ശാസ്‌ത്രവും സാങ്കേതിക വിദ്യകളും മനുഷ്യനെയും പരിസ്‌ഥിതിയെയും പുരോഗതിയിലേക്ക് നയിക്കുന്നുണ്ടോ? ശാസ്‌ത്രവും സാങ്കേതികവിദ്യകളും നല്‌കുന്ന സുഖസൗകര്യങ്ങൾ മനുഷ്യരാശിക്കും മറ്റു ജീവജാലങ്ങൾക്കും അഴിയാക്കുരുക്കായി മാറുന്ന ദുരന്ത കാഴ്‌ചയാണ് നമുക്കുചുറ്റും. ഭൂമിയും അതിലെ വിഭവങ്ങളും മനുഷ്യന്റെ അത്യാർത്തിക്കനുസരിച്ച് വികസിക്കുന്നില്ല എന്നതാണ് ഒരു കാരണം. ശാസ്‌ത്ര സാങ്കേതിക വിദ്യകളുടെ സഹായത്തോടെ ഉത്‌കൃഷ്‌ടനാകേണ്ട മനുഷ്യൻ സാമൂഹികമായും ധാർമ്മികമായും അധോഗതിയിലേയ്‌ക്ക് നീങ്ങുകയും ചെയ്യുന്നു.
എന്റെ ബാല്യകാലത്ത് സാമൂഹിക സാംസ്‌കാരിക രംഗത്തുള്ളവർ മറ്റുള്ളവർക്കും വരും തലമുറകൾക്കും മാതൃകാപരമായി ജീവിച്ചിരുന്നു. അഴിമതിയും മോഷണവും കുറ്റകൃത്യങ്ങളും കാണിച്ച ശേഷം സമൂഹത്തിൽ ഞെളിഞ്ഞു നടക്കാൻ അന്നുള്ളവർക്ക് സാധിച്ചിരുന്നില്ല.
ഇന്നോ? ഏതു രംഗത്തും വേലി തന്നെ വിളവു തിന്നുകൊണ്ടിരിക്കുന്നു. അന്നത്തെ അദ്ധ്യാപക വിദ്ധ്യാർത്ഥിബന്ധം എത്ര ഔന്നത്യമുള്ളതായിരുന്നു. ഇന്നോളം മാതാപിതാക്കളും മക്കളും തമ്മിലുള്ള ബന്ധം പോലും ‘എന്തു തടയും’ എന്ന വിലയിരുത്തലിലൂടെയാകുന്നു. ഇന്നധികവും.
ഇന്ന് അധാർമ്മികവും അമാനുഷികവുമായ കാര്യങ്ങളെയെല്ലാം മഹത്വവത്‌കരിച്ചരിക്കുന്നു. എന്നിട്ട് ‘കലികാലവിലാസം’ എന്ന് പിലാത്തോസിനെപ്പോലെ കൈകഴുകി ന്യായീകരിക്കുന്നു.
തങ്കുവും നായ്‌ക്കം പറമ്പനും മറ്റും ക്രിസ്‌തുവിനേക്കാൾ വലിയ അത്ഭുതപ്രവർത്തകരായി വിലസുന്നു. നോട്ടുകെട്ടുകളുടെ കനം അനുസരിച്ച് ബൂർഷാപത്രങ്ങൾ അവർക്കുള്ള ഓശാനയുടെ നീളം കൂട്ടുന്നു.
കള്ളനും പോലീസും വേർപ്പെടുത്താനാവാത്ത സയാമീസ് ഇരട്ടകളായ്‌ത്തീർന്നിരിക്കുന്നു.
വാർത്തകൾ, എട്ടും പൊട്ടും തിരിയാത്ത സ്‌കൂൾകുട്ടികളുടെ, ലൈംഗിക ചൂഷണത്തെ തുടർന്നുള്ള ആത്മഹത്യകൾ കൊണ്ടു നിറയുന്നു. കിളിരൂറും, കവിയൂരും, സൂര്യനെല്ലിയും മക്കളെ ബലാത്‌സംഗം ചെയ്യുന്ന മാതാപിതാക്കളും ആവർത്തിച്ചുകൊണ്ടിരിക്കുന്നു. പല നീച കൃത്യങ്ങളിലും രാഷ്‌ട്രത്തെ ഉദ്ധരിക്കാൻ രക്ഷാവതാരം പൂണ്ട രാഷ്‌ട്രീയക്കാരുടെ പങ്കും അതു പുറത്തുവരാതിരിക്കാനുള്ള നികൃഷ്‌ടമായ സ്വാധീനവും. പാർട്ടിക്കാർ എന്ത് അധമകൃത്യവും അനീതിയും പ്രവൃത്തിച്ചാലും അതിന് ഓശാന പാടുന്ന നികൃഷ്‌ടരായ രാഷ്‌ട്രീയ നേതാക്കൾ. നിയമവ്യവസ്‌ഥ ഉറപ്പുവരുത്തേണ്ട രാഷ്‌ട്രീയഭരണ നേതൃത്വങ്ങളുടെ ഒത്താശയോടെ പ്രതികളെ പോലീസ് സ്‌റ്റേഷനുകളിൽ നിന്നുപോലും ബലമായി മോചിപ്പിച്ചുകൊണ്ടു പോകുന്നു.
അടുത്ത കാലത്ത് പരിചയപ്പെട്ട ഒരു സുഹൃത്ത് അദ്ദേഹത്തിന് പരിചയമുള്ള ഒരു കോളേജു പ്രെഫസറുടെ ‘മഹത്വ’ത്തിൽ, അദ്ദേഹത്തിൽ നിന്നകന്നു നില്‌കാൻ ശ്രമിക്കുന്ന കാര്യം പറഞ്ഞു. ആ പ്രെഫസർ സ്വന്തക്കാരെയും വിദ്യാർത്ഥിനികളെയും ലൈഗികമായി ഉപയോഗിക്കുന്ന അധമനാണ്.
പെൺമക്കളെ പുറത്തുവിടാൻ ഭയപ്പെടുന്ന മാതാപിതാക്കളും ഭയചകിതരായ പെൺകുഞ്ഞുങ്ങളും. എല്ലാത്തിനും ഒരു പരിധിവരെ കാരണം മനുഷ്യന്റെ
പ്രാർത്ഥനയല്ലേ?ഞാനും നമ്മുടെ മക്കളും. എത്ര നാളായി ആരെങ്കിലും എന്റെ മക്കൾ എന്നു പറയുന്നതുകേട്ടിട്ടുണ്ട്.
എന്റെ ജന്മസ്‌ഥലമായ ഇടുക്കിയിലേക്ക് വരുമ്പോൾ വഴികളിൽ കൊടിയ ഹെയർപിൻ വളവുകൾ കാണാം. അല്‌പം ശ്രദ്ധമാറിയാൽ ഡ്രൈവിംഗ് പിഴച്ചാൽ അഗാധമായ മരണക്കയത്തിലേക്ക് ജീവിതവും ഇതുപോലെയാണ്.
ഇന്ന്, ദിശകാണിക്കേണ്ട ദിശാഫലകങ്ങൾ തലകീഴായി പാതാളത്തിലേയ്‌ക്ക് തിരിഞ്ഞിരിക്കുന്നു.
ഈ പുതുവത്സരം നന്മകൾ തിരിച്ചുകൊണ്ടുവരുമോ? അല്ലെങ്കിലും പുതുവത്സരത്തിലേയ്‌ക്കുള്ള മാറ്റിവയ്‌പ് ഒരിക്കലും വരാത്ത നാളെ അല്ലെ?
Generated from archived content: essay1_jan10_09.html Author: santhosh_thomas
Click this button or press Ctrl+G to toggle between Malayalam and English