കാരികളെയും കൊള്ളക്കാരെയും ളോഹയുടെ പോക്കറ്റിലിട്ട്‌ മുന്തിയ ഇനം ഭക്ഷണങ്ങളും മുന്തിയ മദ്യങ്ങളും ഉപയോഗിക്കുന്ന ഇവർക്ക്‌ അതിനെതിരേ പ്രസംഗിക്കുന്നതിലും പ്രവർത്തിക്കുന്നതിലും (പ്രസംഗിക്കുന്നുണ്ട്‌; നാവുള്ള ഏതു ശുംഭനും ആത്മവഞ്ചകനും പ്രസംഗിക്കാമെന്നാണല്ലോ പ്രസംഗത്തിന്റെ പൊതുനിയമം) ആത്മവഞ്ചന തോന്നുന്നുണ്ടാവാം. അല്ലെങ്കിൽ അവരുടെ പറുദീസാനഷ്‌ടം ഓർത്താവാം.

അതുമല്ലെങ്കിൽ അവർ തങ്ങളുടെ പാണ്ഡിത്യം മുഴുവൻ വിളമ്പിയേക്കാം; ലോകചരിത്രത്തിൽ ആദ്യവാറ്റുകാരൻ യേശുവായിരുന്നെന്ന്‌. കാരണം, ബാലനായിരിക്കെ കാനായിലെ കല്ല്യാണത്തിന്‌ പച്ചവെള്ളം വീഞ്ഞാക്കിയാണല്ലോ ക്രിസ്‌തു അത്‌ഭുതപ്രവർത്തനങ്ങൾ ആരംഭിച്ചത്‌.

വാൽക്കഷ്‌ണം ഃ ബിബറേജസ്‌ കോർപ്പറേഷൻ 49 കോടി എന്ന തുടക്കവർഷത്തിലെ അറ്റാദയത്തിൽ നിന്ന്‌ 3500 കോടിയിലേറെ അറ്റാദായത്തിൽ എത്തി നില്‌ക്കുന്നു. വളരെച്ചുരുങ്ങിയ കാലയളവ്‌കൊണ്ട്‌. ഈ വർഷത്തെ ടാർജറ്റ്‌ വെറും 1000 കോടിയുടെ അധിക വരുമാനം.

“ജയ ഹിന്ദ്‌! ”

“കോഴാസ്‌ ഓൺ കൺട്രി സിന്ദാബന്ദ്‌!”

“ഹിന്ദുസ്‌ഥാൻ അര റം ഹോ! ”

ഇങ്ങനെയാണ്‌ സർക്കാർ ജയ്‌ഹിന്ദ്‌ പ്രാബല്യത്തിൽ വരുത്തുന്നത്‌. അങ്ങനെ ഹിന്ദുസ്‌ഥാൻ അമർ രഹേ ആവുകയും ചെയ്യട്ടെ, ആമേൻ.

Generated from archived content: essay1_mar6_09.html Author: santhosh_thomas

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English