ഞാനെന്റെ കാലുകള്‍ നിവര്‍ത്തി വെക്കുന്നു,
ഞാനെന്റെ ചുണ്ടാല്‍ മിനെഞ്ഞെടുക്കുന്നു,
ഒരു വലിയ കെണി ഞാന്‍ പടുത്തുയര്‍ത്തുന്നു,
അതിനുള്ളില്‍ ഞാനും ചടഞ്ഞിരിക്കുന്നു .
ഞാനെന്റെ മായികാ ലോകത്തിലേക്കായി
മാടിവിളിക്കുന്നു കുഞ്ഞിക്കിളികളെ
ആശകള്‍ നല്‍കുന്നു, ആവേശരാക്കുന്നു ,
വിഷബീജമവരുടെ തലച്ചോറിലാക്കുന്നു
ബഹുവര്‍ണ്ണരാജിയാല്‍ തീര്‍ത്തൊരെന്‍’
മെയ്യിന്റഴകു കണ്ടിട്ടവര്‍ വന്നടുക്കുന്നു
കെണിയില്‍ വന്നടിയുന്ന ജീവന്റെയിണ്ടലെ
കണ്ടു ഞാനങ്ങനെ ഹരം പിടിക്കുന്നു
ഉന്മത്തനാകുന്നു , കോള്‍മയിര്‍ക്കൊള്ളുന്നു,
ഭ്രാന്തിന്റെ വക്കിലേക്കാഴ്ന്നു ഞാനെത്തുന്നു
പിച്ചിപ്പറിച്ചെന്റെ വയിലൊതുക്കുന്നു
കൂര്‍ത്ത കോമ്പല്ലുകള്‍ കുത്തിയിറക്കുന്നു
ഊറ്റിക്കുടിക്കുന്നു മജ്ജയും രക്തവും
പെരുവഴിയിലാക്കുന്നിതാ കെടും ചണ്ടിയെ
ദേശങ്ങളും പിന്നെ ഭാഷാ പരിണാമ-
മൊന്നുമെന്‍ ചിന്തക്കിടം പിടിക്കുന്നില്ല
ഇല്ലിവിടെ നീതിയും, നിയമവും, ന്യായവും
ഉള്ളതാകട്ടയോ ദുര പൂണ്ട ഞാനും
ഞാനെന്റെ മായികാലോകം പടുക്കുവാന്‍
ചാടിക്കുതിക്കുന്നു പിന്നെയും പിന്നെയും
തുപ്പുന്നു തീജ്വാല, വിഷമളിന ധൂളികള്‍,
വിഷമവൃത്തത്തിലേക്കാഴ്ത്തി ഞാന്‍ കൊല്ലുന്നു
ഇല്ലിവിടെ നല്‍കില്ല ശാന്തിഗീതങ്ങള്‍
രാമജപമാലകള്‍ക്കിടമിവിടെയില്ല
ഇല്ല ഞാനനുവദിക്കില്ലിടെ ശാന്തി
ഗാന്ധിമനസാരങ്ങള്‍ക്കില്ലിവിടെ യുക്തി.
എട്ടുകാല്‍ ദിക്കെട്ടിലും ഞാന്‍ നീട്ടി
ത്രസിപ്പിച്ചു ഞാനവരെ വ്രണിതരാക്കട്ടെ
ചിരിച്ചാര്‍ത്തു ഞാനിവിടെ നടുക്കട്ടെ ദിക്ക്
രമിച്ചു ഞാനവയെ തച്ചുടക്കട്ടെ
ഞാനെന്റെ കാലുകള്‍ നിവര്‍ത്തി വക്കെട്ടെ
ഞാനെന്റെ ചുണ്ടാല്‍ മിനഞ്ഞെടുക്കട്ടെ
ഒരു വലിയ കെണി ഞാന്‍ പണിഞ്ഞുയര്‍ത്തട്ടെ
അതിനുള്ളില്‍ ഞാനും ചടഞ്ഞിരിക്കട്ടെ.
Generated from archived content: poem1_mar3_13.html Author: santhosh_nairpoopallil