അസ്ഥിത്തറയില്‍ തിരികൊളുത്തീടുമ്പോള്‍
നെഞ്ചകം വിങ്ങി നുറുങ്ങിടുന്നു
ഓര്‍മ്മയില്‍ നിന്റെ തലോടലും തേങ്ങലും
ശാസനയെല്ലാം മുഴങ്ങിടുന്നു
അറിയാതെ കണ്ണില്‍ നിന്നിറ്റിറ്റ് വീഴുന്നു
ചുടു ചോരയോ അതോ കണ്ണുനീരോ?
എപ്പോഴുമെപ്പോഴുമുള്ളിന്റെയുള്ളില്‍ നീ
മിന്നിമറയും പ്രകാശഗോളം
എന്നെ യീ ഞാനക്കാനെന്തെല്ലാം വേലകള്‍
ചെയ്തു നീ എന്നെനിക്കോര്‍മ്മയില്ല
മലയേറി ചുമടേറ്റി, കാടേറി കയ്പേന്തി
രക്തത്തെ വേര്‍പ്പാക്കി,
വേര്‍പ്പിനെ നിണമാക്കി
അമ്മിഞ്ഞപ്പലാക്കി ഇറ്റിച്ചു
തന്നു നീ എന്റെ ചുണ്ടില്‍.
മഴയേറ്റ്, വെയിലേറ്റ്, എല്ലാം മറന്ന നീ
എല്ലാം ത്യജിച്ചു നീ നീന്തിത്തുടിച്ചിതാ
കുത്തൊഴുക്കില്‍
എന്തെല്ലാം വേദനയുള്ളിലൊതുക്കി നീ
എന്നെയീയാശിച്ച മട്ടിലാക്കി
നിന്‍ കയ്യില്‍ കത്തിച്ച
ചൂട്ടിന്റെ വെട്ടത്തില്‍
പിന്‍പേ നടന്നോരക്കാലമിന്നും
മിന്നിത്തെളിയുന്നു ഉള്ളിന്റെ ഉള്ളിലായ്
മിന്നാമിനുങ്ങിതന്‍ കൂട്ടം പോലെ.
ഇന്നു ഞാനാശിച്ചു പോവുന്നു
പോയ്പ്പോയ കാലമെനിക്കെന്നു
വീണ്ടു കിട്ടും
നിന്റെ മടിയില്‍ തലചായ്ച്ചുറങ്ങുവാന്‍
നിന്റെ തലോടലൊന്നേറ്റു വാങ്ങാന്‍
നിന്‍ മുലഞെട്ടില്‍ നിന്നിറ്റു വീഴുന്നോരാ
അമൃതിന്റെ മുത്തിനെ ഏറ്റുവാങ്ങാന്‍
നിന്റെ നിഴലായി ചുറ്റുവട്ടത്തിലും
പാറി നടക്കുവനാശയുണ്ട്
നിന്റെ സമീപ്യമാണിപ്പോഴുമെപ്പോഴും
നേര്‍വഴി കാട്ടിയായ് മുന്നിലെന്നും
നീ തെളിച്ചിട്ടൊരാ നെയ്ത്തിരി
വെട്ടമെന്നുള്ളില്‍ ത്തെളിയും കെടാവിളക്കായ്
ആ പ്രഭാപൂരത്തിലാമഗ്ന നാവുമ്പോള്‍
എന്നില്‍ ഞാന്‍ കാണുന്നു നിന്നെത്തന്നെ
ഗര്‍ഭപാത്രത്തിന്റെ വാടക നല്‍കുവാന്‍
വെമ്പുന്ന മക്കളിന്നേറെയുണ്ട് .
കാണുന്നു, കേള്‍ക്കുന്നു അത്തരം
വാര്‍ത്തകള്‍ എങ്ങും നമുക്ക് സുലഭമായി
വിട്ടുകൊടുത്തില്ലോരുനാളും നിന്നെ ഞാനാ –
വൃദ്ധ സദനത്തിന്നങ്കണത്തില്‍
ഉള്ളിലെ തേങ്ങലും വേദനയുമെല്ലാം
വന്നണ പൊട്ടിയൊഴുകിടുന്നു
വന്ദനം ചൊല്ലിപ്പിരിയുവാനുള്ളൊരു
ബന്ധമാണോയീ നമ്മള്‍ തമ്മില്‍
അമ്മേ നിനക്കായിട്ടര്‍പ്പിച്ചിടുന്നു ഞാന്‍
കോടാനുകോടി പ്രണാമപുഷ്പം.
Generated from archived content: poem1_june9_13.html Author: santhosh_pooppallil